Love you Pictures, Images and Photos

Monday, December 27, 2010

പാറ്റഗുളികയിട്ട സാമ്പാര്‍

സാമ്പാര്‍ എന്നു കേള്‍ക്കുമ്പോഴേ നമ്മുടെ മനസ്സില്‍ അതിന്റെ രൂപം തെളിയും. വെള്ളരിക്ക, തക്കാളി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളൊക്കെ നാം അതില്‍ ചേര്‍ക്കും. എന്നാല്‍ എന്റെ ഒരു അടുത്ത സുഹൃത്ത് പാറ്റഗുളികയും സാമ്പാറില്‍ ചേര്‍ത്തു. കഥയിങ്ങനെ
വിവാഹം കഴിഞ്ഞ് ഒരു മാസം ആയിട്ടില്ല. വീട്ടിലായിരുന്നപ്പോള്‍ അവള്‍ അടുക്കളയില്‍ കയറുന്നതു ആഹാരം കഴിക്കാന്‍ എടുക്കാനും (അതും അമ്മ കോരി കൊടുക്കാത്തതു കൊണ്ട്) പിന്നെ അമ്മയുമായി വഴക്കുണ്ടാക്കാനും മാത്രമായിരുന്നു. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ സ്ഥിതി ആകെ മാറി. വീട്ടില്‍ ഭര്‍ത്താവിന്റെ അമ്മയില്ല, അച്ഛനും അനുജനും മാത്രമേയുള്ളു. അച്ഛനാണെങ്കില്‍ സര്‍ക്കാര്‍ ജോലിയുമുണ്ട്. ഓഫീസ് കുറച്ച് ദൂരെ ആയതിനാല്‍ തന്നെ രാവിലെ വീട്ടില്‍ നിന്നിറങ്ങണം. വീട്ടില്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്തതിനാല്‍ അച്ഛനായിരുന്നു ജോലിയെല്ലാം ചെയ്തിരുന്നത്. ആണ്‍മക്കള്‍ക്കു വേണ്ട ആഹാരവും അച്ഛന്‍ പാകം ചെയ്തു വച്ചിരുന്നു. മൂക്കുമുട്ടെ തിന്ന് മക്കളും അച്ഛനെ സഹായിച്ചു.
അങ്ങനെ ഇരിക്കെയാണ് മൂത്തമകന്‍ കണ്ണന്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. ജോലിയെല്ലാം കിട്ടിക്കഴിഞ്ഞപ്പോഴാണ് അച്ഛന്റെ കഷ്ടപ്പാടിനെക്കുറിച്ച് മകന്‍ ചിന്തിച്ചു തുടങ്ങിയത്. ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അച്ഛന് കുറച്ച് സഹായമാകും. അടുക്കള ജോലിയൊക്കെ അവള്‍ ചെയ്യുമല്ലോ എന്ന് ആ മകനും ഓര്‍ത്തു. കുറ്റം പറയാന്‍ പറ്റില്ലല്ലോ കാരണം അച്ഛനും പ്രായമായി വരികയാണ്.
വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുമെന്ന് തനിക്കു വിശ്വാസമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ അവന് ഏറെ അലയേണ്ടി വന്നില്ല. അമ്മുവിനെ കണ്ടപ്പോള്‍ തന്നെ തനിക്കു യോജിച്ച പെണ്‍കുട്ടിയാണെന്നും ഇവള്‍ വീട്ടുകാര്യങ്ങളൊക്കെ അത്യാവശ്യം നോക്കുമെന്നും കണ്ണനും ബോധ്യമായി. എന്തായാലും ഒന്ന് പരിശോധിച്ചറിയാന്‍ കണ്ണന്‍ തീരുമാനിക്കുകയും ചെയ്തു.  ചില സുഹൃത്തുക്കള്‍ വഴി കണ്ണന്‍ നടത്തിയ അന്വേഷണത്തില്‍ അമ്മു വീട്ടില്‍ അടുക്കള ജോലി ചെയ്യുന്ന കൂട്ടത്തിലാണെന്ന് മനസ്സിലാക്കി. എന്നാല്‍ അമ്മുവാകട്ടെ നല്ല വീമ്പു പറയുന്ന കൂട്ടത്തിലും. സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ അടുക്കളയില്‍ കയ-റില്ല്െനനു പറയുന്നതു മോശമല്ലേ എന്നു വിചാരിച്ച് രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് അമ്മയ്ക്ക് അടുക്കളയില്‍ വേണ്ട സഹായമെല്ലാം ചെയ്തു കൊടുത്ത ശേഷമാണ് ഓഫീസില്‍ ജോലിക്കായി എത്തുന്നതെന്ന് വീമ്പു പറയാതെ പറഞ്ഞു. ഇതു വിശ്വസിച്ച സുഹൃത്തുക്കളാകട്ടെ കണ്ണനോട് ധൈര്യമായി പ്രൊസീഡ് ചെയ്യാനും പറഞ്ഞു.
മകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ അച്ഛനും സന്തോഷമായി. ഒന്നുമില്ലെങ്കില്‍ വീടിന്റെ വിളക്കായി ഒരു പെണ്‍കുട്ടി വന്നു കയറുകയല്ലേ
കല്യാണം കഴിഞ്ഞ് മരുമകള്‍ വന്നെങ്കിലും അച്ഛന്‍ പതിവുകള്‍ മുടക്കിയില്ല. വെളുപ്പിന് മൂന്നരയ്ക്ക് എഴുന്നേറ്റു വേണ്ട ആഹാരമെല്ലാം പാചകം ചെയ്യും. അമ്മുവിനുള്ള ഏകജോലി തൂത്തുവാരുക എന്നതു മാത്രമായിരുന്നു. അവളെ വെളുപ്പിനെ എഴുന്നേല്‍ക്കാന്‍ അച്ഛന്‍ അനുവദിച്ചില്ല. മോളു പോയി ഉറങ്ങിക്കോ അച്ഛന്‍ ചെയ്തോളാം എന്നു പറയുന്നതിനു മുന്നേ അവള്‍ വീണ്ടും കട്ടിലില്‍ സ്ഥാനം പിടിക്കും.
അങ്ങനെ ഇരിക്കെയാണ് അവധി ദിവസമായ ഞായറാഴ്ച കടന്നു വന്നത്. അച്ഛനെ പാചകത്തില്‍ സഹായിക്കണമെന്ന് ഓഫീസിലെ സുഹൃത്ത് അമ്പിളി ശനിയാഴ്ച അമ്മുവിനെ ഉപദേശിച്ചിട്ടുമുണ്ടായിരുന്നു. എന്തായാലും നാളെ വെളുപ്പിനെ ഉണര്‍ന്ന് (അച്ഛന്‍ ഉണരുന്നതിനു മുന്നേ) അടുക്കളയില്‍ കയറി പാചകം ചെയ്തിട്ടു തന്നെ ബാക്കികാര്യം എന്നു തീരുമാനിച്ചാണ് ശനിയാഴ്ച അവള്‍ ഉറങ്ങാന്‍ കിടന്നത്. തീരുമാനിച്ച പ്രകാരം തന്നെ പിറ്റേന്ന് അതിരാവിലെ കൃത്യം 9.40നു അവള്‍ ഉണര്‍ന്നു. എഴുന്നേറ്റ പാടേ അടുക്കളയില്‍ ചെന്നപ്പോഴാകട്ടെ രാവിലത്തെ കാപ്പിയും ഉച്ചയ്ക്കത്തെ ചോറും കറികളും റെഡി. മനസ്സില്‍ സന്തോഷിച്ചിട്ടാണെങ്കിലും എന്തിനാ അച്ഛാ ഞാന്‍ ഇന്ന് ചെയ്യാമായിരുന്നല്ലോ എന്നു തട്ടിവിട്ടു. വാക്കുകളിലെ ക്ഷീണം മനസ്സിലാക്കിയ അച്ഛന്‍ ഒരു കപ്പ് ചായ മരുമകള്‍ക്ക് കുടിക്കാന്‍ നല്‍കി.
രാത്രി ആയപ്പോള്‍ അച്ഛന്‍ പറഞ്ഞു മോളേ നമുക്ക് നാളത്തേക്കുള്ള സാമ്പാറിന്റെ കഷണം വേവിച്ചു വച്ചേക്കാം. ഇതു കേട്ട പാടേ അമ്മു സാമ്പാറു വയ്ക്കാന്‍ കഷണങ്ങള്‍ അരിയാന്‍ തുടങ്ങി. അമ്മുവിന്റെ പാചകത്തില്‍ അമിത വിശ്വാസം തോന്നിയതു കൊണ്ടാകാം അച്ഛനും കൂടെ നിന്നു. ഫോണ്‍ വന്ന് അതെടുക്കാന്‍ അച്ഛന്‍ പോയ നേരം കൊണ്ട് അമ്മു സാമ്പാറിന്റെ കഷണങ്ങള്‍ കുക്കറിനുള്ളിലാക്കി.
കുറച്ചു കഴിഞ്ഞ് കുക്കറില്‍ നിന്ന് ശബ്ദം പുറത്തു വന്നപ്പോള്‍ വല്ലാത്ത ഒരു മണം. അതെന്താണെന്നു കണ്ണന്‍ അമ്മുവിനോടു ചോദിച്ചപ്പോള്‍ പരിഹാസ രൂപത്തില്‍ അവള്‍ പറഞ്ഞു അതു സാമ്പാറിന്റെ പച്ചക്കറികള്‍ വേവുമ്പോഴുള്ള മണമാണ്, വല്ലപ്പോഴും അടുക്കളയില്‍ കയറിയാലേ ഇതൊക്കെ മനസ്സിലാകൂ. തന്റെ ഭാര്യയുടെ പാചകത്തില്‍ വീണ്ടും മതിപ്പുണ്ടായ കണ്ണന്‍ സന്തോഷിച്ചു,
കുറച്ചു കഴിഞ്ഞ് അടുക്കളയിലെത്തിയ അച്ഛനു സാമ്പാറില്‍ അപകടം മണത്തു. സിങ്കിനു സമീപം വച്ചിരുന്ന പാറ്റഗുളിക കാണുന്നില്ല. അമ്മുവിനോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു അവിടെ എവിടെയെങ്കിലും ഉണ്ടാകും അച്ഛാ, ചിലപ്പോള്‍ വേറെ എവിടെയെങ്കിലുമായിരിക്കും അച്ഛന്‍ വച്ചത്. ഇവിടെ ഞാന്‍ കണ്ടില്ല.
സംഭവിച്ചത് ഇങ്ങനെ: സാമ്പാറിനായി അരിഞ്ഞ സവാള താഴെ വീണു. ഇതെല്ലാം പെറുക്കി കഴുകാനിട്ടപ്പോള്‍ അടുത്തിരുന്ന പാറ്റഗുളിക സവാളയുടെ കഷണമാണെന്നു കരുതി അതു കൂടി എടുത്ത് കഴുകി കുക്കറിലിട്ടു. തക്ക സമയത്ത് അച്ഛന്‍ ഇടപെട്ടതു കൊണ്ട് ആശുപത്രിയില്‍ പോകാതെ രക്ഷപ്പെട്ടു. എന്തായാലും പിന്നെ ഇതുവരെ സാമ്പാറെന്നല്ല ഒരു കറിയും വയ്ക്കുന്ന കാര്യം ആ പാവം അച്ഛന്‍ അമ്മുവിനോട് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല അടുക്കളയില്‍ അമ്മു കയറാതിരിക്കാനായി അദ്ദേഹം ആഹാരമെല്ലാം എടുത്ത് ഡൈനിംഗ് ടേബിളിന്റെ പുറത്ത് വയ്ക്കുക കൂടി ചെയ്യും. ഇനി അവള്‍ എലിവിഷമെങ്ങാനും ചേര്‍ത്തു വല്ലതും ഉണ്ടാക്കുമോയെന്നും അച്ഛന് ഉള്ളില്‍ ഭയമുണ്ടായിരിക്കാം

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |