Love you Pictures, Images and Photos

Monday, December 13, 2010

നാം പ്രവാസികള്‍ എന്തു പിഴച്ചു

ഇന്ന് കേരളത്തില്‍ നടക്കുന്ന സംവാദവും ചര്‍ച്ചയും ധര്‍ണയുമെല്ലാം നാടിന്റെ അവകാശികളായ ആദിവാസികളെക്കുറിച്ചാണ്. ഒട്ടുമിക്ക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകരെല്ലാംതന്നെ കാടിന്റെ മക്കളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു, ഡോക്യുമെന്ററി നിര്‍മിക്കുന്നു, സിനിമ പിടിക്കുന്നു, ബോധവത്കരണം നടത്തുന്നു. എന്നിട്ടും ആദിവാസികള്‍ പഴയതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല. അവരുടെ ജീവിതചുറ്റുപാടുകള്‍,ഭക്ഷണം, വിദ്യാഭ്യാസം, വീട്, വസ്ത്രം ഇതിലൊന്നും കാതലായ മാറ്റംവരുത്താന്‍ നമുക്കായിട്ടില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്ന് ഒറ്റപ്പെട്ട്, ചൂഷിതരായി അവര്‍ ഇന്നും ജീവിക്കുന്നു.

ഇവരുടെ അവസ്ഥതന്നെയാണ് ഈ പ്രവാസികളും അനുഭവിക്കുന്നത്. ഗള്‍ഫില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നു. എത്ര ബോധവത്കരണമുണ്ടായി. എത്ര രാഷ്ട്രീയക്കാര്‍ വന്നു. ലേബര്‍ക്യാമ്പിന്റെ അവസ്ഥ കണ്ട് 'ഞെട്ടിയ' രാഷ്ട്രീയക്കാരെത്ര? പെണ്‍വാണിഭത്തിലും മനുഷ്യക്കടത്തിലും ഇരയായവരെ കണ്ട് സഹതപിച്ചവരെത്ര? വിസാത്തട്ടിപ്പില്‍ ഇവിടെയെത്തി നരകയാതനയനുഭവിച്ച ചെറുപ്പക്കാര്‍ ഭരണത്തിലുള്ളവരെയും അത് ഇല്ലാത്തവരെയും കണ്ട് ഞങ്ങളെ ചതിച്ച കോഴിക്കാട്ടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും..... ട്രാവല്‍, റിക്രൂട്ടിങ് ഏജന്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറടക്കം, ലെറ്റര്‍ഹെഡും ഫോണ്‍ നമ്പര്‍ മുതലായവ കാണിച്ചിട്ടും എന്തു നടപടിയുണ്ടായി. അവര്‍ ഇന്നും കേരളത്തിന്റെ വിരിമാറില്‍ത്തന്നെ വിലസുന്നു, അടുത്ത ഇരയെത്തേടി.

ഇവിടെ വന്ന് പരാതികളും പരിഭവവും കേട്ടുമടങ്ങുന്ന രാഷ്ട്രീയക്കാര്‍ നാട്ടില്‍ചെന്നാല്‍ ഉടന്‍ പരിഹാരം കാണുമെന്ന വിശ്വാസത്തില്‍ ലേബര്‍ ക്യാമ്പിന്റെ കുടുസ്സു മുറിയില്‍നിന്ന് ഏതെങ്കിലും കെട്ടിടത്തിന്റെ ശീതീകരിച്ച മുരള്‍ച്ചയിലേക്ക് ഇല്ലാകാശുമുടക്കി ടാക്‌സിയിലോ സീറ്റില്ലാത്ത പിക്കപ്പിലോ വന്ന് രാഷ്ട്രീയമേലാളന്റെ ഒത്താശയോടെ, കാരുണ്യത്തില്‍, പരാതിയുടെ കെട്ടഴിച്ചാല്‍ ''ഒക്കെ, ശരിയാക്കാം'' എന്നു പറയുന്നതു കേട്ടു മടങ്ങുന്ന ശരാശരി ഒരു തൊഴിലാളിയുടെ മനസ്സ് വായിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ഒരു സാഹിത്യകാരനും ആവില്ല. ആവിപൊങ്ങുന്ന മണല്‍ച്ചൂടില്‍ വരണ്ടുണങ്ങിയ മനസ്സുമായി കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും പരിഹരിക്കാന്‍ കഴിയാതെ പ്രശ്‌നസങ്കീര്‍ണമായിക്കിടക്കുന്നു പ്രവാസിയുടെ പ്രശ്‌നങ്ങള്‍.

നാട്ടിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍പോലെ, ഒരിക്കലും പരിഹരിക്കാന്‍ കഴിയാതെ, അതിനു ശ്രമിക്കാതെ നാം നടത്തുന്ന പാഴ്ശ്രമങ്ങള്‍ തിരിച്ചറിയുന്ന കാലംവരും. അന്ന് പ്രവാസികള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ല.

നമുക്ക് ഇല്ലാത്തതായി എന്താണുള്ളത്? പത്രങ്ങളുണ്ട്, ചാനലുകളുണ്ട്, റോഡിയോ ഉണ്ട്, ഇന്റര്‍നെറ്റുണ്ട്, മെബൈലുണ്ട്, ടെലഫോണുണ്ട്. എല്ലാ പത്രങ്ങളും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവയാണ്. ഈ മണലാരണ്യത്തില്‍ ഇവിടത്തെ ഭരണാധികാരികള്‍ നമുക്കുചെയ്തുതന്നെ അനേകം ഉപകാരങ്ങളില്‍ ഒന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍.

സാധാരണക്കാരില്‍ സാധാരണക്കാര്‍ നെഞ്ചോടു ചേര്‍ക്കുന്ന ഈ റേഡിയോവില്‍നിന്ന് നമുക്കുകിട്ടുന്ന അറിവ് എത്രയെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആര്‍.ജെ.യുള്ള ഈ നിലയങ്ങള്‍ മലയാളഭാഷയ്ക്ക് എന്തുഗുണമാണ് ചെയ്യുന്നത്?

വാഹനാപകടങ്ങള്‍പോലും സ്‌പോണ്‍സേഡ് പരിപാടിയാക്കി മാറ്റി ട്രാഫിക് അപ്‌ഡേറ്റ് തരുന്ന റേഡിയോകള്‍, നിരത്തുകള്‍ സജീവമാകുന്ന വ്യാഴാഴ്ചകളില്‍ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ അവതാരിക ''ശ്ശോ, ഇന്ന് ഒരപകടവും ഇല്ലെ'' എന്നു പരിതപിക്കുന്നതും നാം കേള്‍ക്കുന്നു.

മലയാളം മാത്രം സംസാരിക്കാന്‍ ഒരു മിനിറ്റ് അനുവദിച്ച്, അതിനുപോലും നമുക്കാവാതെ, ഒരു മിനിറ്റിന്റെ ഇടയില്‍ ഇംഗ്ലീഷ് കയറിവന്ന് പുറത്തായിപ്പോകുന്ന പലരെയും കാണാം. ഈ മലയാള പരിപാടിയുടെ പേര് 'സ്റ്റില്‍ എ മലയാളി'

ജൂണ്‍, ജൂലായിയുടെ വെന്തുരുകുന്ന ചൂടില്‍ കണ്‍സ്ട്രക്ഷന്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ശരീരത്തിലെ ജലവും ലവണവും നഷ്ടപ്പെടുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, ഇംഗ്ലീഷില്‍ അരമണിക്കൂര്‍ 'ഡോക്ടറോടു ചോദിക്കാം' എന്ന പരിപാടി അവതരിപ്പിച്ചവരുമുണ്ട്. ഇടയ്ക്ക് ഇംഗ്ലീഷില്‍ കയറിവരുന്ന ചില വാക്യങ്ങള്‍ മാത്രം മനസ്സിലാക്കി തലകുലുക്കുന്ന സാദാ തൊഴിലാളിയെ കാണാം.

ഇത് പ്രവാസിയുടെ ജീവിതകാലം മുതല്‍ അന്ത്യം വരെയുണ്ടാകും. ആരെയും പഴിച്ചിട്ട് കാര്യമില്ല.

ചിലരുടെ നെട്ടോട്ടം കണ്ടാല്‍ തോന്നും പ്രവാസിക്ക് വോട്ടവകാശം കിട്ടിയാല്‍ എല്ലാ പ്രശ്‌നവും തീര്‍ന്നു എന്നതാണ്. ചില അസോസിയേഷനുകളും ചില 'വൈറ്റ് കോളര്‍' മാന്യന്മാരും അതിനുള്ള ബദ്ധപ്പാടിലാണ്. ഇവര്‍ക്ക് എയര്‍ ഇന്ത്യ ഫൈ്‌ളറ്റ് റദ്ദുചെയ്താലും വിസ തട്ടിപ്പിനിരയായാലും ജോലിയില്ലാതെ, കിടപ്പാടമില്ലാതെ റോളയിലെ പാര്‍ക്കുകളിലെ മരഞ്ചൊട്ടില്‍ തണുത്ത് മരവിച്ചുകിടന്നാലും സൗദിയിലെ പാലത്തിനടിയില്‍ ഔട്ട്പാസിന് വേണ്ടി നരകയാതന അനുഭവിച്ചാലും ജോലി തരാമെന്നുപറഞ്ഞ് ഒന്നുമറിയാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിലെത്തിച്ചാലും ഒന്നുമില്ല. അവരുടെ പ്രതികരണവും സഹകരണവും അര്‍പ്പണബോധവും ഇവയിലൊന്നും കാണാറുമില്ല. വോട്ടവകാശത്തിന്റെ അനുവാദത്തിനുവേണ്ടി ഡല്‍ഹിയിലെ ദര്‍ബാറുകളില്‍ കയറിയിറങ്ങി അവര്‍ 'സായുജ്യം' കണ്ടെത്തുന്നു.

ഒന്നു പറയാം. ഇവിടെ ആര്‍ക്കാണ് വോട്ടവകാശത്തിന് താത്പര്യം? പകുതിയില്‍ കൂടുതല്‍പേര്‍ വോട്ടവകാശം കാര്യമായെടുക്കുന്നില്ല. അല്ലെങ്കില്‍ അതിലും കാതലായ പ്രശ്‌നങ്ങള്‍ ഇവിടെ നിലവിലുണ്ട്. അതിലൊന്നും താത്പര്യമെടുക്കാതെ 'ഈയുള്ള കളി' നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. ഇലക്ഷനുള്ള വീറും വാശിയും നാം കണ്ടതാണ്. യു.എ.ഇ.യുടെ ചേംബര്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മലയാളികള്‍ മത്സരിച്ചത് നാം അറിഞ്ഞതാണ്.

ഇവിടെയുള്ള രജിസ്‌ട്രേഡ് അസോസിയേഷനുകളിലെ തിരഞ്ഞെടുപ്പുകള്‍ നാം കണ്ടതാണ്. വീറും വാശിയും അതിരുവിടുകയും സാമ്പത്തികധൂര്‍ത്തിനും അനാരോഗ്യകരമായ പ്രസ്താവനകള്‍ക്കും വേദിയാവുകയുമാണ്.

ഇവിടെയുള്ള ശാന്തമായ അന്തരീക്ഷത്തിലേക്ക് വീറും വാശിയും കടത്തിവിട്ട് ഉള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഒരു അഭിപ്രായ സര്‍വേ നടത്തിയാല്‍ അറിയാം 'വോട്ടവകാശം' വേണോ, വേണ്ടയോ എന്ന്. (എസ്.എം.എസ്. വഴിയല്ല മറ്റെന്തെങ്കിലും വഴി).

അഭിപ്രായം അറിഞ്ഞിട്ട് തീരുമാനിക്കണം. അല്ലാതെ പ്രവാസികള്‍ക്ക് ഇവിടെ നേതാക്കന്മാരില്ല. നേതൃത്വവും അധ്യക്ഷനുമില്ല. നമ്മുടെ കാര്യം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. മറ്റുള്ളവരുടെ തീരുമാനം നമ്മില്‍ അടിച്ചേല്പിക്കാന്‍ അനുവദിച്ചുകൂടാ.

ഒരു ചെറിയ കഥകൂടി പറഞ്ഞ് അവസാനിപ്പിക്കാം. എന്റെ ഭര്‍ത്താവ് ചൊക്ലി ഓറിയന്റല്‍ ഹൈസ്‌കൂളില്‍ 10-ാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് നടന്ന കഥയാണ്. ഭര്‍ത്താവും കൂട്ടുകാരും കൂടി മാഹി പാലത്തിലൂടെ നടന്നുപോകുമ്പോള്‍ വെള്ളത്തിലൂടെ ഒരുകറുത്ത ഭാണ്ഡക്കെട്ട് ഒഴുകിപ്പോകുന്നു. ശബരിമലസീസണായതിനാല്‍ വല്ല സഞ്ചിയോ മറ്റോ ആവും..... വല്ലതും തടഞ്ഞാലോ. കൂടെ ഉണ്ടായിരുന്ന പ്രവീണിനോട് ചാടാന്‍ പറഞ്ഞു. കേള്‍ക്കാപാതി പ്രവീണ്‍ ചാടി സഞ്ചിയില്‍ പിടുത്തമിട്ടു സഞ്ചി ഉയര്‍ത്തി. അപ്പോഴാണ് കരയിലുള്ളവര്‍ക്ക് കാര്യം മനസ്സിലായത്. അതൊരു കരടിയായിരുന്നു. ഇവര്‍ ഉറക്കെ വിളിച്ചുപറഞ്ഞു.... ''പ്രവീണേ വിട്ടേയ്ക്ക്. അത് കരടിയാണ്.'' അപ്പോള്‍ പ്രവീണ്‍ ഉറക്കെ... ''ഞാന്‍ വിട്ടു, എന്നെ വിടുന്നില്ല.'' ഇത് കഥയോ നടന്നതോ അറിയില്ല. ഇതാണ് പ്രവാസികളുടെ സ്ഥിതി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |