ഒരു ഔദ്യോഗിക മീറ്റിങ്ങിനാണ് ശ്രീധറിന്റെ ഓഫീസ്സില്‍ പോയത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള മാനേജരായിരുന്നു അദ്ദേഹം. മനോഹരമായി അലങ്കരിച്ച ഓഫീസ് റിസപ്‌ഷന്‍. സുന്ദരിയായ ലെബനീസ് റിസപ്ഷനിസ്റ്റിന്റെ ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം. മലയാളിയായ ഓഫീസ് ബോയി തന്ന ‘സുലൈമാനി’ കുടിച്ച് കൊണ്ടിരിക്കുമ്പോള്‍ ശ്രീധര്‍ തന്നെ റിസപ്ഷനിലെത്തി, അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഒരു മണിക്കൂറോളം നീണ്ടു ഔഗ്യോകിക ചര്‍ച്ചകള്‍. ചര്‍ച്ചകള്‍ക്കിടയില്‍ പലപ്പോഴും അദ്ദേഹം, ‘നിശ്ശബ്ദമാക്കി’ വച്ചിരുന്ന മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുന്നത് അലോസരമുണ്ടാക്കിയിരുന്നു. അത് മര്യാദകേടാണല്ലൊ എന്ന് മനസ്സിലോര്‍ക്കാതെയുമിരുന്നില്ല!
ചര്‍ച്ചകള്‍ കഴിഞ്ഞതോടെ ശ്രീധര്‍ ചോദിച്ചു,
‘മിസ്റ്റര്‍ അനിലിന് തിരക്കുണ്ടൊ പോകാന്‍?’
‘നമുക്ക് ഇനി ഈ ‘മിസ്റ്റര്‍’ എന്ന ഔപചാരികത മാറ്റിവച്ചാലോ ശ്രീധര്‍?’
‘തീര്‍ച്ചയായും … തീര്‍ച്ചയായും’ കുലുങ്ങിച്ചിരിച്ച് കൊണ്ട് ശ്രീധര്‍ മറുപടി പറഞ്ഞു.
അതിനിടയില്‍ ശ്രീധറിന്റെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തിരുന്ന് ‘വിറക്കാന്‍’ തുടങ്ങി.
‘ക്ഷമിക്കണം അനില്‍’
ആരോടൊ ഫോണില്‍ സംസാരിച്ചതോടെ ശ്രീധറിന്റെ മുഖം മ്ലാനമായി. ഫോണ്‍ വെച്ചതിനു ശേഷം ഒരു നിമിഷം ശ്രീധര്‍ ഒന്നും മിണ്ടാതിരുന്നു.
‘ശ്രീധര്‍, ചോദിക്കുന്നത് വ്യക്തിപരമാകില്ലെങ്കില്‍ … എന്തു പറ്റി, പെട്ടെന്ന് മുഖം വല്ലാതായല്ലോ?’
‘ഓ … അങ്ങനെയൊന്നുമില്ല അനില്‍ … അത് മോനായിരുന്നു’
‘അത് ശരി, കുടുംബം നാട്ടിലാണോ? ചെറിയ കുട്ടിയായിരിക്കും?’
‘അല്ല, ഭാര്യയും മകനും രണ്ട് വര്‍ഷമായി ആസ്ട്രേലിയയിലാണ്. ഇടക്ക് അവരെക്കാണാന്‍ ഞാന്‍ അങ്ങോട്ട് പോകും, വല്ലപ്പോഴും അവര്‍ ഇങ്ങോട്ടും വരും’.
‘ചെറിയ കുട്ടിയാണ് അല്ലേ, ചുമ്മാതല്ല ഈ വിഷമം’
ശ്രീധര്‍ ഒന്നും പറയാതിരുന്നപ്പോള്‍ ഞാന്‍ തുടര്‍ന്നു,
‘ചെറിയ പ്രായത്തില്‍ കുട്ടികള്‍ അച്ഛനോടും അമ്മയോടും ഒപ്പം തന്നെ വളരണം. ആ കളിയും, ചിരിയും, കുസൃതിയും, ആദ്യമായി മുഖത്തു നോക്കി ‘അഛാ’ എന്ന് വിളിക്കുന്നതും ഒക്കെ നഷ്ടപ്പെട്ടാല്‍ പിന്നെ നമുക്കൊക്കെ എന്താണുള്ളത് ശ്രീധര്‍?’
പൊടുന്നനെ ശ്രീധര്‍ തന്റെ ഇരിപ്പടത്തില്‍ നിന്നും എഴുന്നേറ്റ് എന്റെടുത്ത് വന്ന് ഇരു കൈകളും കൂട്ടി പിടിച്ചു,ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘അനില്‍, മോന് എട്ട് വയസ്സായി. ഇന്ന് വരെ അവന്‍ ഒരു വാക്കു പോലും ശബ്ദിച്ചിട്ടില്ല. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാന്‍ വേണ്ടിയാണ് അവനെ ആസ്‌ട്രേലിയയില്‍ താമസിപ്പിച്ചിരിക്കുന്നതു തന്നെ. ഡോക്ടര്‍മാര്‍ പറയുന്നു ശരിയാകാന്‍ സാധ്യതയുണ്ടെന്ന്. ഇനി മറ്റൊരു കുട്ടി ഞങ്ങള്‍ക്കുണ്ടാകില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതുകയും ചെയ്തു അനില്‍’.
ഒന്നും മിണ്ടാനാവാതെ തരിച്ചു നില്‍ക്കുമ്പോള്‍ ശ്രീധര്‍ തുടര്‍ന്നു,
‘ഓരോ ഫോണ്‍ കോളും വരുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും ‘അച്ഛാ’ എന്നൊന്ന് കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. അതാണ് ഒരിക്കലും ഫോണ്‍ ഓഫ് ചെയ്ത് വെയ്ക്കാത്തതും.’
‘അനില്‍, ഒരിക്കലെങ്കിലും എന്റെ മോന്‍ എന്നെ അച്ഛാ എന്നൊന്ന് വിളിക്കില്ലേ, വിളിക്കുമായിരിക്കും അല്ലേ?’
No comments:
Post a Comment