Love you Pictures, Images and Photos

Wednesday, December 29, 2010

അച്ഛാ എന്നൊരു വാക്ക് …


ഒരു ഔദ്യോഗിക മീറ്റിങ്ങിനാണ് ശ്രീധറിന്റെ ഓഫീസ്സില്‍ പോയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മാനേജരായിരുന്നു അദ്ദേഹം. മനോഹരമായി അലങ്കരിച്ച ഓഫീസ് റിസപ്‌ഷന്‍. സുന്ദരിയായ ലെബനീസ് റിസപ്ഷനിസ്റ്റിന്റെ ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം. മലയാളിയായ ഓഫീസ് ബോയി തന്ന ‘സുലൈമാനി’ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്രീധര്‍ തന്നെ റിസപ്ഷനിലെത്തി, അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഒരു മണിക്കൂറോളം നീണ്ടു ഔഗ്യോകിക ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും അദ്ദേഹം, ‘നിശ്ശബ്ദമാക്കി’ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുന്നത് അലോസരമുണ്ടാക്കിയിരുന്നു. അത് മര്യാദകേടാണല്ലൊ എന്ന് മനസ്സിലോര്‍ക്കാതെയുമിരുന്നില്ല!
ചര്‍ച്ചകള്‍ കഴിഞ്ഞതോടെ ശ്രീധര്‍ ചോദിച്ചു,
‘മിസ്റ്റര്‍ അനിലിന് തിരക്കുണ്ടൊ പോകാന്‍?’
‘നമുക്ക് ഇനി ഈ ‘മിസ്റ്റര്‍’ എന്ന ഔപചാരികത മാറ്റിവച്ചാലോ ശ്രീധര്‍?’
‘തീര്‍ച്ചയായും … തീര്‍ച്ചയായും’ കുലുങ്ങിച്ചിരിച്ച് കൊണ്ട് ശ്രീധര്‍ മറുപടി പറഞ്ഞു.
അതിനിടയില്‍ ശ്രീധറിന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തിരുന്ന് ‘വിറക്കാന്‍’ തുടങ്ങി.
‘ക്ഷമിക്കണം അനില്‍’
ആരോടൊ ഫോണില്‍ സംസാരിച്ചതോടെ ശ്രീധറിന്റെ മുഖം മ്ലാനമായി. ഫോണ്‍ വെച്ചതിനു ശേഷം ഒരു നിമിഷം ശ്രീധര്‍ ഒന്നും മിണ്ടാതിരുന്നു.
‘ശ്രീധര്‍, ചോദിക്കുന്നത് വ്യക്തിപരമാകില്ലെങ്കില്‍ … എന്തു പറ്റി, പെട്ടെന്ന് മുഖം വല്ലാതായല്ലോ?’
‘ഓ … അങ്ങനെയൊന്നുമില്ല അനില്‍ … അത് മോനായിരുന്നു’
‘അത് ശരി, കുടുംബം നാട്ടിലാണോ? ചെറിയ കുട്ടിയായിരിക്കും?’
‘അല്ല, ഭാര്യയും മകനും രണ്ട് വര്‍ഷമായി ആസ്ട്രേലിയയിലാണ്. ഇടക്ക് അവരെക്കാണാന്‍ ഞാന്‍ അങ്ങോട്ട് പോകും, വല്ലപ്പോഴും അവര്‍ ഇങ്ങോട്ടും വരും’.
‘ചെറിയ കുട്ടിയാണ് അല്ലേ, ചുമ്മാതല്ല ഈ വിഷമം’
ശ്രീധര്‍ ഒന്നും പറയാതിരുന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു,
‘ചെറിയ പ്രായത്തില്‍ കുട്ടികള്‍ അച്ഛനോടും അമ്മയോടും ഒപ്പം തന്നെ വളരണം. ആ കളിയും, ചിരിയും, കുസൃതിയും, ആദ്യമായി മുഖത്തു നോക്കി ‘അഛാ’ എന്ന് വിളിക്കുന്നതും ഒക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ നമുക്കൊക്കെ എന്താണുള്ളത് ശ്രീധര്‍?’
പൊടുന്നനെ ശ്രീധര്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും എഴുന്നേറ്റ് എന്റെടുത്ത് വന്ന് ഇരു കൈകളും കൂട്ടി പിടിച്ചു,ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘അനില്‍, മോന് എട്ട് വയസ്സായി. ഇന്ന് വരെ അവന്‍ ഒരു വാക്കു പോലും ശബ്ദിച്ചിട്ടില്ല. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് അവനെ ആസ്‌ട്രേലിയയില്‍ താമസിപ്പിച്ചിരിക്കുന്നതു തന്നെ. ഡോക്ടര്‍മാര്‍ പറയുന്നു ശരിയാകാന്‍ സാധ്യതയുണ്ടെന്ന്. ഇനി മറ്റൊരു കുട്ടി ഞങ്ങള്‍ക്കുണ്ടാകില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു അനില്‍’.
ഒന്നും മിണ്ടാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍ ശ്രീധര്‍ തുടര്‍ന്നു,
‘ഓരോ ഫോണ്‍ കോളും വരുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും ‘അച്ഛാ’ എന്നൊന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതാണ് ഒരിക്കലും ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കാത്തതും.’
‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’

ഓര്‍മ്മകളുടെ ചില്ലുജാലകം


ഓര്‍മ്മകളുടെ ഓലക്കെട്ടാണ് ജീവിതം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..ഓര്‍ത്തുവെക്കുന്നതിനും കാത്തുവെക്കുന്നതിനും ഉണ്ടാവും അതില്‍ ചില ഏടുകള്‍..ചിലത് വെറുതെ മറിച്ചു നോക്കി പോകാം.. പക്ഷെ ചിലയിടങ്ങളില്‍ ഓര്‍മ്മകള്‍ തന്നെ നഷ്ടമായി നമ്മള്‍ തരിച്ചിരുന്നുപോകും.മറ്റു ചിലതില്‍ സ്വാര്‍ത്ഥതയുടെ കെട്ടുകള്‍ മുറുകി ആത്മനിന്ദയുടെ ഭാരം ജീവിതകാലം മുഴുവന്‍ ചുമക്കേണ്ടി വരുന്ന ഓര്‍മ്മകള്‍ . ഒരു യാത്രയിലെ അങ്ങനെ ഒരു ഓര്‍മ്മയില്‍ ഞാനും നിശ്ശബ്ദമായിപോകുന്നു
തിരക്കില്‍ ഉച്ച ഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടാതെ തീര്‍ന്ന ഒരു ഓഫിസ്‌ ദിനത്തിന്‍റെ അവസാനം ട്രെയിന്‍ വിടുന്നതിനു മുന്നേ ഓടിക്കയറിയതാണ് ഞാന്‍.ശ്വാസം മുട്ടുന്ന തിരക്കില്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കുന്ന ഭയം നിഴലിട്ട രണ്ടു കണ്ണുകള്‍ പല പ്രാവശ്യം എന്നെ നോക്കി..അവള്‍ക്കെന്നോടു എന്തോ പറയുവാനുണ്ടെന്നു തോന്നി..എന്‍റെ യാത്രയുടെ പാതിയിലേറെ ദൂരം പിന്നിട്ടപോള്‍ ആണ് അവള്‍ക്കരികില്‍ എനിക്കിരിക്കാന്‍ ഇത്തിരി സ്ഥലം കിട്ടിയത്.പതിനേഴു വയസ്സ് തോന്നിക്കുന്ന ഒരു കറുത്ത സുന്ദരികുട്ടി ..അവള്‍ പതിയെ എന്നോടു ചേര്‍ന്നിരുന്നു മുഖം എന്‍റെ പിറകിലാക്കി എന്തോ പറഞ്ഞു..അവളുടെ കൈവിരലുകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു.. എനിക്കറിയാത്ത ഭാഷ..കന്നട പോലെ തോന്നി ..
ഞാന്‍ അവളോടു എന്താണെന്നു ചോദിച്ചു? എതിര്‍വശത്തെ സീറ്റില്‍ നിന്നും പെട്ടെന്നുത്തരം വന്നു ..അവള്‍ ഒരാളെ കാണാന്‍ വന്നതാ ..കാണാന്‍ പറ്റിയില്ല അതിന്‍റെ സങ്കടം ആണ്.എന്‍റെ ചേച്ചിയുടെ മകളാണ് ..അവരെ കണ്ടാല്‍ അവളുടെ ബന്ധുവാണെന്ന് തോന്നും .പക്ഷെ എനിക്ക് പിന്നെയും സംശയം ആയി..അവര്‍ കര്‍ക്കശമായി അവളെ നോക്കുന്നുണ്ടായിരുന്നു..അവരുടെ നോട്ടം മാറുമ്പോള്‍ ആ കുട്ടി പിന്നെയും എന്നോടു എന്തോ പറഞ്ഞു..നിങ്ങള്‍ ഇവിടിരുന്നോള് എന്നുപറഞ്ഞു പെട്ടെന്ന് അവര്‍ എന്നെ അവിടുന്നു മാറ്റിയിരുത്തി..എന്‍റെ ചോദ്യങ്ങള്‍ കേള്‍ക്കാത്തതു പോലെ അവര്‍ വെളിയിലേക്ക് നോക്കിയിരുന്നു.
ഞാന്‍ ബാഗ് അവിടെ വെച്ച് കന്നട അറിയുന്ന എന്റെ സുഹൃത്തിനെ പരതിപോയി..ലത അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നു ..ഞാന്‍ അവളെ പിടിച്ചുകൊണ്ടു വന്നു..നീ ആ കുട്ടിയോട് ചോദിക്ക് കാര്യങ്ങള്‍ എന്ന് പറഞ്ഞു..അവള്‍ ചോദിച്ചതിനൊന്നും ആ കുട്ടി മറുപടി പറഞ്ഞില്ല..അപ്പോഴേക്കും അവളുടെ കണ്ണില്‍ വെറും ശൂന്യത നിറഞ്ഞു കഴിഞ്ഞിരുന്നു..അവള്‍ ശെരിയല്ല..നിങ്ങള്‍ വേണ്ടാത്ത പണിക്കൊന്നും നില്കണ്ട എന്ന് ഒരു താക്കീതു നല്‍കി ലത ഇറങ്ങി പോയി..അടുത്ത സ്റ്റേഷന്‍ എനിക്കിറങ്ങേണ്ടതാണ്. ഫോണ്‍ ചെയ്തു പോലീസില്‍ പറയണോ? അടുത്ത സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റരെ അറിയിക്കണോ..?രണ്ടു സ്ത്രീകള്‍..ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു..എനിക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല..ഇനി ഇതൊക്കെ എന്‍റെ സംശയം ആണോ?ആ സ്ത്രീ ശെരിക്കും അവളുടെ ആന്‍റിയാണോ ?ഇതിന്‍റെ ഒക്കെ പിന്നാലെപോയി നേരം കുറെ ആകുമോ? നിന്‍റെ അമ്മ എവിടെ പോയികിടക്കുന്നെന്‍റെ കൊച്ചെ എന്ന് ശപിച്ചുകൊണ്ടിരിക്കുന്ന ജോലിക്കാരിയുടെ ഒക്കത്തിരുന്ന് ദൂരെക്കുടിപോകുന്ന സാരിയുടെ നിറം നോക്കി വിതുമ്പുന്ന രണ്ടു വയസ്സുകരെനെ ഓര്‍ത്ത്‌പോള്‍ എന്‍റെ കാലുകള്‍ അറിയാതെ വാതിലിനടുത്തെക്ക് നീങ്ങി..പിന്നെ അവളുടെ മുഖത്ത് ഞാന്‍ നോക്കിയതേയില്ല..
വണ്ടിയുടെ വേഗത കുറഞ്ഞു..ആളുകള്‍ക്കൊപ്പം ഞാനും ഇറങ്ങാന്‍ തിരക്ക് കൂട്ടി..അവളുടെ മുഖം എന്നെ അലട്ടാതിരിക്കാന്‍ മുന്നിലെ സ്ത്രീയോട് വേഗം ഇറങ്ങാത്തതിനു ദേഷ്യപ്പെട്ടു…
എന്നിട്ടും പിന്നില്‍ നിന്നും എന്തോ കൊളുത്തി വലിച്ചപോലെ ..ഞാന്‍ തിരിഞ്ഞു നോക്കി.. കണ്ണിരില്ലാതെ കരയുന്ന ആ കണ്ണുകളുടെ നോട്ടം ..അതെന്നെ ഇന്നും അലട്ടുന്നു..ഏതു നരകക്കുഴിയിലെക്കാണ് അവള്‍ ഇറങ്ങിപോയതെന്നറിയാതെ….

Monday, December 27, 2010

ആവശ്യമെങ്കില്‍ ഫെയ്‌സ്ബുക്കിനെ മറക്കാം !!



ഫെയ്‌സ്ബുക്ക് യുഗമാണിത്. ഫെയ്‌സ്ബുക്ക് കഴിഞ്ഞാല്‍ ട്വിറ്റര്‍. കടുത്ത ഗൂഗിള്‍ ആരാധകര്‍ക്കാണെങ്കില്‍ ബസും ഓര്‍ക്കുട്ടും. എന്നാല്‍, സൗഹൃദക്കൂട്ടായ്മാ സൈറ്റുകളുടെ (സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ) പട്ടിക ഇതുകൊണ്ട് അവസാനിച്ചു എന്ന് കരുതരുത്. ലോകം വിശാലമാണ്. അതുപോലെ തന്നെയാണ് സൗഹൃദക്കൂട്ടായ്മകളുടെ എണ്ണവും. ഡസണ്‍ കണക്കിന് സമാന്തര സൗഹൃദക്കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. മുഖ്യധാരയിലെ സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ അത്ര ഊന്നല്‍ നല്‍കാത്ത ചില മേഖലകളിലൂടെയാണ് സമാന്തര സൗഹൃദക്കൂട്ടായ്മകള്‍ വളര്‍ന്നു പടരുന്നത്. അതില്‍ ചിലതിനെ പരിചയപ്പെടാം.

1. ജനി - കുടുംബവൃക്ഷം ഓണ്‍ലൈനില്‍ സൃഷ്ടിക്കാനുള്ള സര്‍വീസാണ് ജനി (http://www.geni.com/). കുടുംബവൃക്ഷത്തിലേക്ക് നിങ്ങള്‍ക്ക് ബന്ധുക്കളെ ക്ഷണിക്കാം, കൂട്ടായ്മ വലുതാക്കാം. നമ്മുടെ നാട്ടിലെ കുടുംബ സംഗമങ്ങളുടെ ഒരു വെര്‍ച്വല്‍ രൂപമായി ജനി പ്രവര്‍ത്തിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സന്ദേശങ്ങളയ്ക്കാനും, ഫോട്ടോകള്‍ പങ്കിടാനും, പിറന്നാള്‍ പോലുള്ള വിശേഷദിനങ്ങള്‍ ഓര്‍ത്തുവെയ്ക്കാനും ആശംസകള്‍ നേരാനുമൊക്കെ ഈ സര്‍വീസ് അവസരമൊരുക്കുന്നു. അപരിചിതരാരുമില്ലാത്ത, സ്വന്തം കുടുംബത്തിലെത്തുന്ന പ്രതീതിയാണ് ജനി പ്രദാനം ചെയ്യുന്നത്. മൈ ഹെറിറ്റേജ് (http://www.myheritage.com/), ഈയിടെ ഇഫാമിലി (eFamily) സ്വന്തമാക്കിയ ഫാമിവ (http://efamily.com/?from=famiva) തുടങ്ങിയവയും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളാണ്.

2. മള്‍ട്ടിപ്ലൈ - ദക്ഷിണാഫ്രിക്കന്‍ മാധ്യമഭീമനായ നാസ്‌പേഴ്‌സിന്റെ (Naspers) ഉടമസ്ഥതയിലുള്ള സൗഹൃദക്കൂട്ടായ്മാ സൈറ്റാണ് മള്‍ട്ടിപ്ലൈ (http://multiply.com/). നിലവലില്‍ 40 ലക്ഷം അംഗങ്ങളുള്ള ഈ കൂട്ടായ്മ വളരുന്നത്, ഫെയ്‌സ്ബുക്കില്‍ അതൃപ്തിയുള്ളവര്‍ക്കിടയിലാണ്. വലിയ ഗ്രൂപ്പുകള്‍ക്കിടയിലെ സൗഹൃദം പങ്കിടലാണ് ഫെയ്‌സ്ബുക്കില്‍ നടക്കുന്നതെങ്കില്‍, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുള്‍പ്പെട്ട താരതമ്യേന ചെറിയ ഗ്രൂപ്പുകള്‍ക്കിടയില്‍ സൗഹൃദം വളര്‍ത്താനാണ് മള്‍ട്ടിപ്ലൈ ശ്രമിക്കുന്നത്. സുഹൃത്തുക്കള്‍ക്കിടയില്‍ ഫോട്ടോയും വീഡിയോയും പങ്കിടാന്‍ സഹായിക്കുന്ന ഈ സൈറ്റ് പ്രൈവസി സംബന്ധിച്ച് അമിത ഉത്ക്കണ്ഠയുള്ളവരെ തൃപ്തിപ്പെടുത്താന്‍ പോന്ന ഒന്നാണ്.

3. ഗയ്ഗ ഓണ്‍ലൈന്‍ - ഗ്രീക്കില്‍ ഭൂമിയുടെ ദേവതയ്ക്കാണ് ഗയ്ഗ എന്ന് പേര്. കൗമാരപ്രായക്കാരെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സൗഹൃദക്കൂട്ടായ്മയാണ് ഗയ്ഗ ഓണ്‍ലൈന്‍ (http://www.gaiaonline.com/). 2003 ല്‍ ആരംഭിച്ച ഈ സൈറ്റ് അത്ര അറിയപ്പെടുന്ന ഒന്നല്ലെങ്കിലും, അതില്‍ ഒരുകോടി അംഗങ്ങളുണ്ടെന്നാണ് സൈറ്റ് അവകാശപ്പെടുന്നത്. കൗമാരപ്രായക്കാരെ ആകര്‍ഷിക്കാന്‍ പാകത്തിലുള്ള ഒണ്‍ലൈന്‍ ഗെയിം ആണ് ഇതിലെ പ്രത്യേകത. ഗെയ്ഗ ഗോള്‍ഡ് സ്വന്തമാക്കാനാണ് ഈ സൈറ്റില്‍ അംഗങ്ങള്‍ ഏറെ സമയവും ചെലവഴിക്കുന്നത്. അതുപയോഗിച്ച് വെര്‍ച്വല്‍ വീടുകളും മറ്റ് ഉത്പന്നങ്ങളും അംഗങ്ങള്‍ക്ക് വാങ്ങാം.

4. ജുമോ - ലോകത്ത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിക്കുന്നവരെ ലക്ഷ്യമാക്കി, ഫെയ്‌സ്ബുക്കിന്റെ സഹസ്ഥാപകരിലൊരാളായ ക്രിസ് ഹൂസ് 2010 ല്‍ രൂപംനല്‍കിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ജുമോ (http://www.jumo.com/). സാമൂഹിക, രാഷ്ട്രീയ പദ്ധതികളുമായി ഇതിലെ അംഗങ്ങള്‍ക്ക് ബന്ധപ്പെടാനും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്നന്നുള്ള അവസ്ഥ മനസിലാക്കാനും ജുമോ സഹായിക്കും. തനിക്ക് താത്പര്യമുള്ള പദ്ധതികള്‍ക്ക് യൂസര്‍ക്ക് ജുമോ വഴി പണം നല്‍കി സഹായിക്കാം. അല്ലെങ്കില്‍, ആ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാം. അടുത്തയിടെ തുടങ്ങിയതാണെങ്കിലും, ജുമോയില്‍ ഉള്‍പ്പെടാന്‍ ഇതിനകം 3500 സംഘടനകള്‍ തയ്യാറായിക്കഴിഞ്ഞു.


5. പാത്ത് - സൗഹൃദക്കൂട്ടായ്മയുടെ വലിപ്പം കാരണം വീര്‍പ്പുമുട്ടുന്നവര്‍ക്കായി ഒരു യഥാര്‍ഥ സൗഹൃദസദസ്സ്.....ആകെ 50 സുഹൃത്തുക്കള്‍ മാത്രം. പുതിയതായി രംഗത്തെത്തുന്ന പാത്ത് (http://www.path.com/) അത്തരമൊരു സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെ ഇന്നത്തെ നിലയ്ക്ക് വമ്പന്‍ വിജയമാക്കാന്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായ ഡേവ് മോറിന്‍ ആണ് പാത്ത് സ്ഥാപിച്ചത്. ഫെയ്‌സ്ബുക്ക് കണക്ട്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് രൂപംനല്‍കാന്‍ സഹായിച്ച മോറിന്‍, ഫെയ്‌സ്ബുക്ക് വിട്ട് പുറത്തുവന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

6. ബേര്‍ഡ്‌പോസ്റ്റ് - പക്ഷിനിരീക്ഷകരുടെ ഫെയ്‌സ്ബുക്ക് എന്നാണ് ബേര്‍ഡ്‌പോസ്റ്റ് (http://www.birdpost.com/) എന്ന സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷിനിരീക്ഷകര്‍ക്ക് അവരുടെ താത്പര്യങ്ങള്‍ പങ്കിടാനും ആശയവിനിമയം നടത്താനും ഈ സൈറ്റ് അവസരമൊരുക്കുന്നു. ഇതേ സ്വഭാവമുള്ള ഒട്ടേറെ സൗഹൃദക്കൂട്ടായ്മകള്‍ ഓണ്‍ലൈനിലുണ്ട്, വിവിധി വിഷയങ്ങളില്‍ സമാന താത്പര്യമുള്ളവരുടെ കൂട്ടായ്മകളാണ് ഇങ്ങനെ ദിവസവും വര്‍ധിക്കുന്നത്. 

യാത്ര

ജീവിതത്തില്‍ യാത്ര ചെയ്യാത്തവര്‍ ആരും കാണില്ല. ബസിലോ, ട്രെയിനിലോ, കാറിലോ, ടൂവീലറിലോ, പ്ളയിനിലോ... അങ്ങനെ യാത്രയ്ക്ക് എന്തെല്ലാം മാര്‍ഗങ്ങള്‍ നമുക്കുണ്ട്. യാത്രയില്‍ നാം നിരവധി പേരം കണ്ടു മുട്ടുന്നു. ചിലരുമായി പരിചയം സ്ഥാപിക്കുന്നു. മറ്റു ചിലര്‍ അറിയാതെ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. ചില മുഖങ്ങള്‍ പിന്നീട് ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കില്ല. ഇങ്ങനെ എത്രയെത്ര ബന്ധങ്ങളാണ് ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത്. നമുക്കുള്ള ചുരുങ്ങിയ ജീവിത്തിനിടയില്‍ നാം എത്രയധികം പേരെ കണ്ടുമുട്ടിയുണ്ടാകും. ഒന്നോര്‍ത്തു നോക്കൂ. അതില്‍ എത്ര പേരെ നമുക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഒന്ന് ശ്രമിച്ചു നോക്കൂ. നഴ്സറി മുതലോ അല്ലെങ്കില്‍ പ്ളേ സ്കൂളു മുതലോ ഉള്ള കൂട്ടുകാര്‍ മുതല്‍ തുടങ്ങാം. എത്രമാത്രം ഓര്‍മശക്തിയുണ്ടെന്ന് സ്വയം പരിശോധിക്കുകയുമാവാം

പാറ്റഗുളികയിട്ട സാമ്പാര്‍

സാമ്പാര്‍ എന്നു കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ അതിന്റെ രൂപം തെളിയും. വെള്ളരിക്ക, തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളൊക്കെ നാം അതില്‍ ചേര്‍ക്കും. എന്നാല്‍ എന്റെ ഒരു അടുത്ത സുഹൃത്ത് പാറ്റഗുളികയും സാമ്പാറില്‍ ചേര്‍ത്തു. കഥയിങ്ങനെ
വിവാഹം കഴിഞ്ഞ് ഒരു മാസം ആയിട്ടില്ല. വീട്ടിലായിരുന്നപ്പോള്‍ അവള്‍ അടുക്കളയില്‍ കയറുന്നതു ആഹാരം കഴിക്കാന്‍ എടുക്കാനും (അതും അമ്മ കോരി കൊടുക്കാത്തതു കൊണ്ട്) പിന്നെ അമ്മയുമായി വഴക്കുണ്ടാക്കാനും മാത്രമായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ സ്ഥിതി ആകെ മാറി. വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയില്ല, അച്ഛനും അനുജനും മാത്രമേയുള്ളു. അച്ഛനാണെങ്കില്‍ സര്‍ക്കാര്‍ ജോലിയുമുണ്ട്. ഓഫീസ് കുറച്ച് ദൂരെ ആയതിനാല്‍ തന്നെ രാവിലെ വീട്ടില്‍ നിന്നിറങ്ങണം. വീട്ടില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്തതിനാല്‍ അച്ഛനായിരുന്നു ജോലിയെല്ലാം ചെയ്തിരുന്നത്. ആണ്‍മക്കള്‍ക്കു വേണ്ട ആഹാരവും അച്ഛന്‍ പാകം ചെയ്തു വച്ചിരുന്നു. മൂക്കുമുട്ടെ തിന്ന് മക്കളും അച്ഛനെ സഹായിച്ചു.
അങ്ങനെ ഇരിക്കെയാണ് മൂത്തമകന്‍ കണ്ണന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ജോലിയെല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് അച്ഛന്റെ കഷ്ടപ്പാടിനെക്കുറിച്ച് മകന്‍ ചിന്തിച്ചു തുടങ്ങിയത്. ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അച്ഛന് കുറച്ച് സഹായമാകും. അടുക്കള ജോലിയൊക്കെ അവള്‍ ചെയ്യുമല്ലോ എന്ന് ആ മകനും ഓര്‍ത്തു. കുറ്റം പറയാന്‍ പറ്റില്ലല്ലോ കാരണം അച്ഛനും പ്രായമായി വരികയാണ്.
വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുമെന്ന് തനിക്കു വിശ്വാസമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവന് ഏറെ അലയേണ്ടി വന്നില്ല. അമ്മുവിനെ കണ്ടപ്പോള്‍ തന്നെ തനിക്കു യോജിച്ച പെണ്‍കുട്ടിയാണെന്നും ഇവള്‍ വീട്ടുകാര്യങ്ങളൊക്കെ അത്യാവശ്യം നോക്കുമെന്നും കണ്ണനും ബോധ്യമായി. എന്തായാലും ഒന്ന് പരിശോധിച്ചറിയാന്‍ കണ്ണന്‍ തീരുമാനിക്കുകയും ചെയ്തു.  ചില സുഹൃത്തുക്കള്‍ വഴി കണ്ണന്‍ നടത്തിയ അന്വേഷണത്തില്‍ അമ്മു വീട്ടില്‍ അടുക്കള ജോലി ചെയ്യുന്ന കൂട്ടത്തിലാണെന്ന് മനസ്സിലാക്കി. എന്നാല്‍ അമ്മുവാകട്ടെ നല്ല വീമ്പു പറയുന്ന കൂട്ടത്തിലും. സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അടുക്കളയില്‍ കയ-റില്ല്െനനു പറയുന്നതു മോശമല്ലേ എന്നു വിചാരിച്ച് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് അമ്മയ്ക്ക് അടുക്കളയില്‍ വേണ്ട സഹായമെല്ലാം ചെയ്തു കൊടുത്ത ശേഷമാണ് ഓഫീസില്‍ ജോലിക്കായി എത്തുന്നതെന്ന് വീമ്പു പറയാതെ പറഞ്ഞു. ഇതു വിശ്വസിച്ച സുഹൃത്തുക്കളാകട്ടെ കണ്ണനോട് ധൈര്യമായി പ്രൊസീഡ് ചെയ്യാനും പറഞ്ഞു.
മകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അച്ഛനും സന്തോഷമായി. ഒന്നുമില്ലെങ്കില്‍ വീടിന്റെ വിളക്കായി ഒരു പെണ്‍കുട്ടി വന്നു കയറുകയല്ലേ
കല്യാണം കഴിഞ്ഞ് മരുമകള്‍ വന്നെങ്കിലും അച്ഛന്‍ പതിവുകള്‍ മുടക്കിയില്ല. വെളുപ്പിന് മൂന്നരയ്ക്ക് എഴുന്നേറ്റു വേണ്ട ആഹാരമെല്ലാം പാചകം ചെയ്യും. അമ്മുവിനുള്ള ഏകജോലി തൂത്തുവാരുക എന്നതു മാത്രമായിരുന്നു. അവളെ വെളുപ്പിനെ എഴുന്നേല്‍ക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല. മോളു പോയി ഉറങ്ങിക്കോ അച്ഛന്‍ ചെയ്തോളാം എന്നു പറയുന്നതിനു മുന്നേ അവള്‍ വീണ്ടും കട്ടിലില്‍ സ്ഥാനം പിടിക്കും.
അങ്ങനെ ഇരിക്കെയാണ് അവധി ദിവസമായ ഞായറാഴ്ച കടന്നു വന്നത്. അച്ഛനെ പാചകത്തില്‍ സഹായിക്കണമെന്ന് ഓഫീസിലെ സുഹൃത്ത് അമ്പിളി ശനിയാഴ്ച അമ്മുവിനെ ഉപദേശിച്ചിട്ടുമുണ്ടായിരുന്നു. എന്തായാലും നാളെ വെളുപ്പിനെ ഉണര്‍ന്ന് (അച്ഛന്‍ ഉണരുന്നതിനു മുന്നേ) അടുക്കളയില്‍ കയറി പാചകം ചെയ്തിട്ടു തന്നെ ബാക്കികാര്യം എന്നു തീരുമാനിച്ചാണ് ശനിയാഴ്ച അവള്‍ ഉറങ്ങാന്‍ കിടന്നത്. തീരുമാനിച്ച പ്രകാരം തന്നെ പിറ്റേന്ന് അതിരാവിലെ കൃത്യം 9.40നു അവള്‍ ഉണര്‍ന്നു. എഴുന്നേറ്റ പാടേ അടുക്കളയില്‍ ചെന്നപ്പോഴാകട്ടെ രാവിലത്തെ കാപ്പിയും ഉച്ചയ്ക്കത്തെ ചോറും കറികളും റെഡി. മനസ്സില്‍ സന്തോഷിച്ചിട്ടാണെങ്കിലും എന്തിനാ അച്ഛാ ഞാന്‍ ഇന്ന് ചെയ്യാമായിരുന്നല്ലോ എന്നു തട്ടിവിട്ടു. വാക്കുകളിലെ ക്ഷീണം മനസ്സിലാക്കിയ അച്ഛന്‍ ഒരു കപ്പ് ചായ മരുമകള്‍ക്ക് കുടിക്കാന്‍ നല്‍കി.
രാത്രി ആയപ്പോള്‍ അച്ഛന്‍ പറഞ്ഞു മോളേ നമുക്ക് നാളത്തേക്കുള്ള സാമ്പാറിന്റെ കഷണം വേവിച്ചു വച്ചേക്കാം. ഇതു കേട്ട പാടേ അമ്മു സാമ്പാറു വയ്ക്കാന്‍ കഷണങ്ങള്‍ അരിയാന്‍ തുടങ്ങി. അമ്മുവിന്റെ പാചകത്തില്‍ അമിത വിശ്വാസം തോന്നിയതു കൊണ്ടാകാം അച്ഛനും കൂടെ നിന്നു. ഫോണ്‍ വന്ന് അതെടുക്കാന്‍ അച്ഛന്‍ പോയ നേരം കൊണ്ട് അമ്മു സാമ്പാറിന്റെ കഷണങ്ങള്‍ കുക്കറിനുള്ളിലാക്കി.
കുറച്ചു കഴിഞ്ഞ് കുക്കറില്‍ നിന്ന് ശബ്ദം പുറത്തു വന്നപ്പോള്‍ വല്ലാത്ത ഒരു മണം. അതെന്താണെന്നു കണ്ണന്‍ അമ്മുവിനോടു ചോദിച്ചപ്പോള്‍ പരിഹാസ രൂപത്തില്‍ അവള്‍ പറഞ്ഞു അതു സാമ്പാറിന്റെ പച്ചക്കറികള്‍ വേവുമ്പോഴുള്ള മണമാണ്, വല്ലപ്പോഴും അടുക്കളയില്‍ കയറിയാലേ ഇതൊക്കെ മനസ്സിലാകൂ. തന്റെ ഭാര്യയുടെ പാചകത്തില്‍ വീണ്ടും മതിപ്പുണ്ടായ കണ്ണന്‍ സന്തോഷിച്ചു,
കുറച്ചു കഴിഞ്ഞ് അടുക്കളയിലെത്തിയ അച്ഛനു സാമ്പാറില്‍ അപകടം മണത്തു. സിങ്കിനു സമീപം വച്ചിരുന്ന പാറ്റഗുളിക കാണുന്നില്ല. അമ്മുവിനോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവിടെ എവിടെയെങ്കിലും ഉണ്ടാകും അച്ഛാ, ചിലപ്പോള്‍ വേറെ എവിടെയെങ്കിലുമായിരിക്കും അച്ഛന്‍ വച്ചത്. ഇവിടെ ഞാന്‍ കണ്ടില്ല.
സംഭവിച്ചത് ഇങ്ങനെ: സാമ്പാറിനായി അരിഞ്ഞ സവാള താഴെ വീണു. ഇതെല്ലാം പെറുക്കി കഴുകാനിട്ടപ്പോള്‍ അടുത്തിരുന്ന പാറ്റഗുളിക സവാളയുടെ കഷണമാണെന്നു കരുതി അതു കൂടി എടുത്ത് കഴുകി കുക്കറിലിട്ടു. തക്ക സമയത്ത് അച്ഛന്‍ ഇടപെട്ടതു കൊണ്ട് ആശുപത്രിയില്‍ പോകാതെ രക്ഷപ്പെട്ടു. എന്തായാലും പിന്നെ ഇതുവരെ സാമ്പാറെന്നല്ല ഒരു കറിയും വയ്ക്കുന്ന കാര്യം ആ പാവം അച്ഛന്‍ അമ്മുവിനോട് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല അടുക്കളയില്‍ അമ്മു കയറാതിരിക്കാനായി അദ്ദേഹം ആഹാരമെല്ലാം എടുത്ത് ഡൈനിംഗ് ടേബിളിന്റെ പുറത്ത് വയ്ക്കുക കൂടി ചെയ്യും. ഇനി അവള്‍ എലിവിഷമെങ്ങാനും ചേര്‍ത്തു വല്ലതും ഉണ്ടാക്കുമോയെന്നും അച്ഛന് ഉള്ളില്‍ ഭയമുണ്ടായിരിക്കാം
Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |