Love you Pictures, Images and Photos

Monday, December 20, 2010

പ്രവാസജീവിതത്തിന്റെ ആകുലതകള്‍...

പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു. 

എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.

ഗള്‍ഫില്‍ ജീവിക്കുന്ന കുടുംബങ്ങളില്‍ പലതും ഈ സ്വപ്നഭൂമിയുടെ പറഞ്ഞുകേട്ട പൊങ്ങച്ചത്തിന്റെ മായക്കാഴ്ചകളില്‍ ഇക്കരെ കടന്നവരാണ്. ചെറുക്കനു പെണ്‍കുട്ടിയെ 'അക്കരെ കൊണ്ടുപോകാന്‍ പ്രാപ്തിയുണ്ടോ' എന്നു മാത്രമാണ് പെണ്‍കുട്ടിയെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ രക്ഷിതാക്കള്‍ നോക്കിയിരുന്ന മാനദണ്ഡം. ഗള്‍ഫില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കെല്പുള്ളവന്‍ തരക്കേടില്ലാത്ത കാശുകാരന്‍ ആണെന്നാണ് വെപ്പ്. ഗള്‍ഫുകാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ഒന്നുമാത്രമാണിത്. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ 3000 ദിര്‍ഹം ശമ്പളക്കാരന്‍ ഫാമിലിയെ കൊണ്ടുവന്ന് നാട്ടില്‍ 'മാനം' കാത്ത് ഇവിടെ 'മാനം'കെട്ട പല കഥകളും ഇവിടെയുണ്ട്. 

സിനിമയിലും ഫോട്ടോയിലും കഥകളിലും ചാനലിലും കണ്ട ഗള്‍ഫ് മാത്രമാണ് പെണ്‍കുട്ടികളുടെ മനസ്സില്‍. കുടുംബവുമായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ നാട്ടില്‍ വന്നാല്‍ പറയുന്ന പൊങ്ങച്ചക്കഥകളും പെണ്‍കുട്ടിയുടെ മനസ്സില്‍ ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്പലോകം നെയ്യുന്നു. ഇവിടെയുള്ള പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, നടന്മാരുടെ പ്രോഗ്രാമുകള്‍, മേല്‍ത്തരം തുണിത്തരങ്ങള്‍, കാറ്... ഗള്‍ഫിനെക്കുറിച്ചുള്ള സങ്കല്‍പം അതിന്റെ പാരമ്യതയിലെത്തുന്നു. എങ്ങനെയെങ്കിലും കെട്ടിയവന്റെ കൂടെ ഗള്‍ഫിലെത്തിയാല്‍ മതിയെന്നാവുന്നു അവള്‍ക്കും. 

ഒടുവില്‍ പ്രവാസഭൂമിയിലെ പറഞ്ഞു വീര്‍പ്പിച്ച നീര്‍ക്കുമിളയുടെ പൊള്ളത്തരം. ഒടുവില്‍ ഇവിടത്തെ ജീവിതവും പരിമിതിയും നിസ്സാഹയതയും ഇവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങും.

തറവാടിന്‍െ വിസ്തൃതിയില്‍നിന്നു നാലു ചുവരുകളിലേക്കുള്ള പറിച്ചുനടല്‍, ഒരു ഫ്‌ളാറ്റില്‍ നാലുമുറികളിലായി നാലുകുടുംബം ഭാഷയറിയാതെ...സംസാരിക്കാനാകാതെ...റൂമിന്റെ ഈര്‍പ്പത്തിലേക്ക് ഒതുങ്ങേണ്ടിവരുന്നു.

ഈ ജീവിതത്തിനിടയില്‍ ഗള്‍ഫ് ഭാര്യയെന്നുള്ള പദവി നിലനിര്‍ത്തേണ്ട ബാധ്യത തന്നിലാണെന്ന ബോധം ഇവള്‍ സ്വയം എടുത്തണിയും. നാട്ടില്‍നിന്നുള്ള വിളിക്ക് ഇല്ലാക്കഥകളുടെ പൊലിമ പെരുപ്പിച്ച് കാട്ടാന്‍ ഒരാള്‍കൂടിയാവുന്നു. അവളുടെ ഫോണ്‍ സംഭാഷണം കേട്ട് രക്ഷിതാക്കള്‍ സംതൃപ്തിയോടെ അനുജത്തിക്ക് ഒരു ഗള്‍ഫുകാരനെ മനസ്സില്‍ കുറിച്ചിട്ടുണ്ടാവും.... ഈ ചങ്ങല അറ്റുപോകാതെ....ഇപ്പോഴും തുടരുന്നു.

ഒരുകാര്യം തറപ്പിച്ചു പറയാം. ഞാനടക്കമുള്ള സ്ത്രീകള്‍ ഈ ഒരൊറ്റക്കാര്യത്തില്‍ അസൂയയും കുശുമ്പും തെല്ലും കാണിക്കാറില്ല. ഗള്‍ഫിലുള്ള മറ്റു സുഹൃത്തുക്കളുടെ ജീവിതത്തെക്കുറിച്ച് പരമസുഖമെന്നേ പറയൂ. കാരണം നമ്മളുടേത് അതിലും കഷ്ടമാണ്. ഈ കാര്യത്തില്‍ ഞങ്ങള്‍ ഒരുമയോടെ നില്‍ക്കുന്നു.

അടുക്കളയില്‍ അറിയാവുന്നത് ഉണ്ടാക്കുമ്പോള്‍ മറ്റൊരുമുറിയില്‍ നിന്നും ചോദ്യമുയരും, 'ജമീലാ ഇന്നും പരിപ്പാണൊ' എന്ന്. തറവാട്ടില്‍ ഒരുപാട് പേര്‍ ഒരുമിച്ചൊരു അടുക്കളയില്‍, അതുകൊണ്ട് തന്നെ സ്വന്തമായി പാകം ചെയ്യാന്‍ പഠിച്ചിട്ടുമില്ല. പുസ്തകം നോക്കി പരീക്ഷിക്കുന്നതിനിടെ എണ്ണയില്‍ തീകയറും, പിന്നെ നാലുമുറികളിലുമുള്ളവര്‍ ഓടിയെത്തും. ഉപദേശം, ശകാരം, പേടിപ്പിക്കല്‍... മടുത്തുപോകും, ആറുദിവസം തള്ളിനീക്കിയാല്‍ ആശ്വാസമായി അവധിയെത്തും. 

ആറു ദിവസം തള്ളിനീക്കിക്കിട്ടുന്ന ഒരവധി ദിവസം, വൈകുന്നേരം ഒന്നു പുറത്തുപോയിവന്നാല്‍ കഴിഞ്ഞു, പിന്നെ ഒരാഴ്ചയുടെ കാത്തിരിപ്പ്.

അസഹ്യമായ ഒറ്റപ്പെടലിന്റെ നാളുകളാണ് പിന്നെ. ഓഫീസ് കഴിഞ്ഞുവരുന്ന ഭര്‍ത്താവിനു നേരത്തേ കിടക്കണം, കുളികഴിഞ്ഞാല്‍ ടി.വി.യുടെ മുന്നിലിരിക്കും... വാര്‍ത്ത കേള്‍ക്കാന്‍...ഭാര്യയെയും വിളിക്കും. രാവിലെ മുതല്‍ മണിക്കൂര്‍ ഇടവിട്ട് പല ചാനലിലെ വാര്‍ത്തകള്‍ കേട്ട് മനംമടുത്തിരിക്കുന്ന ഭാര്യയുടെ വിഷമം ആരറിയാന്‍?

ഇനി ഒരിക്കല്‍ക്കൂടി വാര്‍ത്തകേട്ടാല്‍ ഛര്‍ദ്ദില്‍ വരും. പുറത്തിറങ്ങാന്‍ കഴിയില്ല. ഒരു മുറിയില്‍നിന്ന് മറ്റു മുറിയുടെ സ്വകാര്യതയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അവകാശമില്ല. അത് ഷെയര്‍ ഫാമിലിയുടേതാണ്. ശരിക്കും ഇതാണ് നിസ്സഹായത. പറഞ്ഞറിയിക്കാന്‍ കഴിയാതെ ദുരവസ്ഥ.

ഭര്‍ത്താവിനോട് പരാതിയോ പരിഭവമോ പറയാന്‍ ശ്രമിക്കാതെ ഒരു മുറിയില്‍ ഒരുപാട് നാള് ഒറ്റയ്ക്ക് കഴിയേണ്ടിവന്നവരില്‍ അര്‍ന്തര്‍മുഖികളായിപ്പോയ പലരുമുണ്ട്. ടി.വി.യുടെ ശബ്ദവും കുട്ടികളുടെ കളിയൊച്ചയും ഒടുവില്‍ അസഹ്യമായ ശല്യമായി തോന്നിപ്പോകും.

ഈ ജീവിതത്തിനിടയില്‍ നാം ചിന്തിക്കേണ്ടത് മറ്റൊരു വിഷയമാണ്. എത്ര കഴിവുള്ള പെണ്‍കുട്ടികളെ പലരും ഭാര്യമാരാക്കി ഇവിടെ കൊണ്ടുവന്നിരിക്കുന്നു. യൂണിവേഴ്‌സിറ്റി തലത്തിലും സ്‌കൂള്‍ യുവജനോത്സവ വേദികളിലും കഴിവുതെളിയിച്ചവരും കലാപ്രതിഭയായവരും ഇവിടെയുണ്ട്.

സംഗീതം വര്‍ഷങ്ങളോളം പഠിച്ചവരുണ്ട്. സംഗീതം പഠിപ്പിച്ചവരുണ്ട്. നൃത്തം അഭ്യസിച്ചവരുണ്ട്. കലാരൂപങ്ങള്‍ തുന്നുന്നവരുണ്ട്. ചിത്രരചന ജീവിതത്തിന്റെ ഭാഗമാക്കിയവരുണ്ട്. 

സാഹിത്യത്തില്‍ നല്ല രചന നടത്തിയവരുണ്ട്. ഇവരില്‍ എത്രപേര്‍ ഇവിടെ തന്റെ കലാപരമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്? ഒരുശതമാനംപോലും ഉണ്ടാവില്ല.

അധ്യാപക യോഗ്യതയുള്ള പെണ്‍കുട്ടികള്‍പോലും വെറുതെയിരിക്കുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കാന്‍ എളുപ്പമല്ല, 
അതിന് ഭര്‍ത്താക്കന്മാര്‍ താത്പര്യമെടുക്കാമുമില്ല. നാലുചവരുകള്‍ക്കുള്ളിലെ ജീവിതത്തിനിടെ ദുര്‍മേദസ്സുവന്ന് ഒന്നിനും കഴിയാതെ എല്ലാ വിധത്തിലും ഒതുങ്ങി സ്വയം നമ്മെ ഒരു മൂലയ്ക്കിരുത്തി.

ഇതിനൊക്കെ അവസരങ്ങള്‍ കൊടുക്കേണ്ട സംഘടനകളും സ്റ്റേജുകളും ഇവിടെ ധാരാളമുണ്ട്. ആഴ്ചയ്ക്ക് കലാപരിപാടികള്‍ നടത്താറുമുണ്ട്. 'മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവ്' എന്ന മട്ടില്‍ ഇഷ്ടക്കാര്‍ക്കും അവരുടെ മക്കള്‍ക്കും ംാത്രമാണ് ഇവിടെ അവസരം. ഈദായാലും ഓണമായാലും ക്രിസ്തുമസ്സായാലും ഇവര്‍തന്നെയാണ് ഗായകരും നര്‍ത്തകരും ഒപ്പനക്കാരും നടീനടന്മാരും. 

ഉള്ള അസോസിയേഷനുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമുണ്ട്. ഈ മേഖലയെ തുറന്ന വേദിയാക്കി മാറ്റാന്‍ ഇവര്‍ ശ്രമിക്കാത്തത് പല നേട്ടങ്ങളും അധികാരവും നഷ്ടപ്പെടുമെന്നുള്ള ഭയംകൊണ്ടുതന്നെയാണ്.

പ്രാദേശിക റേഡിയോകളില്‍ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിക്കുന്ന പലരും നല്ല ഗായകരാണ്. ഇത്രയും നന്നായി പാടാന്‍ കഴിയുന്ന ഈ മത്സരാര്‍ഥികളെ ഗള്‍ഫിന്റെ ഒരു വേദിയിലും കാണാറില്ലെന്നുമാത്രം. 

കഴിവുള്ളവര്‍ക്ക് പുറത്തുവരാന്‍ നാം അവസരം ഉണ്ടാക്കിക്കൊടുക്കണം. പ്രാദേശിക കൂട്ടായ്മയിലെങ്കിലും സജീവമാവുകയും അടക്കിവെച്ചിരിക്കുന്ന കഴിവുകള്‍ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതിലൂടെ ഇവര്‍ക്ക് ഒറ്റപ്പെടുന്നതിന്റെ ചിന്തയില്‍നിന്ന് പുറത്തുകടക്കാം. അസോസിയേഷനുകളുടെ 'സ്ഥിരം കലാകാരന്മാരെ' കാണുന്നവര്‍ക്ക് രക്ഷപ്പെടുകയുമാകാം. 

വാല്‍ക്കഷ്ണം:-
 കുറിപ്പുകളില്‍പ്പെടാത്ത ഒരു സമ്പന്നവര്‍ഗം ഗള്‍ഫിന്റെ എല്ലാ സുഖശീതള അന്തരീക്ഷത്തില്‍ ജീവിക്കുന്നുണ്ട്. പ്രതിപാദിച്ച വിഷയങ്ങളിലൊന്നും അവര്‍ ഉള്‍പ്പെടില്ല. ശരാശരി പ്രവാസിയുടെ പ്രശ്‌നങ്ങള്‍ മാത്രമാണിത്. ഞാനടക്കമുള്ളവരുടെ നേര്‍കാഴ്ചകളാണ്. അതുകൊണ്ട് കുറഞ്ഞ ശതമാനമുള്ള ഉപരിവര്‍ഗ കുടുംബങ്ങള്‍ നെറ്റിചുളിക്കേണ്ടതില്ല... പ്ലീസ്....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |