Love you Pictures, Images and Photos

Saturday, December 25, 2010

എഴുത്ത്-മദ്യം-സ്ത്രീ

സാഹിത്യകാരന്മാര്‍, ശാസ്ത്രജ്ഞന്മാര്‍, സാമൂഹ്യചിന്തകര്‍, അഭിനേതാക്കള്‍, ഗായകര്‍, ചിത്രകാരന്മാര്‍-ഇവരില്‍ ആരാണ് ഏറ്റവും കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത്? സംശയിക്കേണ്ട, സാഹിത്യകാരന്മാര്‍തന്നെ. മദ്യപാനവും സ്ത്രീവിഷയവും ഉള്‍പ്പെടെയുള്ള കുത്തഴിഞ്ഞ ജീവിതരീതിയും തകര്‍ന്ന കുടുംബബന്ധങ്ങളും എല്ലാം ഈ വിഭാഗത്തിന്റെ കൂടപ്പിറപ്പുകളാവുന്നു.വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന 300 ബുദ്ധിജീവികളുടെ സ്വഭാവസവിശേഷതകളെ പഠനവിധേയമാക്കി, 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്കിയാട്രി' ചെന്നെത്തിയ നിഗമനമാണിത്.

'ഈ കപടലോകത്തില്‍ ഒരു ആത്മാര്‍ത്ഥ ഹൃദയമുണ്ടായതാണെന്‍ പരാജയം.' എന്നു വിലപിച്ചുകൊണ്ട് മരണത്തെ സ്വയം വരിച്ച ഒരു കവിയുടെ കഥ നമുക്കറിയാം. മലയാളത്തെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ഈ ആത്മഹത്യ. അതിനുശേഷമാണ് രാജലക്ഷ്മിയും നന്തനാരും ആത്മഹത്യയില്‍ അഭയം തേടുന്നത്.

കവികള്‍ വളരെ ലോലഹൃദയരാണെന്നും ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും അവരെയാണ് ഏറ്റവും എളുപ്പത്തില്‍ ബാധിക്കുകയെന്നും പൊതുവെ ഒരു വിശ്വാസമുണ്ട്. നമ്മുടെ ഈ കൊച്ചുകേരളത്തില്‍ മാത്രമല്ല, ലോകത്തിലെല്ലായിടത്തും ഈ വിശ്വാസം നിലനില്‍ക്കുന്നു.

എന്നാല്‍ ഈ ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു പഠനം പുറത്തുവരുകയുണ്ടായി.
സര്‍ഗ്ഗാത്മക സാധന സമ്പൂര്‍ണ്ണതയിലെത്തുന്നതിനുമുമ്പ് സര്‍വ്വതും പരിത്യജിച്ച് സമാനതകളില്ലാത്ത 'മറ്റൊരു ലോകം' സൃഷ്ടിച്ചെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ കഥയെഴുത്തുകാരും നാടകകൃത്തുക്കളുമാണെന്ന് ഈ പഠനം തെളിയിച്ചു. ഈ 'മറ്റൊരു ലോക'ത്തിനു രണ്ടുതലങ്ങളുണ്ട്. അതിലാദ്യത്തേത് ഈ ജീവിതം തന്നെ വേണ്ടെന്നുവെക്കുന്നതാണ്. മറ്റേതാവട്ടെ ഭ്രാന്തോളമെത്തുന്ന മാനസിക സംഘര്‍ഷങ്ങള്‍, ലഹരിപദാര്‍ത്ഥങ്ങളോടുള്ള അമിതാസക്തി, വിഷാദരോഗങ്ങള്‍, വഴിതെറ്റുന്ന വ്യക്തിത്വം, കുടുംബപരവും ലൈംഗികവുമായ സംഘട്ടനങ്ങള്‍ തുടങ്ങിയവയ്ക്ക് വിധേയമാവുന്നതും.

'ബ്രിട്ടീഷ് ജേര്‍ണ്ണല്‍ ഓഫ് സൈക്ക്യാട്രി'ക്കുവേണ്ടി തന്നെ പ്രമുഖ മനശ്ശാസ്ത്രജ്ഞനായ ഡോ. ഥെലിക്‌സ് പോസ്റ്റ് ഒരു പഠനത്തിലാണ് സര്‍ഗ്ഗാത്മക സാഹിത്യകാരന്മാരുടെ ഇടയില്‍ കവികളാണ് അങ്ങേയറ്റം സമചിത്തത പാലിക്കുന്നവര്‍ എന്നു തെളിഞ്ഞത്. കവിയോ കഥാകൃത്തോ ആരാണ് കൂടുതല്‍ പീഡിതന്‍ എന്നത് ശാസ്ത്രീയമായി അപഗ്രഥിക്കപ്പെടുന്നത് ഇതാദ്യമായിരുന്നു.

യു.എസ്.എ.യിലെയും യൂറോപ്പിലെയും പ്രശസ്തരായ നൂറു സാഹിത്യകാരന്മാരെക്കുറിച്ച് പുറത്തുവന്ന ജീവചരിത്രങ്ങളെയും അവരുടെ ആത്മകഥകളെയും മറ്റും അടിസ്ഥാനമാക്കിയാണ് ഡോ. പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്. എച്ച്.ജി. വെല്‍സ്, ജി.കെ. പ്രിസ്റ്റലി, ഓസ്‌കാര്‍ വൈല്‍ഡ്, എഡ്ഗാര്‍ അല്ലന്‍പോ, വില്യം ഥാക്‌നര്‍, സ്‌കോട്‌സ് ഫിംറെ ജെറാള്‍ഡ്, എവ്‌ലിന്‍ വാ, ടെന്നിസി വില്യംസ്, ഏണസ്റ്റ് ഹെമിംഗ് വേ, ജോസഫ് കോണ്‍റാഡ്, മുതലായവരെല്ലാം ഈ നൂറുപേരില്‍ ഉള്‍പ്പെട്ടിരുന്നു. അസാധാരണമായി ജീവിതം നയിച്ചവരോ അല്ലെങ്കില്‍ അസാധാരണമായി ജീവിതം അവസാനിപ്പിച്ചവരോ ആണ് ഇവിടെ പേരുപറഞ്ഞ എഴുത്തുകാരില്‍ എല്ലാവരും. ഇവരെല്ലാം കഥയുടെയോ നാടകത്തിന്റെയോ രംഗത്തായിരുന്നു വ്യാപരിച്ചിരുന്നത്.

വ്യക്തിപരമായോ സാമൂഹികപരമായോ, കാറ്റും കോളും ഇല്ലാത്ത ജീവിതം നയിച്ചവരാണ് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, ഡബ്ല്യു.ബി. യേറ്റ്‌സ്, എച്ച്.ഡബ്ല്യു. ലോഗ് ഫെല്ലോ, ബെര്‍നാഡ് ഷാ, ചാള്‍സ് ഡിക്കന്‍സ്, വാള്‍ട്ട് വിറ്റ്മാന്‍, തോമസ് ഹാര്‍ഡീ എന്നിവര്‍. ഡോ. പോസ്റ്റിന്റെ ഈ പട്ടികയിലുള്ളവരില്‍ ബഹുഭൂരിഭാഗവും കവികളാണെന്നും നമുക്കുകാണാം.

നൂറു എഴുത്തുകാരുടെ ജീവിതത്തില്‍ നിന്ന് ഡോ. പോസ്റ്റ് നമുക്ക് മനസ്സിലാക്കിത്തരുന്ന മറ്റു ചില കാര്യങ്ങള്‍ ഇവയത്രെ.
ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളത് കവികള്‍ക്കാണ്. അവരില്‍ 43 ശതമാനം പേരും അറുപത് വയസ്സും കഴിഞ്ഞ് ജീവിക്കുമ്പോള്‍, നോവലിസ്റ്റുകളിലും നാടകൃത്തുക്കളിലും 38 ശതമാനത്തിനു മാത്രമേ അതിനുള്ള ഭാഗ്യം സിദ്ധിക്കുന്നുള്ളു.

സന്തുഷ്ടരായ വൈവാഹിക-കുടുംബ ജീവിതം നയിക്കുന്നവരിലും കവികള്‍ തന്നെയാണ് മുന്നില്‍. സര്‍ഗ്ഗാത്മക സാഹിത്യത്തിന്റെ ഇതര ശാഖകളില്‍ വര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും താറുമാറായ വ്യക്തിജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. കവികളുടെ കാര്യത്തിലിത് വെറും 26 ശതമാനം മാത്രം!

മദ്യമടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതിലും കവികള്‍ പിന്നോക്കമാണ്. കവികളില്‍ 31 ശതമാനം മദ്യത്തിലും മറ്റും 'സുഖം' കണ്ടെത്തുമ്പോള്‍ മറ്റുള്ളവരില്‍ 60 ശതമാനവും ഇതില്‍ മുങ്ങിക്കളിക്കുന്നു.

പക്ഷേ, ഈ മൂന്നു കാര്യങ്ങള്‍ വെച്ചുകൊണ്ട് കവികള്‍ 'അമ്പട ഞാനേ' എന്നു ഞെളിയുകയൊന്നും വേണ്ട. ഡോ. പോസ്റ്റിന്റെ പഠനത്തില്‍ നിന്നു വ്യക്തമായ രണ്ടു സത്യങ്ങള്‍ മതി, അവരുടെ നാവടയ്ക്കാന്‍.

അതിലാദ്യത്തേത് ഇങ്ങനെ ഭ്രാന്തെന്നു പറയുന്ന (ചികിത്സക്കു വിധേയരാക്കേണ്ടുന്ന) മാനസികാവസ്ഥയെ പ്രാപിക്കുന്നവരില്‍ കൂടുതലും കവികളാണ്. അവരില്‍ 25 ശതമാനവും ഈ സ്ഥിതിവിശേഷത്തെ പ്രാപിക്കുമ്പോള്‍ ഇതര എഴുത്തുകാരില്‍ ഏഴു ശതമാനത്തിനുമാത്രമേ ഈ ദുര്‍ഗതി നേരിടേണ്ടിവരുന്നുള്ളു. 'ഭ്രാന്തന്മാരും കവികളും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു' എന്നു അഞ്ചാറു നൂറ്റാണ്ടുകള്‍ക്കു മുമ്പേ വിശ്വമഹാകവി ഷേക്‌സ്​പിയര്‍ പറഞ്ഞുവെച്ചിട്ടുമുള്ളതാണല്ലോ.

രണ്ടാമത്തേത്, മഹിളാമണികള്‍ മനസ്സില്‍ വെച്ചിരിക്കേണ്ട 'സംഗതി'യാണ്. നിങ്ങളെ സന്തോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടുന്ന കടമയൊക്കെ ഭംഗിയായി നിര്‍വ്വഹിക്കുമെങ്കിലും നിങ്ങളുടെ ഭര്‍ത്താവ് ഒരു കവിയാണ് എന്നു വരുകില്‍, കണ്ണുതെറ്റിയാല്‍ പുള്ളിക്കാരന്‍ പുതിയ പൂക്കള്‍ തേടിപ്പോകും. കവിക്കല്ലേ, സൗന്ദര്യം ആസ്വദിക്കാനാവൂ. കവികളില്‍ 40 ശതമാനവും പരസ്ത്രീഗമനത്തില്‍ അതിയായ താല്‍പ്പര്യമുള്ളവരാണ്. മറ്റെഴുത്തുകാരില്‍ 17 ശതമാനത്തിനു മാത്രമേ ഈ പ്രവണതയുള്ളൂ.

എന്തായാലും രണ്ടുകൂട്ടര്‍ക്കും ഒരു കാര്യത്തില്‍ സമാധാനപ്പെടാം. ഒരു വിഭാഗം ശിഥിലജീവിതം നയിക്കുന്നവരും കള്ളുകുടിയന്മാരും ആണെങ്കില്‍ മറ്റേവിഭാഗം മനോരോഗികളും 'പെണ്‍പിടിയന്മാ'രും ആണല്ലോ.

ശരി, ശരി, ഗദ്യമെഴുത്തുകാര്‍ ഇങ്ങനെ ആവാനെന്താണ് കാരണം? ഡോ. പോസ്റ്റ് ഇവിടെ മറ്റൊരു അത്ഭുതത്തിന്റെ കെട്ടഴിക്കുന്നു.-കഥയും നാടകവും എഴുതുന്നവര്‍ ആണ് കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്. സാഹിത്യരചനയിലേര്‍പ്പെടുമ്പോള്‍ അവരുടെ നാഡീവ്യൂഹങ്ങള്‍ പെടാപാടുപെടുന്നു. കവിതയെഴുതുന്നവര്‍ ഇത്രയും ബുദ്ധിമുട്ടനുഭവിക്കുന്നില്ല. പ്രായേണ അനായാസ ജീവിതമാണ് അവരുടേത്.

പോരാ, കവിത എഴുതാനാണ് വിഷമമെന്ന് ഇനിയാരെങ്കിലും പറഞ്ഞു നടക്കുമോ?

ഒരു കാര്യം കൂടി: 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്യാട്രി' തന്നെ കഴിഞ്ഞ ദശകത്തിന്റെ അവസാനത്തില്‍ പ്രശസ്തരായ 291 ബുദ്ധിജീവികളുടെ സ്വകാര്യജീവിതം ഒരു പഠനത്തിനു വിധേയമാക്കുകയുണ്ടായി. ശാസ്ത്രജ്ഞന്മാര്‍, തത്ത്വചിന്തകന്മാര്‍, ചിത്രകാരന്മാര്‍ തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാഹിത്യകാരന്മാരാണ് മാനസിക പിരിമുറുക്കങ്ങള്‍ക്കും ശിഥില ബന്ധങ്ങള്‍ക്കും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ വിധേയരാവുന്നതെന്നായിരുന്നു ആ പഠനത്തിന്റെ കണ്ടെത്തല്‍.

എങ്ങനെയായാലും ലഹരിയും സാഹിത്യാദികലകളും തമ്മിലുള്ള അമിതമായ വേഴ്ചക്ക് ചില ബന്ധങ്ങള്‍ ഇല്ലാതെയില്ല. 'ആര്‍തോഹോലു' എന്ന പഴഞ്ചന്‍ ലാറ്റിന്‍ അമേരിക്കന്‍ പദത്തില്‍നിന്നാണ് 'ആട്ടും' 'ആല്‍ക്കഹോളും' വേര്‍തിരിഞ്ഞത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കലാകാരന്മാരും മറ്റും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നതിനു മയാ-ഇന്‍കാ (ദക്ഷിണ അമേരിക്ക) സംസ്‌ക്കാരങ്ങളുടേയും പുരാതന റോമാ-ഗ്രീക്ക് സംസ്‌ക്കാരങ്ങളുടെയും ആഫ്രിക്കന്‍-ഈജിപ്ഷ്യന്‍ സംസ്‌ക്കാരങ്ങളുടെയും ഇന്ത്യ-ചൈന സംസ്‌ക്കാരങ്ങളുടെയും ഒക്കെ ചരിത്രം നമുക്കു മനസ്സിലാകും. ഈ 'ബാന്ധവം' ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു ചുരുക്കം.

ഡോ. ഫെലിക്‌സ് പോസ്റ്റിന്റെ നിഗമനങ്ങളൊന്നും തന്നെ ഇന്ത്യയിലെ സാഹിത്യകാരന്മാര്‍ക്ക് ബാധകമല്ലെന്ന് പ്രമുഖ ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരനായ ഖുശ്വന്ത് സിങ് അഭിപ്രായപ്പെടുന്നു. മിര്‍ തഖ്വി മിര്‍, ഗാലിബ്, ടാഗോര്‍, ഇഖ്ബാല്‍ തുടങ്ങിയവര്‍ക്കൊക്കെ നിത്യജീവിതത്തില്‍ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജീവിതത്തോടും സാഹിത്യത്തോടും ഉള്ള അവരുടെ അഭിവാഞ്ഛയും അഭിനിവേശവും ഈ ദൗര്‍ബല്യങ്ങളെ അതിജീവിച്ചിരുന്നുവെന്നും അതുകൊണ്ട് അവര്‍ക്ക് ജീവിതത്തില്‍ അപഭ്രംശങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ക്കുന്നു. മദ്യപിച്ചുചെന്നതിന് ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാഫീസിലെ ജോലിയില്‍ നിന്നു അന്നു ഹൈക്കമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോന്‍ പിരിച്ചുവിട്ടതിന്റെ പേരില്‍ മലയാളത്തോടും മലയാളികളോടും കടുത്ത വൈരാഗ്യം വെച്ചുപുലര്‍ത്തുന്ന അദ്ദേഹം തന്നെ സ്‌കോച്ച് വിസ്‌കിയോടുള്ള താല്പര്യം സന്ദര്‍ഭം കിട്ടുമ്പോഴും അല്ലാത്തപ്പോഴും ഒളിച്ചുവെക്കാറില്ല. എന്നുവെച്ച് 'ട്രെയ്ന്‍' ടു പാകിസ്താന്‍' പോലുള്ള നോവലുകള്‍ രചിച്ച ഖുശ്വന്ത് സിങ് നല്ലൊരു എഴുത്തുകാരനല്ലെന്ന് വാദിക്കാന്‍ ആരെങ്കിലും ഒരുമ്പെടുമോ? പുരാണേതിഹാസങ്ങളുടെ കര്‍ത്താക്കളും പഴയ കാലത്തെ കവികളും കലാകാരന്മാരും ഒക്കെ അടങ്ങുന്ന നമ്മുടെ പൂര്‍വ്വസൂരികളില്‍ പലരും ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളോ കുറഞ്ഞ പക്ഷം അത് ഉപയോഗിക്കുന്നവരോ ആയിരുന്നുവെന്നതാണ് കഥ. മലയാളത്തില്‍ തന്നെ തുഞ്ചത്താചാര്യന്‍ മുതല്‍ എത്രവേണമെങ്കിലുമുണ്ട് ഉദാഹരണങ്ങള്‍.

മദ്യത്തിലൂടെയോ മയക്കുമരുന്നിലൂടെയോ സര്‍ഗ്ഗാത്മകത സൃഷ്ടിക്കപ്പെടാനാവുമോ? ആവില്ല എന്നുതന്നെയാണ് ഉത്തരം. സര്‍ഗ്ഗാത്മകതയുടെ ഉറവിടം രൂപംകൊള്ളുന്നതും നില നില്‍ക്കുന്നതും മനസ്സിലാണ്. ലഹരി പദാര്‍ത്ഥങ്ങള്‍ അതിന് ഒരിക്കലും ഒരു ചോദ്യശക്തിയാവുന്നില്ല. എന്നു മാത്രമല്ല, അവയുടെ ഉപയോഗം അമിതമാവുമ്പോള്‍ അത് എഴുത്തിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അന്തരിച്ച വി.കെ.എന്‍. മദ്യം നഷ്ടപ്പെടുത്തിയ തന്റെ നാളുകളെക്കുറിച്ചോര്‍ത്ത് ഖിന്നനായിരുന്നുവത്രെ! ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുന്ന നിമിഷങ്ങളില്‍ ആരുംതന്നെ രചനയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മദ്യപിച്ചുകൊണ്ട് ഞാന്‍ ക്രിയാത്മകരചനയില്‍ ഏര്‍പ്പെടാറില്ല...സാമാന്യം ദീര്‍ഘവും ഗഹനവുമായ ഒരു രചനയില്‍ മുഴുകിയരിക്കുമ്പോള്‍ ഒരു ദീര്‍ഘമായ കാലയളവ് ഞാന്‍ മദ്യത്തെ മാറ്റി നിര്‍ത്തുന്നു...പിന്നെ കുറേ ദിവസം മദ്യപിച്ച് അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ഒരു രസമാണ്...ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു കലാകാരന്റെ ഏറ്റവും വലിയ ലഹരി അയാളുടെ സൃഷ്ടിതന്നെയാണ്' എന്ന് കാക്കനാടന്‍ പ്രഖ്യാപിച്ചതിനുള്ള കാരണവും ഇതു തന്നെ!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |