Love you Pictures, Images and Photos

Friday, December 10, 2010

താരം വാഴുമ്പോള്‍ തരം താഴുന്ന മലയാള സിനിമ‍

സീന്‍ 1: ലൊക്കേഷന്‍ എറണാകുളത്തെ ഒരു മിഷന്‍ ആശുപത്രിയുടെ മുന്‍വശം. പാഞ്ഞുവന്നു നില്‍ക്കുന്ന ആംബുലന്‍സില്‍നിന്നു മരണത്തോടു മല്ലടിക്കുന്ന ഒരാളെ പുറത്തിറക്കി. അടിയന്തര ചികില്‍സയ്‌ക്കൊടുവില്‍, ആയുസിന്റെ നേരിയ ബലത്തില്‍ മരണാസന്നന്‍ ജീവിതത്തിലേക്ക്‌. കഥയറിയാതെ ആശുപത്രിയില്‍ പാഞ്ഞെത്തിയ സഹപ്രവര്‍ത്തകരുടെയും പരിചയക്കാരുടെയും മുഖത്ത്‌ അമ്പരപ്പ്‌. പിന്നീട്‌, കഥാനായകന്റെ വീട്ടിലെ തലയണയ്‌ക്കടിയില്‍നിന്ന്‌ ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയതോടെ അമ്പരപ്പു സഹതാപത്തിനു വഴിമാറി.

മേല്‍പ്പറഞ്ഞത്‌ എഴുതിത്തയാറാക്കിയ ഒരു തിരക്കഥയിലെ രംഗമല്ല. ദുരന്തപര്യവസായിയാകേണ്ടിയിരുന്ന ഈ രംഗം ഒരു സിനിമാ നിര്‍മാതാവിന്റെ ജീവിതത്തിലുണ്ടായതാണ്‌. താരാധിപത്യത്തിന്റെ ധാര്‍ഷ്‌ട്യത്തിനു മുന്നില്‍ തറ്റുതകര്‍ന്ന്‌ ആത്മഹത്യക്കൊരുങ്ങിയ ഒരു സാധുനിര്‍മാതാവിന്റെ.

തന്റെ ചിത്രങ്ങള്‍ നിരന്തരം തിയറ്ററില്‍ മൂക്കുകുത്തുന്നതു തിരിച്ചറിഞ്ഞ സൂപ്പര്‍താരം മുമ്പു നല്ല ചിത്രങ്ങള്‍ പലതും നിര്‍മിച്ചിട്ടുള്ള ഈ നിര്‍മാതാവിനെ സമീപിക്കുകയായിരുന്നു. തനിക്കുവേണ്ടി ഒരു പടം ചെയ്യണം എന്നതായിരുന്നു ആവശ്യം. നിര്‍മാതാവ്‌ ആദ്യമൊന്നു മടിച്ചപ്പോള്‍ വീണ്ടും വാഗ്‌ദാനം- ഒന്നു നിന്നു തന്നാല്‍ മതി. പണം ഒപ്പിച്ചുതരാം. 

പടം തുടങ്ങി. നായിക ഹിന്ദി നടി. അതിനിടെ നിര്‍മാതാവ്‌ സാമ്പത്തികമായി ഞെരുങ്ങിത്തുടങ്ങി. നടന്‍ ആശ്വസിപ്പിച്ചു. ഷൂട്ടിംഗ്‌ പൂര്‍ത്തിയായതോടെ നായകന്‍ വില്ലന്‍ സ്വഭാവം പുറത്തെടുത്തു. ഡബ്ബ്‌ ചെയ്യണമെങ്കില്‍ പണം മുഴുവന്‍ തരണമെന്നായി. നിര്‍മാതാവ്‌ വീടു പണയംവച്ചു. ചിത്രത്തിന്റെ പ്രിന്റ്‌ അടിക്കാന്‍ വീണ്ടും പണം വേണം. ആദ്യം തന്നെ സമീപിച്ച സൂപ്പര്‍താരത്തെ നിര്‍മാതാവു ചെന്നുകണ്ടു. താരം കൈമലര്‍ത്തി. പടം പൂര്‍ത്തിയാക്കേണ്ട ചുമതല നിര്‍മാതാവിന്റേതാണെന്ന്‌ ഒരുപദേശവും. ക്ലൈമാക്‌സില്‍, ആത്മഹത്യാശ്രമം പോലും പരാജയപ്പെട്ട നിര്‍മാതാവിന്റെ ദയനീയചിത്രം. മറ്റൊരു സൂപ്പര്‍താരം 20 ദിവസം അഭിനയിച്ചശേഷം ലൊക്കേഷനില്‍നിന്നു പിണങ്ങിപ്പോയതോടെയാണു നിര്‍മാതാവു പെരുവഴിയിലായത്‌. പ്രഗത്ഭനായ തിരക്കഥാകൃത്തിന്‌ ആ പണി അറിയില്ലെന്നായിരുന്നു താരത്തിന്റെ മുട്ടായുക്‌തി. താരത്തിനു മുന്നില്‍ മൗനം ഭൂഷണമാക്കിയ സംവിധായകന്‍ നിര്‍മാതാവിന്റെ കാലുവാരി. ഇഷ്‌ടകഥ പെരുവഴിയില്‍ 'പഞ്ചറാ'യതു കണ്ട്‌ കഥാകാരന്റെ നെഞ്ചു തകര്‍ന്നു. തന്നെ പിന്തുണച്ച സംവിധായകനു സൂപ്പര്‍താരത്തിന്റെ മറ്റൊരു ഡേറ്റ്‌ കിട്ടി. മറ്റൊരു സംവിധായകന്‍ മറ്റൊരു നടനെവച്ചു പഴയ കഥ ചെയ്‌തു. എട്ടുനിലയില്‍ പൊട്ടുകയും ചെയ്‌തു. ഇതൊക്കെ സമകാലിക മലയാള സിനിമയുടെ ചീഞ്ഞുനാറുന്ന പിന്നാമ്പുറക്കഥകളില്‍ ചിലതു മാത്രം.

പ്രഗത്ഭരായ സംവിധായകരും തിരക്കഥാകൃത്തുക്കളുമൊക്കെ പ്രതിഭയുടെ ബലത്തില്‍ ആര്‍ക്കും മുന്നില്‍ തലകുനിക്കാതിരുന്ന ഒരു സുവര്‍ണകാലം മലയാള സിനിമയ്‌ക്കുണ്ടായിരുന്നു. ആ സ്‌ഥാനത്ത്‌ ഇപ്പോള്‍ താരങ്ങളിലെ സൂപ്പറുകളും അവരുടെ സില്‍ബന്തികളുമൊക്കെച്ചേര്‍ന്നു 'മല്ലുവുഡ്‌' എന്ന മലയാള സിനിമയെ മരണത്തിലേക്കു തള്ളിവിടുകയാണ്‌. 'പാണ്ടിപ്പട'മെന്നു നാം പുച്‌ഛിച്ചുതള്ളിയ തമിഴ്‌ സിനിമയാകട്ടെ പുതുജീവന്‍ നേടി ഒരു നവോത്ഥാന ഘട്ടത്തിലും. താരാധിപത്യത്തിന്‍ കീഴില്‍ മലയാള സിനിമ കഥാവശേഷമാകുമ്പോള്‍ കഥകളിലെ പുതുപരീക്ഷണങ്ങളും പുതുമുഖതാരങ്ങളുടെ വലിയൊരു നിരയുമായി തമിഴകം മാതൃകയാകുന്നു. മലയാള സിനിമയുടെ അധഃപതനം ദേശീയ പുരസ്‌കാര പ്രഖ്യാപനങ്ങളില്‍പ്പോലും നമ്മെ നാണം കെടുത്തുകയും ചെയ്യുന്നു.

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പ്രമുഖ സിനിമാപ്രദര്‍ശനകേന്ദ്രങ്ങള്‍ക്കു മുന്നില്‍ ഇപ്പോള്‍ അഭൂതപൂര്‍വമായ തിരക്കാണ്‌. സിനിമ രക്‌തത്തില്‍ അലിഞ്ഞുചേര്‍ന്ന തമിഴ്‌മക്കള്‍ തീയറ്ററുകള്‍ക്കു മുന്നില്‍ തടിച്ചുകൂടുന്നതില്‍ എന്തത്ഭുതം എന്നു ചോദിക്കാന്‍ വരട്ടെ. കാരണം, തമിഴന്റെ അന്ധമായ സിനിമാഭ്രാന്തിനെ പരിഹസിച്ചിരുന്ന നാം ഇപ്പോള്‍ ആ ചോദ്യം ഉന്നയിച്ചാല്‍ മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാകും എന്നതുതന്നെ.

തമിഴകത്ത്‌ ഈ ദിവസങ്ങളില്‍ തീയറ്ററുകള്‍ക്കു മുന്നില്‍ ഉത്സവാന്തരീക്ഷം തീര്‍ക്കുന്നതു 'സ്‌റ്റൈല്‍മന്നന്റെ'യോ 'ഉലകനായകന്റെ'യോ ഒന്നും ബ്രഹ്‌മാണ്ഡ ചിത്രമല്ല. 'അങ്ങാടിതെരു' എന്ന, പുതുമുഖതാരങ്ങള്‍ മാത്രം അണിനിരക്കുന്ന ചിത്രമാണ്‌ അവരുടെ പ്രീതി പിടിച്ചുപറ്റിയിരിക്കുന്നത്‌. 'സുബ്രഹ്‌മണ്യപുര'വും 'പരുത്തിവീരനു'മൊന്നും തമിഴ്‌സിനിമയിലെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളായിരുന്നില്ല എന്നു തെളിയിക്കുന്നതാണ്‌ വസന്തബാലന്‍ സംവിധാനം ചെയ്‌ത 'അങ്ങാടിതെരു'വിന്റെ ജൈത്രയാത്ര തെളിയിക്കുന്നത്‌. മഹേഷ്‌, അഞ്‌ജലി, പാണ്ടി, വെങ്കിടേഷ്‌ തുടങ്ങിയ പുതുമുഖങ്ങളാണു താരങ്ങള്‍. ജനപ്രിയ ഫോര്‍മുലകള്‍ തെറ്റിച്ച്‌, നായകന്റെ മരണശേഷവും 15 മിനിട്ടോളം കഥ നീണ്ട 'സുബ്രഹ്‌മണ്യപുരം' പോലെയുള്ള ചിത്രങ്ങള്‍ തമിഴര്‍ക്കൊപ്പം മലയാളികളും നിറഞ്ഞ സദസില്‍ ആസ്വദിച്ചു. ചിലരുടെ 'ഇമേജു'കളില്‍ മാത്രം തളച്ചിടപ്പെട്ട മലയാള സിനിമയില്‍ സമീപകാലത്തൊന്നും പുതുപരീക്ഷണങ്ങള്‍ക്കു സാധ്യതയില്ല. അഥവാ അത്തരം സംരംഭങ്ങള്‍ മലയാള സിനിമയെ അള്ളിപ്പിടിച്ചിരിക്കുന്ന 'കടല്‍ക്കിഴവന്‍'മാര്‍ അനുവദിക്കില്ല.

തമിഴകം വിട്ട്‌ ഇനി, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രമുഖ റിലീസിംഗ്‌ സെന്ററുകളിലേക്ക്‌. മലയാളസിനിമ അടക്കിവാഴുന്ന സൂപ്പര്‍താരങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗ്‌ അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ കൊണ്ടാടുകയാണ്‌. പണ്ടു തമിഴന്റെ താരാരാധനയ്‌ക്കു നേരേ ആട്ടിത്തുപ്പിയിരുന്ന അതേ മലയാളികളാണു ഫിലിംപെട്ടി ആനപ്പുറത്തെഴുന്നള്ളിച്ചും കട്ടൗട്ടുകളില്‍ ആരതിയുഴിഞ്ഞും പാലഭിഷേകം നടത്തിയുമൊക്കെ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്‌. തമിഴരുടെ ആരാധന, താരം മരിച്ചാല്‍ ആത്മഹത്യക്കുപോലും തുനിയുന്നത്ര നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായിരുന്നെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതു താരങ്ങളുടെ 'കൂലിപ്പട്ടാളങ്ങള്‍' തമ്മിലുള്ള പരാക്രമങ്ങളാണ്‌. താരങ്ങള്‍ വിലയ്‌ക്കെടുക്കുന്ന ഈ ആരാധനയാകട്ടെ മലയാള സിനിമയെത്തന്നെയാണ്‌ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നത്‌.
 ആനപ്പുറത്തു ഫിലിംപെട്ടി എഴുന്നള്ളിച്ച 'സാഗര്‍ ഏലിയാസ്‌ ജാക്കി'
എന്ന സൂപ്പര്‍സ്‌റ്റാര്‍ ചിത്രം നിലംതൊടാതെയാണു പൊട്ടിയത്‌. എണ്‍പതുകളുടെ ഒടുവില്‍ ഗംഭീരവിജയം നേടിയ 'ഇരുപതാം നൂറ്റാണ്ടി'ന്റെ രണ്ടാം ഭാഗത്തിനാണ്‌ ഈ ഗതി വന്നതെന്നോര്‍ക്കണം. പണ്ട്‌ ആനപ്പുറത്തേറിയതിന്റെ തഴമ്പ്‌ ഇപ്പോള്‍ പ്രയോജനപ്പെട്ടില്ല എന്നു സാരം. മലയാള സിനിമയില്‍ 'വീരഗാഥ' രചിച്ച എം.ടി/ഹരിഹരന്‍/മമ്മൂട്ടി/ഒ.എന്‍.വി. ടീമിന്റെ 'പഴശിരാജ'യുടേതായിരുന്നു അടുത്ത ഊഴം. താരതമ്യേന കുറഞ്ഞ പ്രേക്ഷകസമൂഹമുള്ള മലയാളത്തിന്റെ കൊക്കിലൊതുങ്ങാത്ത ബിഗ്‌ബജറ്റ്‌ ചിത്രം. ബോക്‌സ് ഓഫീസില്‍ പഴയ വീരഗാഥ ആവര്‍ത്തിച്ചില്ലെങ്കിലും തീയറ്ററുകള്‍ക്കു മുന്നില്‍ മെഗാതാരത്തിന്റെ 'രാജാപ്പാര്‍ട്ട്‌' കട്ടൗട്ടുകളില്‍ ഫാന്‍സുകാര്‍ പാലഭിഷേകം നടത്തി. അടുത്തിടെ താരം 'പ്രമാണി'യായി അവതരിച്ചപ്പോഴും റോഡുകളില്‍ പാല്‍ ഏറെ ഒഴുകി. തമിഴ്‌ സിനിമയായ 'അസല്‍' റിലീസ്‌ ചെയ്‌തപ്പോള്‍ മറുഭാഷാ നായകന്‍ അജിത്തിന്റെ മലയാളം ഫാന്‍സുകാര്‍ പടുകൂറ്റന്‍ കട്ടൗട്ടുയര്‍ത്തിയതിനു കോട്ടയം നഗരമാണു സാക്ഷ്യം വഹിച്ചത്‌.


അതിശയോക്‌തി കലര്‍ന്ന ആക്ഷനെന്നും അതിമാനുഷ പരിവേഷമുള്ള നായകന്‍മാരെന്നുമൊക്കെ പറഞ്ഞു നാം ആക്ഷേപിച്ചിരുന്ന തമിഴ്‌ സിനിമ ഇപ്പോള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്‌. ജീവിതഗന്ധിയായ കഥകളുമായി അവര്‍ മണ്ണിലേക്കിറങ്ങി വന്നപ്പോള്‍, എണ്‍പതുകള്‍വരെ മണ്ണിലുറച്ചുനിന്ന നമ്മുടെ അഭിനയപ്രതിഭകള്‍ താരരാജാക്കന്‍മാരായി വിണ്ണിലേക്കുയര്‍ന്നു. തമിഴകത്തിന്റെ വിശാലമായ പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ താരസമ്പുഷ്‌ടമല്ലാത്ത സിനിമകള്‍ കൊച്ചുകേരളത്തിലും 'ബോണസ്‌ വിജയം' കൊയ്യുകയാണ്‌. ഇതേപ്പറ്റി പത്രസമ്മേളനങ്ങളില്‍പ്പോലും പരിതപിച്ച നമ്മുടെ താരരാജാക്കന്‍മാര്‍, ഇനി പറയുന്ന യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കാനിടയില്ല.

കോടികള്‍ മുടക്കി കൊട്ടിഘോഷിച്ച്‌ ഇറക്കുന്ന മലയാള സിനിമകളില്‍ ഭൂരിപക്ഷവും ഫാന്‍സുകാരുടെ ആഘോഷപ്പേക്കൂത്തുകള്‍ക്ക്‌ അപ്പുറം മൂക്കുകുത്തുന്നത്‌ എന്തുകൊണ്ടാണ്‌? ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്തതുപോലെ, 'മറ്റവന്റെ' സിനിമ വിജയിക്കരുതെന്ന വാശി താരങ്ങളും അവര്‍ ചുടുചോര്‍ വാരിക്കുന്ന വാനരപ്പടയും പുലര്‍ത്തിത്തുടങ്ങിയതോടെ കുടുംബങ്ങള്‍ തീയറ്ററുകളില്‍നിന്ന്‌ അകന്നു. നല്ലൊരു സിനിമ ഇറങ്ങിയാലും നാലുനാള്‍ തികച്ചു തീയറ്ററുകളില്‍ ഓടാന്‍ അനുവദിക്കാത്തതും മറ്റൊരു കാരണമാണ്‌. അടുത്തിടെ ഇറങ്ങിയ, മികച്ച കഥയെന്നു വിലയിരുത്തപ്പെട്ട ഒരു സിനിമ തീയറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പു നിര്‍മാതാവിനുതന്നെ സിഡിയായി വിപണിയിലെത്തിക്കേണ്ടിവന്നു. ഈ വിഷുദിനത്തില്‍ പ്രമുഖ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സിനിമകള്‍ ശ്രദ്ധിക്കുക. തീയറ്ററുകളില്‍ റിലീസ്‌ ചെയ്‌ത്, ഒട്ടിച്ച പോസ്‌റ്ററിനുമേല്‍ മറ്റൊന്നു പതിയുന്നതിനു മുമ്പേ, 'മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതാദ്യമായി' എന്ന അറിയിപ്പോടെ പുതുപുത്തന്‍ സിനിമകള്‍ നമ്മുടെ സ്വീകരണമുറികളില്‍ എത്തുകയാണ്‌. ഏതു പൊട്ടപ്പടം റിലീസ്‌ ചെയ്‌താലും ആദ്യദിനംതന്നെ, ടിവി ചാനലുകളിലെ വാര്‍ത്തകളില്‍ അതു ഗംഭീരവിജയമായി നിറയും. അണിയറശില്‍പ്പികളെ വാര്‍ത്താ അവതാരകര്‍ വാനോളം പുകഴ്‌ത്തും. അധികം വൈകാതെ അതേ പ്രേക്ഷകര്‍ക്കു മുന്നില്‍ അതേ ചിത്രം 'മിനിസ്‌ക്രീനില്‍ ഇതാദ്യമായി ബ്ലോക്‌ബസ്‌റ്റര്‍' ചലച്ചിത്രം എന്ന അറിയിപ്പോടെ എത്തുകയും ചെയ്യും. 
പല ചലച്ചിത്ര സംരംഭങ്ങളും നിര്‍മാണഘട്ടത്തില്‍ത്തന്നെ 'സാറ്റലൈറ്റ്‌ റൈറ്റ്‌' (സംപ്രേഷണാവകാശം) വില്‍ക്കപ്പെടുന്ന അവസ്‌ഥയിലാണ്‌. തീയറ്ററുകളില്‍ ഓടിയില്ലെങ്കിലും സംപ്രേഷണാവകാശം വിറ്റും വിതരണക്കാരില്‍നിന്ന്‌ അഡ്വാന്‍സ്‌ വാങ്ങിയുമൊക്കെ മുടക്കുമുതല്‍ ഊരിയെടുക്കാം എന്ന വാഗ്‌ദാനത്തില്‍ പ്രലോഭിപ്പിച്ചാണു പല പുതുമുഖ നിര്‍മാതാക്കളെയും വീഴ്‌ത്തുന്നത്‌. ചില പ്രമുഖ താരങ്ങളുടെ ചിത്രങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ്‌ റൈറ്റ്‌ഏകദേശം ഇങ്ങനെ: മമ്മൂട്ടി/മോഹന്‍ലാല്‍- രണ്ടുകോടി, പൃഥ്വിരാജ്‌- ഒന്നരക്കോടി, ജയസൂര്യ മുതല്‍പ്പേര്‍- 80 ലക്ഷവും അതില്‍ താഴോട്ടും. ഏതെങ്കിലും രീതിയില്‍ താരത്തിന്റെ ഡേറ്റ്‌ സംഘടിപ്പിക്കുന്ന നിര്‍മാതാവിനും സംവിധായകനുമൊക്കെ പിന്നെ ആ ചൊല്‍പ്പടിയില്‍ നില്‍ക്കുക എന്ന ചുമതലയേയുള്ളൂ. സാറ്റലൈറ്റ്‌ റൈറ്റിന്റെ നിയന്ത്രണം മിക്കവാറും താരങ്ങള്‍ക്കുതന്നെ. ആ തുക മിക്കവാറും അവരുടെ പ്രതിഫലമായി വരവുവയ്‌ക്കും.

സ്വന്തം ഇമേജ്‌, (എന്നു സ്വയം തെറ്റിദ്ധരിക്കുന്ന) സംരക്ഷിക്കാനായി നല്ല തിരക്കഥകളുടെ പോലും ഗതി മാറ്റിയെഴുതിക്കുന്ന താരാധിപത്യമാണ്‌ മലയാള സിനിമയുടെ ഇന്നത്തെ ഗതികേട്‌. താരങ്ങളും സംവിധായകരെ വരെ നിയന്ത്രിക്കുന്ന അവരുടെ കിങ്കരന്‍മാരും അങ്ങനെ ഈ കലയെ കൊല ചെയ്യുന്നു....

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |