Love you Pictures, Images and Photos

Monday, December 13, 2010

ആ രാത്രികള്‍...... ഓര്‍ത്തുനോക്കുമ്പോള്‍

Add caption

സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍ ആകാശം നോക്കി കിടക്കുകയാകും.പശ്ചാത്തലത്തില്‍ മനസ്സുമന്ത്രിക്കുംപോലെയാണ് പാട്ടെങ്കില്‍ അയാളുടെ ഓര്‍മ്മകള്‍ സ്‌ക്രീനില്‍ ഇതളൂര്‍ന്നു വീഴും.കെട്ടിപ്പിടുത്തങ്ങളില്‍ അഴിഞ്ഞുവീഴുന്ന മുടിക്കെട്ട്.ഉമ്മകളുടെ ഉപ്പുരസം.പിറകോട്ടു കറങ്ങുന്ന സൈക്കിള്‍ച്ചക്രം പോലെയുള്ള കാഴ്ചകള്‍.ഹാര്‍മോണിയക്കട്ടകളുടെ കരച്ചിലായിരിക്കും പാട്ടില്‍ മുഴുവന്‍.അതിനിടയിലെപ്പോഴോ ഒരു കല്യാണപ്പെണ്ണിനെയും നമ്മള്‍ കാണും.അത് അയാളോടൊപ്പം ആ പാട്ടിലെവിടെയോ സൈക്കിളിന്റെ കൈത്തണ്ടയിലിരുന്ന് ചിരിച്ച പെണ്‍കുട്ടിയായിരുന്നു.

പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടവന്റെ രാത്രി എപ്പോഴും സിനിമയില്‍ ഇങ്ങനെയൊക്കയായിരുന്നു.സുമംഗലിമാര്‍ക്ക് സ്വപ്‌നത്തിലെങ്കിലും ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് അവര്‍ പാടിയത്.മലയാളത്തിലെ എക്കാലത്തേയും സങ്കടനനവുള്ള വിരഹഗാനങ്ങള്‍ അങ്ങനെയുണ്ടായി.നാളെയെന്ന ദുരന്തത്തെനോക്കിയാണ് അവര്‍ പാടിയത്.പിറ്റേന്ന് നഷ്ടപ്പെടുവാനുള്ളതിന്റെ നോവുനിറഞ്ഞ വരികള്‍.

ജീവിതത്തില്‍ ഇങ്ങനെയെത്ര തലേദിവസരാവുകള്‍.പുലര്‍ന്നുകഴിയുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയുമായി നിമിഷങ്ങളെണ്ണിയെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ നിശകള്‍. ആ രാത്രിയില്‍ വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളും.കാലവര്‍ഷം കണക്കെ ഉള്ളില്‍ കരച്ചില്‍ വരും.കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞ് ഒടുവില്‍ ഏതോയാമത്തില്‍ ഉറങ്ങിപ്പോകും.വേദനയുടേയും ഭയത്തിന്റേയും ഉദ്വേഗത്തിന്റേയും ഇരുട്ടാണ് അന്ന് കരിമ്പടമായി വാരിപ്പുതച്ചത്.

ആദ്യമായി അങ്ങനെയൊന്ന് സംഭവിച്ചത് എസ്.എസ്.എല്‍. സി പരീക്ഷയുടെ തലേന്നായിരുന്നു.മനസ്സില്‍ കുട്ടിക്കാലത്തിന്റെ അസ്തമയം കൂടിയായിരുന്നു അത്.പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നതോടെ കാലം കൗമാരത്തിന്റെ കടലുകാണിച്ചുതരും. മനസ്സില്‍ കടലാസുവഞ്ചികള്‍ മുങ്ങിപ്പോകുകയും വലിയ വികാരങ്ങളുടെ നൗകയുലയുകയും ചെയ്യും.വലുതാകുന്നതിന്റെ ആദ്യ കടമ്പയായിരുന്നു ആ പരീക്ഷ.തുഴഞ്ഞു തീര്‍ക്കാനുള്ളത് എത്രയോ വലിയ ആഴങ്ങളാണെന്ന അറിവാണ് അന്ന് ഉറക്കം കളഞ്ഞത്.

മലയാളമായിരുന്നു എന്നും ആദ്യം.ക്ലാസ്സിലെ ഇരിപ്പുപോലെയായിരുന്നു ഓരോരുത്തര്‍ക്കും ആ രാത്രി.മുന്‍ബഞ്ചുകാര്‍ നേരത്തേയുറങ്ങാന്‍ കിടക്കും.എല്ലാം മനപ്പാഠമാക്കിയതിന്റെ ശാന്തതയുണ്ടാകും അവരുടെ മുഖത്ത്. എങ്കിലും മാര്‍ക്കിനെക്കുറിച്ചുള്ള ആധി ഒരുവേള കൊതുകിനെപ്പോലെ മൂളിപ്പറക്കും.അപ്പോഴവര്‍ പദ്യശകലങ്ങള്‍ ഒന്നുകൂടി ചൊല്ലിനോക്കും. മച്ചിലേക്ക് നോക്കി പ്രാര്‍ത്ഥിക്കും.

രണ്ടാമൂഴക്കാരന്റെ വെപ്രാളത്തിലായിരിക്കും തൊട്ടു പിന്നിലുള്ള ബഞ്ചുകാര്‍.രാത്രിയേറെക്കഴിയുമ്പോഴും അവരുടെ കാലുകള്‍ മേശയ്ക്കു കീഴിലെ പാത്രത്തില്‍ തന്നെ.പക്ഷേ വെള്ളത്തിന്റെ തണുപ്പ് തലയിലേക്ക് കയറില്ല.അത് അടുപ്പുപോലെ പുകയുകയായിരിക്കും.അടുക്കളയില്‍ അപ്പോള്‍ അമ്മയുടെ കട്ടന്‍കാപ്പി തിളയ്ക്കും.വൃത്തങ്ങളാണ് അവരെ വട്ടം കറക്കുക.ഒരിക്കലും ലക്ഷണമൊക്കാത്ത പെണ്‍കുട്ടികളെപ്പോലെ മഞ്ജരിയും കളകാഞ്ചിയും കളിയാക്കിച്ചിരിക്കും.കിടന്നാലും നെഞ്ച് നതോന്നതയുടെ താളത്തില്‍ പിടയ്ക്കും.

പിന്‍ബഞ്ചുകാരുടെ പഠനം ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ അലസവായനയായിരുന്നു. പാരലല്‍കോളേജുകളുടെ ഗന്ധം പാതിരാക്കാറ്റില്‍ അവര്‍ക്കുകിട്ടി.അതുകൊണ്ട് പത്തുമണിയോടെതന്നെ അവര്‍ പടം മടക്കി.കണ്ണുകളും പുസ്തകത്താളുകളും ഒരുമിച്ചടഞ്ഞു.
ജീവിതത്തില്‍ പിന്നെ എത്രയോ പരീക്ഷകള്‍.പക്ഷേ അവയുടെ തലേന്നൊന്നും ഇത്രമേല്‍ പേടിച്ചില്ല,കരഞ്ഞില്ല,നേരംവെളുക്കുന്നതും കാത്തുകിടന്നില്ല.

പക്ഷേ ഏറ്റവും വികാരഭരിതമായ രാത്രികള്‍ പുലരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.ആദ്യമായി മദ്യപിച്ചതും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും അര്‍ഥമില്ലാത്തതാണ് ഇനിയുള്ള പ്രഭാതങ്ങള്‍ എന്നു നിനച്ചതുമായ നിമിഷം പില്‍ക്കാലമുണ്ടായി.ഇരയുടെ വേദന ആ ഇരവറിഞ്ഞില്ല.അത് കാമുകിയുടെ കല്യാണത്തലേന്നായിരുന്നു.

ജാലവിദ്യയിലെന്നപോലെ ഒരാളെ പൊടുന്നനെ ഇല്ലാതാക്കിയ ഐന്ദ്രജാലികനായിരുന്നു ആ രാത്രി.ചിലര്‍ ഒരു കയറിലൂടെ അപ്രത്യക്ഷരായി.കുറേപ്പേര്‍ സര്‍പ്പദംശനമേറ്റെന്ന കണക്കെ വിഷത്താല്‍ നീലിച്ചു.നിലവിളിയെ തീവണ്ടിയുടെ ചൂളംവിളിയില്‍ അലിയിച്ച് രണ്ടായി മുറിഞ്ഞുപോയവരുമുണ്ടായിരുന്നു.ആത്മഹത്യയുടെ കണക്കുപുസ്തകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഹാജര്‍ പറഞ്ഞത് പ്രണയി മറ്റൊരാളുടേതാകുന്നതിന്റെ തലേദിവസമായിരുന്നു.

അവര്‍ ദുര്‍ബലരായിരുന്നു.മരണദിനത്തിന്റെ മണിമുഴക്കം കേള്‍ക്കുന്നു എന്നെഴുതിയ കവിയെപ്പോലുള്ളവര്‍.സ്വയം ഇല്ലാതാകാന്‍ കൂട്ടാക്കാതിരുന്നവര്‍ ആരെങ്കിലും കൊന്നെങ്കില്‍ എന്നാഗ്രഹിച്ച് നെരിപ്പോടുപോലെയെരിഞ്ഞു.മദ്യക്കുപ്പികളിലായിരുന്നു അവര്‍ മുങ്ങിച്ചത്തത്.ഒരിക്കലും പകല്‍വെളിച്ചം കടന്നുവരാത്ത ബാറുകളിലെ ഇരുട്ടില്‍ ആരും കാണാതെ കരഞ്ഞവര്‍. മഞ്ഞനിറമുള്ള രാത്രിയെ അഭയംപ്രാപിച്ചവര്‍.ഇത്തരം നഷ്ടരാവുകളുടെ കൂട്ടവിലാപങ്ങള്‍ കേട്ട മറ്റൊരിടമായിരുന്നു കോളേജ്‌ഹോസ്റ്റലുകള്‍.മദ്യപാനത്തില്‍ പലരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത് അത്തരം ദിവസങ്ങളിലാണ്.ഒരു ഛര്‍ദ്ദിയുടെ ഒപ്പം ഹൃദയത്തില്‍ നിന്ന് പ്രണയം അവിടെത്തെ തറകളിലേക്ക് പരന്നൊഴുകി.

ഇതിനൊന്നും കഴിയാതിരുന്നവര്‍ പുഴമണലില്‍പോയി മലര്‍ന്നുകിടന്നു.അമ്മയുടെ മടിത്തട്ടുപോലെ അവിടം അവരെ ആശ്വസിപ്പിച്ചു.നാളെയെന്ന് ആലോചിച്ചപ്പോള്‍ നിലാവ് ചിരിച്ചുകാണിച്ചു.പാതിരാവേറും വരെ ആകാശപ്പുതപ്പിനടിയില്‍ അവര്‍ മലര്‍ന്നുകിടന്നു.ഇടയ്ക്ക് തിരിഞ്ഞ് മുഖം പൂഴ്ത്തിയപ്പോള്‍ മണ്ണുനനഞ്ഞു.മനസ്സ് തണുത്തു.

പേടിയും ദു:ഖവും പോലെ ആകാംക്ഷയുടെ നക്ഷത്രങ്ങള്‍ കാട്ടിത്തന്ന തലേദിവസങ്ങളുമുണ്ടായിരുന്നു.തൊഴില്‍ രഹിതനെന്നും അവിവാഹിതനെന്നുമുള്ള എന്ന വിളിപ്പേരുകള്‍ അവസാനിച്ച അര്‍ദ്ധരാത്രി.ജോലികിട്ടി ആദ്യമായി നാടുവിട്ടുപോകുന്നതിന്റെ തലേന്ന് ഏറെ രാത്രിയാകും വീട്ടിലെത്താന്‍.കലുങ്കിലെ അവസാനവൈകുന്നേരം.നാളെ മുതല്‍ ഇല്ലാതാകുന്ന സ്വാദുകളുടെ ഒടുവിലത്തെ തുള്ളിയും ഊറ്റിക്കുടിക്കല്‍.അന്നത്തെ അത്താഴത്തിന് വല്ലാത്ത രുചിയാകും.വിളമ്പുമ്പോള്‍ അമ്മ നേര്യതിന്റെ തുമ്പ്‌കൊണ്ട് കണ്ണുതുടയ്ക്കും.അച്ഛനപ്പോള്‍ ഒന്നും മിണ്ടാതെ ഉമ്മറത്തുണ്ടാകും.പക്ഷേ ആ മനസ്സ് പലതും സംസാരിക്കുന്നുണ്ടായിരുന്നു.ബാഗിലേക്ക് തുണികള്‍ അടുക്കിവയ്ക്കുന്നത് കാണാന്‍ അവര്‍ രണ്ടും വരില്ല.അടുക്കളയില്‍ അച്ചാറുകള്‍ അടുക്കിവയ്ക്കുകയാകും.തേച്ചുവച്ച അവസാന ഷര്‍ട്ടും മടക്കിയൊതുക്കുമ്പോള്‍ രാത്രിയുടെ ഉടയാട ചുളിഞ്ഞുതുടങ്ങിയിട്ടുണ്ടാകും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാവിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ തികട്ടിവരും.അത്രയും കാലം എത്രയോ സ്വപ്‌നങ്ങള്‍ തന്ന കിടക്കയില്‍ ഇനിയുറങ്ങാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ശരശയ്യയിലെന്നപോലെ നോവിക്കും.ഈ രാത്രി പുലരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നത് അപ്പോഴാണ്.

വിവാഹത്തിന്റെ തലേരാവ് പക്ഷേ മോഹിപ്പിക്കും.നെഞ്ചിടിപ്പ് കൂട്ടും.പിറ്റേന്ന് മുതല്‍ ഒപ്പം ഒരാള്‍ കൂടിയുണ്ടാകും എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയില്‍ ആകെയുലയും.പിന്നെയും പിന്നെയും ആലോചിച്ചുനോക്കുമ്പോള്‍ അറിയാതെ ചിരിച്ചുപോകും.അമീബയുടേതുപോലുള്ള പ്രക്രിയയാണത്.ഒരാള്‍ പെട്ടെന്ന് രണ്ടാകുന്നു.അത്രയും കാലം ഒറ്റയ്ക്ക് ജീവിച്ച ഒരാളിലേക്ക് ആ രാത്രിക്കുശേഷം ജീവിതാവസാനം വരേയ്ക്കുമായി മറ്റൊരാള്‍ ഒട്ടിച്ചേരുന്നു.ഒന്നായ നമ്മള്‍ രണ്ടെന്നുകാണുമ്പോഴുള്ള ഇണ്ടല്‍.

അവധിക്കു വന്നു മടങ്ങുന്നതിന്റെ തലേദിവസം രാത്രിയില്‍ പ്രവാസികളുടെ മനസ്സില്‍ എന്താകും?എങ്ങനെയാണ് നാട്ടിലെ (ജീവിതത്തിലെയും) ഒരു നല്ല പകുതിയുടെ അവസാനം അവര്‍ എങ്ങനെയാണ് ചെലവഴിക്കുക? ഭാര്യയേയും കുഞ്ഞുങ്ങളേയും വാരിപ്പുണര്‍ന്ന് കിടക്കുമോ..ജോലി രാജിവച്ചാലോയെന്ന് ആലോചിക്കുമോ...സൂര്യന്‍ മരിച്ചുപോയെങ്കിലെന്ന് ആശിക്കുമോ...

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |