Love you Pictures, Images and Photos

Monday, December 6, 2010

നൊമ്പരങ്ങള്‍


പി കേശവദേവിനെ അറിയാന്‍ മണ്ണിന്റെ മണമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ തന്നെ ധാരാളം. എന്നാല്‍ കേശവദേവ് എന്ന മനുഷ്യനെ, കാമുകനെ, ഭര്‍ത്താവിനെ അറിയാന്‍ പ്രിയപത്‌നി സീതാലക്ഷ്മി ദേവിന്റെ ഈ ഓര്‍മക്കുറിപ്പുകളിലൂടെ കഴിയും.ഓര്‍മകളിലൂടെ കേശവദേവിന്റെ അടുത്ത് ചേര്‍ന്നിരിക്കുകയാണ് ഞാന്‍. അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോവുകയാണ്. വെറുതേ എന്ന് അറിയാമെങ്കിലും. അത്രയ്ക്ക് തീഷ്ണമായ ഒരു ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ നേരറിവുകളാണ് ഈ ഓര്‍മക്കുറിപ്പുകള്‍ നല്‍കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രയാസഘട്ടങ്ങള്‍ ചെറുപ്രായത്തിലേ നേരിടേണ്ടി വന്നപ്പോഴും തളരാതെ പിടിച്ചുനിര്‍ത്തിയത് ആ ഓര്‍മകളും ദേവ് തന്ന ധൈര്യവുമാണെന്ന് അവര്‍ ഓര്‍ക്കുന്നു. ഒപ്പം ധാരാളം അപൂര്‍വചിത്രങ്ങളും.
EXCERPTS
ഒരിക്കല്‍ സിനിമ-പത്രക്കാര്‍ അങ്ങനെ നാലഞ്ചു പേരെത്തി. എന്നോടവര്‍ പറഞ്ഞു : സീതേ, മുറിയില്‍ നിന്ന് കുറച്ച് നേരത്തേക്ക് ഒന്നു മാറിത്തരണം. 
എന്തിനാ? ഞാന്‍ കേട്ടു.
ദേവേട്ടനോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ട്.
പെട്ടെന്ന് ചോദിച്ചിട്ട് മുറിയില്‍ നിന്നിറങ്ങണം. അല്ലെങ്കില്‍ അദ്ദേഹം എന്നെ വിളിച്ചന്വേഷിക്കും.
എല്ലാം അറിയുന്നവരാണ്. ഞാന്‍ കാര്യമാണ് പറഞ്ഞതെങ്കിലും അവര്‍ക്കത്
കേട്ടപ്പോള്‍ തമാശയായി തോന്നി. പൊട്ടിച്ചിരിയോടെ അവര്‍ രണ്ട് വാതിലുകളും ചേര്‍ത്തടച്ചു.
എന്റെ അനുജത്തി ഓമന അന്ന് വീട്ടിലുണ്ടായിരുന്നു. ഒരു വാതില്ക്കല്‍ ഓമനയും മറ്റൊരു വാതില്ക്കല്‍ ഞാനും ചെവി ചേര്‍ത്തുപിടിച്ചു നിന്നു.
മുറിയിലുള്ള പത്രാധിപരുടെ ചോദ്യം കേട്ടു.
ചേട്ടാ….ചേട്ടന്റെ കുടുംബസുഖം എങ്ങനെ പോകുന്നു? ധിക്കാരിയും അഹങ്കാരിയുമായ എന്റെ ദേവ് ശേഷിയില്ലാത്ത കൈകള്‍ പൊക്കി പറയുന്നു:
എടാ, എന്റെ സീത കാരണം ഇന്നും ഞാന്‍ ജീവിക്കുന്നു. വീണ്ടും എന്തൊക്കെയോ ചോദ്യങ്ങള്‍. അതിനൊക്കെ ദേവിന്റെ പൊള്ളിക്കുന്ന മറുപടി. അടുത്തുള്ളവരുടെ ചിരി. മാലപ്പടക്കം പോലെ തുടര്‍ന്നു. അതിനുള്ളില്‍ ചോദ്യോത്തരങ്ങള്‍ സ്പഷ്ടമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കതക് തുറന്നിറങ്ങിവന്ന പത്രക്കാരോട് ഞാന്‍ ചോദിച്ചു: എഴുതാന്‍ കണക്കിന് വല്ലതും കിട്ടിയോ?
ഇല്ലാതെ വരുമോ? ഞങ്ങള് വന്നത് ദേവേട്ടനടുത്താണ്? ഇവിടെയെത്തിയാല്‍ ഇടിവെട്ടുന്ന വാര്‍ത്തകളുമായിട്ടേ മടങ്ങാനൊക്കൂ.
പുറത്തേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞുകൊണ്ട് നടന്നു: ഞങ്ങള്‍ക്കും അവസാനം ഇതുപോലൊരു ഭാഗ്യം കിട്ടണേ….
ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : സീതേ, ഈ മുറിയില്‍ ആരു വന്നാലും സീത പുറത്തിറങ്ങരുത്.
എനിക്കു ചിരി വന്നു : ഇല്ല
ഒരു സാഹിത്യകാരനുമില്ലാത്ത ചങ്കൂറ്റം എന്റെ ദേവിനുണ്ടായിരുന്നു.
പൗരുഷത്തിന്റെ പ്രതീകമായിരുന്നു എന്റെ ദേവ്. എന്തും കൂസാത്ത തന്റേടം. ദേവ് അന്തരിച്ച് ഒരു മാസം കഴിഞ്ഞ് എനിക്കൊരു കത്തു വന്നു.
പ്രിയപ്പെട്ട സീതാലക്ഷ്മി ദേവ്,
എനിക്ക് നേരിട്ട് പരിചയമില്ല. എങ്കിലും ഞാന്‍ എഴുതുകയാണ്, ഞാന്‍ കോളേജില്‍
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളേജ് വാര്‍ഷികത്തിന് കേശവദേവ് സാര്‍ വന്നിരുന്നു. അദ്ദേഹം സംസാരിച്ച് നില്‍ക്കെ എന്തോ പറഞ്ഞതിന് ഞങ്ങള്‍ കുറെ പേര്‍ കൂവി. അതിന് അദ്ദേഹത്തിന്റെ മറുപടി മൈക്കിലൂടെയുള്ള തിരിച്ച് കൂവലാണ്. അതോടെ ഞങ്ങളുടെ കൂവല്‍ നിന്നു. അദ്ദേഹം കൂവല്‍ നിര്‍ത്തിയിട്ട് വെടിപൊട്ടുന്ന ഒച്ചയില്‍ പറഞ്ഞു;
15നും 20നും ഇടയ്ക്ക് പ്രായമുള്ളവരല്ലേ നിങ്ങളൊക്കെ? നിന്റെയൊക്കെ പ്രായമുള്ള പെണ്ണാണ് എന്റെ ഭാര്യ.
അദ്ദേഹം അന്നു പറഞ്ഞ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ചിന്തിക്കാന്‍ മാത്രം ഒന്നും പ്രത്യേകതയുണ്ടാക്കിയിരുന്നില്ല. പക്ഷേ, അദ്ദേഹം അന്തരിച്ച സന്ദര്‍ഭത്തില്‍ ഇന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ സംഭവം ഓര്‍ത്തുനോക്കുമ്പോള്‍ വേദനയുണ്ട്. ആ വലിയ മനുഷ്യന്റെ ചടുലങ്ങളായ ചലനങ്ങളില്‍ നിറഞ്ഞുനിന്ന വിശ്വാസം അത്ഭുതപ്പെടുത്തുന്നു. ഇന്ന് ഞാന്‍ ഒരു വലിയ ഉദ്യോഗസ്ഥനാണ്. ഈ കത്തിന് മറുപടി എഴുതാന്‍ ശ്രമിക്കുമല്ലോ!
അന്ന് കേശവദേവ് കോളേജില്‍ നിന്ന് മടങ്ങിയെത്തിയ സമയം ഈ സംഭവം എന്നോട് പറഞ്ഞിരുന്നു.
അന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
നാണമില്ലേ?
പി കേശവദേവിനോ നാണം?

അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനും


മലയാളസിനിമയില്‍ വ്യത്യസ്ത പ്രമേയവും ആഖ്യാനവും കൊണ്ട് ശ്രദ്ധേയമായ രണ്ടു ചിത്രങ്ങളാണ് പാലേരിമാണിക്യവും പ്രാഞ്ചിയേട്ടനും. രഞ്ജിത്ത് എന്ന സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കൈയ്യൊപ്പ് പതിഞ്ഞ ആ ചിത്രങ്ങളുടെ തിരക്കഥകള്‍ വായിക്കാം. ആവര്‍ത്തനവിരസത ഒട്ടുമില്ലാത്ത പ്രമേയങ്ങള്‍ ഒരു സിനിമ കാണുന്ന സുഖം നല്‍കും. പ്രതിഭാദാരിദ്ര്യം കൊണ്ടുഴലുന്ന മലയാളസിനിമയ്ക്ക് ലഭിച്ച പുതുജീവനാണ് രഞ്ജിത്തിന്റെ ഈ ചിത്രങ്ങള്‍.
EXCERPTS
സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്
രാത്രി/INT
പള്ളി, അള്‍ത്താരയുള്‍പ്പടെ, വിശാലവീക്ഷണത്തില്‍ അവിടെ സെന്റ് ഫ്രാന്‍സിസിന്റെ വിഗ്രഹത്തിനു മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പ്രാഞ്ചി.
പുണ്യാളന്റെ കരുണാമയമായ മുഖം-
പ്രാഞ്ചിയുടെ പ്രാര്‍ത്ഥനാനിരതമായ മുഖം, മന്ത്രബദ്ധമായ ചുണ്ടുകള്‍.
ഇരുകൈകളിലും വെള്ളപ്രാവുകളുള്ള പുണ്യാളന്റെ വിഗ്രഹം. പ്രാര്‍ത്ഥനയുടെ ആഴത്തില്‍ മുങ്ങിയ പ്രാഞ്ചിയുടെ അര്‍ദ്ധനിമീലിതമായ മിഴികള്‍. പ്രാഞ്ചി കണ്ണുതുറന്ന് പുണ്യാളവിഗ്രഹത്തിലേയ്ക്ക് നോക്കി. അത്ഭുതം! പ്രാഞ്ചിയുടെ ഇടതുഭാഗത്തിരുന്ന വിഗ്രഹമില്ല. അയാളിലെ അത്ഭുതം. ചുറ്റും കണ്ണോടിച്ചു. വലതുഭാഗത്ത് അതാ നില്‍ക്കുന്നു ഉയിരോടെ ഫ്രാന്‍സിസ് പുണ്യാളന്‍! പ്രാഞ്ചിക്ക് വിശ്വസിക്കാനായില്ല.
പ്രാഞ്ചി: ഈശോയേ, എന്തൂട്ടാ ഞാനീ കാണ്‍ണേ?
ടൈറ്റിലുകള്‍ അവസാനിക്കുന്നു.
പ്രാഞ്ചി എഴുന്നേറ്റു.
പ്രാഞ്ചി: എന്റെ ഫ്രാന്‍സിസ് പുണ്യാളാ……
പുണ്യാളന്‍ പ്രാഞ്ചിയെ അനുഗ്രഹിച്ച്, കുരിശു വരച്ചും കൊണ്ട് ഇറ്റാലിയന്‍ ഭാഷയില്‍ സംസാരിച്ചു തുടങ്ങി.
പുണ്യാ: കരുണാമയനായ കര്‍ത്താവിന്റെ കൃപ നിന്നില്‍ ചൊരിയുമാറാകട്ടെ!
പ്രാഞ്ചി കുറേക്കൂടി പുണ്യാളനടുത്തേയ്ക്ക്.അയാള്‍ക്ക് അത്ഭുതം ഇപ്പോഴും വിട്ടിട്ടില്ല.
പ്രാഞ്ചി: പുണ്യാളാ, പറയ്യ്….ഞാനീ കാണ്‍ണത് സ്വപ്‌നല്ലല്ലോ.
പുണ്യാ: (ഇറ്റാലിയനില്‍) ജീവിതം തന്നെ ഒരു സ്വപ്‌നമല്ലേ?
പ്രാഞ്ചി: നല്ല കളറ് കിണ്ണംകാച്ച്യ സിനിമ പോലത്തെ കാഴ്‌ചോള്, അതും മനുഷ്യമ്മാര് കാണാത്ത ടൈപ്പ് കാഴ്‌ചോള് പച്ചയ്ക്ക് നിന്ന് കാണ്‍ണ്ണ ആളാ ഞാന്‍….അതോണ്ട് ചോയിച്ചതാ…..
പുണ്യാ: സംശയിക്കണ്ട. സംശയം അവിശ്വാസമല്ലാതെ മറ്റൊന്നുമല്ല.
പ്രാഞ്ചിക്ക് ഒരു പന്തികേട് തോന്നി.
പ്രാഞ്ചി: മലയാളം….! മലയാളം അറിയില്ലേ? ഞങ്ങടെ ഭാഷ…..?
പുണ്യാ: എനിക്കൊരു ഭാഷയെ അറിയൂ; സ്‌നേഹത്തിന്റെ ഭാഷ
പ്രാഞ്ചി: അപ്പോ ഇക്കണ്ട കാലം കേരളത്തിലെ സത്യക്രിസ്ത്യാനികള് മലയാളത്തില് വേദപുസ്തകം വായിച്ചതും പ്രാര്‍ത്ഥിച്ചത്വെക്കെ വേസ്റ്റായി ഇല്ലേ?
മ്മക്കും മ്മളെ ആള്വാള്‍ക്കും ഒന്നും മനസ്സിലായിട്ട്യലാന്ന് ചുരുക്കം. അത് വല്യ ചതിയായ്‌പ്പോയിട്ടാ…
പ്രാഞ്ചി കുറേക്കൂടി അടുത്തേയ്ക്ക്.
പ്രാഞ്ചി: നിക്ക് ഈ ഡൗട്ട് നേര്‍ത്തേ ഇണ്ടായിര്ന്നു, ഞാന്‍ സണ്‍ഡേ ക്ലാസ്സിലെ അച്ചനോട് ചോയിച്ചതാ: ‘അച്ചാ യേശുക്രിസ്തൂന്ന് ഒരു പേര് ജീസസ്സിന്ള്ള കാര്യം ആള്‍ക്കറിയ്യോന്ന്. മണലുകൂട്ടി തൊടമ്മലെ തൊലി ഒരുറുപ്യ വട്ടത്തില് പിച്ചിയെട്ത്തു ഗഡീ.
അപ്പോഴാണ് പ്രാഞ്ചി ഒരു കാര്യം ഓര്‍ത്തത് : താനീപ്പറയുന്നതും പുണ്യാളന് മനസ്സിലാവുന്നുണ്ടാവില്ലല്ലോയെന്ന്. ആ ഒരു നിരാശയോടെ.
പ്രാഞ്ചി: ഹൈ….അതിന് ഞാനീപ്പറേണതൊന്നും പുണ്യാളന് മനസ്സിലാവുന്നുണ്ടാവില്ലല്ലോ….കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗത്യായല്ലോ കര്‍ത്താവേ….
ഇപ്പോള്‍ പ്രാഞ്ചിയുടെ പിന്നിലാണ് പുണ്യാളന്‍. പ്രാഞ്ചി പറയുന്നത് കേള്‍ക്കുന്ന പുണ്യാളന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി. നല്ല ഒന്നാന്തരം തൃശ്ശൂര്‍ ശൈലിയില്‍
പുണ്യാ: ഡാ….പ്രാഞ്ചീ….
അതുകേട്ട് ഞെട്ടിത്തിരിഞ്ഞ പ്രാഞ്ചിക്ക് വിശ്വസിക്കാനാവുന്നില്ല.
അയാള്‍ പുണ്യാളന്റെ മുഖത്തുനിന്ന് ഇതുകേള്‍ക്കുകയാണ്.
പുണ്യാ: ഡാ പ്രാഞ്ചീ, അരി പ്രാഞ്ചീ, പ്രാഞ്ച്യേട്ടാ….ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസേ,
അതുകേള്‍ക്കുന്ന പ്രാഞ്ചിയുടെ അത്ഭുതവും കൗതുകവും കലര്‍ന്ന മുഖം.
പുണ്യാ:- നിയ്യാ പറേടാ…
പ്രാഞ്ചിയുടെ മുഖത്ത് എന്റമ്മോ എന്നൊരു ഭാവം- അതുമായി പ്രാഞ്ചി പൊരുത്തപ്പെട്ടു.
പ്രാഞ്ചി: അതാണ് ക്രിസ്ത്യാനി. അതാണ് മ്മളെ പുണ്യാളന്‍, പുണ്യാളനറിയാത്ത ഭാഷേണ്ടോ… നല്ല തൃശ്ശൂര്‍ ഭാഷേല് പെടക്കണ പെട കേട്ടാ….
പുണ്യാളന്‍ മടങ്ങിവന്ന് പ്രാഞ്ചിയുടെ തോളില്‍ കൈവച്ച് മുന്നോട്ട് നടന്നു.
പുണ്യാ: നീ പറേടാ….എന്താ നിന്റെ പ്രശ്‌നം?
പ്രാഞ്ചി: പ്രശ്‌നെന്താന്ന് ചോയിച്ചാ…പല പ്രശ്‌നങ്ങളാ പുണ്യാളാ…
അവര്‍ ഹാളിലെ ബഞ്ചില്‍ ഇരുന്നു
പ്രാഞ്ചി: ചെറമ്മല്‍ ഫ്രാന്‍സിസ് എന്ന ഞാന്‍ നല്ല ഒന്നാനമ്പറ് സത്യക്രിസ്ത്യാന്യാണ്. അപ്പന്‍ മരിക്കുമ്പെ എന്നെ ഏല്പിച്ചത് ഒരു കുന്നാണങ്കി ഇന്നതൊരു മലയാ…..കൈവച്ച ബിസിനസിലൊക്കെ ഡബിള് ഡബിള് ലാഭാ….ന്ന്‌വെച്ച് വല്യമാളികവെച്ച് റോള്‍സ് റോയ്‌സിലൊന്ന്വല്ല മ്മളെ നടപ്പ്.
പ്രാഞ്ചി ബഞ്ചില്‍ നിന്നെഴുന്നേറ്റ് അള്‍ത്താരയ്ക്ക് കീഴെ, ഇരുന്നു.
പ്രാഞ്ചി: മ്മളെ പഴേ തറവാടും അത്യാവശത്തിന് ഒന്ന് രണ്ട് വണ്ടീം. പെണ്ണ് കെട്ടീട്ടില്ല. അത് മറന്നുപോയൊരു കാര്യാ..അതിലിമ്മക്ക് തരി സങ്കടോല്ല. അത്വന്നല്ല മ്മട പ്രശ്‌നം….ഒരു പേരില്ലാന്നുള്ളത് തന്ന്യാ മ്മളെ പ്രശ്‌നം.
ആ ഇരിപ്പില്‍ നിന്ന് എഴുന്നേറ്റുകൊണ്ട്
പ്രാഞ്ചി: കാര്യം ആളോള് പ്രാഞ്ച്യേട്ടന്‍,പ്രാഞ്ച്യേട്ടന്‍ന്നൊക്കെ വിളിക്കും. അത് തൃശ്ശൂര്‍ക്കാരുടെ ലൈനാ. യേശുക്രിസ്തൂനെ കണ്ടാലും യേശ്വേട്ടന്‍ന്ന് വിളിക്ക്ണ ടീമോളാ അവറ്റോള്.
പുണ്യാളന് മുന്നിലെ ബഞ്ചിലിരുന്നു.
പ്രാഞ്ചി: തലമുറ്യായിറ്റ് ഞങ്ങളരിക്കച്ചോടക്കാരാ,,,,പണ്ട് കാലത്ത് കൊച്ചീല്ക്കും ആലപ്പുഴയ്ക്കും വഞ്ചീല് പോയി അരി കൊണ്ടന്ന് കച്ചോടം നടത്തീട്ട്ള്ള ടീമ്വോളാ…ഇന്നിപ്പോ ബിസിനസ്സ് പലതും ഞാന്‍ ചെയ്യന്ന്ണ്ട്. ന്നാലും ഒരു പേരില്ല, സമൂഹത്തില്. അതന്ന്യാന്റെ ഏറ്റോം വല്യ പ്രശ്‌നം.
പുണ്യാ: ഒരു പേരിലെന്തിരിക്കുന്നു, പ്രാഞ്ചി?
പ്രാഞ്ചി: (ഒരു പരിഭവത്തോടെ)പുണ്യാളന്‍ അതു പറേര്ത്,ട്ടാ….ഒരു പേര്‌ലാ ഞാന്‍ ഇര്ന്ന് പോയേ…അരിപ്രാഞ്ചീന്നുള്ളൊരു പേരില്. സംഗതി
ഫഌഷ്ബാക്കാ….കാര്യാട്ട്കര സ്‌കൂളില് ഞാന്‍ ഏഴില് ചേര്‍ന്ന ദിവസം.
പുണ്യാ: ഫ്ലാഷ്‌ബാക്ക്ന്ന് പറഞ്ഞാ ബ്ലാക്ക് & വൈറ്റ് വേണ്ടാട്ടാ….
പ്രാഞ്ചി: കളറാ…കൊഡാക്‌വിഷന്‍ 3.

ഒരുവള്‍ നടന്ന വഴികള്‍


കലങ്ങിമറിഞ്ഞ മനസ്സിന് ആശ്വാസമായിരുന്നത് എഴുത്താണ്. എഴുത്ത് എന്നും എന്റെ കൂടെയുണ്ടായിരുന്നു. എഴുതാനറിയാത്ത കുട്ടിക്കാലത്ത് പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ച് കൂടെ നടന്നു. അങ്ങനെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി മലയാളത്തിന് സ്വന്തമാകുന്നത്.
സാഹിത്യത്തിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി നടന്ന് തന്റേതായ പാത തീര്‍ക്കാന്‍ എഴുത്തുകാരിയെ സഹായിച്ചതും ഇത്തരം ചിന്തകളും നിലപാടുമായിരുന്നു. അതാണ് ഒരുവള്‍ നടന്ന വഴികളിലൂടെ സാറ ജോസഫ്  പറയുന്നത്. ബാല്യകാലത്തിന്റെയും കൗമാരയൗവന കാലഘട്ടങ്ങളുടെയും പിന്നീട് എഴുത്തിന്റെ ഇന്നിലേക്കുള്ള വളര്‍ച്ചയുടെയും നേരാവിഷ്‌കാരമാണ് ഈ ഓര്‍മക്കുറിപ്പുകള്‍.
EXCERPTS
എനിക്ക് കല്യാണാന്ന്! വേണോ വേണ്ടയോ എന്നെനിക്കറിഞ്ഞുകൂടാ. കല്യാണം ജീവിതത്തിന്റെ പ്രശ്‌നമാണോ?  ഉടുപുടവകളുടെയും ആഭരണങ്ങളുടെയും ആഘോഷങ്ങളുടെയും പ്രശ്‌നമാണോ?  രണ്ടാമത്തേതാണെന്നേ എനിക്കു മനസ്സിലായിട്ടുള്ളൂ. എത്ര നേരത്തേ കല്യാണം കഴിയുന്നുവോ അത്രയും അന്തസ്സാണെന്നാണ് അമ്മ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. എന്നാലും വിഷാദമായിരുന്നു എനിക്ക്. എന്താണ് സംഭവിക്കുന്നത്!  വേണ്ട എന്ന് പറയണമെന്നുണ്ട്. അപ്പനും അമ്മയും തീരുമാനിക്കുന്നതല്ലാതെ എതിര്‍ത്തുപറയാന്‍ പാടില്ല എന്നാണ് പഠിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കല്യാണം പോലെയുള്ള  കാര്യങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറയുന്ന കുട്ടികള്‍ ചീത്തക്കുട്ടികളായിരിക്കും. ഇഷ്ടക്കേടുണ്ടെന്നൊക്കെ ആരും മാതാപിതാക്കളോട് പറയാറില്ല.
ഗുരുവചനം.കുലക്രമം
തരുണികള്‍ തന്നുടെയസ്വതന്ത്രത….
കരുതിയിവള്‍ മറച്ചു കാമിതം……..

എന്നൊക്കെ വായിക്കുന്നത് പിന്നീടാണ്. നന്നായി പഠിക്കുന്ന കുട്ടിയെ കല്യാണം കഴിച്ചയയ്ക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും പത്താംക്ലാസ് കഴിയുന്നതുവരെ ക്ഷമിക്കണമെന്നുമൊക്കെ എന്റെ ടീച്ചര്‍മാര്‍ വീട്ടില്‍ വന്നു പറഞ്ഞുനോക്കി.  ഉറപ്പിച്ചുപോയതല്ലേ, വേണമെങ്കില്‍ കല്യാണം കഴിഞ്ഞിട്ടും
പഠിക്കാമല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണം. കല്യാണം കഴിഞ്ഞാല്‍ പിന്നെ എവിടെ, ആര്, എന്ത് പഠിക്കാന്‍ എന്ന ഒരാശ്വാസവും ഉണ്ടായിരിക്കാം. എന്നാല്‍ ജോസഫേട്ടന്‍ പറഞ്ഞുവത്രെ. പഠിച്ചോട്ടെ. വിരോധമില്ല. എന്നോടല്ല, വീട്ടുകാരോട്. ഒന്നുമറിയില്ല. ഒന്നുമറിയില്ല. പകപ്പ്. സങ്കടം. മനസ്സിലൊരു വിങ്ങല്‍… പട്ടുസാരിയോ ആഭരണങ്ങളോ ആഘോഷങ്ങളോ പന്തലോ അലങ്കാരങ്ങളോ ഒന്നും സന്തോഷം തരുന്നില്ല. എന്റെ കല്യാണമാണ് എന്ന അഭിമാനവുമില്ല. മനസ്സ് മ്ലാനമായിരിക്കുന്നു. കാരണമറിയില്ല. കളിക്കാനും ചിരിക്കാനും തോന്നിയില്ല.
ലൗഡ് സ്പീക്കര്‍ വെച്ച് പാട്ടുപെട്ടിയുണ്ടായിരുന്നു. അനിയത്തിമാര്‍ വന്നു വിളിച്ചു. പോയിനോക്കാന്‍ തോന്നിയില്ല. മക്കളുടെ ജീവിതം അവരുടെ സ്വന്തമാണ് . നാം അവരെ സഹായിക്കുക മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് എന്റെ വിശ്വാസം. സ്വതന്ത്രവ്യക്തികള്‍ എന്ന നിലയില്‍ മാതാപിതാക്കളുടെ അധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ അവരുടെമേല്‍ നടക്കാന്‍ പാടുള്ളതല്ല. വിശേഷിച്ചും വിവാഹം പോലെയുള്ള സ്വയം നിര്‍ണ്ണയാവകാശം അനിവാര്യമായിട്ടുള്ള ജീവിതപ്രശ്‌നങ്ങളില്‍ നമ്മുടെ മാതാപിതാക്കള്‍ നടത്തുന്ന വൈകാരികമായ ബലപ്രയോഗങ്ങളും ബ്ലാക് മെയ്‌ലിംഗും. മക്കളുടെ നന്മയ്ക്ക് എന്ന അവകാശവാദം പൊള്ളയാണ്. സത്യത്തില്‍ സംരക്ഷിക്കപ്പെടുന്നത് മാതാപിതാക്കളുടെ അന്തസ്സും അഭിമാനവും (ദുരഭിമാനവും) വിശ്വാസപ്രമാണങ്ങളുമാണ്.
സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താനുള്ള അവകാശവും അധികാരവും നിങ്ങള്‍ക്കു തന്നെയാണെന്ന് ഞാന്‍ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. പെണ്‍മക്കള്‍ അവരുടെ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ജാതിമതസാമ്പത്തികപരിഗണനകള്‍ നോക്കിയില്ല. ഇതവരുടെ ജീവിതം നിര്‍ണ്ണയിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തിന്റെ കൂടി പ്രശ്‌നമാണെന്ന് ഞാനവരെ ഓര്‍മ്മിപ്പിച്ചിരുന്നു. പാകപ്പിഴകള്‍ പറ്റാതെ നോക്കണം. കഴിയുന്നത്ര ഒത്തുപോകാന്‍ കഴിയുന്ന പങ്കാളിയായിരിക്കണം. എനിക്ക് സ്വീകാര്യമായിരുന്ന അവരുടെ തെരഞ്ഞെടുപ്പുകള്‍ കുടുംബത്തിലെ മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും വിഷമിപ്പിക്കുകയുമാണ് ഉണ്ടായത്. മൂത്തമകള്‍ ഗീത എം ജി ശശിയെ ജീവിതപങ്കാളിയാക്കിയപ്പോള്‍, ജാതി മാറിയുള്ള ആ വിവാഹം തന്റെ ഒരു വശം തളര്‍ത്തിക്കളഞ്ഞു എന്നാണ് ഗീതയുടെ അപ്പച്ചന്‍ പറഞ്ഞത്.
കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും മതവിശ്വാസിയും മതാചാരങ്ങളില്‍ മുറപോലെ എല്ലാം വേണം എന്ന് നിര്‍ബന്ധമുള്ള ആളും ആയിരുന്നു മൂപ്പര്‍. താന്‍ മരിച്ചാല്‍ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നും ചുവന്ന പതാക പുതപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പറഞ്ഞിരുന്നു. കേരളം നിറഞ്ഞുനില്ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ എളിയ ഒരാളിന്റെ ഈ ആഗ്രഹപ്രകടനം പതിമൂന്നുവയസ്സുമുതല്‍ക്ക് ഉള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. വലിയ നേതാക്കളും ഇങ്ങനെത്തന്നെയല്ലേ!
ഗീതയ്ക്ക് പിന്നാലെ സംഗീതയും ശ്രീനിവാസനെ ജീവിതപങ്കാളിയാക്കിയതോടെ വ്യവസ്ഥാപിത കുടുംബത്തിന് താങ്ങാനാവാത്ത പൊട്ടിത്തെറിയായി അത് മാറി. ബന്ധുക്കളുടെ പൊതുധാരയില്‍ നിന്ന് കണ്ണിയറ്റ് മാറിയ പോലെയായി. ഇതില്‍ ഉള്ളുകൊണ്ട് വല്ലാതെ വേദനയനുഭവിച്ചത് അപ്പച്ചനായിരുന്നു. കാരണം അദ്ദേഹം ധര്‍മ്മസങ്കടങ്ങളുടെ നടുക്കായിരുന്നു. ശരിയേത്, തെറ്റേത് എന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞുമില്ല. ഞങ്ങളുടെ തീരുമാനങ്ങളില്‍ ശരിയുണ്ടെന്ന് തോന്നുമ്പോഴും നാട്ടാചാരങ്ങളോടുള്ള ഭയം നിമിത്തം വല്ലാതെ ക്ലേശിച്ചു അദ്ദേഹം. ആള്‍ എന്നും പേടിച്ചത് നാട്ടുനടപ്പുകളെയായിരുന്നു. മനുഷ്യരെ കഷ്ടപ്പെടുത്തുന്ന നാട്ടുനടപ്പുകളെ ഞാനും കുട്ടികളും ഭയപ്പെട്ടതുമില്ല.
ജീവിതം ! എന്താണ് അതിന്റെ അര്‍ത്ഥം? കുഴഞ്ഞുപോവുന്ന ചോദ്യമാണത്. പട്ടാമ്പിക്കാരുടെ ചൊല്ലുപോലെ  ആലോചിച്ചാല്‍ ഒരന്തല്യ. ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തോല്യ .  ഒരുപാട് വേദനകള്‍, അനീതിയോടുള്ള എതിര്‍പ്പുമൂലമുള്ള എടുത്തുചാട്ടങ്ങള്‍, മുന്നുംപിന്നും നോക്കാതെയുള്ള പ്രസ്താവനകള്‍, ശരിയാണെന്നു തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന അന്തല്യായ, എനിക്കവകാശപ്പെട്ട പ്രണയവും സ്‌നേഹവും എനിക്ക് തരാത്ത സമുദായാചാരങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിഷേധം, എങ്ങോ വിരിഞ്ഞ പൂവിന്റെ മണം തേടിയുള്ള യാത്ര പോലെ പ്രണയം തേടിയുള്ള യാത്രകള്‍, അപമാനങ്ങള്‍, ദു:ഖങ്ങള്‍, ചെറിയൊരു വേര്‍പാട് പോലും താങ്ങാനാവാത്ത മനസ്സിന് കിട്ടുന്ന കടുത്ത ആഘാതങ്ങള്‍- അതിന്നിടയ്ക്ക് മക്കളും മധുരവും- സ്‌നേഹിതരും സുഹൃത്തുക്കളും- വയ്യ എന്ന് തോന്നിയിട്ടില്ല ഇതുവരെ.

ഗൗരിയമ്മയുടെ ആത്മകഥ




കേരളരാഷ്ട്രീയചരിത്രത്തിലെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ ആത്മകഥ. കമ്മ്യൂണിസ്റ്റ് ആയ ഒരു സ്ത്രീ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നെഴുതുകയാണ് ഗൗരിയമ്മ. ഈ ആത്മകഥ ഗൗരിയമ്മ എന്ന സമരനായികയിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. തീഷ്ണമായ അനുഭവങ്ങളുടെ ആദ്യഭാഗം.
കേരളരാഷ്ട്രീയത്തിലെ അതികായന്‍മാര്‍ക്കിടയിലെ ഉറച്ച ശബ്ദമായി മാറാന്‍ അവരെ സഹായിച്ച നിലപാടുകളുടെ നേരാഖ്യാനമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഒരേ ഒരു ഗൗരിയമ്മ മാത്രമാകുന്നത് ആ നിലപാടുകളുടെ ബലം കൊണ്ടുമാത്രമാണ്

EXCERPTS
എന്നെ അറസ്റ്റ് ചെയ്ത ദിവസം ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വനിതാപോലീസില്ലായിരുന്നു. അവര്‍ തിരുവനന്തപുരത്ത് നിന്ന് എത്തണം. ഇന്‍സ്‌പെക്ടര്‍ രാമന്‍കുട്ടി പല പ്രാവശ്യം തിരുവനന്തപുരത്തേക്ക് ഫോണില്‍ വിളിച്ചുനോക്കി. പക്ഷേ, പിറ്റേ ദിവസമേ വനിതാപോലീസിനെത്താന്‍ കഴിഞ്ഞുള്ളു. ആദ്യദിവസം സന്ധ്യയ്ക്ക് രണ്ട് ലോക്കപ്പ് മുറിയ ഉണ്ടായിരുന്നതില്‍ ഒന്നില്‍ നിന്ന് സഖാക്കളെ മാറ്റിയാണ് എനിക്കു മുറി തന്നത്. റിക്കാര്‍ഡുകളും വിലപിടിപ്പുള്ള സാധനങ്ങളും വെച്ചിരുന്ന മറ്റൊരു മുറി ലോക്കപ്പ്മുറി പോലെ ഉണ്ടായിരുന്നു. അതിലുള്ള സാധനങ്ങള്‍ മാറ്റിയാല്‍ ഞാന്‍ ആ മുറിയില്‍ കഴിഞ്ഞുകൊള്ളാമെന്നു പറഞ്ഞു നോക്കി. പക്ഷേ, സഖാക്കള്‍ കിടന്ന മുറിയാണ് എനിക്കൊഴിച്ചുതന്നത്.
അടുത്ത ഒരു മുറിയില്‍ എല്ലാവരേയും ഒന്നിച്ചിട്ടു. അവര്‍ക്കെല്ലാംകൂടി ഇരിക്കാന്‍പോലും സ്ഥലമില്ലാതിരുന്നതിനാല്‍ അടുത്ത മുറിയിലുണ്ടായിരുന്ന തടവുകാരുടെ അസ്വസ്ഥതമൂലം, അവരും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. പോരെങ്കില്‍ ലോക്കപ്പ്മുറി എത്ര കഴുകി ലോഷന്‍ ഒഴിച്ചിട്ടും മൂത്രത്തിന്റെ നാറ്റം മാറിക്കിട്ടിയിരുന്നില്ല. മൂക്കില്‍ നിന്ന് കയ്യെടുത്താല്‍ ഛര്‍ദ്ദിക്കാന്‍ വരും. അതിനാല്‍ ഞാന്‍ ആഹാരവും കഴിച്ചില്ല. ഒരു ചായയെങ്കിലും കുടിക്കാന്‍ റൈറ്റര്‍ വര്‍ഗീസ് നിര്‍ബന്ധിച്ചു. പക്ഷേ, എനിക്കതും കഴിക്കാന്‍ കഴിഞ്ഞില്ല.
പിറ്റേദിവസം രാവിലെ എന്റെ കൂടെനിന്നിരുന്ന പെണ്‍കുട്ടി വീട്ടില്‍ നിന്ന് ചായയും പലഹാരവുമായി വന്നു. ഇന്‍സ്‌പെക്ടര്‍ പറഞ്ഞതനുസരിച്ച് എന്നെ തുറന്നുവിട്ടു. കുളിക്കാനുള്ള വെള്ളം കിണറ്റില്‍ നിന്ന് പത്മാക്ഷി കോരിത്തന്നു. കുളിച്ചു കാപ്പികുടി കഴിഞ്ഞപ്പോള്‍, പത്മാക്ഷിയെ വനിതാപോലീസുകാര്‍ വരുന്നതുവരെ സ്‌റ്റേഷനില്‍ എന്റെ കൂടെ നില്ക്കാന്‍ ഇന്‍സ്‌പെക്ടര്‍ അനുവദിച്ചു. എന്നെ ലോക്കപ്പില്‍ പിന്നെ കയറ്റിയില്ല. ഏകദേശം പതിനൊന്നുമണിയായപ്പോള്‍ രണ്ടു വനിതാ പോലീസുകാര്‍ എത്തി. അന്ന് ഇരുപതില്‍ താഴെ വനിതാപോലീസേ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നുള്ളു. അന്നു നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി നിയമമനുസരിച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. നിലവിലുള്ള ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിക്കത്തക്കവിധം പ്രസംഗം ഞാന്‍ ചെയ്തു എന്നതാണ് കേസ്.
കോണ്‍ഗ്രസ് സമരസംഘടനയായിരുന്നപ്പോള്‍,1116-ല്‍ ഉണ്ടായ ക്ഷാമകാലത്ത് മരച്ചീനിക്കമ്പ് നാട്ടുകാര്‍ക്ക് വിതരണം ചെയ്ത്, ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും തൊഴിലും നല്കുമെന്ന് താണുപിള്ളസര്‍ പ്രസംഗിച്ചു. എന്നാല്‍ ഇന്നു പട്ടിണി മൂലം സര്‍ സിപി രാമസ്വാമി അയ്യരുടെ കാലത്ത് തീറ്റിച്ചതിനേക്കാള്‍ കൂടുതല്‍ പിണ്ണാക്ക് ജനങ്ങള്‍ തിന്നേണ്ട സ്ഥിതിയാണ്. ഇങ്ങനെ ഞാന്‍ പ്രസംഗിച്ചു. ഈ പ്രസംഗം മൂലം ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നി. ചാര്‍ജ് ഇതാണ്. എന്നെ അറസ്റ്റ് ചെയ്ത അന്നുതന്നെ കോടതിയില്‍ കേസിന്റെ ചാര്‍ജ്ഷീറ്റ് കൊടുത്തു. എന്നാല്‍ അവധി വച്ചത് അഞ്ചാമത്തെ ദിവസമായിരുന്നു. അന്ന് മജിസ്‌ട്രേറ്റും താലൂക്ക് തഹസില്‍ദാരും ഒന്നായിരുന്നു. കോടതി താലൂക്ക് ആഫീസിന്റെ ഹാളിലായിരുന്നു. പോലീസ് സ്‌റ്റേഷന്റെ അടുത്തുതന്നെ കോടതി ആയതിനാല്‍ ഒരു കോമ്പൗണ്ടില്‍ തന്നെയായിരുന്നു കേസ് നടന്നിരുന്നത്.
എന്നെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയാല്‍ മതിയായിരുന്നു. ഇന്നത്തെ കാലത്തെപ്പോലെ അറസ്റ്റുചെയ്യുന്ന പ്രതികളെ റിമാന്‍ഡ് ചെയ്താല്‍ സബ്ജയിലിലയയ്ക്കുന്ന സമ്പ്രദായം അന്നില്ല. അവരെ ലോക്കപ്പില്‍ത്തന്നെ സൂക്ഷിക്കും. പോലീസിനാണ് അവരുടെ കണ്‍ട്രോള്‍. എന്നെ മാത്രമല്ല, മറ്റു കേസുകളിലെ പ്രതികളായ തടവുകാരേയും ലോക്കപ്പില്‍ത്തന്നെ സൂക്ഷിച്ചിരുന്നു. തടവുമുറിയില്‍ കക്കൂസോ മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. ഒരു കുടം കൊടുത്തിരുന്നു. അതില്‍ മൂത്രം ഒഴിക്കണം. വയറ്റില്‍ സുഖമില്ലാത്തവര്‍ മലമൂത്രവിസര്‍ജ്ജനം അതില്‍ത്തന്നെ നടത്തണം. മുറി ആകെ നരകമാണ്. നാറ്റം കൊണ്ട് കിടക്കാന്‍ പറ്റുന്നതല്ല. കാലത്ത് മലമൂത്രവിസര്‍ജനത്തിനും ആഹാരം കൊടുക്കാനും ലോക്കപ്പ് രാവിലെ തുറക്കും. തുറക്കുന്ന സമയത്ത് മൂത്രം പുറത്തുകളയണം. കുടം തിരികേ കൊണ്ടുവെക്കും. അതാണ് പതിവ്. മലമൂത്രവിസര്‍ജനത്തിന് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ സൗകര്യമില്ലാത്തതിനാല്‍ തടവുകാരെ പുത്തന്‍തോട്ടുകരയില്‍ കൊണ്ടുപോകും. പല്ലുതേച്ച്, കുളിച്ച് തിരികേ കൊണ്ടുവരും. അതാണ് പതിവ്. മൂത്രത്തിന്റെയും മറ്റും നാറ്റം മൂലം, തടവുകാര്‍ക്കും പോലീസുകാര്‍ക്കും ലോക്കപ്പില്‍ ഇരിക്കുന്നതസഹ്യമാണ്. പോലീസുകാര്‍ എപ്പോഴും പുറത്തും വരാന്തയിലുമായിട്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ റൈറ്റര്‍ ലോക്കപ്പ്മുറിയുടെ മുന്‍വശത്തുള്ള ഹാളില്‍,കിഴക്കറ്റത്ത് മേശയും കസേരയുമായും ഇരുന്നു.
എന്റെ കാവലിനായി, വനിതാ പോലീസ് വന്നതോടെ എന്നെ ലോക്കപ്പില്‍നിന്ന് മാറ്റി, സ്റ്റേഷന്റെ വടക്കേ വരാന്തയിലെ കിഴക്കുവശമുള്ള മുറിയിലേക്കു കൊണ്ടുപോയി. ആ മുറിയില്‍ എവിടെ നിന്നോ ഒരു കട്ടില്‍ കൊണ്ടുവന്നിട്ടിരുന്നു. അതില്‍ കിടക്കാന്‍ എനിക്ക് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. വടക്കുവശത്തു ബലമുള്ള കമ്പിയിട്ട ജനല്‍. പടിഞ്ഞാറുവശം കതക്. സാധാരണ മരം കൊണ്ടുള്ള കതകായതിനാല്‍ അകത്തുനിന്നു പൂട്ടാം. ആ മുറിയില്‍ വനിതാപോലീസുകാരും ഞാനും ഒന്നിച്ചു കഴിഞ്ഞു. രാത്രി മാത്രം പൂട്ടും. പകല്‍ തുറന്നിട്ടിരിക്കും. എന്നാല്‍ ഞങ്ങള്‍ പുറത്തുപോകാറില്ല. മുറിയില്‍ത്തന്നെ സംസാരിച്ചിരിക്കും. രാവിലെ കക്കൂസില്‍ പോകുന്നത് സിഐഡി കോണ്‍സ്റ്റബിള്‍ കുഞ്ഞുപണിക്കന്റെ വീട്ടിലാണ്. സ്റ്റേഷനില്‍നിന്ന് തെക്കേ റോഡിലിറങ്ങി, പടിഞ്ഞാറോട്ടു നടന്നാല്‍ വീടായി. അവിടെയാണ് കക്കൂസ്. കുളിക്കുന്നതിന് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ മുകള്‍ഭാഗം അടച്ചിട്ടില്ലായിരുന്ന കല്ലുകെട്ടിയ മറപ്പുരയുണ്ടായിരുന്നു. ദിവസവും വീട്ടില്‍ നിന്ന് പത്മാക്ഷി ആഹാരവും മാറാനുള്ള തുണികളുമായി വരും. ലോക്കപ്പ് താമസം ഒരു വിധത്തിലും അസൗകര്യം ഉണ്ടാവാതിരിക്കാന്‍ രാമന്‍കുട്ടിനായര്‍ ശ്രമിച്ചിരുന്നു. ഇതിനു വേണ്ടി ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.
എന്റെ അറസ്റ്റും വിചാരണയും മനോരമയും കേരളകൗമുദിയും പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചിരുന്നു. അറസ്‌ററു കഴിഞ്ഞ് മൂന്നാമത്തെ ദിവസം സഖാവ് പി കൃഷ്ണപ്പിള്ളയുടെ ഒരു കുറിപ്പ് എനിക്കു കിട്ടി. കേസ് കോടതിയില്‍ എതിര്‍ക്കാന്‍ ഏര്‍പ്പാടു ചെയ്യണം. അങ്ങനെ ഗവണ്‍മെന്റിനെതിരായ പുറത്തെ പ്രചാരണം അകത്തും നടത്തണം. ഇതായിരുന്നു ഉള്ളടക്കം. എഴുത്ത് പത്മാക്ഷിയാണ് കൊണ്ടുവന്നത്. ചേച്ചിയുടെ ഭര്‍ത്താവ് കെ ജി കുമാരന്‍ നല്ല ക്രിമിനല്‍ വക്കീലാണ്. പിറ്റേ ദിവസം തന്നെ അദ്ദേഹം സ്റ്റേഷനില്‍ വന്നു. വക്കാലത്തും കൊടുത്തു. കേസ് തര്‍ക്കിക്കാന്‍ തീരുമാനിച്ചു.



HAPPY NEW YEAR

http://www.123greetings.com/aff-bin/card/340/113407

എന്ടെ ഹാപ്പി ന്യൂ ഇയര്‍

http://www.123greetings.com/aff-bin/card/340/107930

Sunday, December 5, 2010

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |