Love you Pictures, Images and Photos

Monday, December 6, 2010

നൊമ്പരങ്ങള്‍


പി കേശവദേവിനെ അറിയാന്‍ മണ്ണിന്റെ മണമുള്ള അദ്ദേഹത്തിന്റെ കൃതികള്‍ തന്നെ ധാരാളം. എന്നാല്‍ കേശവദേവ് എന്ന മനുഷ്യനെ, കാമുകനെ, ഭര്‍ത്താവിനെ അറിയാന്‍ പ്രിയപത്‌നി സീതാലക്ഷ്മി ദേവിന്റെ ഈ ഓര്‍മക്കുറിപ്പുകളിലൂടെ കഴിയും.ഓര്‍മകളിലൂടെ കേശവദേവിന്റെ അടുത്ത് ചേര്‍ന്നിരിക്കുകയാണ് ഞാന്‍. അദ്ദേഹമുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുപോവുകയാണ്. വെറുതേ എന്ന് അറിയാമെങ്കിലും. അത്രയ്ക്ക് തീഷ്ണമായ ഒരു ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ നേരറിവുകളാണ് ഈ ഓര്‍മക്കുറിപ്പുകള്‍ നല്‍കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രയാസഘട്ടങ്ങള്‍ ചെറുപ്രായത്തിലേ നേരിടേണ്ടി വന്നപ്പോഴും തളരാതെ പിടിച്ചുനിര്‍ത്തിയത് ആ ഓര്‍മകളും ദേവ് തന്ന ധൈര്യവുമാണെന്ന് അവര്‍ ഓര്‍ക്കുന്നു. ഒപ്പം ധാരാളം അപൂര്‍വചിത്രങ്ങളും.
EXCERPTS
ഒരിക്കല്‍ സിനിമ-പത്രക്കാര്‍ അങ്ങനെ നാലഞ്ചു പേരെത്തി. എന്നോടവര്‍ പറഞ്ഞു : സീതേ, മുറിയില്‍ നിന്ന് കുറച്ച് നേരത്തേക്ക് ഒന്നു മാറിത്തരണം. 
എന്തിനാ? ഞാന്‍ കേട്ടു.
ദേവേട്ടനോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ട്.
പെട്ടെന്ന് ചോദിച്ചിട്ട് മുറിയില്‍ നിന്നിറങ്ങണം. അല്ലെങ്കില്‍ അദ്ദേഹം എന്നെ വിളിച്ചന്വേഷിക്കും.
എല്ലാം അറിയുന്നവരാണ്. ഞാന്‍ കാര്യമാണ് പറഞ്ഞതെങ്കിലും അവര്‍ക്കത്
കേട്ടപ്പോള്‍ തമാശയായി തോന്നി. പൊട്ടിച്ചിരിയോടെ അവര്‍ രണ്ട് വാതിലുകളും ചേര്‍ത്തടച്ചു.
എന്റെ അനുജത്തി ഓമന അന്ന് വീട്ടിലുണ്ടായിരുന്നു. ഒരു വാതില്ക്കല്‍ ഓമനയും മറ്റൊരു വാതില്ക്കല്‍ ഞാനും ചെവി ചേര്‍ത്തുപിടിച്ചു നിന്നു.
മുറിയിലുള്ള പത്രാധിപരുടെ ചോദ്യം കേട്ടു.
ചേട്ടാ….ചേട്ടന്റെ കുടുംബസുഖം എങ്ങനെ പോകുന്നു? ധിക്കാരിയും അഹങ്കാരിയുമായ എന്റെ ദേവ് ശേഷിയില്ലാത്ത കൈകള്‍ പൊക്കി പറയുന്നു:
എടാ, എന്റെ സീത കാരണം ഇന്നും ഞാന്‍ ജീവിക്കുന്നു. വീണ്ടും എന്തൊക്കെയോ ചോദ്യങ്ങള്‍. അതിനൊക്കെ ദേവിന്റെ പൊള്ളിക്കുന്ന മറുപടി. അടുത്തുള്ളവരുടെ ചിരി. മാലപ്പടക്കം പോലെ തുടര്‍ന്നു. അതിനുള്ളില്‍ ചോദ്യോത്തരങ്ങള്‍ സ്പഷ്ടമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
കതക് തുറന്നിറങ്ങിവന്ന പത്രക്കാരോട് ഞാന്‍ ചോദിച്ചു: എഴുതാന്‍ കണക്കിന് വല്ലതും കിട്ടിയോ?
ഇല്ലാതെ വരുമോ? ഞങ്ങള് വന്നത് ദേവേട്ടനടുത്താണ്? ഇവിടെയെത്തിയാല്‍ ഇടിവെട്ടുന്ന വാര്‍ത്തകളുമായിട്ടേ മടങ്ങാനൊക്കൂ.
പുറത്തേക്ക് നടക്കുമ്പോള്‍ അവര്‍ പറഞ്ഞുകൊണ്ട് നടന്നു: ഞങ്ങള്‍ക്കും അവസാനം ഇതുപോലൊരു ഭാഗ്യം കിട്ടണേ….
ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : സീതേ, ഈ മുറിയില്‍ ആരു വന്നാലും സീത പുറത്തിറങ്ങരുത്.
എനിക്കു ചിരി വന്നു : ഇല്ല
ഒരു സാഹിത്യകാരനുമില്ലാത്ത ചങ്കൂറ്റം എന്റെ ദേവിനുണ്ടായിരുന്നു.
പൗരുഷത്തിന്റെ പ്രതീകമായിരുന്നു എന്റെ ദേവ്. എന്തും കൂസാത്ത തന്റേടം. ദേവ് അന്തരിച്ച് ഒരു മാസം കഴിഞ്ഞ് എനിക്കൊരു കത്തു വന്നു.
പ്രിയപ്പെട്ട സീതാലക്ഷ്മി ദേവ്,
എനിക്ക് നേരിട്ട് പരിചയമില്ല. എങ്കിലും ഞാന്‍ എഴുതുകയാണ്, ഞാന്‍ കോളേജില്‍
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളേജ് വാര്‍ഷികത്തിന് കേശവദേവ് സാര്‍ വന്നിരുന്നു. അദ്ദേഹം സംസാരിച്ച് നില്‍ക്കെ എന്തോ പറഞ്ഞതിന് ഞങ്ങള്‍ കുറെ പേര്‍ കൂവി. അതിന് അദ്ദേഹത്തിന്റെ മറുപടി മൈക്കിലൂടെയുള്ള തിരിച്ച് കൂവലാണ്. അതോടെ ഞങ്ങളുടെ കൂവല്‍ നിന്നു. അദ്ദേഹം കൂവല്‍ നിര്‍ത്തിയിട്ട് വെടിപൊട്ടുന്ന ഒച്ചയില്‍ പറഞ്ഞു;
15നും 20നും ഇടയ്ക്ക് പ്രായമുള്ളവരല്ലേ നിങ്ങളൊക്കെ? നിന്റെയൊക്കെ പ്രായമുള്ള പെണ്ണാണ് എന്റെ ഭാര്യ.
അദ്ദേഹം അന്നു പറഞ്ഞ വാക്കുകള്‍ ഞങ്ങളുടെ മനസ്സില്‍ ചിന്തിക്കാന്‍ മാത്രം ഒന്നും പ്രത്യേകതയുണ്ടാക്കിയിരുന്നില്ല. പക്ഷേ, അദ്ദേഹം അന്തരിച്ച സന്ദര്‍ഭത്തില്‍ ഇന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ സംഭവം ഓര്‍ത്തുനോക്കുമ്പോള്‍ വേദനയുണ്ട്. ആ വലിയ മനുഷ്യന്റെ ചടുലങ്ങളായ ചലനങ്ങളില്‍ നിറഞ്ഞുനിന്ന വിശ്വാസം അത്ഭുതപ്പെടുത്തുന്നു. ഇന്ന് ഞാന്‍ ഒരു വലിയ ഉദ്യോഗസ്ഥനാണ്. ഈ കത്തിന് മറുപടി എഴുതാന്‍ ശ്രമിക്കുമല്ലോ!
അന്ന് കേശവദേവ് കോളേജില്‍ നിന്ന് മടങ്ങിയെത്തിയ സമയം ഈ സംഭവം എന്നോട് പറഞ്ഞിരുന്നു.
അന്ന് അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
നാണമില്ലേ?
പി കേശവദേവിനോ നാണം?

അതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |