ഒരിക്കല്‍ സിംലയെന്ന പട്ടണത്തില്‍ ഒരു പാറ്റയുണ്ടായിരുന്നു. അവളുടെ ചിറകുകളുടെ തിളക്കം കണ്ടപ്പോള്‍ പലരും ചോദിച്ചു, നീ സ്വര്‍ണപ്പൊടി വിതറി വന്നിരിക്കുകയാണോ എന്ന്. പക്ഷേ, അവള്‍ക്ക് സ്വര്‍ണപ്പൊടിയോ കുങ്കുമപ്പൊടിയോ ഒന്നും വേണ്ടിയിരുന്നില്ല. അവളുടെ സൗന്ദര്യം വര്‍ധിച്ചു വര്‍ധിച്ചുവന്നു. അവളെ സ്‌നേഹിക്കുവാന്‍ പലരുമുണ്ടായിരുന്നു. മാതാപിതാക്കന്മാര്‍, സഹോദരീസഹോദരന്മാര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍... പക്ഷേ, അവള്‍ക്ക് സന്തോഷിക്കുവാന്‍ മാത്രം അറിഞ്ഞുകൂടായിരുന്നു. വൈക്കോലിന്റെ മണം അനുഭവിച്ചുകൊണ്ട് ഇളംവെയിലില്‍ പറന്നുകളിക്കുന്ന കൂട്ടുകാര്‍ അവളോടു ചോദിച്ചു: 'നിനക്കെന്താണ് ഒരു വല്ലായ്മ?'
അവള്‍ തലയാട്ടി. പക്ഷേ, അയാളുടെ കണ്ണുകളില്‍ അസംതൃപ്തി ഉണ്ടായിരുന്നു. അത് ഒരു ദീനമെന്നപോലെ അവളുടെ ശരീരത്തെയാകെ ബാധിച്ചു. ഒടുവില്‍, അവള്‍ ഒരു ഭ്രാന്തിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പറന്നുകൊണ്ടിരുന്നു. ഒരിക്കലും വിശ്രമമില്ലാതെ.
മഴക്കാലത്തെ മഴയില്ലാത്ത ഒരു സന്ധ്യയില്‍, അവളുടെ അമ്മ ചോദിച്ചു: 'ഓമനേ, നീ എന്താണ് ആഗ്രഹിക്കുന്നത്?'
പാറ്റ മുകളിലേക്കു നോക്കി. ആകാശത്തില്‍ ചെറിയ നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു. അവള്‍ ദീര്‍ഘമായി, വളരെ ദീര്‍ഘമായി, ഒന്നു നിശ്വസിച്ചു. എന്നിട്ട് കിതപ്പു കലര്‍ന്ന ഒരു സ്വരത്തില്‍ പറഞ്ഞു: 'ഞാന്‍ വെളിച്ചത്തെ ആഗ്രഹിക്കുകയാണ്. ഈ ഇരുട്ടില്‍ നിന്നെല്ലാം രക്ഷപ്പെട്ട് അങ്ങ് അകലെ കാണുന്ന ആ വിളക്കുകളുടെ ചുറ്റും പറക്കുവാന്‍, എല്ലാം മറന്ന് നൃത്തം ചെയ്യുവാന്‍ ഞാന്‍ മോഹിക്കുന്നു.'
അമ്മയുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. അവര്‍ പറഞ്ഞു: 'നക്ഷത്രങ്ങള്‍ വളരെ വളരെ ദൂരെയാണ്. അവ വിളക്കുകളാണോ എന്നുകൂടി നമുക്ക് അറിയില്ലല്ലൊ. പിന്നെ നീ എന്തിനാണ് അവയുടെ അടുത്തേക്ക് കുതിക്കുന്നത്?'
സുന്ദരിയായ പാറ്റ വീണ്ടും നിശ്വസിച്ചു: 'എന്റെ ചിറകുകളുടെ കനം കുറഞ്ഞുവരുന്നതുപോലെ എനിക്കു തോന്നുന്നു. എന്റെ ദേഹം ആകെ വിറയ്ക്കുന്നു. എനിക്ക് ഇനി പറക്കാതെ വയ്യ...'
അമ്മ തെരുവുവിളക്കുകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു: 'എന്നാല്‍ നീ ഈ വിളക്കുകള്‍ക്ക് ചുറ്റും പറന്നോളു. എന്റെ കണ്ണെത്താവുന്ന ദൂരത്തേ പറക്കാന്‍ പാടുള്ളൂ. മറക്കരുത്.'
പാറ്റ പറന്നു. തലയ്ക്കു ചുറ്റും പരിവേഷവും മറ്റുമായി നില്ക്കുന്ന മാലാഖമാരാണ് ആ വിളക്കിന്‍കാലുകള്‍ എന്ന് അവള്‍ക്കു തോന്നി. ആ മഞ്ഞവെളിച്ചത്തില്‍ നൃത്തം ചെയ്തുകൊണ്ട് അവള്‍ പാടി.
ഞാനൊരു പാറ്റയാണ്
എനിക്കു നൃത്തം ചെയ്യണം
എനിക്കു നൃത്തം ചെയ്യണം
ചെയ്യണം, ചെയ്യണം
ചെയ്യണം.....
ചിറകുകള്‍ ക്ഷീണിച്ചുവെങ്കിലും, നൃത്തം ചെയ്യുവാനുള്ള ദാഹം വര്‍ധിച്ചു. കുറച്ചു ദൂരെ നില്ക്കുന്ന മറ്റെ വിളക്കിന്‍ കാലിന്റെ അടുത്തേക്ക് അവള്‍ പറന്നു. അവിടെ നിന്നു മറ്റൊന്നിലേയ്ക്ക്. പേര് അറിയാത്ത എന്തോ ഒന്ന് അവളുടെ ഉള്ളില്‍ ഇരുന്നുകൊണ്ട് കല്പിച്ചുകൊണ്ടേയിരുന്നു.
വെളിച്ചത്തിലേക്ക്, ഇതിലും വലിയ വെളിച്ചത്തിലേക്ക്... പാറ്റ പറന്നു, ചിറകുകള്‍ ചലിപ്പിച്ചും, നൃത്തമാടി. അവളുടെ കണ്ണുകളില്‍ ക്ഷീണം ഒരു മൂടല്‍മഞ്ഞുപോലെ വന്നുവീണു. ചിറകുകളിലെ സ്വര്‍ണത്തിളക്കം മറഞ്ഞു. എന്നിട്ടും അവള്‍ ആ ശപിക്കപ്പെട്ട നൃത്തം തുടര്‍ന്നു. ഒരു വെളിച്ചത്തില്‍നിന്നു മറ്റൊന്നിലേക്ക്. അവിടെനിന്ന് മറ്റൊന്നിലേക്ക്. ഒടുവില്‍, ഏകദേശം ഇരുപതു വിളക്കുകള്‍ കഴിഞ്ഞു. പട്ടണത്തിന്റെ അതിര്‍ത്തിയിലെത്തിയ പാറ്റ കുറച്ചു വാരകള്‍ ദൂരെ, കത്തിയെരിഞ്ഞുകൊണ്ടു നില്ക്കുന്ന ഒരു കാടു കണ്ടു. അവളുടെ ദേഹം പെട്ടെന്ന് അദ്ഭുതത്താല്‍ വെറുങ്ങലിച്ചുപോയി. ഹായ് എന്തൊരു മനോഹരമായ കാഴ്ച. ഇതിനു വേണ്ടിയായിരുന്നില്ലേ താന്‍ ഇത്രകാലവും തേടിക്കൊണ്ടിരുന്നത്! ഈ നിമിഷത്തിനു വേണ്ടിയായിരുന്നുവല്ലോ താന്‍ ജനിച്ചതും ജീവിച്ചതും. അവള്‍ ചിറകുകള്‍ ചലിപ്പിച്ചു. ഹൃദയത്തിന്റെ ഉള്ളില്‍നിന്നും ദാഹിക്കുന്ന ആ പരുക്കന്‍ സ്വരം വീണ്ടും ഉയര്‍ന്നു.
വെളിച്ചം, ഇതിലും വലിയ വെളിച്ചം, ഇനിയും ഇനിയും വെളിച്ചം.
അവള്‍ കാട്ടിലേക്കു കുതിച്ചു... അവളുടെ കണ്ണുകളില്‍ തീയിന്റെ നാളങ്ങള്‍ പ്രതിഫലിച്ചു. ചോരത്തുള്ളികള്‍പോലെ. കാട്ടിലെ മരങ്ങള്‍ തീയിന്റെ തൂണുകള്‍പോലെനിന്നു. പിന്നീട്, എല്ലാം കരിഞ്ഞ്, അവ തമ്മില്‍ത്തട്ടി, ഭയങ്കര ശബ്ദത്തോടെ നിലം പതിച്ചു. അത് ഒരു യുദ്ധക്കളമായി മാറി. ചുവന്ന തീ നാളങ്ങള്‍ കൊടിക്കൂറകള്‍ പോലെ പൊന്തി ഉയര്‍ന്നുകൊണ്ടിരുന്നു. സുന്ദരിയായ പാറ്റ പറന്നു. നൃത്തം ചെയ്തു. അവളുടെ ചിറകുകള്‍, അവളുടെ കണ്ണുകള്‍, അവളുടെ എല്ലാം തന്നെ ഇല്ലാതായി. പക്ഷേ, എന്നും തൃപ്തിപ്പെടാത്ത ആ പരുക്കന്‍ സ്വരം മാത്രം മരിച്ചില്ല. പ്രിയപ്പെട്ട വായനക്കാരാ നീ അത് കേള്‍ക്കുന്നില്ലേ പലപ്പോഴും? ചില സന്ധ്യകളില്‍, തെരുവ് ഒരു കറുത്ത പുഴപോലെ നീണ്ട് നിവര്‍ന്നു കിടക്കുമ്പോള്‍, വിളക്കിന്‍ കാലുകള്‍ മഞ്ഞപ്പരിവേഷം ധരിച്ച മാലാഖമാരെപ്പോലെ സൗമ്യരായി നില്ക്കുമ്പോള്‍, കാറ്റില്‍ക്കൂടിയും, കരയിലേക്ക് കുതിക്കുന്ന തിരമാലകളില്‍ക്കൂടിയും ധൃതിപിടിച്ച് ഓടുന്ന വാഹനങ്ങളുടെ ചക്രത്തിരിച്ചിലില്‍ക്കൂടിയും എല്ലാം ആ പരുത്ത സ്വരം ഉയര്‍ന്നുവരാറില്ലേ?
വെളിച്ചം, ഇതിലും വലിയ വെളിച്ചം, ഇനിയും ഇനിയും വെളിച്ചം...
മരണത്തിലേക്ക് ഓടിപ്പിക്കുന്ന ഈ വികൃത ജന്തുവിന് മാത്രം മരണമില്ലെന്നോ?
No comments:
Post a Comment