Love you Pictures, Images and Photos

Friday, December 10, 2010

പ്രവാസം അഥവാ "മരണം"

മരണം എന്നും വേദനയോടെ ഓര്‍ക്കാന്‍ പറ്റുന്ന ഒരു സത്യം. ഉറ്റവരുടെ... വേണ്ടപ്പെട്ടവരുടെ... കൂടപ്പിറപ്പിന്റെ മരണം നമ്മില്‍ സൃഷ്ടിക്കുന്ന ആഘാതം അതിവേദനാജനകമാണ്.

നിഴല്‍പോലെ നമ്മോടൊത്ത് ഉണ്ടായിരുന്നവര്‍... തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍... ഒരുപാട് പ്രതീക്ഷകള്‍... അതിലേറെ സ്വപ്‌നങ്ങള്‍... വീട് നിര്‍മ്മാണം... മകളുടെ കല്യാണം... കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ചവര്‍... ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്... തന്റെ സ്വപ്‌നങ്ങളത്രയും... ഒരു കരയ്ക്കുമെത്താതെ ഈ ലോകം വിട്ടവര്‍...



വാഹനവുമായി പുറത്തുപോയ ആള്‍ തിരിച്ച് വരാതാവുമ്പോള്‍... വേര്‍പെട്ട് പോയ അവയവങ്ങള്‍ പെറുക്കികൂട്ടി ആസ്​പത്രിയിലെ മോര്‍ച്ചറിയില്‍... ഇങ്ങനെയെത്ര മരണത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍... നിര്‍നിമേഷനായി നോക്കി കണ്ടവരാണ് പ്രവാസികള്‍... രംഗബോധമില്ലാത്ത കോമാളിയെന്നും... വിധിയെന്നും... ഒക്കെ നമ്മള്‍ പറയാറുള്ള മരണം പ്രവാസികളില്‍ തീര്‍ക്കുന്ന വേര്‍പാട് ഒരുപാട് സങ്കടങ്ങളുടെയും വേദനിപ്പിക്കുന്നതിന്റെ അങ്ങേയറ്റവുമാണ്.

മരണം എന്നും... എല്ലാവര്‍ക്കും... നഷ്ടപ്പെടലിന്റെതാണ്. മരണവെപ്രാളത്തില്‍ ഒന്നുപിടയുമ്പോഴും ശ്വസിക്കുന്ന വായു... നിശ്ചലമാവുന്നു എന്നറിയുമ്പോഴും ആരാരുമില്ലാതെ... തന്റെ കട്ടിലില്‍ കറുത്ത ഇരുട്ടില്‍ മരണത്തിന്റെ കാല്‍സ്​പന്ദനം അടുക്കുമ്പോള്‍... നാം പരതിപോകുന്നത്... നമ്മുടെ ഉറ്റവരെയാണ്. പുറത്തേക്ക് വരാതെ ഉള്ളില്‍ വിങ്ങിപ്പോയ വിളി 'അമ്മേ' എന്നാണ്. ചുറ്റും കറുത്ത ഇരുട്ടില്‍ അവസാന നോട്ടം നോക്കുന്നത് മക്കളുടെ മുഖമാണ്... ഇല്ല... ആരുമില്ല... തൊട്ടടുത്ത് കിടക്കുന്ന പാകിസ്താന്‍കാരനെയോ... ബംഗാളിയെയോ വിളിക്കാന്‍ ആവുന്നില്ല... ഒരിറ്റുവെള്ളം എടുക്കാന്‍ പറ്റുന്നില്ല... ദൈവമേ എന്റെ മക്കള്‍, ദൈവമേ എന്റെ നാട്... ദൈവമേ ഇല്ല ഇനി ആര്‍ക്കും രക്ഷിക്കാനാവില്ല.

കുറച്ച് വര്‍ഷമെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്തവര്‍ക്ക് മനസ്സിലാക്കാന്‍പറ്റും...ഇവിടെ നടന്ന മരണങ്ങള്‍ നമ്മില്‍ എന്തൊക്കെ വിഷമങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്ന്. രാത്രി ഒരുപാട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കിടന്നയാള്‍ പിറ്റേന്ന് മരിച്ച് വിറങ്ങലിച്ച് കിടക്കുന്നത് കണ്ടുകൊണ്ട്... തൊട്ടടുത്ത റൂംമേറ്റ് ജോലിക്ക് പോകേണ്ടിവരുന്നതിന്റെ ധര്‍മ്മസങ്കടം. പിതാവ് മരിച്ചെന്ന് വിവരം നാട്ടില്‍ നിന്നെത്തിയിട്ട് ഒന്നു കരയാന്‍... ഒന്നു കിടക്കാന്‍ കഴിയാതെ.... മറ്റൊരാള്‍ വരുന്നതുവരെ... സെക്രട്ടറി ജോലി ചെയ്യേണ്ടിവന്ന ഒരു പെണ്‍കുട്ടിയെ എനിക്കറിയാം...
ഹാര്‍ട്ട് അറ്റാക്ക് വന്ന് മരണം മുഖാമുഖം കണ്ടുകൊണ്ട് കിടക്കുന്നവനെ ആസ്​പത്രിയില്‍ പോയി കൂട്ടിരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ... ബന്ധുക്കള്‍ ഉണ്ടായിട്ടും... ഒന്ന് വന്ന് കാണാന്‍ പറ്റാത്ത സ്ഥിതി. ഇവിടെ ജോലിയാണ് പ്രധാനം. കമ്പനിയുടെ നിയമങ്ങളും, ഉത്തരവുകളുമാണ്... അനുസരിക്കേണ്ടത്... അത് അനുസരിക്കേണ്ടിവരുന്നവര്‍ക്ക് മരണം സ്വന്തം നെഞ്ചിലേറ്റു വാങ്ങുന്ന വിങ്ങല്‍ മാത്രം.

ഇവിടെയുള്ള മരണങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യമുണ്ട്... ഒരാള്‍ മരിച്ചാല്‍ അത് നാട്ടിലറിയിക്കുന്നു... അന്നുമുതല്‍ അതൊരു മരണവീടാണ്... ഇവിടുത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ഡെഡ്‌ബോഡി വിടുവിക്കലിന് സമയമെടുക്കും. ഒരു വിദേശിയുടെ മരണം നിയമപരമായ നൂലാമാലകള്‍... എല്ലാം കഴിയുമ്പോഴേക്കും മൂന്ന് നാല് ദിവസമെടുക്കും. അതുവരെ നാട്ടില്‍ മരണം അതിന്റെ ഉച്ഛസ്ഥായില്‍ തന്നെ നില്‍ക്കുന്നു. പ്രവാസിയുടെ മറ്റൊരു ദുരോഗ്യം.

നാട്ടില്‍ എത്താന്‍ കഴിയാതെ വരുന്ന മൃതദേഹങ്ങള്‍ ഇവിടെത്തന്നെ സംസ്‌കരിച്ചാലും നാട്ടിലുള്ളവര്‍ക്ക് ഭാര്യയ്ക്കും മക്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല... മരിച്ചു എന്ന സത്യം എല്ലാവരും അംഗീകരിക്കുന്നെങ്കിലും ഉപബോധ മനസ്സില്‍ മൃതശരീരം കാണാത്തത് കാരണം മരിച്ചില്ല എന്ന തോന്നല്‍ എന്നും അലട്ടിക്കൊണ്ടിരിക്കും.

പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല... നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും... അറിയപ്പെടുന്നില്ല..

ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല... അവരുടെ കര്‍മ്മപഥത്തില്‍... ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം.
എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും. ഇവിടെ എത്തുന്നത് ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍... ഒരുപാട് ബാധ്യതകളും... ആഗ്രഹങ്ങളും... പൂര്‍ത്തീകരിക്കാനാവാതെ... മരണപ്പെടുക... കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ കാണുക... ജന്മം കൊടുത്ത മകനെ- മകളെ കാണാതെ... മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.

എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.

ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.

സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി ആ വിവരമാണ് പോലീസ് അറിയിച്ചത്.

ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |