Thursday, December 16, 2010
ഉച്ചയുറക്കം
ഉച്ചയൂണും കഴിഞ്ഞ് തിടുക്കത്തിലെത്തിയതുതന്നെ ആലസ്യം ഒട്ടും നഷ്ടപ്പെടാുത്താതെ ഒഴിവുദിനത്തിന്റെ വരദാനമായ ഉച്ചയുറക്കത്തിന്റെ ആവേശം പുല്‍കാനായിരുന്നു.വാടകമുറിയിലെ പഴയ കയറു കട്ടിലിന്റെ ഇഴകളുടെ കോലാഹലങ്ങളെയെല്ലാമവഗണിച്ച് അതിന്മേലെയുള്ള കട്ടികുറഞ്ഞ കള്ളിമെത്തയില്‍ ശരീരമെത്തുമ്പോള്‍ ചിന്തകളില്‍ പ്രത്യേകിച്ചൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കും മച്ചിന്റെ മൂലകളിലെ ചിലന്തിവലകളില്‍ കണ്ണുകളുടക്കിയത്. വാടകമുറിയിലെ മാറാല മാറ്റേണ്ടുന്നത് മാസവാടക കൊടുക്കുന്ന താനോ... അതോ... പണം കൈപ്പറ്റുന്ന ഉടമസ്ഥനോ... എന്ന സങ്കീര്‍ണ്ണതയില്‍ മുഴുകുമ്പോഴേയ്ക്കും... പുറത്ത് തെരുവില്‍ പൊട്ടിച്ചിരിയും ആക്രോശങ്ങളും... കുട്ടികളുടെ കൂവലുകളും... തെരുവുനായ്ക്കളുടെ കുരകളുമൊക്കെയടങ്ങുന്ന ശബ്ദ കോലാഹലങ്ങള്‍...
തെരുവില്‍ നേരത്തെ കണ്ട ഒരു ഭ്രാന്തന്റെ രൂപം മനസ്സിലേക്കോടിയെത്തി - ഏറെ പരീക്ഷിണിതനായ ഒരു പ്രാകൃത രൂപം....
ജനാലയിലൂടെ പുറത്തേക്കു കണ്ണോടിയ്ക്കുമ്പോള്‍..അതേ ഭ്രാന്തന്റെ ചുറ്റും കൂക്കിയാര്‍ക്കുന്ന വികൃതിക്കൂട്ടങ്ങള്‍... ചിലര്‍ ചപ്പുചവറുകള്‍ വാരിയെറിയുന്നു.. വേറെ ചിലര്‍ അവശേഷിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളില്‍ പിടിച്ചു വലിയ്ക്കുന്നു. അവയ്‌ക്കൊപ്പം ചേരുന്ന തെരുവു നായ്ക്കളും.
വീണ്ടും, കട്ടിലിലേക്കു മടങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് അയാളെപ്പറ്റിയുള്ള ചിന്തകളായിരുന്നു. എങ്ങിനെയായിരിക്കും അയാളുടെ മനസ്സിന്റെ താളം നഷ്ടപ്പെട്ടിരിയ്ക്കുക - ഞാനോര്‍ത്തു.
അനാഥത്വം... ഉറ്റവരില്‍ നിന്നുള്ള പീഢനങ്ങള്‍... ഇഷ്ടപ്പെട്ടവരുടെ ഒഴിവാക്കലുകള്‍... അവരില്‍നിന്നുള്ള വേര്‍പിരിയല്‍... വഞ്ചനകള്‍...
ഒറ്റപ്പെടല്‍, അതിന്റെ എല്ലാ ഭീകരതകളും സമ്മാനിച്ച ദുരന്ത ദിനങ്ങള്‍...അവഗണനയും, അധിക്ഷേപങ്ങളും ആഴം കൂട്ടിയ നിരാശയുടെ കുഴികളില്‍ ആണ്ടുപോയ ജന്മം...ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള നേരിയ ശ്രമം പോലും പരാജയത്തിന്റെ പരഗതം പ്രഹരങ്ങളേല്‍പ്പിച്ചു തളര്‍ത്തിക്കഴിഞ്ഞ ജീവിതം... നരകയാതനകള്‍ നഷ്ടപ്പെടുത്തിയ താളം...
ചിന്തകള്‍ മനസ്സിനെ അസ്വസ്ഥമാക്കിയപ്പോഴേയ്ക്കും, വീണ്ടും... തെരുവില്‍ നായ്ക്കളുടെ മുരള്‍ച്ചയും... അയാളുടെ ആക്രോശങ്ങളും മുറുകിയിരിക്കുന്നു.
ആകാംക്ഷ നിറഞ്ഞ എന്റെ കണ്‍മുനകള്‍ക്ക് മുന്നില്‍ - ചായപ്പീടികയുടെ ഉച്ചിഷ്ട കൂമ്പാരങ്ങള്‍ക്കു മുകളില്‍ ഇരതേടലിന്റെ വ്യഗ്രതയില്‍ പരസ്പരം മല്ലിടുന്ന അയാളും... ചാവാലിപ്പട്ടികളും, തങ്ങളുടെ ഭോജ്യങ്ങളില്‍ അധിനിവേശം കൂടി വിരട്ടിയോടിയ്ക്കാന്‍ വെമ്പുന്ന നായ്ക്കള്‍. അയാളുടെ മുന്നില്‍ക്കിട്ടിയ ഇലയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചു വലിയ്ക്കുന്ന നായ... നിസ്സഹായതയോടെ.. പണിപ്പെട്ട് അതിനെ ചെറുക്കാന്‍ ശ്രമിക്കുകയായിരുന്നയാള്‍...
അയാളുടെ ദൈന്യതയില്‍ വിശപ്പടക്കിയ കോമരങ്ങള്‍ പരിഹാസം ചൊരിയുന്നു...
അയാളുടെ നഗ്നതയില്‍ അഹങ്കാരത്തിന്റെ ഉന്മാദങ്ങള്‍ അല്ലെറിയുന്നു. അയാളുടെ നിസ്സാഹായതയില്‍ ബുദ്ധിയുടെ പ്രമാണിത്തങ്ങള്‍ കോഞ്ഞനം കുത്തുന്നു...
അയാളുടെ നിഷ്‌കളങ്കതയില്‍ കാപട്യത്തിന്റെ ആള്‍രൂപങ്ങള്‍ പേക്കൂത്തുകളാടുന്നു... അയാള്‍ കൂടുതല്‍ കൂടുതല്‍ നിര്‍വ്വികാരതകളിലേക്ക് ചുഴറ്റിയെറിയപ്പെടുന്നു.
ആര്‍ക്കാണ് ഭ്രാന്ത്...?
ആയാള്‍ക്കോ... അതോ.... മറ്റുള്ളവര്‍ക്കോ....?
ഒന്നുമാത്രം....
അയാളിതൊന്നും കാണുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍, ഇതിനെല്ലാറ്റിനുമപ്പുറം കാണുന്നുണ്ടായിരിക്കണം...
ഒന്നും... കേള്‍ക്കുന്നുണ്ടായിരുന്നില്ല...
അല്ലെങ്കില്‍..., ഇതിലും കൂടുതല്‍ കേള്‍ക്കുന്നുണ്ടായിരിക്കണം...
ഒന്നിന്റെയും സ്വാദറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍.. എല്ലാ രുചിഭേദങ്ങള്‍ക്കും ആസ്വദിച്ചനുഭവിയ്ക്കുന്നുണ്ടായിരുന്നിരിക്കണം..
ഒരു ഗന്ധവും തിരിച്ചറിയുന്നുണ്ടായിരുന്നില്ല... അല്ലെങ്കില്‍ ഗന്ധങ്ങളുടെ ഉന്മാദത്തിലായിരുന്നിരിക്കണം. സ്പര്‍ശനത്തിന്റെ മാസ്മരികതയില്‍ മയങ്ങിപ്പോയിരുന്നില്ല അല്ലെങ്കില്‍... അശ്ലേഷണത്തിന്റെ അനുഭൂതികളില്‍ ലയിച്ചിരുന്നിരിക്കണം...
പക്ഷേ...
സ്വന്തം നഗ്നതപോലും മറന്ന് ആവേശഭരിതനായ് അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു... പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു.. ഉറക്കെയുറക്കെ ചിരിച്ചുകോണ്ടേയിരുന്നു....കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ നിവര്‍ന്നു കിടന്നു. ഉറക്കമെന്ന അന്ധത എന്നെ വിഴുങ്ങട്ടെ. ഞാന്‍... ഞാന്‍... ഇല്ലാതെയാവട്ടെ...
പാതിമയക്കത്തിലും അയാളുടെ നിസ്സാഹായതയുടെ പൊട്ടിച്ചിരികള്‍ എന്നില്‍ അലയടിച്ചുകൊണ്ടേയിരുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment