Love you Pictures, Images and Photos

Monday, December 6, 2010

ഗൗരിയമ്മയുടെ ആത്മകഥ




കേരളരാഷ്ട്രീയചരിത്രത്തിലെ സമരനായിക കെ ആര്‍ ഗൗരിയമ്മയുടെ ആത്മകഥ. കമ്മ്യൂണിസ്റ്റ് ആയ ഒരു സ്ത്രീ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നെഴുതുകയാണ് ഗൗരിയമ്മ. ഈ ആത്മകഥ ഗൗരിയമ്മ എന്ന സമരനായികയിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. തീഷ്ണമായ അനുഭവങ്ങളുടെ ആദ്യഭാഗം.
കേരളരാഷ്ട്രീയത്തിലെ അതികായന്‍മാര്‍ക്കിടയിലെ ഉറച്ച ശബ്ദമായി മാറാന്‍ അവരെ സഹായിച്ച നിലപാടുകളുടെ നേരാഖ്യാനമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഒരേ ഒരു ഗൗരിയമ്മ മാത്രമാകുന്നത് ആ നിലപാടുകളുടെ ബലം കൊണ്ടുമാത്രമാണ്

EXCERPTS
എന്നെ അറസ്റ്റ് ചെയ്ത ദിവസം ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ വനിതാപോലീസില്ലായിരുന്നു. അവര്‍ തിരുവനന്തപുരത്ത് നിന്ന് എത്തണം. ഇന്‍സ്‌പെക്ടര്‍ രാമന്‍കുട്ടി പല പ്രാവശ്യം തിരുവനന്തപുരത്തേക്ക് ഫോണില്‍ വിളിച്ചുനോക്കി. പക്ഷേ, പിറ്റേ ദിവസമേ വനിതാപോലീസിനെത്താന്‍ കഴിഞ്ഞുള്ളു. ആദ്യദിവസം സന്ധ്യയ്ക്ക് രണ്ട് ലോക്കപ്പ് മുറിയ ഉണ്ടായിരുന്നതില്‍ ഒന്നില്‍ നിന്ന് സഖാക്കളെ മാറ്റിയാണ് എനിക്കു മുറി തന്നത്. റിക്കാര്‍ഡുകളും വിലപിടിപ്പുള്ള സാധനങ്ങളും വെച്ചിരുന്ന മറ്റൊരു മുറി ലോക്കപ്പ്മുറി പോലെ ഉണ്ടായിരുന്നു. അതിലുള്ള സാധനങ്ങള്‍ മാറ്റിയാല്‍ ഞാന്‍ ആ മുറിയില്‍ കഴിഞ്ഞുകൊള്ളാമെന്നു പറഞ്ഞു നോക്കി. പക്ഷേ, സഖാക്കള്‍ കിടന്ന മുറിയാണ് എനിക്കൊഴിച്ചുതന്നത്.
അടുത്ത ഒരു മുറിയില്‍ എല്ലാവരേയും ഒന്നിച്ചിട്ടു. അവര്‍ക്കെല്ലാംകൂടി ഇരിക്കാന്‍പോലും സ്ഥലമില്ലാതിരുന്നതിനാല്‍ അടുത്ത മുറിയിലുണ്ടായിരുന്ന തടവുകാരുടെ അസ്വസ്ഥതമൂലം, അവരും ഉറങ്ങിയില്ല, ഞാനും ഉറങ്ങിയില്ല. പോരെങ്കില്‍ ലോക്കപ്പ്മുറി എത്ര കഴുകി ലോഷന്‍ ഒഴിച്ചിട്ടും മൂത്രത്തിന്റെ നാറ്റം മാറിക്കിട്ടിയിരുന്നില്ല. മൂക്കില്‍ നിന്ന് കയ്യെടുത്താല്‍ ഛര്‍ദ്ദിക്കാന്‍ വരും. അതിനാല്‍ ഞാന്‍ ആഹാരവും കഴിച്ചില്ല. ഒരു ചായയെങ്കിലും കുടിക്കാന്‍ റൈറ്റര്‍ വര്‍ഗീസ് നിര്‍ബന്ധിച്ചു. പക്ഷേ, എനിക്കതും കഴിക്കാന്‍ കഴിഞ്ഞില്ല.
പിറ്റേദിവസം രാവിലെ എന്റെ കൂടെനിന്നിരുന്ന പെണ്‍കുട്ടി വീട്ടില്‍ നിന്ന് ചായയും പലഹാരവുമായി വന്നു. ഇന്‍സ്‌പെക്ടര്‍ പറഞ്ഞതനുസരിച്ച് എന്നെ തുറന്നുവിട്ടു. കുളിക്കാനുള്ള വെള്ളം കിണറ്റില്‍ നിന്ന് പത്മാക്ഷി കോരിത്തന്നു. കുളിച്ചു കാപ്പികുടി കഴിഞ്ഞപ്പോള്‍, പത്മാക്ഷിയെ വനിതാപോലീസുകാര്‍ വരുന്നതുവരെ സ്‌റ്റേഷനില്‍ എന്റെ കൂടെ നില്ക്കാന്‍ ഇന്‍സ്‌പെക്ടര്‍ അനുവദിച്ചു. എന്നെ ലോക്കപ്പില്‍ പിന്നെ കയറ്റിയില്ല. ഏകദേശം പതിനൊന്നുമണിയായപ്പോള്‍ രണ്ടു വനിതാ പോലീസുകാര്‍ എത്തി. അന്ന് ഇരുപതില്‍ താഴെ വനിതാപോലീസേ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നുള്ളു. അന്നു നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി നിയമമനുസരിച്ചാണ് എന്നെ അറസ്റ്റ് ചെയ്തത്. നിലവിലുള്ള ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിക്കത്തക്കവിധം പ്രസംഗം ഞാന്‍ ചെയ്തു എന്നതാണ് കേസ്.
കോണ്‍ഗ്രസ് സമരസംഘടനയായിരുന്നപ്പോള്‍,1116-ല്‍ ഉണ്ടായ ക്ഷാമകാലത്ത് മരച്ചീനിക്കമ്പ് നാട്ടുകാര്‍ക്ക് വിതരണം ചെയ്ത്, ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ ഉല്പാദിപ്പിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും തൊഴിലും നല്കുമെന്ന് താണുപിള്ളസര്‍ പ്രസംഗിച്ചു. എന്നാല്‍ ഇന്നു പട്ടിണി മൂലം സര്‍ സിപി രാമസ്വാമി അയ്യരുടെ കാലത്ത് തീറ്റിച്ചതിനേക്കാള്‍ കൂടുതല്‍ പിണ്ണാക്ക് ജനങ്ങള്‍ തിന്നേണ്ട സ്ഥിതിയാണ്. ഇങ്ങനെ ഞാന്‍ പ്രസംഗിച്ചു. ഈ പ്രസംഗം മൂലം ഗവണ്‍മെന്റിനോട് ജനങ്ങള്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നി. ചാര്‍ജ് ഇതാണ്. എന്നെ അറസ്റ്റ് ചെയ്ത അന്നുതന്നെ കോടതിയില്‍ കേസിന്റെ ചാര്‍ജ്ഷീറ്റ് കൊടുത്തു. എന്നാല്‍ അവധി വച്ചത് അഞ്ചാമത്തെ ദിവസമായിരുന്നു. അന്ന് മജിസ്‌ട്രേറ്റും താലൂക്ക് തഹസില്‍ദാരും ഒന്നായിരുന്നു. കോടതി താലൂക്ക് ആഫീസിന്റെ ഹാളിലായിരുന്നു. പോലീസ് സ്‌റ്റേഷന്റെ അടുത്തുതന്നെ കോടതി ആയതിനാല്‍ ഒരു കോമ്പൗണ്ടില്‍ തന്നെയായിരുന്നു കേസ് നടന്നിരുന്നത്.
എന്നെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലേക്ക് നടത്തിക്കൊണ്ടുപോയാല്‍ മതിയായിരുന്നു. ഇന്നത്തെ കാലത്തെപ്പോലെ അറസ്റ്റുചെയ്യുന്ന പ്രതികളെ റിമാന്‍ഡ് ചെയ്താല്‍ സബ്ജയിലിലയയ്ക്കുന്ന സമ്പ്രദായം അന്നില്ല. അവരെ ലോക്കപ്പില്‍ത്തന്നെ സൂക്ഷിക്കും. പോലീസിനാണ് അവരുടെ കണ്‍ട്രോള്‍. എന്നെ മാത്രമല്ല, മറ്റു കേസുകളിലെ പ്രതികളായ തടവുകാരേയും ലോക്കപ്പില്‍ത്തന്നെ സൂക്ഷിച്ചിരുന്നു. തടവുമുറിയില്‍ കക്കൂസോ മൂത്രം ഒഴിക്കുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. ഒരു കുടം കൊടുത്തിരുന്നു. അതില്‍ മൂത്രം ഒഴിക്കണം. വയറ്റില്‍ സുഖമില്ലാത്തവര്‍ മലമൂത്രവിസര്‍ജ്ജനം അതില്‍ത്തന്നെ നടത്തണം. മുറി ആകെ നരകമാണ്. നാറ്റം കൊണ്ട് കിടക്കാന്‍ പറ്റുന്നതല്ല. കാലത്ത് മലമൂത്രവിസര്‍ജനത്തിനും ആഹാരം കൊടുക്കാനും ലോക്കപ്പ് രാവിലെ തുറക്കും. തുറക്കുന്ന സമയത്ത് മൂത്രം പുറത്തുകളയണം. കുടം തിരികേ കൊണ്ടുവെക്കും. അതാണ് പതിവ്. മലമൂത്രവിസര്‍ജനത്തിന് പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ സൗകര്യമില്ലാത്തതിനാല്‍ തടവുകാരെ പുത്തന്‍തോട്ടുകരയില്‍ കൊണ്ടുപോകും. പല്ലുതേച്ച്, കുളിച്ച് തിരികേ കൊണ്ടുവരും. അതാണ് പതിവ്. മൂത്രത്തിന്റെയും മറ്റും നാറ്റം മൂലം, തടവുകാര്‍ക്കും പോലീസുകാര്‍ക്കും ലോക്കപ്പില്‍ ഇരിക്കുന്നതസഹ്യമാണ്. പോലീസുകാര്‍ എപ്പോഴും പുറത്തും വരാന്തയിലുമായിട്ടാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ റൈറ്റര്‍ ലോക്കപ്പ്മുറിയുടെ മുന്‍വശത്തുള്ള ഹാളില്‍,കിഴക്കറ്റത്ത് മേശയും കസേരയുമായും ഇരുന്നു.
എന്റെ കാവലിനായി, വനിതാ പോലീസ് വന്നതോടെ എന്നെ ലോക്കപ്പില്‍നിന്ന് മാറ്റി, സ്റ്റേഷന്റെ വടക്കേ വരാന്തയിലെ കിഴക്കുവശമുള്ള മുറിയിലേക്കു കൊണ്ടുപോയി. ആ മുറിയില്‍ എവിടെ നിന്നോ ഒരു കട്ടില്‍ കൊണ്ടുവന്നിട്ടിരുന്നു. അതില്‍ കിടക്കാന്‍ എനിക്ക് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. വടക്കുവശത്തു ബലമുള്ള കമ്പിയിട്ട ജനല്‍. പടിഞ്ഞാറുവശം കതക്. സാധാരണ മരം കൊണ്ടുള്ള കതകായതിനാല്‍ അകത്തുനിന്നു പൂട്ടാം. ആ മുറിയില്‍ വനിതാപോലീസുകാരും ഞാനും ഒന്നിച്ചു കഴിഞ്ഞു. രാത്രി മാത്രം പൂട്ടും. പകല്‍ തുറന്നിട്ടിരിക്കും. എന്നാല്‍ ഞങ്ങള്‍ പുറത്തുപോകാറില്ല. മുറിയില്‍ത്തന്നെ സംസാരിച്ചിരിക്കും. രാവിലെ കക്കൂസില്‍ പോകുന്നത് സിഐഡി കോണ്‍സ്റ്റബിള്‍ കുഞ്ഞുപണിക്കന്റെ വീട്ടിലാണ്. സ്റ്റേഷനില്‍നിന്ന് തെക്കേ റോഡിലിറങ്ങി, പടിഞ്ഞാറോട്ടു നടന്നാല്‍ വീടായി. അവിടെയാണ് കക്കൂസ്. കുളിക്കുന്നതിന് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ മുകള്‍ഭാഗം അടച്ചിട്ടില്ലായിരുന്ന കല്ലുകെട്ടിയ മറപ്പുരയുണ്ടായിരുന്നു. ദിവസവും വീട്ടില്‍ നിന്ന് പത്മാക്ഷി ആഹാരവും മാറാനുള്ള തുണികളുമായി വരും. ലോക്കപ്പ് താമസം ഒരു വിധത്തിലും അസൗകര്യം ഉണ്ടാവാതിരിക്കാന്‍ രാമന്‍കുട്ടിനായര്‍ ശ്രമിച്ചിരുന്നു. ഇതിനു വേണ്ടി ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.
എന്റെ അറസ്റ്റും വിചാരണയും മനോരമയും കേരളകൗമുദിയും പ്രാധാന്യം കൊടുത്തു പ്രസിദ്ധീകരിച്ചിരുന്നു. അറസ്‌ററു കഴിഞ്ഞ് മൂന്നാമത്തെ ദിവസം സഖാവ് പി കൃഷ്ണപ്പിള്ളയുടെ ഒരു കുറിപ്പ് എനിക്കു കിട്ടി. കേസ് കോടതിയില്‍ എതിര്‍ക്കാന്‍ ഏര്‍പ്പാടു ചെയ്യണം. അങ്ങനെ ഗവണ്‍മെന്റിനെതിരായ പുറത്തെ പ്രചാരണം അകത്തും നടത്തണം. ഇതായിരുന്നു ഉള്ളടക്കം. എഴുത്ത് പത്മാക്ഷിയാണ് കൊണ്ടുവന്നത്. ചേച്ചിയുടെ ഭര്‍ത്താവ് കെ ജി കുമാരന്‍ നല്ല ക്രിമിനല്‍ വക്കീലാണ്. പിറ്റേ ദിവസം തന്നെ അദ്ദേഹം സ്റ്റേഷനില്‍ വന്നു. വക്കാലത്തും കൊടുത്തു. കേസ് തര്‍ക്കിക്കാന്‍ തീരുമാനിച്ചു.



No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |