Love you Pictures, Images and Photos

Monday, December 6, 2010

ഒരുവള്‍ നടന്ന വഴികള്‍


കലങ്ങിമറിഞ്ഞ മനസ്സിന് ആശ്വാസമായിരുന്നത് എഴുത്താണ്. എഴുത്ത് എന്നും എന്റെ കൂടെയുണ്ടായിരുന്നു. എഴുതാനറിയാത്ത കുട്ടിക്കാലത്ത് പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ച് കൂടെ നടന്നു. അങ്ങനെയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരി മലയാളത്തിന് സ്വന്തമാകുന്നത്.
സാഹിത്യത്തിന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറി നടന്ന് തന്റേതായ പാത തീര്‍ക്കാന്‍ എഴുത്തുകാരിയെ സഹായിച്ചതും ഇത്തരം ചിന്തകളും നിലപാടുമായിരുന്നു. അതാണ് ഒരുവള്‍ നടന്ന വഴികളിലൂടെ സാറ ജോസഫ്  പറയുന്നത്. ബാല്യകാലത്തിന്റെയും കൗമാരയൗവന കാലഘട്ടങ്ങളുടെയും പിന്നീട് എഴുത്തിന്റെ ഇന്നിലേക്കുള്ള വളര്‍ച്ചയുടെയും നേരാവിഷ്‌കാരമാണ് ഈ ഓര്‍മക്കുറിപ്പുകള്‍.
EXCERPTS
എനിക്ക് കല്യാണാന്ന്! വേണോ വേണ്ടയോ എന്നെനിക്കറിഞ്ഞുകൂടാ. കല്യാണം ജീവിതത്തിന്റെ പ്രശ്‌നമാണോ?  ഉടുപുടവകളുടെയും ആഭരണങ്ങളുടെയും ആഘോഷങ്ങളുടെയും പ്രശ്‌നമാണോ?  രണ്ടാമത്തേതാണെന്നേ എനിക്കു മനസ്സിലായിട്ടുള്ളൂ. എത്ര നേരത്തേ കല്യാണം കഴിയുന്നുവോ അത്രയും അന്തസ്സാണെന്നാണ് അമ്മ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. എന്നാലും വിഷാദമായിരുന്നു എനിക്ക്. എന്താണ് സംഭവിക്കുന്നത്!  വേണ്ട എന്ന് പറയണമെന്നുണ്ട്. അപ്പനും അമ്മയും തീരുമാനിക്കുന്നതല്ലാതെ എതിര്‍ത്തുപറയാന്‍ പാടില്ല എന്നാണ് പഠിച്ചിട്ടുള്ളത്. പ്രത്യേകിച്ച് കല്യാണം പോലെയുള്ള  കാര്യങ്ങളില്‍ എന്തെങ്കിലും അഭിപ്രായം പറയുന്ന കുട്ടികള്‍ ചീത്തക്കുട്ടികളായിരിക്കും. ഇഷ്ടക്കേടുണ്ടെന്നൊക്കെ ആരും മാതാപിതാക്കളോട് പറയാറില്ല.
ഗുരുവചനം.കുലക്രമം
തരുണികള്‍ തന്നുടെയസ്വതന്ത്രത….
കരുതിയിവള്‍ മറച്ചു കാമിതം……..

എന്നൊക്കെ വായിക്കുന്നത് പിന്നീടാണ്. നന്നായി പഠിക്കുന്ന കുട്ടിയെ കല്യാണം കഴിച്ചയയ്ക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നും പത്താംക്ലാസ് കഴിയുന്നതുവരെ ക്ഷമിക്കണമെന്നുമൊക്കെ എന്റെ ടീച്ചര്‍മാര്‍ വീട്ടില്‍ വന്നു പറഞ്ഞുനോക്കി.  ഉറപ്പിച്ചുപോയതല്ലേ, വേണമെങ്കില്‍ കല്യാണം കഴിഞ്ഞിട്ടും
പഠിക്കാമല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണം. കല്യാണം കഴിഞ്ഞാല്‍ പിന്നെ എവിടെ, ആര്, എന്ത് പഠിക്കാന്‍ എന്ന ഒരാശ്വാസവും ഉണ്ടായിരിക്കാം. എന്നാല്‍ ജോസഫേട്ടന്‍ പറഞ്ഞുവത്രെ. പഠിച്ചോട്ടെ. വിരോധമില്ല. എന്നോടല്ല, വീട്ടുകാരോട്. ഒന്നുമറിയില്ല. ഒന്നുമറിയില്ല. പകപ്പ്. സങ്കടം. മനസ്സിലൊരു വിങ്ങല്‍… പട്ടുസാരിയോ ആഭരണങ്ങളോ ആഘോഷങ്ങളോ പന്തലോ അലങ്കാരങ്ങളോ ഒന്നും സന്തോഷം തരുന്നില്ല. എന്റെ കല്യാണമാണ് എന്ന അഭിമാനവുമില്ല. മനസ്സ് മ്ലാനമായിരിക്കുന്നു. കാരണമറിയില്ല. കളിക്കാനും ചിരിക്കാനും തോന്നിയില്ല.
ലൗഡ് സ്പീക്കര്‍ വെച്ച് പാട്ടുപെട്ടിയുണ്ടായിരുന്നു. അനിയത്തിമാര്‍ വന്നു വിളിച്ചു. പോയിനോക്കാന്‍ തോന്നിയില്ല. മക്കളുടെ ജീവിതം അവരുടെ സ്വന്തമാണ് . നാം അവരെ സഹായിക്കുക മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് എന്റെ വിശ്വാസം. സ്വതന്ത്രവ്യക്തികള്‍ എന്ന നിലയില്‍ മാതാപിതാക്കളുടെ അധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ അവരുടെമേല്‍ നടക്കാന്‍ പാടുള്ളതല്ല. വിശേഷിച്ചും വിവാഹം പോലെയുള്ള സ്വയം നിര്‍ണ്ണയാവകാശം അനിവാര്യമായിട്ടുള്ള ജീവിതപ്രശ്‌നങ്ങളില്‍ നമ്മുടെ മാതാപിതാക്കള്‍ നടത്തുന്ന വൈകാരികമായ ബലപ്രയോഗങ്ങളും ബ്ലാക് മെയ്‌ലിംഗും. മക്കളുടെ നന്മയ്ക്ക് എന്ന അവകാശവാദം പൊള്ളയാണ്. സത്യത്തില്‍ സംരക്ഷിക്കപ്പെടുന്നത് മാതാപിതാക്കളുടെ അന്തസ്സും അഭിമാനവും (ദുരഭിമാനവും) വിശ്വാസപ്രമാണങ്ങളുമാണ്.
സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്താനുള്ള അവകാശവും അധികാരവും നിങ്ങള്‍ക്കു തന്നെയാണെന്ന് ഞാന്‍ എന്റെ മക്കളോട് പറഞ്ഞിട്ടുണ്ട്. പെണ്‍മക്കള്‍ അവരുടെ ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ജാതിമതസാമ്പത്തികപരിഗണനകള്‍ നോക്കിയില്ല. ഇതവരുടെ ജീവിതം നിര്‍ണ്ണയിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തിന്റെ കൂടി പ്രശ്‌നമാണെന്ന് ഞാനവരെ ഓര്‍മ്മിപ്പിച്ചിരുന്നു. പാകപ്പിഴകള്‍ പറ്റാതെ നോക്കണം. കഴിയുന്നത്ര ഒത്തുപോകാന്‍ കഴിയുന്ന പങ്കാളിയായിരിക്കണം. എനിക്ക് സ്വീകാര്യമായിരുന്ന അവരുടെ തെരഞ്ഞെടുപ്പുകള്‍ കുടുംബത്തിലെ മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും വിഷമിപ്പിക്കുകയുമാണ് ഉണ്ടായത്. മൂത്തമകള്‍ ഗീത എം ജി ശശിയെ ജീവിതപങ്കാളിയാക്കിയപ്പോള്‍, ജാതി മാറിയുള്ള ആ വിവാഹം തന്റെ ഒരു വശം തളര്‍ത്തിക്കളഞ്ഞു എന്നാണ് ഗീതയുടെ അപ്പച്ചന്‍ പറഞ്ഞത്.
കമ്മ്യൂണിസ്റ്റുകാരനായിരുന്നെങ്കിലും മതവിശ്വാസിയും മതാചാരങ്ങളില്‍ മുറപോലെ എല്ലാം വേണം എന്ന് നിര്‍ബന്ധമുള്ള ആളും ആയിരുന്നു മൂപ്പര്‍. താന്‍ മരിച്ചാല്‍ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നും ചുവന്ന പതാക പുതപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹം പറഞ്ഞിരുന്നു. കേരളം നിറഞ്ഞുനില്ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ എളിയ ഒരാളിന്റെ ഈ ആഗ്രഹപ്രകടനം പതിമൂന്നുവയസ്സുമുതല്‍ക്ക് ഉള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ്. വലിയ നേതാക്കളും ഇങ്ങനെത്തന്നെയല്ലേ!
ഗീതയ്ക്ക് പിന്നാലെ സംഗീതയും ശ്രീനിവാസനെ ജീവിതപങ്കാളിയാക്കിയതോടെ വ്യവസ്ഥാപിത കുടുംബത്തിന് താങ്ങാനാവാത്ത പൊട്ടിത്തെറിയായി അത് മാറി. ബന്ധുക്കളുടെ പൊതുധാരയില്‍ നിന്ന് കണ്ണിയറ്റ് മാറിയ പോലെയായി. ഇതില്‍ ഉള്ളുകൊണ്ട് വല്ലാതെ വേദനയനുഭവിച്ചത് അപ്പച്ചനായിരുന്നു. കാരണം അദ്ദേഹം ധര്‍മ്മസങ്കടങ്ങളുടെ നടുക്കായിരുന്നു. ശരിയേത്, തെറ്റേത് എന്ന് നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞുമില്ല. ഞങ്ങളുടെ തീരുമാനങ്ങളില്‍ ശരിയുണ്ടെന്ന് തോന്നുമ്പോഴും നാട്ടാചാരങ്ങളോടുള്ള ഭയം നിമിത്തം വല്ലാതെ ക്ലേശിച്ചു അദ്ദേഹം. ആള്‍ എന്നും പേടിച്ചത് നാട്ടുനടപ്പുകളെയായിരുന്നു. മനുഷ്യരെ കഷ്ടപ്പെടുത്തുന്ന നാട്ടുനടപ്പുകളെ ഞാനും കുട്ടികളും ഭയപ്പെട്ടതുമില്ല.
ജീവിതം ! എന്താണ് അതിന്റെ അര്‍ത്ഥം? കുഴഞ്ഞുപോവുന്ന ചോദ്യമാണത്. പട്ടാമ്പിക്കാരുടെ ചൊല്ലുപോലെ  ആലോചിച്ചാല്‍ ഒരന്തല്യ. ആലോചിച്ചില്ലെങ്കില്‍ ഒരു കുന്തോല്യ .  ഒരുപാട് വേദനകള്‍, അനീതിയോടുള്ള എതിര്‍പ്പുമൂലമുള്ള എടുത്തുചാട്ടങ്ങള്‍, മുന്നുംപിന്നും നോക്കാതെയുള്ള പ്രസ്താവനകള്‍, ശരിയാണെന്നു തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന അന്തല്യായ, എനിക്കവകാശപ്പെട്ട പ്രണയവും സ്‌നേഹവും എനിക്ക് തരാത്ത സമുദായാചാരങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിഷേധം, എങ്ങോ വിരിഞ്ഞ പൂവിന്റെ മണം തേടിയുള്ള യാത്ര പോലെ പ്രണയം തേടിയുള്ള യാത്രകള്‍, അപമാനങ്ങള്‍, ദു:ഖങ്ങള്‍, ചെറിയൊരു വേര്‍പാട് പോലും താങ്ങാനാവാത്ത മനസ്സിന് കിട്ടുന്ന കടുത്ത ആഘാതങ്ങള്‍- അതിന്നിടയ്ക്ക് മക്കളും മധുരവും- സ്‌നേഹിതരും സുഹൃത്തുക്കളും- വയ്യ എന്ന് തോന്നിയിട്ടില്ല ഇതുവരെ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |