'പ്രണയവര്‍ണങ്ങള്‍' എന്ന സിനിമയുടെ കമ്പോസിങ്‌വേള. ഹാര്‍മോണിയത്തില്‍ വെറുതെ ഒരു നോട്ട് വായിച്ചുകേള്‍പ്പിക്കുന്നു, സംഗീതസംവിധായകന്‍ വിദ്യാസാഗര്‍. ലളിതമായ ഒരു സംഗീത ശകലം. അതൊരു ഗാനത്തിന്റെ പല്ലവിയായി മാറുമെന്ന്, കേട്ടിരുന്ന സംവിധായകന്‍ സിബി മലയില്‍ പോലും സങ്കല്പിച്ചിരിക്കില്ല.
''പക്ഷേ, ഗിരീഷ്, ആരോ വിരല്‍ മീട്ടി എന്ന മൂന്നു കൊച്ചുവാക്കുകള്‍ കൊണ്ട് അതൊരു കവിതയാക്കി. യേശുദാസും ചിത്രയും ഭാവമധുരമായ ആലാപനത്തിലൂടെ ആ വരികളില്‍ നിന്ന് മനോഹര ഗാനവും സൃഷ്ടിച്ചു.'' -വിദ്യാസാഗര്‍ ഓര്‍ക്കുന്നു. ''ഇന്നും ആ പാട്ട് വല്ലപ്പോഴുമൊക്കെ കാതില്‍ വന്നുവീഴുമ്പോള്‍ അറിയാതെ സ്വയം മറന്നു കരഞ്ഞുപോകും. ഞാന്‍ ഏറ്റവും തീവ്രമായി സ്നേഹിക്കുന്ന എന്റെ പ്രിയഗാനങ്ങളില്‍ ഒന്നാണത്.''
ഈണത്തിനൊത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ഹൃദ്യമായ ഗാനങ്ങള്‍ രചിക്കാനുള്ള ഗിരീഷ് പുത്തഞ്ചേരിയുടെ കഴിവ്, വിസ്മയത്തോടെ ആസ്വദിച്ചിട്ടുണ്ട്. മറ്റു പല സംഗീത സംവിധായകരെയും പോലെ വിദ്യാസാഗറും. ''വാക്കുകള്‍ എവിടെനിന്നു വന്നുവീഴുന്നുവെന്ന് ഗിരീഷ് അറിഞ്ഞിരുന്നുവോ എന്നു സംശയം. ഉറക്കത്തില്‍നിന്നു തട്ടിയുണര്‍ത്തി പാട്ടെഴുതിത്തരാന്‍ പറഞ്ഞാല്‍ പോലും മീറ്ററില്‍ കൃത്യമായി ഒതുങ്ങുന്ന കാവ്യഭംഗിയാര്‍ന്ന വരികള്‍ സൃഷ്ടിച്ചുനല്കാന്‍ കഴിയുന്ന ഒരു പൂര്‍ണ പ്രൊഫഷണലായിരുന്നു, അദ്ദേഹം.''
പടികടന്നെത്തിയ പദനിസ്വനം
മറിച്ചുള്ള ഒരുനുഭവവും വിദ്യാസാഗറിന്റെ ഓര്‍മയിലുണ്ട്. ''കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിന്റെ കമ്പോസിങ്. ഗിരീഷും സംവിധായകന്‍ കമലുമുണ്ട് ഒപ്പം. ആദ്യം ഞാനൊരു ട്യൂണിട്ടു. അതിനൊപ്പിച്ച് ഗിരീഷ് പാട്ടെഴുതി. പക്ഷേ, എവിടെയോ എന്തോ ഒരു ചേര്‍ച്ചയില്ലായ്മ. കമലിന് ആശയക്കുഴപ്പമായി. ഈണവും ഗാനവും നന്ന്, പക്ഷേ തമ്മില്‍ച്ചേരാതെ വന്നാല്‍ എന്തുചെയ്യും?''
പോംവഴി വിദ്യാസാഗര്‍ തന്നെ കണ്ടെത്തി. ''സാരമില്ല, എന്റെ ട്യൂണിങ്ങ് മറന്നുകളയുക. ഗിരീഷ് എഴുതട്ടെ. ഞാനതിന് പുതിയൊരു ഈണം നല്കാന്‍ പോകുന്നു.''
ഈണത്തിന്റെ വിലങ്ങുകള്‍ ഇല്ലാത്ത ഗാനം. ഗിരീഷിന്റെ മുഖം ഏറ്റവും വിടര്‍ന്നുകണ്ടത് അന്നാണ്. നിമിഷങ്ങള്‍ക്കകം പാട്ട് റെഡി. ''എന്റെ ഹാര്‍മോണിയത്തില്‍ ആ വരികള്‍ക്ക് എങ്ങുനിന്നോ ഒരു ഈണം വന്നുചേര്‍ന്നു. പദനിസ്വനം പോലും കേള്‍പ്പിക്കാതെ.'' മലയാള സിനിമ ചരിത്രത്തിലെ തന്നെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നായി നിലനില്ക്കുന്നു, അന്നു പിറന്നുവീണ ഗാനം: പിന്നെയും പിന്നെയും ആരോ കിനാവിന്റെ....
ഒരുപക്ഷേ, വിദ്യാസാഗറുമൊത്താകണം ഗിരീഷ് ഏറ്റവും മികച്ച, വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ സൃഷ്ടിച്ചത്. സംഗീതമറിയുന്ന ഗാനരചയിതാവും കവിതയറിയുന്ന ഈണശില്പിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ തിളക്കമുണ്ടായിരുന്നു അവര്‍ മിനഞ്ഞെടുത്ത പാട്ടുകളില്‍. മറന്നിട്ടുമെന്തിനോ (രണ്ടാം ഭാവം), എത്രയോ ജന്മമായ്, ഒരു രാത്രി കൂടി വിടവാങ്ങവേ (സമ്മര്‍ ഇന്‍ ബത്‌ലഹേം), കണ്ണാടിക്കൂടും കൂട്ടി (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്തേ ഇന്നും വന്നീല്ല (ഗ്രാമഫോണ്‍), വെണ്ണിലാകൊമ്പിലെ (ഉസ്താദ്), ധൂം ധൂം ധൂം (രാക്കിളിപ്പാട്ട്), കരിമിഴിക്കുരുവിയെ, എന്റെ എല്ലാമെല്ലാമല്ലേ (മീശമാധവന്‍), ചന്ദമാമ (റോക്കന്‍ റോള്‍), തൊട്ടുരുമ്മിയിരിക്കാന്‍ (രസികന്‍)..... അങ്ങനെ എത്രയെത്ര ഗാനങ്ങള്‍.
ഹരിമുരളീരവം...
രവീന്ദ്രന്‍ മാസ്റ്ററുമായും ഉണ്ടായിരുന്നു അതുപോലൊരു ആത്മബന്ധം. ''ഇണക്കവും പിണക്കവും മാറിമാറിവന്ന ഒരു ജ്യേഷ്ഠാനുജബന്ധം'' എന്നു പറയും ഗിരീഷ്. ''രാവും പകലും കലഹിച്ചിട്ടുണ്ട് ഞങ്ങള്‍. പലപ്പോഴും ഇത്തരം കലഹങ്ങള്‍ക്കുശേഷം പിറക്കുന്ന ഗാനങ്ങളില്‍ ഞങ്ങളുടെ രണ്ടുപേരുടെയും ആത്മാംശമുണ്ടാകും. കന്മദത്തിലെ ''മൂവന്തിതാഴ്‌വരയില്‍'' അത്തരമൊരു കലഹത്തിന്റെസൃഷ്ടിയാണ്. മനോഹരമായ ഒരു ഗാനം പിറന്നതിന്റെ ആഹ്ലാദത്തില്‍ എന്നെ കെട്ടിപ്പിടിക്കും രവിയേട്ടന്‍.'' പരസ്പരമുള്ള സ്നേഹത്തിലും ആദരവിലും അധിഷ്ഠിതമായ ഒരു സ്നേഹബന്ധം. ഹരിമുരളീരവം, പാടീ തൊടിയിലേതോ (ആറാം തമ്പുരാന്‍), മഞ്ഞക്കിളിയുടെ (കന്മദം), എന്തേ മുല്ലേ പൂക്കാത്തേ (പഞ്ചലോഹം), കാര്‍മുകില്‍ വര്‍ണന്റെ (നന്ദനം), പിന്നെ രവീന്ദ്രന്റെ ഹംസഗാനമായ വടക്കുംനാഥനിലെ കളഭം തരാം, ഒരു കിളി പാട്ടുമൂളവേ, ഗംഗേ...
ജോണ്‍സണുമായി അധികം ഗാനങ്ങള്‍ ചെയ്യാനാകാത്തതില്‍ ദുഃഖമുണ്ടായിരുന്നു ഗിരീഷിന്. 'ഈ പുഴയും കടന്ന്' ഓര്‍ക്കുക. ദേവകന്യക, പാതിരാപുള്ളുണര്‍ന്നു, വൈഡൂര്യക്കമ്മലണിഞ്ഞു തുടങ്ങി ഈ ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു.
എം. ജയചന്ദ്രനാണ് ഗിരീഷിന്റെ വരികളില്‍ നിന്ന് അപൂര്‍വസുന്ദരഗാനങ്ങള്‍ മിനഞ്ഞെടുത്ത മറ്റൊരു സംഗീത സംവിധായകന്‍. ബാലേട്ടനിലെ ''ഇന്നലെ എന്റെ നെഞ്ചിലെ'', മാടമ്പിയിലെ ''അമ്മ മഴക്കാറ്'' എന്നീ ഗാനങ്ങള്‍ ഉദാഹരണം. രണ്ടും കഴിഞ്ഞനൂറ്റാണ്ടിനിടയ്ക്ക് നമ്മുടെ സിനിമയില്‍ കേട്ട ഏറ്റവും ഹൃദയസ്പര്‍ശിയായ വിഷാദഗീതങ്ങള്‍. കണ്ണില്‍ കണ്ണില്‍ (ഗൗരീശങ്കരം), കണ്ണുനട്ട് (കഥാവശേഷന്‍), കണ്ടു കണ്ടു കൊതി (മാമ്പഴക്കാലം), ജൂണിലെ (നമ്മള്‍തമ്മില്‍), ചാന്തുതൊട്ടില്ലേ (ബനാറസ്), എനിക്ക് പാടാന്‍ (ഇവര്‍ വിവാഹിതരായാല്‍),.... ഗിരീഷ്-ജയചന്ദ്രന്‍ ടീമിന്റെ ഹിറ്റുകളുടെ നിര നീളുന്നു.
എന്റെ സ്വപ്നാക്ഷരങ്ങള്‍ക്ക് എടുത്തണിയാന്‍ ഒരു സൂര്യകിരീടം സൃഷ്ടിച്ചുനല്കിയ സംഗീതകാരന്‍ - എം.ജി. രാധാകൃഷ്ണനെ ഗിരീഷ് വിശേഷിപ്പിച്ചത് അങ്ങനെയാണ്. ''എഴുതിയ ഗാനങ്ങളില്‍ എന്നെ ഊണിലും ഉറക്കത്തിലും വിടാതെ പിന്തുടരുന്ന ഒന്നുണ്ട് -ദേവാസുരത്തിലെ 'സൂര്യകിരീടം'. ആ ഒരൊറ്റഗാനത്തിന്റെ പേരിലെങ്കിലും കേരളീയരുടെ വരുംതലമുറകള്‍ എന്നെ ഓര്‍ക്കുമെന്ന് മനസ്സുപറയുന്നു.'' -ഒരു കൂടിക്കാഴ്ചയില്‍ ഗിരീഷ് വികാരനിര്‍ഭരമായി പറഞ്ഞ വാക്കുകള്‍.
എസ്.പി. വെങ്കിടേഷ് (ശാന്തമീ രാത്രിയില്‍), ഔസേപ്പച്ചന്‍ (താമരനൂലിനാല്‍, വാവാവോ വാവേ, തുമ്പയും തുളസിയും, യമുന വെറുതെ) ഇളയരാജ (ചെമ്പൂവേ...) ബേണി ഇഗ്‌നേഷ്യസ് (എന്തേ മനസ്സിലൊരു, കള്ളിപ്പൂങ്കുയിലേ).... ഗിരീഷിന്റെ വരികളില്‍ നിന്നു ജനപ്രിയ ഗാനങ്ങള്‍ വാര്‍ത്തെടുത്ത സംഗീതസംവിധായകരുടെ നിര ഇവിടെയെങ്ങും നില്ക്കില്ല.
ശംഭോ ശിവശംഭോ...
''ഞങ്ങള്‍ ഒരുമിച്ചിരിക്കുമ്പോള്‍ വെറുമൊരു ആത്മഗതത്തില്‍നിന്നുപോലും പാട്ടുണ്ടായിട്ടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?'' വിദ്യാസാഗര്‍ ചോദിക്കുന്നു. ''സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നേരത്തെ ചെയ്തുവെച്ച ഒരുഈണം അടിയന്തരമായി മാറ്റിചെയ്യണമെന്ന് സിബി ഫോണില്‍ വിളിച്ചുപറഞ്ഞു. പുതിയ സിറ്റ്വേഷന്‍ ഹാസ്യപ്രധാനമാണ്. ഗിരീഷിനെ അങ്ങോട്ടയയ്ക്കുന്നുണ്ടെന്നും ഒരുമിച്ചിരുന്ന് ഉടന്‍ പാട്ടുണ്ടാക്കണമെന്നുമായിരുന്നു സിബിയുടെ നിര്‍ദേശം. എന്റെ മനസ്സിലെ ശൂന്യത, ഗിരീഷ് എത്തിയിട്ടും നീങ്ങുന്നില്ല. ഈണങ്ങള്‍ ഒന്നും ഒത്തുവരാതായപ്പോള്‍ ഞാന്‍ ഇഷ്ടദേവനായ പരമശിവനെ മനസ്സില്‍ ധ്യാനിച്ച് അറിയാതെ 'ശംഭോ' എന്നു ഉരുവിട്ടുപോയി. ആ നിമിഷം ഗിരീഷിന്റെ മുഖം തെളിഞ്ഞു. ശംഭോ എന്ന വാക്കുവെച്ചു പാട്ടുണ്ടാക്കിയാലോ എന്നായി ചിന്ത. ഏറെക്കഴിയും മുമ്പ് കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന ഗാനം പിറക്കുന്നു. ഞങ്ങള്‍ ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാറുള്ള സംഭവമാണത്.''
കഥകള്‍ അവസാനിക്കുന്നില്ല. പാട്ടുകളും - ''ഒരു രാത്രി കൂടി'' വിടവാങ്ങുമ്പോഴും...
No comments:
Post a Comment