കാരണം മരണത്തെക്കുറിച്ച് ആലോചിക്കേണ്ട ഒരവസ്ഥ അന്നുണ്ടായിരുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിപ്പോയതുകൊണ്ടുള്ള ക്ഷീണം മാത്രമാണ് ഗിരീഷിനുണ്ടായിരുന്നത്. പഞ്ചസാര കൂടിയതിന്റെ കാരണവും ഗിരീഷ് വിശദീകരിച്ചു. ''ഗുരുവായൂരില്‍ ചെന്നപ്പോള്‍ ഐ.എ.എസ്. കിട്ടിയ സന്തോഷത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പാല്‍പ്പായസം നല്‍കിയാണ് സ്വീകരിച്ചത്. ഗുരുവായൂരപ്പന്റെ പാല്‍പ്പായസമല്ലേ...നന്നായി കഴിച്ചു. ഒടുവില്‍ ആസ്പത്രിയില്‍ അഡ്മിറ്റുമായി.''
എന്തായാലും അതൊരു നിമിത്തമായിരുന്നു. പഞ്ചസാരയുടെ അളവ് 400 കടന്നപ്പോഴുണ്ടായ ക്ഷീണം ഗിരീഷിനെ ജീവിതവീക്ഷണത്തില്‍ പെട്ടെന്നൊരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചിരുന്നുവെന്ന് തോന്നിച്ചു. അതല്ലെങ്കില്‍ പ്രകൃതിചികിത്സയുടെ വഴിയിലേക്ക് തിരിയില്ലായിരുന്നു. മിക്കപ്പോഴും കടുത്ത വര്‍ണത്തിലുള്ള ഷര്‍ട്ട് ധരിച്ചുമാത്രം കണ്ടിട്ടുള്ള ഗിരീഷിന് അതുകൊണ്ട്തന്നെ അത്യാവശ്യം തടി തോന്നിച്ചിരുന്നു. എന്നാല്‍ ഷര്‍ട്ടിടാതെ വീട്ടില്‍ സ്വീകരിക്കാനെത്തിയ ഗിരീഷിനെ കണ്ടു ശരിക്കും അമ്പരന്നു. മെലിഞ്ഞ് എല്ലും തൊലിയും മാത്രമെന്ന അവസ്ഥയായിരിക്കുന്നു. പ്രകൃതി ചികിത്സയിലൂടെ തടികുറച്ചതാണ്.
ചാരുപടിയില്‍ എന്റെ മുന്നില്‍ ഒടിഞ്ഞും കിടന്നുമെല്ലാമിരുന്ന സുഹൃത്തിനോട് സംസാരത്തിനിടെ ഒരുവേളയില്‍ 'ഗാന്ധിജിയെപ്പോലുണ്ട് ഇപ്പോഴത്തെ കിടത്ത'മെന്ന് പറഞ്ഞപ്പോള്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കാന്‍ പോകുന്ന ഇറച്ചിയും മദ്യവുമില്ലാത്ത നാളുകളെക്കുറിച്ചാണ് ഗിരീഷ് വാചാലനായത്. പ്രകൃതിജീവനം അത്രയ്ക്ക് ബോധിച്ചിരുന്നു. അതിനെക്കുറിച്ച് എഴുതാനും നിര്‍ബന്ധിച്ചു.
മക്കളെക്കുറിച്ച് പറയുമ്പോഴും ഗിരീഷിന്റെ മുഖത്തെ ഭാവമാറ്റം പ്രകടമായി. മുമ്പൊരിക്കല്‍ കണ്ടപ്പോള്‍ പൈലറ്റാകാന്‍ കൊതിക്കുന്ന മകനെക്കുറിച്ച് പറഞ്ഞിരുന്നു. അവന്റെകാര്യം തിരക്കിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന അവന്‍ ഒരു സെമിനാറില്‍ പ്രസംഗിച്ച് ശ്രദ്ധപിടിച്ചുപറ്റിയ കാര്യത്തെക്കുറിച്ച് വളരെ അഭിമാനത്തോടെ പറഞ്ഞു. നല്ലൊരു ജോലി ഇനി അവന്റെ മിടുക്കുകൊണ്ടുതന്നെ കിട്ടുമെന്നു പറയുമ്പോള്‍ വൈമാനികനാവാന്‍ വേണ്ടത്ര പണം കൈയിലില്ലാതെപോയതിന്റെ ഒരു സൂചനയും വാക്കുകള്‍ക്കുള്ളിലെവിടെയോ ഒളിഞ്ഞിരുന്നു. അവര്‍ക്ക് വേണ്ടത് അവര്‍ നേടിക്കൊള്ളുമെന്ന വാക്കുകളില്‍ മകനിലുള്ള ആത്മവിശ്വാസവും വ്യക്തമായി.
പ്രതീക്ഷയുടെ ദിനങ്ങളായിരുന്നു ഗിരീഷിന്റെ മുന്നിലുണ്ടായിരുന്നത്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അഭിനയിപ്പിക്കാന്‍ പദ്ധതിയിട്ടുള്ള രണ്ടു വ്യത്യസ്ത സിനിമകള്‍. അതില്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമയുടെ കരട് തിരക്കഥ പോലും തയ്യാറായി. ''ലാലിന്റെ ദിവസം ഉടനെ കിട്ടും. എനിക്ക് തന്നെ വായിച്ച്‌കൊടുക്കണം. എങ്കിലേ സംതൃപ്തി കിട്ടൂ''-അവശനായി കിടക്കുന്ന ഗിരീഷിന്റെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ തുടിപ്പ് കാണാമായിരുന്നു.
കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജിലെ മലയാളം പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം ചേര്‍ന്ന് ഒരു സംഘടന രൂപവത്കരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍, തന്നെ ഉള്‍ക്കൊള്ളിക്കണമെന്ന അഭ്യര്‍ഥനയുമുണ്ടായി. കോളേജിലെ മലയാളം പ്രൊഫസറായിരുന്ന എം. അച്യുതന്‍ കൊച്ചിയില്‍ നടക്കുന്ന ഒരു ചടങ്ങിലേക്ക് ക്ഷണിച്ച കാര്യവും ഗിരീഷ് അപ്പോള്‍ പറഞ്ഞു. അതിനു പോകുന്നുണ്ടോ എന്ന് ആശങ്കയോടെയാണ് ഞാന്‍ ചോദിച്ചത്. പറ്റിയാല്‍ പോകണം എന്നേ മറുപടി പറഞ്ഞുള്ളൂ. പോകാന്‍ പറ്റില്ലെന്ന് എനിക്കപ്പോള്‍ ഉറപ്പായിരുന്നു. പക്ഷേ, ഗിരീഷ് ആ ചടങ്ങില്‍ പങ്കെടുത്തു. പ്രസംഗിക്കാന്‍ നില്‍ക്കുമ്പോള്‍ നാം അവശനാണെന്ന് സദസ്സ്യര്‍ക്ക് തോന്നരുതെന്ന് ഗിരീഷിന് നിര്‍ബന്ധമായിരുന്നു. അവശനായി കിടന്ന ഗിരീഷ് പ്രൊഫ. അച്യുതനോടുള്ള സ്നേഹംകൊണ്ടുമാത്രമാകണം പ്രസംഗിക്കാനുള്ള കരുത്ത് നേടിയത്.
കൊച്ചിന്‍ ഹനീഫയുടെ മരണവാര്‍ത്തയറിഞ്ഞ് ഒരിക്കല്‍ കൂടി ഗിരീഷ് കൊച്ചിയിലേക്ക് പോയി. തന്റെ ശാരീരിക അവശതകള്‍ തീര്‍ത്തും അവഗണിച്ചുള്ള യാത്ര. അന്ന് മടങ്ങിവന്നത് കഠിനമായ തലവേദനയുമായാണ്. അത് രക്തസമ്മര്‍ദത്തെ തുടര്‍ന്നുള്ളതാണെന്ന് മനസ്സിലാക്കാനും ഗിരീഷിന് കഴിഞ്ഞില്ല.
ഇനി പഴയകാലം ഓര്‍ക്കാന്‍ ഈ ചങ്ങാതിയില്ല. വിദ്യാര്‍ഥിയായിരിക്കെ ജീവിത പ്രാരബ്ധങ്ങള്‍ കൊണ്ടു ഗിരീഷ് അന്തര്‍മുഖനായിരുന്നു. നല്ലൊരു വേഷമണിഞ്ഞുള്ള ഗിരീഷിനെ അന്നു കണ്ടിട്ടില്ല. പാരമ്പര്യമായി കിട്ടിയ സംഗീതവും ഗൃഹാതുരത്വമുള്ള മനസ്സുംകൊണ്ട് ജീവിത യാഥാര്‍ഥ്യങ്ങളോട് ഏറെ പൊരുതിയാണ് ഗിരീഷ് മലയാളത്തിന് മറക്കാനാകാത്ത ഗാനരചയിതാവായത്. മലയാളത്തിലെ വാക്കുകളാണ് തന്റെ സമ്പാദ്യമെന്നും നിക്ഷേപമെന്നും ഗിരീഷ് വിശ്വസിച്ചു. അത് മിക്കപ്പോഴും തുറന്നു പറയുകയും ചെയ്തു. എനിക്ക് സിനിമയിലല്ലാതെ മറ്റൊരു ഉപജീവനമാര്‍ഗം കണ്ടെത്താനാവില്ല. കിഡ്‌നി വിറ്റായാലും ഞാനീരംഗത്ത് തുടരുമെന്നും സിനിമാരംഗത്ത് പ്രവേശിച്ച ആദ്യകാലങ്ങളില്‍ ഗിരീഷ് പറഞ്ഞിരുന്നു.
മനസ്സുകൊണ്ട് വീണ്ടും ആര്‍ട്‌സ് കോളേജിലെ പഴയ ആ സെക്കന്‍ഡ് -ഇ ക്ലാസിലെത്തുകയാണ്. ഗിരീഷിനെപ്പോലെ മലയാളസിനിമയില്‍ ഉന്നതങ്ങളേറിയ മറ്റൊരാള്‍കൂടി ഞങ്ങളുടെ സഹപാഠിയായി അവിടെയുണ്ടായിരുന്നു- സത്യജിത്ത്. കോളേജ് പഠനത്തിന് ശേഷമാണ് ഗിരീഷ് പ്രശസ്തിയിലേക്ക് കുതിച്ചതെങ്കില്‍ സത്യജിത്ത്, പ്രശസ്തനായി തന്നെയാണ് ക്ലാസില്‍ ഇരുന്നത്. 'അച്ചാണി'യെന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് സത്യജിത്തിന് ചെറുപ്പത്തിലേ ലഭിച്ചിരുന്നു. പോരാത്തതിന് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും നടി ശാന്താദേവിയുടെയും മകനെന്ന അംഗീകാരവും. കാമ്പസ്സുകളിലെ സൗഹൃദത്തില്‍ നിന്നും മലയാള സിനിമയില്‍ പുതിയ കൂട്ടായ്മ തീര്‍ത്ത മോഹന്‍ ലാല്‍-പ്രിയദര്‍ശന്‍-എം.ജി. ശ്രീകുമാര്‍-മണിയന്‍പിള്ള രാജു-സുരേഷ് കുമാര്‍ കൂട്ടുകെട്ടുപോലെ ഒരിക്കലും ഗിരീഷ്-സത്യജിത്ത് സൗഹൃദം പൂത്തുലഞ്ഞില്ല. ഇരുവരും പലപ്പോഴും സിനിമാ മേഖലയില്‍ വെച്ചുതന്നെ കണ്ടിരുന്നു. പക്ഷേ, അതിജീവനത്തിന്റെ പാതയില്‍ പരസ്പരം താങ്ങാകാനോ കൂട്ടായ്മയുടെ ചരിത്രം രചിക്കാനോ കഴിഞ്ഞില്ല. എങ്കിലും ഇപ്പോള്‍ അവര്‍ ഒന്നിച്ചു. അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ട്. മൂന്നാല് വര്‍ഷം മുമ്പ് സത്യജിത് സ്വയം ജീവനൊടുക്കി. ഇപ്പോഴിതാ ഗിരീഷിനെ മരണം കവര്‍ന്നെടുത്തു.
No comments:
Post a Comment