Love you Pictures, Images and Photos

Tuesday, December 21, 2010

ഐ.ടിക്കാരന്‍ പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

കടപ്പാട്: ഒരു പാവം
പ്രവാസി
അമ്പലവാസി, അയല്‍വാസി,
ദരിദ്രവാസി...
പ്രവാസി!!!!!
കേരളമെന്ന ഇട്ടാ വട്ടത്തില്‍ എത്രയെത്ര
വാസികള്‍

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം
എന്നിലുമുണ്ടായിരുന്നു. ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസിയാകണം,കോടികള്‍
സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ച് സമ്പാദിച്ച് ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം,
ലോറി വാങ്ങണം, ആനേ വാങ്ങണം...
ഹോ എത്രയെത്ര മോഹങ്ങള്‍.


എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്
ഒരു ചെറിയ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ എന്‍ജിനീയര്‍ എന്നറിയപ്പെടാനായിരുന്നു
എനിക്ക് വിധി.
അങ്ങനെയിരിക്കെയാണു എന്നിലെ ഗള്‍ഫ് മോഹം
പിന്നെയും തല പൊക്കിയത്, കൂടെയൊരു ചോദ്യവും.. ഏത് രാജ്യത്ത് പോകണം?
സൌദി ഈസ് എ ഡേര്‍ട്ടി കണ്ട്രി..
അവിടെ കള്ളു കുടിച്ചാല്‍ തല
വെട്ടുമത്രേ!!!
ദുബൈ ഈസ് എ നോട്ടി കണ്ട്രി..
അവിടെ കാശു പോകാന്‍ നൂറു
വഴിയുണ്ടത്രേ!!!

അങ്ങനെ അടിയന്‍ അവിടേക്ക് പോകാന്‍
തീരുമാനിച്ചു.


എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം
പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം...
എത്രയെത്ര കടമ്പകള്‍!!!


ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍
ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ എന്നെ സഹായിച്ചു. അവന്റെ
കമ്പനിയിലെ ഐ.ടി. മാനേജരായി എനിക്കൊരു ജോലി തരപ്പെടുത്തി,തരക്കേടില്ലാത്ത
ശമ്പളവും. അന്നു തന്നെ കമ്പനിയില്‍ രാജിക്കത്ത് നല്‍കി.
ഓ സോറി...
ഐ.ടി. കമ്പനിയില്‍ രാജികത്ത് നല്‍കിയെന്ന്
പറയാന്‍ പാടില്ല, "പേപ്പര്‍ ഇട്ടു" എന്നാണു ശരിയായ പ്രയോഗം. അതായത് 'സാര്‍,ഈ
കമ്പനിയിലെ സേവനം എന്നെ ഉയരങ്ങളിലെത്തിച്ചു എന്നും, ഇനി ഉയരാന്‍
സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പനിയെ ബോധിപ്പിച്ച്
കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ടു കഴിഞ്ഞാല്‍ പിന്നെ
മൂന്ന് കടമ്പയുണ്ട്...


ഒന്നാം കടമ്പ, നോട്ടീസ് പിരീഡ്:
അതായത്, നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി
മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി കമ്പനിയെ ഒരു മാസം കൂടി സേവിക്കണം.
എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണിയൊന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക്
അറിയാവുന്നതിനാലും, ഞെക്കിപ്പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും
ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എന്റെ നോട്ടീസ് പിരീഡ്
അവര്‍ 3 ദിവസമായി വെട്ടിച്ചുരുക്കി.ഒരു പക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍
ചെയ്ത് ഒരു മാസത്തെ കറന്റ് കളയുന്നതിലും നല്ലതിതാണെന്ന് അവര്‍ ചിന്തിച്ച്
കാണും.


രണ്ടാം കടമ്പ, ക്ലിയറന്‍സ്
സര്‍ട്ടിഫിക്കേറ്റ്:
ഇത് പ്രത്യേകിച്ച് ഒന്നുമല്ല, എല്ലാ
ഡിപ്പാര്‍ട്ട്‌മെന്റിലും നടന്ന് ഞാനൊന്നും തല്ലിപ്പൊട്ടിക്കുകയോ, നശിപ്പിക്കുകയോ
ചെയ്തിട്ടില്ലെന്ന് ഒപ്പിട്ട് വാങ്ങണം. ഡെവലപ്മെന്റ്, ഫിനാന്സ്, എച്ച്.ആര്‍.,
ഒടുവില്‍ അങ്ങനെ ലൈബ്രറിയിലെത്തി...
ലൈബ്രേറിയന്റെ മുഖത്തൊരു ചോദ്യ
ഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരൊപ്പ്
വേണം"
"ആരാ?"
"ഞാന്‍ മനു, ഇവിടത്തെ
എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു
പുച്ഛ സ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും
കണ്ടിട്ടില്ലാലോ"
അതായത് എഴുത്തും വായനയും അറിയാത്ത ഒരു ഏഴാം
കൂലിയാണു ഞാനെന്ന് വ്യാംഗ്യാര്‍ത്ഥം. ഒപ്പിട്ട് പേപ്പര്‍ കയ്യില്‍ കിട്ടുന്നത് വരെ
ഒന്നും മിണ്ടിയില്ല, പേപര്‍ കിട്ടിയപ്പോള്‍ പതിയെ ചോതിച്ചു:
"സാര്‍ എന്താണാവോ
ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയിലല്ലേ ഇരിക്കേണ്ടത്?"
അയാളുടെ മറു ചോദ്യം.
ഇത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു
പേപ്പറിലും, അലമാരയിലിരിക്കുന്ന പത്ത് ബുക്കിലും നോക്കിയിട്ട്, മുഖത്ത് മാക്സിമം
പുച്ഛ ഭാവം വരുത്തിയിട്ട് ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണു ലൈബ്രറി എന്ന് പറയുന്നത്,
അല്ലേ?:
ഠിം!!!!
ലബ്രേറിയന്റെ മുഖത്ത്
ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ്
ഇന്റര്‍വ്യൂ:
ഏതൊരു എംപ്ലോയിയും കമ്പനി വിട്ടു പോകുന്നതിനു
മുമ്പേ, അവരെ അവിടെ തന്നെ നില നിര്‍ത്താന്‍ വല്ല വഴിയുമുണ്ടോന്ന് അറിയാനുല്ല അവസാന
ശ്രമം. എച്ച്.ആര്‍ മേഡവും,പ്രൊജക്റ്റ് മാനേജറും കൂടിയാണിത് സാധാരണ
ചെയ്യുനത്.
"എന്താണു മനു ഈ ജോലി വിടാന്‍
കാരണം?"
ഇത് വളരെ അര്‍ത്ഥ രഹിതമായ
ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം
പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും നല്ല
ശമ്പളവും കിട്ടിയിട്ടാണവന്‍ പോകുനതെന്ന്. എന്നിട്ടും ഇപ്പോഴും അതേ
ചോദ്യം..
എങ്കിലും സത്യം മറച്ച് വെച്ച് ഞാന്‍ മറുപടി
നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത്
ജീവിക്കണമെന്നാണു ആഗ്രഹം"
എച്ച്.ആറിന്റെ കണ്ണു തള്ളി...
അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന്
വെച്ചാല്‍....?
:എന്റെ കഴിവുകളൊക്കെ ഇനി ആ മേഖലയില്‍
പ്രയോഗിക്കണമെന്നാണെന്റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍, കോഡിംഗിലൂടെ ഞാറു നടുക, ആന്റി
സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റൊബോട്സിനെ യൂസ് ചെയ്ത് നെല്ലു
പറിക്കുക, എക്സട്രാ, എക്സട്രാ.."
ഠോ.. ഠോ... ഠോ....
കുറച്ച് നേരം തൃശൂര്‍ പൂരം കഴിഞ്ഞ
നിശ്ശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രൊജക്റ്റ്‌
മാനേജര്‍ക്കും അനക്കമില്ല, ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച
നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു. ഒടുവില്‍ കുറേ നേരത്തെ
നിശ്ശബ്ദതക്ക് ശേഷം പ്രൊജക്റ്റ് മാനേജര്‍ പതുക്കെ പറഞ്ഞു,
മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍
ഞങ്ങള്‍ക്ക് വളരേ വിഷമമുണ്ട്, ബികോസ്..
ബികോസ്?
"ബികോസ് യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍
ശേഖറുണ്ടായിരുന്നു, അവനോടൊപ്പം റൂമിലേക്ക്. അന്നവിടെ അന്തിയുറങ്ങി, പിറ്റേ ദിവസം
രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേരുന്നതിനു മുമ്പേ അറബിയുടെ
അനുഗ്രഹം വാങ്ങുന്നതിനായി അങ്ങേരുടെ റൂമില്‍ കയറി. ഈ അറബി, അറബീന്ന് പറയുന്ന സാധനം
നമ്മള്‍ കരുതുന്നത് പോലൊന്നുമല്ല, അവരും മനുഷ്യരാ. നീണ്ട വെള്ള നിറത്തിലുള്ള
മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വെച്ച്, ബബിള്‍ഗവും ചവച്ചോണ്ടിരിക്കുന്ന
അറബിയെ കണ്ടാല്‍ പാത്തുമ്മാടെ ആട് കസേരയില്‍ കേറിയിരിക്കുവാണോന്ന്
തോന്നിപ്പോകും.
എന്തായാലും ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ്
ഇംപ്രഷന്‍ എന്ന് മനസ്സിലോര്‍ത്ത് ഞാന്‍ പതിയേ പറഞ്ഞു,
"ഗുഡ് മോണിങ്ങ് സാര്‍"
അറബി എന്നെയൊന്ന് നോക്കി, കണ്ണു കൊണ്ട്
എന്നോട് ഇരിക്കന്‍ പറഞ്ഞു. എന്റെ സെര്‍ട്ടിഫിക്കെറ്റെല്ലാം നോക്കിയിട്ട് അറബി
ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!
ഇതെന്ത് ഭാഷ??
അന്തം വിട്ട് നില്‍ക്കുന്ന എന്നോട് അങ്ങേര്‍
വീണ്ടും ചോദിച്ചു:
"ദൂയുനോ തൈപിങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ല, എനിക്ക് അറബി
അറിയില്ലെന്ന് ഇങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും. അതിനാല്‍
രണ്ടും കല്‍പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബിക്, പ്ളീസ് സ്പീക് ഇന്‍
ഇംഗ്ളീഷ്"
എന്റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി
അറിയില്ലാ, ദയവായി ഇംഗ്ളീഷില്‍ സംസാരിക്കൂ..
അത് കേട്ടതോടെ അങ്ങേര്‍ ചാടിയെഴുന്നേറ്റ്
കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യ വിക്ഷേപത്തോടെ ഭയങ്കര ബഹളം. അമ്പരന്ന് പോയ
ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറതേക്ക് നോക്കി....
പൊന്നു ശേഖറേ, ഓടി വാടാ..
രക്ഷിക്കെടാ....
അപകടം മണത്ത ശേഖര്‍ അകത്തേക്ക് കുതിച്ച്
വന്ന്, അറബിയോടെന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നേയും കൊണ്ട് പുറത്തു
ചാടി.
ആക്ച്വലി എന്താ സംഭവിച്ചത്?
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ എന്റെ കസേരയില്‍ പോയിരുന്നിട്ടും
എനിക്കൊരു പിടിയും കിട്ടുന്നില്ല. മറുവശത്ത് ഇരിക്കുന്ന ശേഖറാണെങ്കില്‍
ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ എന്നെ ഇടക്കിടെ നോക്കുന്നുമുണ്ട്. ഒടുവില്‍
ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന്
ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്റര്‍നെറ്റ് അറിയില്ലേ?" അവന്റെ
മറു ചോദ്യം.
"അറിയാം".
"പിന്നെ 'ഡൂ യൂനോ ഇന്റെര്‍നെറ്റ്' എന്ന് അറബി
ചോദിച്ചപ്പോ നീയെന്താ മിണ്ടാഞ്ഞത്?"
ങ്ങേ!!
അറബി അങ്ങനെ ചോദിച്ചോ?
അതെപ്പോ??
ഉടനേ അറബിയുടെ ആദ്യ ചോദ്യം മനസ്സില്‍
അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യൂ നോ ഇന്താനെറ്റ്??
ഡു യൂ നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!
ഇതെന്ത് ചോദ്യം?
അപ്പൊ എന്തായിരുനു അടുത്ത
ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയേ ഒന്ന് ഡീകോഡ് ചെയ്ത്
നോക്കി...
ദുയുനോ തൈപിങ്?
ദു യൂ നോ തൈപിങ്??
ഡൂ യൂ നോ ടൈപിംഗ്???
ഹാവൂ... സന്തോഷമായി ശേഖരേട്ടാ,
സന്തോഷമായീ...
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന ആ
മഹാനോടാണു ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ പറയണമെന്നും വെച്ച് കാച്ചിയത്.
ദൈവമേ, ഈ "ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍" എന്ന തത്വം ശരിയാണെങ്കില്‍
അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല മതിപ്പായിക്കാണും.


എന്റെ കഷ്ട കാലം അവിടെ
ആരംഭിക്കുകയായിരുന്നു...
ഐ.ടി.മാനേജര്‍ എന്ന പേരും, കംപ്യൂട്ടറിന്റെ
മോണിറ്റര്‍ തുടക്കുന്ന പണിയും!!!
എങ്കിലും കിട്ടുന്ന ശമ്പളവും,
സമ്പാദിക്കണമെന്നുള്ള ആഗ്രഹവും എന്നെ അവിടെ പിടിച്ചു നിര്‍ത്തി.
അങ്ങനെയിരിക്കേ ഒരു ദിനം...
"എടാ നിന്നെ അറബി വിളിക്കുന്നു"
ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി
തരാനായിരിക്കും"
പോടാ പുല്ലേ!!!

റൂമില്‍ ചെന്നപ്പോള്‍ അറബി കാര്യം
അവതരിപ്പിച്ചു, മെയ്‌ന്‍ ഓഫ്ഫീസിലെ കംപ്യൂട്ടറില്‍ നിന്നും അറബിയുടെ
വീട്ടിലെ കംപ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ. അതിനു ഞാനൊരു വയര്‍ വലിച്ച്
കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്റെ അടുതെത്തിയപ്പോള്‍ അവന്‍
പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പതു
കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പതു കിലോമീറ്റര്‍ വയറു
വലിക്കാനോ??
തല കറങ്ങുന്നതു പോലെ തോന്നി, വീഴാതിരിക്കാന്‍
ശേഖറിന്റെ കയ്യില്‍ പിടിച്ചു. ബോധം വന്നപ്പോള്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ
മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ്
ഇംപോസിബ്‌ള്‍"
"നതിംഗ് ഈസ് ഇംപോസിബ്‌ള്‍"
അറബി.
"ദെന്‍, ദിസ് ഈസ് നതിംഗ്"
ഞാന്‍.
അതില്‍ ഞാന്‍ സ്കോര്‍ ചെയ്തു, എനിക്ക് നൂറു
മാര്‍ക്ക്, അറബിക്ക് പൂജ്യം മാര്‍ക്.
അര മണിക്കൂറിനകം അറബി തിരിച്ച് സ്കോര്‍
ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു. അറബിക്ക് നൂറു മാര്‍ക്ക്, എനിക്ക് പൂജ്യം
മാര്‍ക്ക്. സുരേഷ് ഗോപിയെ മനസ്സില്‍ ധ്യാനിച്ച് ഞാനടിച്ച ഡയലോഗ് എന്റെ ജീവിതം
ഗോപിയാക്കി.. തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ് , അറബിയുടെ തന്തക്ക് വിളിച്ച്,
തിരികെ നാട്ടിലേക്ക്...
ഇനി അറബി നാട്ടില്‍ ജോലി ചെയ്യാന്‍ എന്റെ
പട്ടി വരും.
എനിക്ക് ചേര്‍ന്നത്
ഇന്ത്യയാണ്...

Monday, December 20, 2010

അല്‍പം ചില വീട്ടുവര്‍ത്തമാനങ്ങള്‍

ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...
ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്.
അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍.
ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...
അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി... നാം അയച്ച എസ്.എം.എസ്. എത്ര?

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ സ്ത്രീകളുടെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)

ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.

ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.

ഭൂകമ്പമാപിനിയില്‍ ചെറിയ അളവില്‍ രേഖപ്പെടുത്തിയ ചലനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നുള്ള പ്രവചനം കൂടിവന്നപ്പോള്‍ പ്രവാസികള്‍ നെഞ്ചുരുക്കത്തിന്റെ വിങ്ങലിലായി. പ്രവാസികള്‍ക്കിടയില്‍ സാമ്പത്തികമാന്ദ്യത്തിന്റെ ഞെട്ടല്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് അടുത്ത ചെറുചലനങ്ങള്‍ തേടിയെത്തുന്നത്. ഈ ആകുലതയില്‍ ഒന്നിനും കഴിയാതെ, നിസ്സഹായതയോടെ നെടുവീര്‍പ്പിടാന്‍ മാത്രം കഴിയുന്ന കുടുംബിനികള്‍ ഒരുപാടുണ്ട് ഇവിടെ. പ്രവാസികളായി കഴിയുന്നവരില്‍ പലരും കഷ്ടിച്ച് കുടുംബങ്ങളെ താമസിപ്പിക്കാന്‍ മാത്രം വരുമാനമുള്ളവരാണ്. താമസവാടകയും ഭക്ഷണച്ചെലവും മറ്റും കഴിച്ചാല്‍ ഒന്നും മിച്ചംവരാതെ ജീവിച്ചുപോകുന്നവര്‍.

ഭര്‍ത്താവിന്റെ വരുമാനംകൊണ്ട് ഇവിടെ കഴിഞ്ഞുകൂടാം എന്നുള്ളതല്ലാതെ, അവസാനനാളില്‍, അല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ടാല്‍ ഒരു സമ്പാദ്യവും മിച്ചം കാണില്ല എന്നറിഞ്ഞുകൊണ്ട് താമസിക്കുന്നവര്‍.

കറച്ചുകാലം ഒന്നിച്ചു കഴിയാം എന്നുകരുതി വരുന്നവരും ''നിങ്ങളുടെ വീട്ടില്‍ ഒരു സ്വസ്ഥതയും ഇല്ല'' എന്നുപറഞ്ഞ് പിടിച്ചുനില്ക്കുന്നവരും മക്കളെ നല്ലനിലയില്‍ പഠിപ്പിക്കണമെന്നാഗ്രഹിച്ച് കൂടെ നിര്‍ത്തുന്നവരും പൊടുന്നനെയുള്ള പ്രതിസന്ധി മനസ്സില്‍ കണ്ടിട്ടുണ്ടാവില്ല...

ഓരോ പ്രവാസി കുടുംബിനിയും ഓര്‍ത്തുപോകുന്ന ചില കാര്യങ്ങളുണ്ട്...ഈ ഗള്‍ഫ് ഭൂമിയില്‍നിന്ന് ദൃശ്യ-ശ്രാവ്യ-മാധ്യമങ്ങളിലേക്ക് മൂന്നുവര്‍ഷംകൊണ്ട് എസ്.എം.എസ്. അയച്ച പൈസമാത്രം മതിയായിരുന്നു നാട്ടിലൊരു കൂര പണിയാന്‍. ഒരു ഗാനത്തിന്, ഒരു സമര്‍പ്പണത്തിന്...നമ്മുടെ ശബ്ദം ലൈവില്‍ വരാന്‍...അഞ്ചുരൂപ വിലയുള്ള ഒരു പേനയ്ക്കുവേണ്ടി...നാം അയച്ച എസ്.എം.എസ്. എത്ര? ഇങ്ങനെ പരിതപിക്കുന്ന ഒട്ടേറെ വീട്ടമ്മമാരെ എനിക്കറിയാം.

ഓഹരിക്കമ്പോളങ്ങളിലേക്ക് സുന്ദരമായ വാഗ്ദാനം നല്‍കി ആകര്‍ഷിച്ചപ്പോള്‍, ഒന്നുമറിയാത്ത പ്രവാസി മിച്ചംവന്നത് അംബാനിയിലോ സത്യം കമ്പ്യൂട്ടറിലോ നിക്ഷേപിച്ചു. പെരുകുന്നതും കാത്തിരുന്നു. ഇതില്‍ മുക്കാലും നഷ്ടപ്പെട്ടു. മിച്ചം വന്ന ശതമാനം തിരിച്ചുകിട്ടാന്‍ നെട്ടോട്ടമോടുന്നതും നാം കാണുന്നു.

ആഴ്ചയില്‍ സിനിമാനടന്മാരും മിമിക്രി, ഗാനമേളക്കാരും രാഷ്ട്രീയക്കാരും ഊരുചുറ്റിയ ഗള്‍ഫില്‍ സാമ്പത്തികമാന്ദ്യത്തിന്റെ വരുംവരായ്കയെക്കുറിച്ച് സംസാരിക്കാന്‍ ഒരു സാമ്പത്തികകാര്യ വിദഗ്ധനും വന്നില്ല. ബോധവത്കരിക്കാന്‍ 'നോര്‍ക്ക'യോ മറ്റ് ഏജന്‍സികളോ മുന്‍കൈ എടുത്തില്ല.

സകല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും നൂറുകണക്കിനു സംഘടനകളുണ്ടിവിടെ. ആരും ഈ പ്രതിസന്ധി ചര്‍ച്ചചെയ്തില്ല. മുല്ലപ്പൂ ധരിച്ച് താലപ്പൊലിയെടുത്ത് ആനയിച്ച, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കളാരും വന്നില്ല.
ടെര്‍മിനേഷന്‍ ലെറ്ററിനു നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന ഭര്‍ത്താവിനെ സാന്ത്വനിപ്പിക്കാന്‍പോലും ഞങ്ങള്‍ അര്‍ഹരല്ല. വാശിക്കും പൊങ്ങച്ചത്തിനുംവേണ്ടി വരുത്തിവെച്ച പാഴ്‌ചെലവുകളുടെ കണക്ക് തികട്ടിവരുന്നതു തന്നെ കാരണം.

എന്തു നേടി? നാലു ചുവരുകള്‍ക്കുള്ളിലെ ശുദ്ധവായു ഇല്ലാത്ത ജീവിതം. ടിന്‍ഫുഡുകളുടെ ദുര്‍മേദസ്സ്...പിന്നെയോ? മരണവും കല്യാണവും നാട്ടിലെ ഒരാചാരവും കാണാതെ വളരുന്ന ഒരു തലമുറ. പൂരവും നേര്‍ച്ചയും കോമരവും തെയ്യവും മഴയും വസന്തവും കാണാതെ, കാണിക്കാതെ നാം അവരെ വളര്‍ത്തുകയാണ്.

ഗള്‍ഫില്‍നിന്ന് മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ സ്നേഹിതയുടെ മകന്‍ വല്ലുപ്പയുടെ മയ്യത്ത് വെള്ളപുതപ്പിച്ച് കിടത്തിയ അതേ മുറിയിലുള്ള കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നു. പ്രതിരോധിച്ചും പ്രഹരിച്ചും 13 വയസ്സുള്ള മകന്‍ കമ്പ്യൂട്ടറില്‍ തന്റെ മിടുക്ക് കാണിക്കുന്നു. ഈ വയസ്സിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം നാട്ടില്‍ വന്ന കൊച്ചുമകന് 'മരണ'ത്തിന്റെ കിടപ്പറിയില്ല. വല്ലുപ്പ കൊഴിഞ്ഞ് ഇല്ലാതായതാണെന്നറിയില്ല. കുട്ടിക്ക് ആത്മബന്ധമില്ലാത്ത വല്ലുപ്പയുടെ വിറങ്ങലിച്ച ശരീരം വെള്ളത്തുണിയിട്ട എന്തോ ഒന്നായിരിക്കാം.

ടെലിഫോണ്‍ വിളിയുടെ ചെലവ് കുറയ്ക്കാന്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടറും വാങ്ങി. വിളി തുടങ്ങിയപ്പോള്‍ പഴയ ചെലവിനേക്കാള്‍ കൂടി. പണ്ട് ഗള്‍ഫില്‍നിന്നുള്ള ഫോണ്‍ വിളിക്ക് നല്ല മതിപ്പായിരുന്നു. ഇന്ന് നമ്പര്‍ കണ്ടാല്‍ത്തന്നെ പറയും: ''ശല്യം. ദിവസവും രണ്ടുനേരം വിളിക്കും. സംസാരിച്ചാല്‍ വെക്കത്തില്ല.''

ശരാശരി ഒരു പ്രവാസി കുടുംബത്തിന് താമസിക്കാന്‍ മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം ദിര്‍ഹം വരെ പ്രതിവര്‍ഷം വാടക വേണ്ടിവരും. രണ്ടു വര്‍ഷത്തെ ഈ വാടക സ്വരുക്കൂട്ടി വെച്ചെങ്കില്‍ നാട്ടില്‍ നല്ല വീട് പണിയാമായിരുന്നു. ഈ നെടുവീര്‍പ്പിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.

ഈ അവസ്ഥയില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിട്ടും ചില കുടുംബിനികള്‍ തയ്യാറാവുന്നില്ല. പഴയ തറവാട്ടു വീട്ടിലേക്ക് പോയി അന്യയെപ്പോലെ കഴിയേണ്ടിവരും. ഗള്‍ഫുകാരിയുടെ പത്രാസില്‍ ഈ കണ്ടകാലം മുഴുവന്‍ കഴിഞ്ഞിട്ട്, ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ട് പാപ്പരായി തിരിച്ചുവന്നാല്‍ കേള്‍ക്കേണ്ടിവരുന്ന കുത്തുവാക്കുകള്‍... മക്കളുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം... ഇതൊക്കെ ഓര്‍ക്കുമ്പോള്‍... ഇവിടെ വരാതിരുന്നെങ്കില്‍ നാട്ടില്‍ ഒരു വീട് ആകുമായിരുന്നേനെ. രണ്ടു വര്‍ഷമെങ്കിലും നിന്നിട്ട് തിരിച്ചുപോയിരുന്നെങ്കില്‍ നാട്ടിലെ ജോലി രാജിവെക്കേണ്ടിയിരുന്നില്ല. ഇങ്ങനെ പ്രത്യക്ഷകാരണങ്ങളുടെ പടവുകള്‍ ഇറങ്ങിയാല്‍ എവിടെയൊക്കെയോ എത്താം.

പ്രായോഗികമായ തീരുമാനമെടുക്കാനുള്ള സമയമാണ്-ജീവിതം ബാക്കിക്കിടക്കുന്നു. പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തീരുമാനം വൈകിക്കൂടാ.

ഇത്രകാലം ഒരുമിച്ച് കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഓരോരുത്തരും അവരുടെ അവസ്ഥയ്ക്ക് അനുസരിച്ച് തീരുമാനമെടുക്കേണ്ടിവരും.
നാട്ടിലുള്ള കല്യാണധൂര്‍ത്തും വീടുമോടികൂട്ടലും ആഡംബര കാറും ഒക്കെ നിലനിന്നുപോകണമെങ്കില്‍ ഇവിടെനിന്നുള്ള വരുമാനം വേണം. അതില്ലാതെ വന്നാല്‍ പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചുപോകും. ഇനിയുള്ള കാലമെങ്കിലും പ്രതീക്ഷയുടെ കരുതിവെപ്പിനാകണം.

കഴിഞ്ഞതെല്ലാം മുന്നോട്ടുപോകാനുള്ള അനുഭവപാഠമാവണം. ആരുടെ മുന്നിലും മേനിനടിച്ചിട്ടു കാര്യമില്ല. മിച്ചംപിടിക്കാനുള്ള മനസ്സുണ്ടാവണം. ചെലവ് ചെയ്യുന്ന ഒരു 'ഫില്‍സ്' പോലും ഉണ്ടായതെങ്ങനെ, ഉണ്ടാക്കുന്നതെങ്ങനെ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ പകിട്ടുള്ള പ്രലോഭനങ്ങള്‍ കണ്ടേക്കാം. എസ്.എം.എസ്സില്‍ അയയ്ക്കുന്ന ഓരാ ദിര്‍ഹവും നമ്മുടെ അടിത്തറയുടെ നഷ്ടമാണെന്ന് ഉത്തമബോധ്യം വേണം.

കാലിടറുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആരും തുണയില്ല. നാം നമ്മുടെ കുടുംബത്തിന്റെ നല്ല കുടുംബിനിയാവണം. നല്ല ഭാര്യ. നല്ല അമ്മയും.ഒന്‍പതു വയസ്സായ 'നദ്‌ന' മോള്‍ ചോദിച്ചു: ''നാട്ടില്‍ പഠിക്കാന്‍ നമുക്ക് നല്ല സ്‌കൂള്‍ ഉണ്ടാവുമോ?''
പുഴുപെറുക്കിക്കളഞ്ഞ് വേവിച്ച അമേരിക്കന്‍ റവയുടെ ഉപ്പുമാവ് പോലെ ഇത്ര രുചിയുള്ള ഉച്ചഭക്ഷണം ഞാന്‍ ഇന്നുവരെ കഴിച്ചിട്ടില്ല. ബര്‍ഗറും പിസ്സയും കഴിച്ച് വളരുന്ന മോള്‍ക്കതറിയില്ല.

കാലിളകിയ മരബെഞ്ചിലിരുന്നു പഠിച്ചുവളര്‍ന്ന ഒരു തലമുറ വഴിതെറ്റിപ്പോയില്ല. ആകാവുന്ന ഉയരത്തിലെത്തിയ നമ്മുടെ നാട്ടിലുള്ളവരെല്ലാം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നാട്ടറിവ് പഠിച്ചത് സ്വന്തം നാട്ടില്‍ തന്നെയാണ്. കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍ക്കുലേറ്റര്‍ പോലുമില്ലാത്ത കാലത്ത് പഠിച്ചതൊന്നും പാഴായില്ല. ഇതൊന്നും മകളെ പറഞ്ഞുമനസ്സിലാക്കാനാവില്ല. അവളെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു: ''നല്ല സ്‌കൂളുണ്ട്...നല്ല കളിമുറ്റമുണ്ട്...നല്ല സാറന്മാരുണ്ട്...എല്ലാമുണ്ട്...പക്ഷേ...?''

പ്രവാസജീവിതത്തിന്റെ ആകുലതകള്‍...

പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു. 

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്. 

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും. 

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും. 

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്. 

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല, 
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും. 

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം. 

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം. 

വാല്‍ക്കഷ്ണം:-
 കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

പാവം കുഞ്ഞുങ്ങള്‍, പിച്ചവെച്ചു നടന്നോട്ടെ

ഗൃഹപാഠങ്ങളുടെയും പാഠപുസ്തകങ്ങളുടെയും ട്യൂഷന്‍ക്ലാസുകളുടെയും ഇടയിലാണ് പ്രവാസ ജീവിതത്തിലെ ഓരോ കുട്ടിയുടെയും ദിവസങ്ങള്‍. രാവിലെ ആറിന് തുടങ്ങുന്ന പഠനത്തിരക്കുകള്‍ രാത്രി ഒമ്പതിന് ശേഷമേ അവസാനിക്കൂ....ഈ ബഹളങ്ങള്‍ക്കിടയില്‍ കുട്ടികളായിരിക്കുന്നതിന്റെ രസങ്ങള്‍ നഷ്ടപ്പെടുകയാണോ അവര്‍ക്ക്...?



''6.25 ആയി, എളുപ്പം വരൂ''- നീട്ടിയുള്ള വിളിയില്‍, കാറിന്റെ ഹോണടിയില്‍, കയ്യില്‍ ഒരു കഷണം റ്റോസ്റ്റുമായി അന്നക്കുട്ടി, തൊമ്മന്‍, മാത്തന്‍ എന്നിവര്‍ സ്‌കൂളില്‍ പോകാന്‍ ഓടിയെത്തി. എടുത്താല്‍ പൊങ്ങാത്ത സ്‌കൂള്‍ബാഗും തൂക്കിയുള്ള നടത്തം കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും. നവംബര്‍ മാസത്തിന്റെ ചെറിയ തണുപ്പും ഇരുട്ടും ഉണ്ടായിട്ടും പരാ പരാ വെളുപ്പിന് സ്‌കൂളിലെത്തണം. 6.45-നു ആദ്യത്തെ മണി. 7 മണിക്ക് സ്‌കൂള്‍ തുടങ്ങും. വേനലിലെ രണ്ടുമണി കഴിഞ്ഞുള്ള കൊടുംചൂട് കുട്ടികള്‍ക്കു താങ്ങാനാവില്ല എന്ന തിയറിയില്‍ നിന്നുണ്ടാക്കപ്പെട്ട, 7 മണി മുതല്‍ 1.30 വരെയാണ് ഗള്‍ഫിലെ സ്‌കൂള്‍സമയം.

ഹോംവര്‍ക്കിന്റെയും പാഠപുസ്തകങ്ങളുടെയും ഇടയില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ത്തപ്പെടുന്ന കൊച്ചു ജീവിതങ്ങള്‍. സ്‌കൂളില്‍ ചെന്നാല്‍ ടീച്ചര്‍മാരുടെ വക, വീട്ടില്‍ വന്നാല്‍ ഫ്‌ളാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ഓഫീസില്‍ പോയിരിക്കുന്ന അപ്പനമ്മമാരെ നോക്കിയുള്ള കാത്തിരിപ്പ്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഓഫീസില്‍ നിന്നു വന്ന് ആഹാരം ഉണ്ടാക്കിയാലേ കഴിക്കാന്‍ സാധിക്കയുള്ളൂ എന്നതാണ് ചിലരുടെ സ്ഥിതി. ആഹാരം വാങ്ങി പൊതിഞ്ഞ്, കുട്ടികള്‍ക്കു കൊടുത്തിട്ടു പോകുന്ന മാതാപിതാക്കളും ഉണ്ട്. സ്വന്തമായി ആഹാരം ചൂടാക്കി, ടി.വി.യുടെ മുന്നില്‍ ഇരുന്നു കഴിക്കുന്ന കുഞ്ഞുങ്ങളും ഇല്ലാതില്ല. സ്‌കൂളില്‍ നിന്നു വന്നാലുടന്‍ കുളിക്കണം, ഉടുപ്പുമാറണം എന്നു പറയാനും പഠിക്കുന്നുണ്ടോ എന്നു നോക്കാനും ആരുമില്ല. ഇവര്‍ 'സ്വയംപര്യാപ്തത' കൈമുതലായുള്ള തലമുറയായി വാര്‍ത്തെടുക്കപ്പെടും, സത്യം.



വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ പഠിച്ച ദിവസങ്ങളുടെ ഓര്‍മ എന്നും എല്ലാവരുടെയും മനസ്സില്‍ മായാതെ നില്‍ക്കും. രാവിലെ കൂട്ടുകാരുടെ കൂടെ സ്‌കൂളിലേക്കു നടന്നു പോകുന്ന വഴി. ഇതിനിടെ നാരങ്ങാമിഠായിയും ബബിള്‍ഗവും ചിത്രകഥാപുസ്തകങ്ങളും നിറഞ്ഞ കടകള്‍. എല്ലാത്തിലും കണ്ണോടിച്ചുകൊണ്ട് കൂട്ടുകാരൊന്നിച്ച് കലപില വര്‍ത്തമാനങ്ങളുമായുള്ള നടത്തം. ചിരപരിചിതമായ മുഖങ്ങളും അമ്പലങ്ങളും കടകളും പള്ളികളും. ഇതിനൊക്കെ പുറമെ ഹര്‍ത്താല്‍, വഴിമുടക്കല്‍, വലിയ കോളേജുകളിലെ സമരം, കല്ലേറ്. ഇതെല്ലാം കണ്ടും കേട്ടുമുള്ള നടത്തം. നീണ്ട ചൂരല്‍ വടിയുമായി ക്ലാസുകളിലേക്കുള്ള ടീച്ചര്‍മാരുടെ നടത്തം. ഇന്നാര്‍ക്കൊക്കെ അടികിട്ടി എന്ന ചര്‍ച്ച. വീട്ടില്‍ ചെന്നാല്‍ കയ്യിലെ ചൂരല്‍ക്കഷായത്തിന്റെ പാട് എങ്ങനെ മറച്ചുപിടിക്കും എന്ന വിഷമം. ഇത്തിരി അങ്കലാപ്പോടെയുള്ള എഴുത്തു പരീക്ഷകള്‍. അവധിക്കാലം വരുമ്പോള്‍ എല്ലാവരും കുറിച്ചെടുക്കുന്ന വീട്ടിലേക്കുള്ള വിലാസം; ഒരു കത്തയയ്ക്കാന്‍. അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും കൊണ്ടുവരുന്ന ചിത്രങ്ങള്‍. എവിടെയല്ലാം പോയി, എന്തൊക്കെ കണ്ടു കേട്ടു, എന്നു വേണ്ട, ഒരു മാസം നീണ്ടുനില്‍ക്കുന്ന വിശേഷം പറച്ചില്‍.

പത്താംതരം എത്തിക്കഴിഞ്ഞാല്‍ സ്‌കൂളില്‍ ടീച്ചര്‍മാര്‍ കൊണ്ടുവരുന്ന കുറേ വര്‍ഷത്തെ ചോദ്യക്കടലാസുകള്‍ എഴുതിപ്പഠിക്കല്‍. സ്റ്റാഫ്‌റൂമില്‍ പോയി, എല്ലാവര്‍ക്കുമായി ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പികളുമായി, ക്ലാസ്സുകളിലെത്തുന്നു. ടീച്ചര്‍മാരുടെതന്നെ കുട്ടികള്‍ അവിടെയുണ്ടെങ്കില്‍ വളരെ നല്ലത്.

പത്താം ക്ലാസിന്റെ ഫെയര്‍വെല്‍. ആദ്യമായി സാരി ഉടുക്കുന്നതിന്റെ, റ്റെറിക്കോട്ടന്‍ പാന്റ് ഇടുന്നതിന്റെ, അല്ലെങ്കില്‍ കസവു കോടിമുണ്ട് ഉടുക്കുന്നതിന്റെ സന്തോഷം. പിന്നെ കോളേജ് എന്ന മാസ്മരലോകത്തിന്റെ സ്വപ്നങ്ങള്‍. ഇങ്ങനെ പോകുന്നു പഴയകാലത്തെ സ്‌കൂള്‍ വിശേഷം.

മാര്‍ച്ച് മാസം. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ, അവരുടെ അപ്പനമ്മമാരുടെ, ടീച്ചര്‍മാരുടെ ഓട്ടപ്രദക്ഷിണത്തിന്റെ മാസമാണത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകാരുടെ ഈ നെട്ടോട്ടത്തിനു ശേഷമാണ് പത്താം ക്ലാസുകാരുടെയും പന്ത്രണ്ടുകാരുടെയും അടുത്ത പടി. ഇന്റര്‍നെറ്റ് വഴിയും ലൈബ്രറികളിലൂടെയും കിട്ടുന്ന ചോദ്യപേപ്പറുകള്‍, 5 വര്‍ഷത്തേത്, റിവൈസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം പഠിച്ച റാങ്കുകാരുടെ ബുക്കുകള്‍ ദീര്‍ഘവീക്ഷണമുള്ള അമ്മമാര്‍ കരസ്ഥമാക്കിക്കഴിഞ്ഞിരിക്കും.

ഇതിനെല്ലാം പുറമെയാണ് എല്ലാ മാസത്തിന്റെയും പകുതിയില്‍ 'രക്ഷിതാക്കളെ കാണാനുള്ള ദിവസം'. കുഞ്ഞുങ്ങളുടെ നോട്ടുബുക്കുകളുമായി എത്തി, തെറ്റുകളെന്തൊക്കെയെന്ന് അന്വേഷിച്ചറിയുന്ന അമ്മമാരുടെ നീണ്ടനിര ഞങ്ങളൊക്കെ സ്ഥിരമായി കാണാറുണ്ട്. ഒരു ക്ലാസിലെ 35, 40 കുട്ടികളുടെ എല്ലാ രക്ഷിതാക്കള്‍ക്കുമായി 3, 4 മണിക്കുര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഒടുവില്‍, ബുക്കുകള്‍ കൊണ്ടുവരാന്‍ പാടില്ലെന്നും കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞാല്‍ മതിയെന്നും മാനേജ്‌മെന്റ് നിഷ്‌കര്‍ഷിച്ചു. അതോടേ ടീച്ചറെ കാണാന്‍ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിനിടെ, ''അമ്മേ, ഈ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമല്ല !'' എന്ന് സ്വയം തീരുമാനിച്ചിരിക്കുന്ന മോനെയുംകൊണ്ട് പേരന്റ്-ടീച്ചര്‍ മീറ്റിങ്ങി'നു പോകല്‍ അത്ര എളുപ്പവുമായിരുന്നില്ല.

പരീക്ഷയ്ക്കായുള്ള പഠനദിവസങ്ങളില്‍, വര്‍ക്ക്ഷീറ്റുകളും സിലബസ്സും പോര്‍ഷന്‍ പേപ്പറും മാതാപിതാക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴി അയച്ചുകൊടുക്കുന്നു.

ട്യൂഷന്‍ ക്ലാസുകള്‍ എന്നത് ഒരു വലിയ ബിസിനസ്സാണ് ഇവിടെ ഗള്‍ഫ് നാടുകളില്‍. എന്നാല്‍ ആത്മാര്‍ഥമായി ക്ലാസെടുക്കുന്ന സ്‌കൂള്‍ ടീച്ചര്‍മാര്‍ ധാരാളമുണ്ട്. സമയവും താത്പര്യവും കണക്കിലെടുത്ത് ട്യൂഷന്‍ കൊടുക്കുന്ന ധാരാളം ടീച്ചര്‍മാരുണ്ട്. ഒരു ദിവസം ചെന്നില്ലെങ്കില്‍, കുട്ടി പഠിത്തത്തില്‍ ഇത്തിരി പിറകോട്ടാണെങ്കില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിക്കാനും അവര്‍ മിനക്കെടാറുണ്ട്. പനിയായി കിടപ്പായാല്‍ ''എന്തേ ഇന്നു വന്നില്ല, മറന്നുപോയോ സമയം ? എങ്കില്‍ നാളെ ഇത്തിരി നേരത്തേ വിട്ടോളൂട്ടോ''എന്ന് വിളിച്ചുപറയും ഈ ട്യൂഷന്‍ ടീച്ചര്‍.

മാര്‍ച്ച് മാസം അടുക്കുന്നതോടെ ഗള്‍ഫില്‍ പരീക്ഷയുടെ കാലമാകുന്നു. ചെറിയ ക്ലാസിലായാല്‍പോലും വളരെ ശാസ്ത്രീയവും അടുക്കും ചിട്ടയുമുള്ളതുമാണ് ഇന്നത്തെ വിദ്യാഭ്യാസം. എന്നിരുന്നാലും ഉന്നത വിജയം കൈവരിക്കുക എന്നത് ശ്രമകരമാണ്. അതിനു സഹായിക്കുക മാതാപിതാക്കളുടെ ഉത്തരവാദിത്വമാകുന്നു. പുലര്‍കാലത്തൊരു കട്ടന്‍ കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതില്‍ തീരുന്നില്ല ഇക്കാലത്തെ ഒരു അമ്മയുടെ പരീക്ഷ/വിദ്യാഭ്യാസ കാലഘട്ടം.

പ്രവാസിയുടെ വീക്ഷണത്തില്‍ ഇവിടത്തെ വിദ്യാഭ്യാസം എങ്ങനെ ? അന്താരാഷ്ട്ര നിലവാരമുള്ള ചുറ്റുപാടിലാണ് പ്രവാസ ലോകം. ക്ലാസ്മുറിയിലെ വിദ്യാഭാസം മെച്ചപ്പെട്ടതുതന്നെ. വിദ്യാര്‍ഥിയെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്താല്‍, പാഠപുസ്തകം മനപ്പാഠമാക്കിയ USB Memory Stick മാത്രമാണ് അവന്‍ എന്നു കാണാനാവും.

അധ്യാപകരുടെ നിലപാടോ ?
നാട്ടിലും ഇവിടെയും ഇപ്പോള്‍ നല്ല തോതില്‍ പണം വാങ്ങിയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യ പകരുന്നത്. അതിനാല്‍, പണം കൊടുത്തു നേടുന്ന സേവനമായി മാത്രമാണ് മാതാപിതാക്കള്‍ അധ്യാപനത്തെ കാണുന്നത്. അധ്യാപകരുടെ ചെയ്തികളെ സസൂക്ഷ്മം പരിശോധിക്കുന്ന പ്രിന്‍സിപ്പല്‍/ മാതാപിതാക്കള്‍ പ്രവാസ ലോകത്തില്‍ കൂടുതലാണ്. അധികാരത്തിന്റെ സ്വരത്തില്‍ അവര്‍ അധ്യാപകരോടു സംസാരിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കുമ്പോള്‍, മറ്റുള്ള തൊഴിലുകളെക്കാള്‍ വേതനം കുറവാണ്. അപ്പോള്‍ അധ്യാപകര്‍ ഇവിടെ വെറും നോക്കുകുത്തികളാകുന്നു.

കുട്ടികളുടെ ജീവിതം പാഴാവുകയാണോ ഇവിടെ നാലു ചുവരുകള്‍ക്കുള്ളില്‍ ?
കുട്ടികള്‍ ഇവിടെ സുഖസൗകര്യത്തോടെയാണ് വളരുന്നത്. തിങ്ങിനിറഞ്ഞ ഓട്ടോറിക്ഷ ഇല്ല . അന്തരീക്ഷ മലീനീകരണം കുറവ് , ഇന്റര്‍നെറ്റ്, പ്ലേ സ്റ്റേഷന്‍, അതിന്റെ സി.ഡി.കള്‍ എന്നിവയൊക്കെ ഏതു കുട്ടിക്കടയിലും ലഭ്യം. ആഗ്രഹിക്കുന്ന കലകള്‍ അഭ്യസിക്കാന്‍ ഇഷ്ടംപോലെ കലാകേന്ദ്രങ്ങള്‍. പ്രകൃതിയുമായുള്ള ഇടപെടലുകള്‍ നന്നേ കുറവ്. വീട്ടിനുള്ളിലെ അലങ്കാരച്ചെടികള്‍ മാത്രമാണ് പ്രകൃതി എന്നു ധരിക്കേണ്ടിവരുന്ന ബാല്യം. ചെറിയ തീരുമാനങ്ങളെടുക്കാന്‍പോലും കഴിവ് നന്നേ കുറവ്. എല്ലാ കാര്യങ്ങളും മുന്‍കൂര്‍ ചെയ്തു കൊടുക്കപ്പെടുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം. 24 മണിക്കൂറും വഴിക്കണ്ണുമായി മോണിറ്റര്‍ ചെയ്യപ്പെടുന്ന ബാല്യം. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ശക്തി ലഭിക്കാതെ പോകുന്നു.

ആഡംബരം നിറഞ്ഞ ചുറ്റുപാടുകളുടെ ഇടയില്‍ പഠനത്തിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ മാനസികമായി തകരുകയാണോ ?
കുട്ടികള്‍ ഇവിടെ ഹാപ്പി ആണ് . കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ആഗ്രഹിക്കുന്ന വസ്തുക്കള്‍ കുഞ്ഞുന്നാളിലേ ലഭ്യമാക്കുന്നതില്‍ ഗള്‍ഫിലെ മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. തനിക്കു പഠിക്കാന്‍ കഴിയാതെപോയ ഡാന്‍സും പാട്ടും മക്കള്‍ പഠിക്കട്ടെ, നല്ല ഭക്ഷണം കഴിക്കട്ടെ എന്നൊക്കെയാണ് അവരുടെ മട്ട്.
ദുബായിലെ രഹന ഖാലിദ് പറയുന്നു: ''പലപ്പോഴും നമ്മള്‍ കുട്ടികളോട് പഠിച്ച് മിടുക്കരാകണം എന്നാണ് പറയാറുള്ളത്. ആ മിടുക്ക് കൂടെയുള്ളവരെ എങ്ങനെയെങ്കിലും പിറകിലാക്കുന്നതില്‍ ഒതുങ്ങുന്നു. ഇതിനിടയില്‍, ഒരു സമൂഹജീവി എന്ന നിലയില്‍ മറ്റുള്ളവരോടുള്ള കടമകള്‍ അവര്‍ അറിയുന്നു പോലുമില്ല. പഠനം മാര്‍ക്ക്‌ലിസ്റ്റിലെ അക്കങ്ങള്‍ക്കും ഗ്രേഡുകള്‍ക്കും വേണ്ടിയുള്ളതല്ലെന്നും ലോകത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കി നല്ല ജീവിതം നയിക്കാന്‍ പ്രാപ്തരാകാനുള്ളതുമാണെന്നാണ് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കേണ്ടത്. ആ അറിവുണ്ടായാല്‍, മാര്‍ക്കിനുവേണ്ടി കുട്ടികളെ അധികഭാരം ചുമപ്പിക്കുന്നതും അതുവഴി അവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ കഴിയും.

രാവിലെ 6.30-നു സ്‌കൂളില്‍ പോയ കുട്ടികള്‍ ഉച്ചയ്ക്ക് 1.45-നു തിരിച്ചെത്തും. വിശേഷംപറച്ചില്‍ വീട്ടിലെത്തുന്നതുവരെ കാണും. ഊണുമേശയിലും വിശേഷങ്ങളുടെ മാലപ്പടക്കം.

14 വയസ്സുകാരന്‍ മകന്‍ ആരംഭിക്കുന്നു: ''അമ്മേ, എനിക്ക് ഇന്നും ഒരു ഗേളിന്റെ കോംപ്ലിമെന്റ് കിട്ടി.''

'''ഓ പിന്നെ, വാട്ട് ഡൂഡ്''- അതിന്റെ വാലില്‍ തൂങ്ങി 11 വയസ്സുകാരന്‍. 15 വയസ്സുകാരി മകള്‍ക്ക്, ഒന്നേ പറയാനുള്ളു: ''അമ്മയ്ക്ക് സെവന്റീസിന്റെ സ്റ്റൈല്‍ മാത്രമേ അറിയുള്ളൂ.'' ടീച്ചര്‍മാരുടെ സാരി, പൊട്ട്, ക്യൂട്ടെക്‌സിന്റെ കളര്‍ എന്നിവയൊക്കയാണ് അവള്‍ക്കു പ്രധാനം. കുളിച്ച്, ആഹാരം കഴിക്കുന്ന ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മകള്‍ക്ക് കണക്ക് ട്യൂഷന്‍. അവിടെ നിന്നങ്ങോട്ട് ഓട്ടപ്രദക്ഷിണം തന്നെ. നാല്മണിക്ക് കണക്ക് തീര്‍ന്നാല്‍ വീട്ടിലേക്ക്. ഹോംവര്‍ക്ക് ബുക്കിലേക്ക് മുങ്ങിത്താഴുന്നു. ഇതിനിടെ, കണക്ക് ട്യൂഷനായി ആണ്‍സന്തതികള്‍ പോയിക്കഴിയും. 6 മണിക്ക് തിരിച്ചെത്തിയാല്‍ ചെറിയ ഒരു സ്‌നാക്കിന്റെയും ജ്യൂസിന്റെയും ബലത്തില്‍ അവരും ഹോംവര്‍ക്കിലേക്ക്. 9 മണിയോടെ ഒരുമാതിരിയെല്ലാം ഒതുക്കിത്തീര്‍ത്ത്, ''എല്ലാം പഠിച്ചുതീര്‍ന്നു'' എന്നു പ്രഖ്യാപിച്ചുകൊണ്ട്, നാളത്തെ തയ്യാറെടുപ്പുകള്‍ക്കായി ഒരുങ്ങുന്നു. നാളത്തെ സ്‌കൂള്‍ദിവസത്തിനായി ടൈംടേബിള്‍ എടുത്ത് ബാഗ് ഒരുക്കി, യൂണിഫോം അടുക്കിവെക്കുന്നു. ഇതു ജീവിതത്തിന്റെ ഭാഗമാകുന്നു... ദിനചര്യയാകുന്നു... പാവം കുഞ്ഞുങ്ങള്‍.

പണിതീരാത്ത വീടുപോലെ ജീവിതം ബാക്കിനിര്‍ത്തി

പാലക്കാട്: 'എന്റെ ജീവിതം പണിതീരാത്ത വീടുപോലെയാണ്' എന്ന വാക്കുകള്‍ അറംപറ്റി. ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ബാക്കിനിര്‍ത്തി ലോഹിതദാസ് കണ്‍വെട്ടത്തുനിന്ന് മായുമ്പോള്‍ ആ വാക്കുകളോര്‍ത്ത് അമ്പരക്കുകയാണ് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. 

വയലാര്‍ രാമവര്‍മയുടെ അസംഖ്യം ആരാധകരില്‍ ഒരാളായിരിക്കാം ലോഹിതദാസ്. എന്നാല്‍ വയലാറിന്റെ മകന് ഈ ആരാധകനെക്കുറിച്ച് ഓര്‍ക്കാന്‍മാത്രം അനുഭവങ്ങളുണ്ട്. 'ചക്കരമുത്ത്' എന്ന സിനിമയ്ക്ക് പാട്ടെഴുതാനാണ് ആദ്യമായി ലോഹിതദാസുമായുള്ള കൂടിക്കാഴ്ച. 

'അദ്ദേഹം ആദ്യത്തെ ദിവസം എന്നെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ ഒന്നും ചോദിച്ചും പറഞ്ഞുമില്ല. അച്ഛനെക്കുറിച്ചായിരുന്നു സംസാരം. നിന്റെ അച്ഛന്‍ എഴുതിയില്ലേ, 'പണിതീരാത്ത വീട്ടിലെ' വിശേഷങ്ങള്‍. അതുപോലെയാണെന്റെ ജീവിതം. ഒരിക്കലും പണിതീരാത്ത വീട്' ലോഹിതദാസ് അതുപറഞ്ഞത് 'അമരാവതി'യെന്ന വീടിന്റെ പടിപ്പുരയ്ക്കല്‍നിന്ന് ശരത്ചന്ദ്രവര്‍മ ഓര്‍ക്കുമ്പോള്‍ ചിത കത്തിത്തുടങ്ങിയിരുന്നു. 

'വീടുകള്‍ മാറുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നെന്ന് തോന്നുന്നു. ജീവിതവും ഇടയ്ക്ക് ഇടഞ്ഞ് മുറിഞ്ഞുനിന്ന് വീണ്ടും മുന്നോട്ടു നടന്ന്... ഏതായാലും 'ചക്കരമുത്തി'നുവേണ്ടി താനെഴുതിയ വരികള്‍ അദ്ദേഹത്തിന് സ്വീകാര്യമായില്ല. എനിക്കും കൂടുതല്‍ സമയമുണ്ടായിരുന്നില്ല. അടുത്ത പടത്തില്‍ നോക്കാമെന്നുപറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് 'നിവേദ്യ'ത്തിലും എഴുതാന്‍ ക്ഷണിച്ചു. നടന്നില്ല. പകരം അദ്ദേഹംതന്നെ എഴുതി. 'കോലക്കുഴല്‍വിളി കേട്ടോ' അതിന് അവാര്‍ഡും ലഭിച്ചു. ഞാന്‍ പറഞ്ഞു, അത് സാര്‍ അര്‍ഹിക്കുന്നതുകൊണ്ടാണ് എനിക്ക് എഴുതാനാവാതെ പോയതെന്ന്.' 

അപ്പോഴും അച്ഛനെ ഓര്‍മിപ്പിച്ചു. എഴുതേണ്ടത് കടലാസിലല്ല, കേള്‍ക്കുന്നവന്റെ മനസ്സിലാണെന്ന ഓര്‍മപ്പെടുത്തല്‍. 'ചെമ്പട്ടില്‍വെച്ച രുദ്രവീണയാണ് വയലാര്‍' എന്ന ലോഹിതദാസിന്റെ വിശേഷണം മകന് മറക്കാനാവാത്തതാണ്. 

അകത്ത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ വേദനയടക്കി വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുന്നു. 'കിരീട'വും 'ചെങ്കോലും' നഷ്ടപ്പെട്ട വേദന പരസ്​പരം കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കുന്ന സിബിമലയിലും കിരീടം ഉണ്ണിയും. ബ്ലെസിയുടെയും മഞ്ജുവിന്റെയും മമ്മൂട്ടിയുടെയും നിറകണ്ണുകള്‍. അടക്കിയ വിതുമ്പലുകള്‍, നെഞ്ചുനീറി ലോഹിതദാസിന്റെ ഭാര്യയും മക്കളും. തനിക്കുമുമ്പേ മകനെ വിളിച്ചുകൊണ്ടുപോയ ദൈവത്തോട് പരാതിപറയാന്‍പോലും വയ്യാത്ത 85കാരിയായ ലോഹിതദാസിന്റെ അമ്മ മായിയമ്മ. നഷ്ടങ്ങളുടെ കഥയറിയാതെ കഥാകാരന്‍ യാത്രയുമായി.

സൂര്യകിരീടം വീണുടഞ്ഞു .......... നമ്മുടെ സ്വന്തം ഗിരീഷ്‌ പുത്തഞ്ചേരിയ്ക് വേണ്ടി












കോഴിക്കോട്: ജനവരി 26ന് ഗിരീഷിനെ കാരപ്പറമ്പിലെ വീട്ടില്‍ ചെന്നുകണ്ടത് രോഗബാധിതനാണെന്ന വിവരമറിഞ്ഞാണ്. ഒരു പത്രപ്രവര്‍ത്തകനായല്ല, കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജിലെ പഴയ സഹപാഠിയെ കാണാനുള്ള യാത്ര. അതിനുമുമ്പ് പലതവണ ഗിരീഷ് ക്ഷണിച്ചപ്പോഴും നടക്കാതെ പോയ ഒരു സന്ദര്‍ശനമാണ് പൊടുന്നനെ സംഭവിച്ചത്. സംസാരിക്കാന്‍പോലും വിഷമിക്കുന്നതരത്തില്‍ ക്ഷീണബാധിതനായിട്ടുകൂടി ഗിരീഷ് കുറെ സംസാരിച്ചു. എല്ലാം ജീവിതത്തെക്കുറിച്ച്. 

കാരണം മരണത്തെക്കുറിച്ച് ആലോചിക്കേണ്ട ഒരവസ്ഥ അന്നുണ്ടായിരുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിപ്പോയതുകൊണ്ടുള്ള ക്ഷീണം മാത്രമാണ് ഗിരീഷിനുണ്ടായിരുന്നത്. പഞ്ചസാര കൂടിയതിന്റെ കാരണവും ഗിരീഷ് വിശദീകരിച്ചു. ''ഗുരുവായൂരില്‍ ചെന്നപ്പോള്‍ ഐ.എ.എസ്. കിട്ടിയ സന്തോഷത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാല്‍പ്പായസം നല്‍കിയാണ് സ്വീകരിച്ചത്. ഗുരുവായൂരപ്പന്റെ പാല്‍പ്പായസമല്ലേ...നന്നായി കഴിച്ചു. ഒടുവില്‍ ആസ്​പത്രിയില്‍ അഡ്മിറ്റുമായി.''

എന്തായാലും അതൊരു നിമിത്തമായിരുന്നു. പഞ്ചസാരയുടെ അളവ് 400 കടന്നപ്പോഴുണ്ടായ ക്ഷീണം ഗിരീഷിനെ ജീവിതവീക്ഷണത്തില്‍ പെട്ടെന്നൊരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിരുന്നുവെന്ന് തോന്നിച്ചു. അതല്ലെങ്കില്‍ പ്രകൃതിചികിത്സയുടെ വഴിയിലേക്ക് തിരിയില്ലായിരുന്നു. മിക്കപ്പോഴും കടുത്ത വര്‍ണത്തിലുള്ള ഷര്‍ട്ട് ധരിച്ചുമാത്രം കണ്ടിട്ടുള്ള ഗിരീഷിന് അതുകൊണ്ട്തന്നെ അത്യാവശ്യം തടി തോന്നിച്ചിരുന്നു. എന്നാല്‍ ഷര്‍ട്ടിടാതെ വീട്ടില്‍ സ്വീകരിക്കാനെത്തിയ ഗിരീഷിനെ കണ്ടു ശരിക്കും അമ്പരന്നു. മെലിഞ്ഞ് എല്ലും തൊലിയും മാത്രമെന്ന അവസ്ഥയായിരിക്കുന്നു. പ്രകൃതി ചികിത്സയിലൂടെ തടികുറച്ചതാണ്.

ചാരുപടിയില്‍ എന്റെ മുന്നില്‍ ഒടിഞ്ഞും കിടന്നുമെല്ലാമിരുന്ന സുഹൃത്തിനോട് സംസാരത്തിനിടെ ഒരുവേളയില്‍ 'ഗാന്ധിജിയെപ്പോലുണ്ട് ഇപ്പോഴത്തെ കിടത്ത'മെന്ന് പറഞ്ഞപ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന ഇറച്ചിയും മദ്യവുമില്ലാത്ത നാളുകളെക്കുറിച്ചാണ് ഗിരീഷ് വാചാലനായത്. പ്രകൃതിജീവനം അത്രയ്ക്ക് ബോധിച്ചിരുന്നു. അതിനെക്കുറിച്ച് എഴുതാനും നിര്‍ബന്ധിച്ചു.

മക്കളെക്കുറിച്ച് പറയുമ്പോഴും ഗിരീഷിന്റെ മുഖത്തെ ഭാവമാറ്റം പ്രകടമായി. മുമ്പൊരിക്കല്‍ കണ്ടപ്പോള്‍ പൈലറ്റാകാന്‍ കൊതിക്കുന്ന മകനെക്കുറിച്ച് പറഞ്ഞിരുന്നു. അവന്റെകാര്യം തിരക്കിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന അവന്‍ ഒരു സെമിനാറില്‍ പ്രസംഗിച്ച് ശ്രദ്ധപിടിച്ചുപറ്റിയ കാര്യത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ പറഞ്ഞു. നല്ലൊരു ജോലി ഇനി അവന്റെ മിടുക്കുകൊണ്ടുതന്നെ കിട്ടുമെന്നു പറയുമ്പോള്‍ വൈമാനികനാവാന്‍ വേണ്ടത്ര പണം കൈയിലില്ലാതെപോയതിന്റെ ഒരു സൂചനയും വാക്കുകള്‍ക്കുള്ളിലെവിടെയോ ഒളിഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ നേടിക്കൊള്ളുമെന്ന വാക്കുകളില്‍ മകനിലുള്ള ആത്മവിശ്വാസവും വ്യക്തമായി.

പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു ഗിരീഷിന്റെ മുന്നിലുണ്ടായിരുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയിപ്പിക്കാന്‍ പദ്ധതിയിട്ടുള്ള രണ്ടു വ്യത്യസ്ത സിനിമകള്‍. അതില്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമയുടെ കരട് തിരക്കഥ പോലും തയ്യാറായി. ''ലാലിന്റെ ദിവസം ഉടനെ കിട്ടും. എനിക്ക് തന്നെ വായിച്ച്‌കൊടുക്കണം. എങ്കിലേ സംതൃപ്തി കിട്ടൂ''-അവശനായി കിടക്കുന്ന ഗിരീഷിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ തുടിപ്പ് കാണാമായിരുന്നു.

കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജിലെ മലയാളം പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം ചേര്‍ന്ന് ഒരു സംഘടന രൂപവത്കരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍, തന്നെ ഉള്‍ക്കൊള്ളിക്കണമെന്ന അഭ്യര്‍ഥനയുമുണ്ടായി. കോളേജിലെ മലയാളം പ്രൊഫസറായിരുന്ന എം. അച്യുതന്‍ കൊച്ചിയില്‍ നടക്കുന്ന ഒരു ചടങ്ങിലേക്ക് ക്ഷണിച്ച കാര്യവും ഗിരീഷ് അപ്പോള്‍ പറഞ്ഞു. അതിനു പോകുന്നുണ്ടോ എന്ന് ആശങ്കയോടെയാണ് ഞാന്‍ ചോദിച്ചത്. പറ്റിയാല്‍ പോകണം എന്നേ മറുപടി പറഞ്ഞുള്ളൂ. പോകാന്‍ പറ്റില്ലെന്ന് എനിക്കപ്പോള്‍ ഉറപ്പായിരുന്നു. പക്ഷേ, ഗിരീഷ് ആ ചടങ്ങില്‍ പങ്കെടുത്തു. പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ നാം അവശനാണെന്ന് സദസ്സ്യര്‍ക്ക് തോന്നരുതെന്ന് ഗിരീഷിന് നിര്‍ബന്ധമായിരുന്നു. അവശനായി കിടന്ന ഗിരീഷ് പ്രൊഫ. അച്യുതനോടുള്ള സ്നേഹംകൊണ്ടുമാത്രമാകണം പ്രസംഗിക്കാനുള്ള കരുത്ത് നേടിയത്.

കൊച്ചിന്‍ ഹനീഫയുടെ മരണവാര്‍ത്തയറിഞ്ഞ് ഒരിക്കല്‍ കൂടി ഗിരീഷ് കൊച്ചിയിലേക്ക് പോയി. തന്റെ ശാരീരിക അവശതകള്‍ തീര്‍ത്തും അവഗണിച്ചുള്ള യാത്ര. അന്ന് മടങ്ങിവന്നത് കഠിനമായ തലവേദനയുമായാണ്. അത് രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ളതാണെന്ന് മനസ്സിലാക്കാനും ഗിരീഷിന് കഴിഞ്ഞില്ല.

ഇനി പഴയകാലം ഓര്‍ക്കാന്‍ ഈ ചങ്ങാതിയില്ല. വിദ്യാര്‍ഥിയായിരിക്കെ ജീവിത പ്രാരബ്ധങ്ങള്‍ കൊണ്ടു ഗിരീഷ് അന്തര്‍മുഖനായിരുന്നു. നല്ലൊരു വേഷമണിഞ്ഞുള്ള ഗിരീഷിനെ അന്നു കണ്ടിട്ടില്ല. പാരമ്പര്യമായി കിട്ടിയ സംഗീതവും ഗൃഹാതുരത്വമുള്ള മനസ്സുംകൊണ്ട് ജീവിത യാഥാര്‍ഥ്യങ്ങളോട് ഏറെ പൊരുതിയാണ് ഗിരീഷ് മലയാളത്തിന് മറക്കാനാകാത്ത ഗാനരചയിതാവായത്. മലയാളത്തിലെ വാക്കുകളാണ് തന്റെ സമ്പാദ്യമെന്നും നിക്ഷേപമെന്നും ഗിരീഷ് വിശ്വസിച്ചു. അത് മിക്കപ്പോഴും തുറന്നു പറയുകയും ചെയ്തു. എനിക്ക് സിനിമയിലല്ലാതെ മറ്റൊരു ഉപജീവനമാര്‍ഗം കണ്ടെത്താനാവില്ല. കിഡ്‌നി വിറ്റായാലും ഞാനീരംഗത്ത് തുടരുമെന്നും സിനിമാരംഗത്ത് പ്രവേശിച്ച ആദ്യകാലങ്ങളില്‍ ഗിരീഷ് പറഞ്ഞിരുന്നു.

മനസ്സുകൊണ്ട് വീണ്ടും ആര്‍ട്‌സ് കോളേജിലെ പഴയ ആ സെക്കന്‍ഡ് -ഇ ക്ലാസിലെത്തുകയാണ്. ഗിരീഷിനെപ്പോലെ മലയാളസിനിമയില്‍ ഉന്നതങ്ങളേറിയ മറ്റൊരാള്‍കൂടി ഞങ്ങളുടെ സഹപാഠിയായി അവിടെയുണ്ടായിരുന്നു- സത്യജിത്ത്. കോളേജ് പഠനത്തിന് ശേഷമാണ് ഗിരീഷ് പ്രശസ്തിയിലേക്ക് കുതിച്ചതെങ്കില്‍ സത്യജിത്ത്, പ്രശസ്തനായി തന്നെയാണ് ക്ലാസില്‍ ഇരുന്നത്. 'അച്ചാണി'യെന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സത്യജിത്തിന് ചെറുപ്പത്തിലേ ലഭിച്ചിരുന്നു. പോരാത്തതിന് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും നടി ശാന്താദേവിയുടെയും മകനെന്ന അംഗീകാരവും. കാമ്പസ്സുകളിലെ സൗഹൃദത്തില്‍ നിന്നും മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ തീര്‍ത്ത മോഹന്‍ ലാല്‍-പ്രിയദര്‍ശന്‍-എം.ജി. ശ്രീകുമാര്‍-മണിയന്‍പിള്ള രാജു-സുരേഷ് കുമാര്‍ കൂട്ടുകെട്ടുപോലെ ഒരിക്കലും ഗിരീഷ്-സത്യജിത്ത് സൗഹൃദം പൂത്തുലഞ്ഞില്ല. ഇരുവരും പലപ്പോഴും സിനിമാ മേഖലയില്‍ വെച്ചുതന്നെ കണ്ടിരുന്നു. പക്ഷേ, അതിജീവനത്തിന്റെ പാതയില്‍ പരസ്​പരം താങ്ങാകാനോ കൂട്ടായ്മയുടെ ചരിത്രം രചിക്കാനോ കഴിഞ്ഞില്ല. എങ്കിലും ഇപ്പോള്‍ അവര്‍ ഒന്നിച്ചു. അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ട്. മൂന്നാല് വര്‍ഷം മുമ്പ് സത്യജിത് സ്വയം ജീവനൊടുക്കി. ഇപ്പോഴിതാ ഗിരീഷിനെ മരണം കവര്‍ന്നെടുത്തു.

നമ്മുടെ സ്വന്തം ഗിരീഷ്‌ പുത്തഞ്ചേരിയ്ക് വേണ്ടി ഒരു രാത്രികൂടി വിടവാങ്ങവേ........

'പ്രണയവര്‍ണങ്ങള്‍' എന്ന സിനിമയുടെ കമ്പോസിങ്‌വേള. ഹാര്‍മോണിയത്തില്‍ വെറുതെ ഒരു നോട്ട് വായിച്ചുകേള്‍പ്പിക്കുന്നു, സംഗീതസംവിധായകന്‍ വിദ്യാസാഗര്‍. ലളിതമായ ഒരു സംഗീത ശകലം. അതൊരു ഗാനത്തിന്റെ പല്ലവിയായി മാറുമെന്ന്, കേട്ടിരുന്ന സംവിധായകന്‍ സിബി മലയില്‍ പോലും സങ്കല്പിച്ചിരിക്കില്ല.

''പക്ഷേ, ഗിരീഷ്, ആരോ വിരല്‍ മീട്ടി എന്ന മൂന്നു കൊച്ചുവാക്കുകള്‍ കൊണ്ട് അതൊരു കവിതയാക്കി. യേശുദാസും ചിത്രയും ഭാവമധുരമായ ആലാപനത്തിലൂടെ ആ വരികളില്‍ നിന്ന് മനോഹര ഗാനവും സൃഷ്ടിച്ചു.'' -വിദ്യാസാഗര്‍ ഓര്‍ക്കുന്നു. ''ഇന്നും ആ പാട്ട് വല്ലപ്പോഴുമൊക്കെ കാതില്‍ വന്നുവീഴുമ്പോള്‍ അറിയാതെ സ്വയം മറന്നു കരഞ്ഞുപോകും. ഞാന്‍ ഏറ്റവും തീവ്രമായി സ്നേഹിക്കുന്ന എന്റെ പ്രിയഗാനങ്ങളില്‍ ഒന്നാണത്.''

ഈണത്തിനൊത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദ്യമായ ഗാനങ്ങള്‍ രചിക്കാനുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ കഴിവ്, വിസ്മയത്തോടെ ആസ്വദിച്ചിട്ടുണ്ട്. മറ്റു പല സംഗീത സംവിധായകരെയും പോലെ വിദ്യാസാഗറും. ''വാക്കുകള്‍ എവിടെനിന്നു വന്നുവീഴുന്നുവെന്ന് ഗിരീഷ് അറിഞ്ഞിരുന്നുവോ എന്നു സംശയം. ഉറക്കത്തില്‍നിന്നു തട്ടിയുണര്‍ത്തി പാട്ടെഴുതിത്തരാന്‍ പറഞ്ഞാല്‍ പോലും മീറ്ററില്‍ കൃത്യമായി ഒതുങ്ങുന്ന കാവ്യഭംഗിയാര്‍ന്ന വരികള്‍ സൃഷ്ടിച്ചുനല്കാന്‍ കഴിയുന്ന ഒരു പൂര്‍ണ പ്രൊഫഷണലായിരുന്നു, അദ്ദേഹം.''
പടികടന്നെത്തിയ പദനിസ്വനം

മറിച്ചുള്ള ഒരുനുഭവവും വിദ്യാസാഗറിന്റെ ഓര്‍മയിലുണ്ട്. ''കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിന്റെ കമ്പോസിങ്. ഗിരീഷും സംവിധായകന്‍ കമലുമുണ്ട് ഒപ്പം. ആദ്യം ഞാനൊരു ട്യൂണിട്ടു. അതിനൊപ്പിച്ച് ഗിരീഷ് പാട്ടെഴുതി. പക്ഷേ, എവിടെയോ എന്തോ ഒരു ചേര്‍ച്ചയില്ലായ്മ. കമലിന് ആശയക്കുഴപ്പമായി. ഈണവും ഗാനവും നന്ന്, പക്ഷേ തമ്മില്‍ച്ചേരാതെ വന്നാല്‍ എന്തുചെയ്യും?''
പോംവഴി വിദ്യാസാഗര്‍ തന്നെ കണ്ടെത്തി. ''സാരമില്ല, എന്റെ ട്യൂണിങ്ങ് മറന്നുകളയുക. ഗിരീഷ് എഴുതട്ടെ. ഞാനതിന് പുതിയൊരു ഈണം നല്കാന്‍ പോകുന്നു.''

ഈണത്തിന്റെ വിലങ്ങുകള്‍ ഇല്ലാത്ത ഗാനം. ഗിരീഷിന്റെ മുഖം ഏറ്റവും വിടര്‍ന്നുകണ്ടത് അന്നാണ്. നിമിഷങ്ങള്‍ക്കകം പാട്ട് റെഡി. ''എന്റെ ഹാര്‍മോണിയത്തില്‍ ആ വരികള്‍ക്ക് എങ്ങുനിന്നോ ഒരു ഈണം വന്നുചേര്‍ന്നു. പദനിസ്വനം പോലും കേള്‍പ്പിക്കാതെ.'' മലയാള സിനിമ ചരിത്രത്തിലെ തന്നെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നായി നിലനില്ക്കുന്നു, അന്നു പിറന്നുവീണ ഗാനം: പിന്നെയും പിന്നെയും ആരോ കിനാവിന്റെ....

ഒരുപക്ഷേ, വിദ്യാസാഗറുമൊത്താകണം ഗിരീഷ് ഏറ്റവും മികച്ച, വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ സൃഷ്ടിച്ചത്. സംഗീതമറിയുന്ന ഗാനരചയിതാവും കവിതയറിയുന്ന ഈണശില്പിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തിളക്കമുണ്ടായിരുന്നു അവര്‍ മിനഞ്ഞെടുത്ത പാട്ടുകളില്‍. മറന്നിട്ടുമെന്തിനോ (രണ്ടാം ഭാവം), എത്രയോ ജന്മമായ്, ഒരു രാത്രി കൂടി വിടവാങ്ങവേ (സമ്മര്‍ ഇന്‍ ബത്‌ലഹേം), കണ്ണാടിക്കൂടും കൂട്ടി (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്തേ ഇന്നും വന്നീല്ല (ഗ്രാമഫോണ്‍), വെണ്ണിലാകൊമ്പിലെ (ഉസ്താദ്), ധൂം ധൂം ധൂം (രാക്കിളിപ്പാട്ട്), കരിമിഴിക്കുരുവിയെ, എന്റെ എല്ലാമെല്ലാമല്ലേ (മീശമാധവന്‍), ചന്ദമാമ (റോക്കന്‍ റോള്‍), തൊട്ടുരുമ്മിയിരിക്കാന്‍ (രസികന്‍)..... അങ്ങനെ എത്രയെത്ര ഗാനങ്ങള്‍.
ഹരിമുരളീരവം...

രവീന്ദ്രന്‍ മാസ്റ്ററുമായും ഉണ്ടായിരുന്നു അതുപോലൊരു ആത്മബന്ധം. ''ഇണക്കവും പിണക്കവും മാറിമാറിവന്ന ഒരു ജ്യേഷ്ഠാനുജബന്ധം'' എന്നു പറയും ഗിരീഷ്. ''രാവും പകലും കലഹിച്ചിട്ടുണ്ട് ഞങ്ങള്‍. പലപ്പോഴും ഇത്തരം കലഹങ്ങള്‍ക്കുശേഷം പിറക്കുന്ന ഗാനങ്ങളില്‍ ഞങ്ങളുടെ രണ്ടുപേരുടെയും ആത്മാംശമുണ്ടാകും. കന്മദത്തിലെ ''മൂവന്തിതാഴ്‌വരയില്‍'' അത്തരമൊരു കലഹത്തിന്റെസൃഷ്ടിയാണ്. മനോഹരമായ ഒരു ഗാനം പിറന്നതിന്റെ ആഹ്ലാദത്തില്‍ എന്നെ കെട്ടിപ്പിടിക്കും രവിയേട്ടന്‍.'' പരസ്​പരമുള്ള സ്നേഹത്തിലും ആദരവിലും അധിഷ്ഠിതമായ ഒരു സ്നേഹബന്ധം. ഹരിമുരളീരവം, പാടീ തൊടിയിലേതോ (ആറാം തമ്പുരാന്‍), മഞ്ഞക്കിളിയുടെ (കന്മദം), എന്തേ മുല്ലേ പൂക്കാത്തേ (പഞ്ചലോഹം), കാര്‍മുകില്‍ വര്‍ണന്റെ (നന്ദനം), പിന്നെ രവീന്ദ്രന്റെ ഹംസഗാനമായ വടക്കുംനാഥനിലെ കളഭം തരാം, ഒരു കിളി പാട്ടുമൂളവേ, ഗംഗേ...

ജോണ്‍സണുമായി അധികം ഗാനങ്ങള്‍ ചെയ്യാനാകാത്തതില്‍ ദുഃഖമുണ്ടായിരുന്നു ഗിരീഷിന്. 'ഈ പുഴയും കടന്ന്' ഓര്‍ക്കുക. ദേവകന്യക, പാതിരാപുള്ളുണര്‍ന്നു, വൈഡൂര്യക്കമ്മലണിഞ്ഞു തുടങ്ങി ഈ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു.
എം. ജയചന്ദ്രനാണ് ഗിരീഷിന്റെ വരികളില്‍ നിന്ന് അപൂര്‍വസുന്ദരഗാനങ്ങള്‍ മിനഞ്ഞെടുത്ത മറ്റൊരു സംഗീത സംവിധായകന്‍. ബാലേട്ടനിലെ ''ഇന്നലെ എന്റെ നെഞ്ചിലെ'', മാടമ്പിയിലെ ''അമ്മ മഴക്കാറ്'' എന്നീ ഗാനങ്ങള്‍ ഉദാഹരണം. രണ്ടും കഴിഞ്ഞനൂറ്റാണ്ടിനിടയ്ക്ക് നമ്മുടെ സിനിമയില്‍ കേട്ട ഏറ്റവും ഹൃദയസ്​പര്‍ശിയായ വിഷാദഗീതങ്ങള്‍. കണ്ണില്‍ കണ്ണില്‍ (ഗൗരീശങ്കരം), കണ്ണുനട്ട് (കഥാവശേഷന്‍), കണ്ടു കണ്ടു കൊതി (മാമ്പഴക്കാലം), ജൂണിലെ (നമ്മള്‍തമ്മില്‍), ചാന്തുതൊട്ടില്ലേ (ബനാറസ്), എനിക്ക് പാടാന്‍ (ഇവര്‍ വിവാഹിതരായാല്‍),.... ഗിരീഷ്-ജയചന്ദ്രന്‍ ടീമിന്റെ ഹിറ്റുകളുടെ നിര നീളുന്നു.

എന്റെ സ്വപ്നാക്ഷരങ്ങള്‍ക്ക് എടുത്തണിയാന്‍ ഒരു സൂര്യകിരീടം സൃഷ്ടിച്ചുനല്കിയ സംഗീതകാരന്‍ - എം.ജി. രാധാകൃഷ്ണനെ ഗിരീഷ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. ''എഴുതിയ ഗാനങ്ങളില്‍ എന്നെ ഊണിലും ഉറക്കത്തിലും വിടാതെ പിന്തുടരുന്ന ഒന്നുണ്ട് -ദേവാസുരത്തിലെ 'സൂര്യകിരീടം'. ആ ഒരൊറ്റഗാനത്തിന്റെ പേരിലെങ്കിലും കേരളീയരുടെ വരുംതലമുറകള്‍ എന്നെ ഓര്‍ക്കുമെന്ന് മനസ്സുപറയുന്നു.'' -ഒരു കൂടിക്കാഴ്ചയില്‍ ഗിരീഷ് വികാരനിര്‍ഭരമായി പറഞ്ഞ വാക്കുകള്‍.

എസ്.പി. വെങ്കിടേഷ് (ശാന്തമീ രാത്രിയില്‍), ഔസേപ്പച്ചന്‍ (താമരനൂലിനാല്‍, വാവാവോ വാവേ, തുമ്പയും തുളസിയും, യമുന വെറുതെ) ഇളയരാജ (ചെമ്പൂവേ...) ബേണി ഇഗ്‌നേഷ്യസ് (എന്തേ മനസ്സിലൊരു, കള്ളിപ്പൂങ്കുയിലേ).... ഗിരീഷിന്റെ വരികളില്‍ നിന്നു ജനപ്രിയ ഗാനങ്ങള്‍ വാര്‍ത്തെടുത്ത സംഗീതസംവിധായകരുടെ നിര ഇവിടെയെങ്ങും നില്ക്കില്ല.
ശംഭോ ശിവശംഭോ...

''ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ വെറുമൊരു ആത്മഗതത്തില്‍നിന്നുപോലും പാട്ടുണ്ടായിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?'' വിദ്യാസാഗര്‍ ചോദിക്കുന്നു. ''സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നേരത്തെ ചെയ്തുവെച്ച ഒരുഈണം അടിയന്തരമായി മാറ്റിചെയ്യണമെന്ന് സിബി ഫോണില്‍ വിളിച്ചുപറഞ്ഞു. പുതിയ സിറ്റ്വേഷന്‍ ഹാസ്യപ്രധാനമാണ്. ഗിരീഷിനെ അങ്ങോട്ടയയ്ക്കുന്നുണ്ടെന്നും ഒരുമിച്ചിരുന്ന് ഉടന്‍ പാട്ടുണ്ടാക്കണമെന്നുമായിരുന്നു സിബിയുടെ നിര്‍ദേശം. എന്റെ മനസ്സിലെ ശൂന്യത, ഗിരീഷ് എത്തിയിട്ടും നീങ്ങുന്നില്ല. ഈണങ്ങള്‍ ഒന്നും ഒത്തുവരാതായപ്പോള്‍ ഞാന്‍ ഇഷ്ടദേവനായ പരമശിവനെ മനസ്സില്‍ ധ്യാനിച്ച് അറിയാതെ 'ശംഭോ' എന്നു ഉരുവിട്ടുപോയി. ആ നിമിഷം ഗിരീഷിന്റെ മുഖം തെളിഞ്ഞു. ശംഭോ എന്ന വാക്കുവെച്ചു പാട്ടുണ്ടാക്കിയാലോ എന്നായി ചിന്ത. ഏറെക്കഴിയും മുമ്പ് കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനം പിറക്കുന്നു. ഞങ്ങള്‍ ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാറുള്ള സംഭവമാണത്.''
കഥകള്‍ അവസാനിക്കുന്നില്ല. പാട്ടുകളും - ''ഒരു രാത്രി കൂടി'' വിടവാങ്ങുമ്പോഴും...
Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |