ഗൃഹപാഠങ്ങളുടെയും പാഠപുസ്തകങ്ങളുടെയും ട്യൂഷന്‍ക്ലാസുകളുടെയും ഇടയിലാണ് പ്രവാസ ജീവിതത്തിലെ ഓരോ കുട്ടിയുടെയും ദിവസങ്ങള്‍. രാവിലെ ആറിന് തുടങ്ങുന്ന പഠനത്തിരക്കുകള്‍ രാത്രി ഒമ്പതിന് ശേഷമേ അവസാനിക്കൂ....ഈ ബഹളങ്ങള്‍ക്കിടയില്‍ കുട്ടികളായിരിക്കുന്നതിന്റെ രസങ്ങള്‍ നഷ്ടപ്പെടുകയാണോ അവര്‍ക്ക്...?
''6.25 ആയി, എളുപ്പം വരൂ''- നീട്ടിയുള്ള വിളിയില്‍, കാറിന്റെ ഹോണടിയില്‍, കയ്യില്‍ ഒരു കഷണം റ്റോസ്റ്റുമായി അന്നക്കുട്ടി, തൊമ്മന്‍, മാത്തന്‍ എന്നിവര്‍ സ്‌കൂളില്‍ പോകാന്‍ ഓടിയെത്തി. എടുത്താല്‍ പൊങ്ങാത്ത സ്‌കൂള്‍ബാഗും തൂക്കിയുള്ള നടത്തം കണ്ടാല്‍ ആര്‍ക്കും സഹതാപം തോന്നും. നവംബര്‍ മാസത്തിന്റെ ചെറിയ തണുപ്പും ഇരുട്ടും ഉണ്ടായിട്ടും പരാ പരാ വെളുപ്പിന് സ്‌കൂളിലെത്തണം. 6.45-നു ആദ്യത്തെ മണി. 7 മണിക്ക് സ്‌കൂള്‍ തുടങ്ങും. വേനലിലെ രണ്ടുമണി കഴിഞ്ഞുള്ള കൊടുംചൂട് കുട്ടികള്‍ക്കു താങ്ങാനാവില്ല എന്ന തിയറിയില്‍ നിന്നുണ്ടാക്കപ്പെട്ട, 7 മണി മുതല്‍ 1.30 വരെയാണ് ഗള്‍ഫിലെ സ്‌കൂള്‍സമയം.
ഹോംവര്‍ക്കിന്റെയും പാഠപുസ്തകങ്ങളുടെയും ഇടയില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ഞെരിഞ്ഞമര്‍ത്തപ്പെടുന്ന കൊച്ചു ജീവിതങ്ങള്‍. സ്‌കൂളില്‍ ചെന്നാല്‍ ടീച്ചര്‍മാരുടെ വക, വീട്ടില്‍ വന്നാല്‍ ഫ്‌ളാറ്റിന്റെ ചുവരുകള്‍ക്കുള്ളില്‍ ഓഫീസില്‍ പോയിരിക്കുന്ന അപ്പനമ്മമാരെ നോക്കിയുള്ള കാത്തിരിപ്പ്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഓഫീസില്‍ നിന്നു വന്ന് ആഹാരം ഉണ്ടാക്കിയാലേ കഴിക്കാന്‍ സാധിക്കയുള്ളൂ എന്നതാണ് ചിലരുടെ സ്ഥിതി. ആഹാരം വാങ്ങി പൊതിഞ്ഞ്, കുട്ടികള്‍ക്കു കൊടുത്തിട്ടു പോകുന്ന മാതാപിതാക്കളും ഉണ്ട്. സ്വന്തമായി ആഹാരം ചൂടാക്കി, ടി.വി.യുടെ മുന്നില്‍ ഇരുന്നു കഴിക്കുന്ന കുഞ്ഞുങ്ങളും ഇല്ലാതില്ല. സ്‌കൂളില്‍ നിന്നു വന്നാലുടന്‍ കുളിക്കണം, ഉടുപ്പുമാറണം എന്നു പറയാനും പഠിക്കുന്നുണ്ടോ എന്നു നോക്കാനും ആരുമില്ല. ഇവര്‍ 'സ്വയംപര്യാപ്തത' കൈമുതലായുള്ള തലമുറയായി വാര്‍ത്തെടുക്കപ്പെടും, സത്യം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂളില്‍ പഠിച്ച ദിവസങ്ങളുടെ ഓര്‍മ എന്നും എല്ലാവരുടെയും മനസ്സില്‍ മായാതെ നില്‍ക്കും. രാവിലെ കൂട്ടുകാരുടെ കൂടെ സ്‌കൂളിലേക്കു നടന്നു പോകുന്ന വഴി. ഇതിനിടെ നാരങ്ങാമിഠായിയും ബബിള്‍ഗവും ചിത്രകഥാപുസ്തകങ്ങളും നിറഞ്ഞ കടകള്‍. എല്ലാത്തിലും കണ്ണോടിച്ചുകൊണ്ട് കൂട്ടുകാരൊന്നിച്ച് കലപില വര്‍ത്തമാനങ്ങളുമായുള്ള നടത്തം. ചിരപരിചിതമായ മുഖങ്ങളും അമ്പലങ്ങളും കടകളും പള്ളികളും. ഇതിനൊക്കെ പുറമെ ഹര്‍ത്താല്‍, വഴിമുടക്കല്‍, വലിയ കോളേജുകളിലെ സമരം, കല്ലേറ്. ഇതെല്ലാം കണ്ടും കേട്ടുമുള്ള നടത്തം. നീണ്ട ചൂരല്‍ വടിയുമായി ക്ലാസുകളിലേക്കുള്ള ടീച്ചര്‍മാരുടെ നടത്തം. ഇന്നാര്‍ക്കൊക്കെ അടികിട്ടി എന്ന ചര്‍ച്ച. വീട്ടില്‍ ചെന്നാല്‍ കയ്യിലെ ചൂരല്‍ക്കഷായത്തിന്റെ പാട് എങ്ങനെ മറച്ചുപിടിക്കും എന്ന വിഷമം. ഇത്തിരി അങ്കലാപ്പോടെയുള്ള എഴുത്തു പരീക്ഷകള്‍. അവധിക്കാലം വരുമ്പോള്‍ എല്ലാവരും കുറിച്ചെടുക്കുന്ന വീട്ടിലേക്കുള്ള വിലാസം; ഒരു കത്തയയ്ക്കാന്‍. അവധി കഴിഞ്ഞു വരുമ്പോള്‍ എല്ലാവരും കൊണ്ടുവരുന്ന ചിത്രങ്ങള്‍. എവിടെയല്ലാം പോയി, എന്തൊക്കെ കണ്ടു കേട്ടു, എന്നു വേണ്ട, ഒരു മാസം നീണ്ടുനില്‍ക്കുന്ന വിശേഷം പറച്ചില്‍.
പത്താംതരം എത്തിക്കഴിഞ്ഞാല്‍ സ്‌കൂളില്‍ ടീച്ചര്‍മാര്‍ കൊണ്ടുവരുന്ന കുറേ വര്‍ഷത്തെ ചോദ്യക്കടലാസുകള്‍ എഴുതിപ്പഠിക്കല്‍. സ്റ്റാഫ്‌റൂമില്‍ പോയി, എല്ലാവര്‍ക്കുമായി ചോദ്യപ്പേപ്പറിന്റെ ഫോട്ടോകോപ്പികളുമായി, ക്ലാസ്സുകളിലെത്തുന്നു. ടീച്ചര്‍മാരുടെതന്നെ കുട്ടികള്‍ അവിടെയുണ്ടെങ്കില്‍ വളരെ നല്ലത്.
പത്താം ക്ലാസിന്റെ ഫെയര്‍വെല്‍. ആദ്യമായി സാരി ഉടുക്കുന്നതിന്റെ, റ്റെറിക്കോട്ടന്‍ പാന്റ് ഇടുന്നതിന്റെ, അല്ലെങ്കില്‍ കസവു കോടിമുണ്ട് ഉടുക്കുന്നതിന്റെ സന്തോഷം. പിന്നെ കോളേജ് എന്ന മാസ്മരലോകത്തിന്റെ സ്വപ്നങ്ങള്‍. ഇങ്ങനെ പോകുന്നു പഴയകാലത്തെ സ്‌കൂള്‍ വിശേഷം.
മാര്‍ച്ച് മാസം. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ, അവരുടെ അപ്പനമ്മമാരുടെ, ടീച്ചര്‍മാരുടെ ഓട്ടപ്രദക്ഷിണത്തിന്റെ മാസമാണത്. 1 മുതല്‍ 9 വരെയുള്ള ക്ലാസുകാരുടെ ഈ നെട്ടോട്ടത്തിനു ശേഷമാണ് പത്താം ക്ലാസുകാരുടെയും പന്ത്രണ്ടുകാരുടെയും അടുത്ത പടി. ഇന്റര്‍നെറ്റ് വഴിയും ലൈബ്രറികളിലൂടെയും കിട്ടുന്ന ചോദ്യപേപ്പറുകള്‍, 5 വര്‍ഷത്തേത്, റിവൈസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം പഠിച്ച റാങ്കുകാരുടെ ബുക്കുകള്‍ ദീര്‍ഘവീക്ഷണമുള്ള അമ്മമാര്‍ കരസ്ഥമാക്കിക്കഴിഞ്ഞിരിക്കും.
ഇതിനെല്ലാം പുറമെയാണ് എല്ലാ മാസത്തിന്റെയും പകുതിയില്‍ 'രക്ഷിതാക്കളെ കാണാനുള്ള ദിവസം'. കുഞ്ഞുങ്ങളുടെ നോട്ടുബുക്കുകളുമായി എത്തി, തെറ്റുകളെന്തൊക്കെയെന്ന് അന്വേഷിച്ചറിയുന്ന അമ്മമാരുടെ നീണ്ടനിര ഞങ്ങളൊക്കെ സ്ഥിരമായി കാണാറുണ്ട്. ഒരു ക്ലാസിലെ 35, 40 കുട്ടികളുടെ എല്ലാ രക്ഷിതാക്കള്‍ക്കുമായി 3, 4 മണിക്കുര്‍ ആണ് അനുവദിച്ചിരിക്കുന്നത്. ഒടുവില്‍, ബുക്കുകള്‍ കൊണ്ടുവരാന്‍ പാടില്ലെന്നും കുട്ടികളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞാല്‍ മതിയെന്നും മാനേജ്‌മെന്റ് നിഷ്‌കര്‍ഷിച്ചു. അതോടേ ടീച്ചറെ കാണാന്‍ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതിനിടെ, ''അമ്മേ, ഈ ടീച്ചര്‍ക്ക് എന്നെ ഇഷ്ടമല്ല !'' എന്ന് സ്വയം തീരുമാനിച്ചിരിക്കുന്ന മോനെയുംകൊണ്ട് പേരന്റ്-ടീച്ചര്‍ മീറ്റിങ്ങി'നു പോകല്‍ അത്ര എളുപ്പവുമായിരുന്നില്ല.
പരീക്ഷയ്ക്കായുള്ള പഠനദിവസങ്ങളില്‍, വര്‍ക്ക്ഷീറ്റുകളും സിലബസ്സും പോര്‍ഷന്‍ പേപ്പറും മാതാപിതാക്കള്‍ക്ക് ഇന്റര്‍നെറ്റ് വഴി അയച്ചുകൊടുക്കുന്നു.
ട്യൂഷന്‍ ക്ലാസുകള്‍ എന്നത് ഒരു വലിയ ബിസിനസ്സാണ് ഇവിടെ ഗള്‍ഫ് നാടുകളില്‍. എന്നാല്‍ ആത്മാര്‍ഥമായി ക്ലാസെടുക്കുന്ന സ്‌കൂള്‍ ടീച്ചര്‍മാര്‍ ധാരാളമുണ്ട്. സമയവും താത്പര്യവും കണക്കിലെടുത്ത് ട്യൂഷന്‍ കൊടുക്കുന്ന ധാരാളം ടീച്ചര്‍മാരുണ്ട്. ഒരു ദിവസം ചെന്നില്ലെങ്കില്‍, കുട്ടി പഠിത്തത്തില്‍ ഇത്തിരി പിറകോട്ടാണെങ്കില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിക്കാനും അവര്‍ മിനക്കെടാറുണ്ട്. പനിയായി കിടപ്പായാല്‍ ''എന്തേ ഇന്നു വന്നില്ല, മറന്നുപോയോ സമയം ? എങ്കില്‍ നാളെ ഇത്തിരി നേരത്തേ വിട്ടോളൂട്ടോ''എന്ന് വിളിച്ചുപറയും ഈ ട്യൂഷന്‍ ടീച്ചര്‍.
മാര്‍ച്ച് മാസം അടുക്കുന്നതോടെ ഗള്‍ഫില്‍ പരീക്ഷയുടെ കാലമാകുന്നു. ചെറിയ ക്ലാസിലായാല്‍പോലും വളരെ ശാസ്ത്രീയവും അടുക്കും ചിട്ടയുമുള്ളതുമാണ് ഇന്നത്തെ വിദ്യാഭ്യാസം. എന്നിരുന്നാലും ഉന്നത വിജയം കൈവരിക്കുക എന്നത് ശ്രമകരമാണ്. അതിനു സഹായിക്കുക മാതാപിതാക്കളുടെ ഉത്തരവാദിത്വമാകുന്നു. പുലര്‍കാലത്തൊരു കട്ടന്‍ കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതില്‍ തീരുന്നില്ല ഇക്കാലത്തെ ഒരു അമ്മയുടെ പരീക്ഷ/വിദ്യാഭ്യാസ കാലഘട്ടം.
പ്രവാസിയുടെ വീക്ഷണത്തില്‍ ഇവിടത്തെ വിദ്യാഭ്യാസം എങ്ങനെ ? അന്താരാഷ്ട്ര നിലവാരമുള്ള ചുറ്റുപാടിലാണ് പ്രവാസ ലോകം. ക്ലാസ്മുറിയിലെ വിദ്യാഭാസം മെച്ചപ്പെട്ടതുതന്നെ. വിദ്യാര്‍ഥിയെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്താല്‍, പാഠപുസ്തകം മനപ്പാഠമാക്കിയ USB Memory Stick മാത്രമാണ് അവന്‍ എന്നു കാണാനാവും.
അധ്യാപകരുടെ നിലപാടോ ?
നാട്ടിലും ഇവിടെയും ഇപ്പോള്‍ നല്ല തോതില്‍ പണം വാങ്ങിയാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യ പകരുന്നത്. അതിനാല്‍, പണം കൊടുത്തു നേടുന്ന സേവനമായി മാത്രമാണ് മാതാപിതാക്കള്‍ അധ്യാപനത്തെ കാണുന്നത്. അധ്യാപകരുടെ ചെയ്തികളെ സസൂക്ഷ്മം പരിശോധിക്കുന്ന പ്രിന്‍സിപ്പല്‍/ മാതാപിതാക്കള്‍ പ്രവാസ ലോകത്തില്‍ കൂടുതലാണ്. അധികാരത്തിന്റെ സ്വരത്തില്‍ അവര്‍ അധ്യാപകരോടു സംസാരിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പരിഗണിക്കുമ്പോള്‍, മറ്റുള്ള തൊഴിലുകളെക്കാള്‍ വേതനം കുറവാണ്. അപ്പോള്‍ അധ്യാപകര്‍ ഇവിടെ വെറും നോക്കുകുത്തികളാകുന്നു.
കുട്ടികളുടെ ജീവിതം പാഴാവുകയാണോ ഇവിടെ നാലു ചുവരുകള്‍ക്കുള്ളില്‍ ?
കുട്ടികള്‍ ഇവിടെ സുഖസൗകര്യത്തോടെയാണ് വളരുന്നത്. തിങ്ങിനിറഞ്ഞ ഓട്ടോറിക്ഷ ഇല്ല . അന്തരീക്ഷ മലീനീകരണം കുറവ് , ഇന്റര്‍നെറ്റ്, പ്ലേ സ്റ്റേഷന്‍, അതിന്റെ സി.ഡി.കള്‍ എന്നിവയൊക്കെ ഏതു കുട്ടിക്കടയിലും ലഭ്യം. ആഗ്രഹിക്കുന്ന കലകള്‍ അഭ്യസിക്കാന്‍ ഇഷ്ടംപോലെ കലാകേന്ദ്രങ്ങള്‍. പ്രകൃതിയുമായുള്ള ഇടപെടലുകള്‍ നന്നേ കുറവ്. വീട്ടിനുള്ളിലെ അലങ്കാരച്ചെടികള്‍ മാത്രമാണ് പ്രകൃതി എന്നു ധരിക്കേണ്ടിവരുന്ന ബാല്യം. ചെറിയ തീരുമാനങ്ങളെടുക്കാന്‍പോലും കഴിവ് നന്നേ കുറവ്. എല്ലാ കാര്യങ്ങളും മുന്‍കൂര്‍ ചെയ്തു കൊടുക്കപ്പെടുന്നു. ആഹാരം, വസ്ത്രം, പാര്‍പ്പിടം. 24 മണിക്കൂറും വഴിക്കണ്ണുമായി മോണിറ്റര്‍ ചെയ്യപ്പെടുന്ന ബാല്യം. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ശക്തി ലഭിക്കാതെ പോകുന്നു.
ആഡംബരം നിറഞ്ഞ ചുറ്റുപാടുകളുടെ ഇടയില്‍ പഠനത്തിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ മാനസികമായി തകരുകയാണോ ?
കുട്ടികള്‍ ഇവിടെ ഹാപ്പി ആണ് . കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മനസ്സിലാക്കിക്കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ആഗ്രഹിക്കുന്ന വസ്തുക്കള്‍ കുഞ്ഞുന്നാളിലേ ലഭ്യമാക്കുന്നതില്‍ ഗള്‍ഫിലെ മാതാപിതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. തനിക്കു പഠിക്കാന്‍ കഴിയാതെപോയ ഡാന്‍സും പാട്ടും മക്കള്‍ പഠിക്കട്ടെ, നല്ല ഭക്ഷണം കഴിക്കട്ടെ എന്നൊക്കെയാണ് അവരുടെ മട്ട്.
ദുബായിലെ രഹന ഖാലിദ് പറയുന്നു: ''പലപ്പോഴും നമ്മള്‍ കുട്ടികളോട് പഠിച്ച് മിടുക്കരാകണം എന്നാണ് പറയാറുള്ളത്. ആ മിടുക്ക് കൂടെയുള്ളവരെ എങ്ങനെയെങ്കിലും പിറകിലാക്കുന്നതില്‍ ഒതുങ്ങുന്നു. ഇതിനിടയില്‍, ഒരു സമൂഹജീവി എന്ന നിലയില്‍ മറ്റുള്ളവരോടുള്ള കടമകള്‍ അവര്‍ അറിയുന്നു പോലുമില്ല. പഠനം മാര്‍ക്ക്‌ലിസ്റ്റിലെ അക്കങ്ങള്‍ക്കും ഗ്രേഡുകള്‍ക്കും വേണ്ടിയുള്ളതല്ലെന്നും ലോകത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കി നല്ല ജീവിതം നയിക്കാന്‍ പ്രാപ്തരാകാനുള്ളതുമാണെന്നാണ് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കേണ്ടത്. ആ അറിവുണ്ടായാല്‍, മാര്‍ക്കിനുവേണ്ടി കുട്ടികളെ അധികഭാരം ചുമപ്പിക്കുന്നതും അതുവഴി അവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ കഴിയും.
രാവിലെ 6.30-നു സ്‌കൂളില്‍ പോയ കുട്ടികള്‍ ഉച്ചയ്ക്ക് 1.45-നു തിരിച്ചെത്തും. വിശേഷംപറച്ചില്‍ വീട്ടിലെത്തുന്നതുവരെ കാണും. ഊണുമേശയിലും വിശേഷങ്ങളുടെ മാലപ്പടക്കം.
14 വയസ്സുകാരന്‍ മകന്‍ ആരംഭിക്കുന്നു: ''അമ്മേ, എനിക്ക് ഇന്നും ഒരു ഗേളിന്റെ കോംപ്ലിമെന്റ് കിട്ടി.''
'''ഓ പിന്നെ, വാട്ട് ഡൂഡ്''- അതിന്റെ വാലില്‍ തൂങ്ങി 11 വയസ്സുകാരന്‍. 15 വയസ്സുകാരി മകള്‍ക്ക്, ഒന്നേ പറയാനുള്ളു: ''അമ്മയ്ക്ക് സെവന്റീസിന്റെ സ്റ്റൈല്‍ മാത്രമേ അറിയുള്ളൂ.'' ടീച്ചര്‍മാരുടെ സാരി, പൊട്ട്, ക്യൂട്ടെക്‌സിന്റെ കളര്‍ എന്നിവയൊക്കയാണ് അവള്‍ക്കു പ്രധാനം. കുളിച്ച്, ആഹാരം കഴിക്കുന്ന ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ മകള്‍ക്ക് കണക്ക് ട്യൂഷന്‍. അവിടെ നിന്നങ്ങോട്ട് ഓട്ടപ്രദക്ഷിണം തന്നെ. നാല്മണിക്ക് കണക്ക് തീര്‍ന്നാല്‍ വീട്ടിലേക്ക്. ഹോംവര്‍ക്ക് ബുക്കിലേക്ക് മുങ്ങിത്താഴുന്നു. ഇതിനിടെ, കണക്ക് ട്യൂഷനായി ആണ്‍സന്തതികള്‍ പോയിക്കഴിയും. 6 മണിക്ക് തിരിച്ചെത്തിയാല്‍ ചെറിയ ഒരു സ്‌നാക്കിന്റെയും ജ്യൂസിന്റെയും ബലത്തില്‍ അവരും ഹോംവര്‍ക്കിലേക്ക്. 9 മണിയോടെ ഒരുമാതിരിയെല്ലാം ഒതുക്കിത്തീര്‍ത്ത്, ''എല്ലാം പഠിച്ചുതീര്‍ന്നു'' എന്നു പ്രഖ്യാപിച്ചുകൊണ്ട്, നാളത്തെ തയ്യാറെടുപ്പുകള്‍ക്കായി ഒരുങ്ങുന്നു. നാളത്തെ സ്‌കൂള്‍ദിവസത്തിനായി ടൈംടേബിള്‍ എടുത്ത് ബാഗ് ഒരുക്കി, യൂണിഫോം അടുക്കിവെക്കുന്നു. ഇതു ജീവിതത്തിന്റെ ഭാഗമാകുന്നു... ദിനചര്യയാകുന്നു... പാവം കുഞ്ഞുങ്ങള്‍.
No comments:
Post a Comment