Saturday, December 25, 2010
ഒരു ക്രിസ്തുമസ്സ് നാടോടിക്കഥ
ഉണ്ണിയേശു ബത്‌ലഹേമില്‍ പിറന്ന രാത്രിയില്‍, ദൂരെ, ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത്, വളരെ വളരെ വയസ്സായ ഒരു സ്ത്രീ തന്റെ കൊച്ചു വീട്ടില്‍ തീ കാഞ്ഞുകൊണ്ട് ഇരിക്കുകയായിരുന്നു. പുറത്ത് നല്ല മഞ്ഞാണ്. മഞ്ഞിലൂടെ ഒഴുകിവരുന്ന കാറ്റ് ചിമ്മിനിക്കൂഴലിലൂടെ ഇറങ്ങി ഓരിയിടുന്നു. പക്ഷേ, ബാബോയുഷ്‌ക്കയുടെ തീയിനെ അത് കെടുത്തിയില്ല. പ്രകാശത്തോടെ തീ കത്തിക്കൊണ്ടിരുന്നു.
തീനാളങ്ങള്‍ക്കുമീതെ കൈകള്‍വിരിച്ചുകാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു:
'വീട്ടിന്നകത്തിരിക്കാന്‍ എന്തൊരു സുഖമാണ്.'
പൊടുന്നനെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറന്നപ്പോള്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ അവള്‍ കണ്ടത് മഞ്ഞില്‍ നില്‍ക്കുന്ന മൂന്ന് വൃദ്ധന്മാരെയാണ്. മഞ്ഞുപോലെ വെളുത്ത താടിയുള്ളവര്‍. നീളമുള്ള അവരുടെ താടി നിലംതൊട്ട് കിടന്നു. മെഴുകുതിരി വെളിച്ചത്തില്‍ അവരുടെ കണ്ണുകള്‍ ആര്‍ദ്രതയോടെ തിളങ്ങുന്നത് അവള്‍ കണ്ടു. അവരുടെ കൈകളില്‍ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു. പെട്ടികളില്‍ ആഭരണങ്ങളും സുഗന്ധദ്രവ്യങ്ങളും പുറമെപ്പുരട്ടാനുള്ള മരുന്നും ആയിരുന്നു അവ.
'ബാബോയുഷ്‌ക്കാ, ഞങ്ങള്‍ വളരെ ദൂരത്തുനിന്ന് വരുകയാണ്. ബത്‌ലഹേമില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ലോകം ഭരിക്കാനാണ് അവന്‍ വന്നിരിക്കുന്നത്. പിന്നെ സ്‌നേഹത്തോടും സത്യസന്ധതയോടും ജീവിക്കണമെന്ന്, മനുഷ്യരെ പഠിപ്പിക്കാനും. അവനുള്ള സമ്മാനങ്ങളുമായാണ് ഞങ്ങള്‍ പോകുന്നത്. ഞങ്ങളോടൊപ്പം വരൂ'.
പുറത്തുവീണുകൊണ്ടിരിക്കുന്ന മഞ്ഞിനേയും പിന്നെ അകത്തു കത്തിക്കൊണ്ടിരിക്കുന്ന തീയേയും സൗകര്യപ്രദവും സുഖവും തരുന്ന തന്റെ മുറിയേയും അവള്‍ നോക്കി. 'നല്ലവരേ, നേരം വല്ലാതെ വൈകിയിരിക്കുന്നു. വലിയ തണുപ്പാണ് പുറത്ത്' എന്നു പറഞ്ഞ് അകത്ത് കയറി വാതിലടച്ചു.
മൂന്നു വൃദ്ധന്മാര്‍ തങ്ങളുടെ യാത്ര തുടര്‍ന്നു.
വീട്ടിനുള്ളിലിരുന്നുകൊണ്ട് ബാബോയുഷ്‌ക്ക ഉണ്ണിയേശുവെക്കുറിച്ച് ചിന്തിച്ചു. കാരണം അവള്‍ക്ക് കുട്ടികളെ ഇഷ്ടമായിരുന്നു.
'നാളെ രാവിലെ ഉണ്ണിയെ കാണാന്‍ പോകും. കളിപ്പാട്ടങ്ങളും കൊണ്ടുപോകും.' അവള്‍ സ്വയം പറഞ്ഞു.
പിറ്റേ ദിവസം രാവിലെ അവള്‍ തന്റെ നീണ്ട കുപ്പായം എടുത്തിട്ടു. ഊന്നുവടിയെടുത്തു. പിന്നെ ഒരു കുട്ടയില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ നിറച്ചു- സ്വര്‍ണ്ണനിറത്തിലുള്ള പന്തുകള്‍, മരം കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, വെള്ളിനൂലുകൊണ്ടുള്ള ചിലന്തിവലകള്‍ എന്നിങ്ങനെയുള്ള സാധനങ്ങളായിരുന്നു അവ. വടിയൂന്നിക്കൊണ്ട് ഉണ്ണിയേശുവിനെ കാണാനുള്ള യാത്ര ആരംഭിച്ചു.
പക്ഷേ, ബാബോയുഷ്‌ക്ക തലേ ദിവസം രാത്രി വന്ന മൂന്നുപേരോട് ബത്‌ലഹേമിലേക്കുള്ള വഴി ചോദിച്ചിരുന്നില്ല. മറന്നുപോയി. അവര്‍ ഒരുപാട് ദൂരം പോയ്ക്കഴിഞ്ഞതു കാരണം അവരുടെയടുത്ത് എത്താനും പറ്റില്ല. അവള്‍ റോഡിലൂടെ ധൃതിയില്‍ നടന്നു. കാട്ടിലൂടെയും വയലിലൂടെയും പട്ടണത്തിലൂടെയും നടക്കുമ്പോള്‍ കാണുന്നവരോടൊക്കെ ചോദിച്ചു:
'ഉണ്ണിയേശുവെ കാണാനാണ് ഞാന്‍ പോകുന്നത്. എവിടെയാണവന്‍ കിടക്കുന്നത്. സുന്ദരമായ കളിപ്പാട്ടങ്ങള്‍ അവന് കൊടുക്കാന്‍വേണ്ടി ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.'
ആര്‍ക്കും അറിയില്ല വഴി. അവര്‍ പറഞ്ഞു:
'ഇനിയും മുമ്പോട്ട് പോണം. ഇനിയും ഇനിയും.' അവള്‍ നടക്കാന്‍ തുടങ്ങി. വര്‍ഷങ്ങളോളം നടന്നു. പക്ഷേ, ഉണ്ണിയേശുവിനെ മാത്രം കാണാനായില്ല, ഒരിക്കലും.
ആളുകള്‍ പറയുന്നത് ബാബോയുഷ്‌ക്ക ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നുവെന്നാണ്, അവനെ കാണാന്‍ വേണ്ടി. ക്രിസ്മസ് കാലങ്ങളില്‍-തലേ ദിവസം-കുട്ടികള്‍ രാത്രി ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ബാബോയുഷ്‌ക്ക മഞ്ഞുമൂടിയിരിക്കുന്ന വയലിലൂടെ, പട്ടണങ്ങളിലൂടെ തന്റെ നീണ്ട വസ്ത്രം ധരിച്ചുകൊണ്ട് കൈയില്‍ കുട്ടയുമായി നടന്നുകൊണ്ടിരിക്കും. തന്റെ വടികൊണ്ട് പതുക്കെ വാതിലുകളില്‍ തട്ടി അകത്ത് കടക്കും. എന്നിട്ട് മെഴുതിരിവെളിച്ചത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികളെ നോക്കും.
'അവന്‍ ഇവിടെയുണ്ടോ? ഉണ്ണിയേശു ഇവിടെയുണ്ടോ?' അവള്‍ ചോദിക്കും. പിന്നീട് ദുഃഖത്തോടെ തിരിഞ്ഞുനടക്കും, പിറുപിറുത്തുകൊണ്ട് 'മുമ്പോട്ട്, ഇനിയും മുമ്പോട്ട്.'
പക്ഷേ, തിരിച്ചുപോകുന്നതിന് മുമ്പ് കുട്ടയില്‍ നിന്ന് ഏതെങ്കിലുമൊരു കളിപ്പാട്ടമെടുത്ത് കുട്ടിയുടെ തലയണയ്ക്കരുകില്‍ വയ്ക്കും. 'ക്രിസ്മസ് സമ്മാനം.' അവനുവേണ്ടി അവള്‍ പതുക്കെ പറയും.
പിന്നെ ധൃതിയില്‍ നടത്തം തുടരും. വര്‍ഷങ്ങളോളം എന്നും ശാശ്വതമായ യാത്ര. ഉണ്ണിയേശുവിനെ തിരഞ്ഞുകൊണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment