"ഹലോ...നാട്ടിലേക്കായിരിക്കും?"
അല്ല ചൂണ്ടയിടാന്‍ പോവാ.ബാംഗ്ലൂറില്‍ നിന്നും കോട്ടയത്തിനുള്ള കര്‍ണാടകക്കാരന്റെ ഈ ടീലക്സ് ബസില്‍ കയറി ഇരിക്കുന്നത് പിന്നെ നാട്ടിലേയ്ക്ക് പോകാനല്ലാതെ കടലിലേയ്ക്ക് പോവാനാണോടേ..ഇവനാരെടാ..
"അതെ.."
"ഐ ആം ചാക്കോ.ചാക്കോ വര്‍ഗീസ്..കോട്ടയം,ഇവിടെ എന്തു ചെയ്യുന്നു?"
കോട്ടയം ഇവിടെ എന്തു ചെയ്യുന്നന്ന് സത്യമായിട്ടും എനിക്കറിയില്ല.എന്നോട് പറഞ്ഞിട്ടില്ല..
"പഠിക്കുവാ"
"ഓ,സ്റ്റുഡന്റാ ല്ലേ..എന്തിനാ പഠിക്കുന്നേ??"
തേങ്ങയിടാന്‍.അല്ല പിന്നെ.
"വെറുതേ ഒരു രസത്തിനു പഠിക്കുവാ...വീട്ടിലിരുന്നാ ബോറാ.സമയം പോവില്ല.അതാ.."
"ഹഹഹ...തമാശക്കാരനാണല്ലോ..ഐ ലൈക് ദാറ്റ്"
"തമാശയല്ല ഞാന്‍ സീര്യസായിട്ട് പറഞ്ഞതാ..ചേട്ടനെന്താ പരിപാടി?"
"ബിസിനസ്സാ...ടെക്സ്റ്റയില്‍സ്..ടെന്‍ഷന്‍സ് പ്രോബ്ലംസ്.ഹൊ"
മനസിലായി..മ്മടെ മറ്റേ പത്ത് രൂഫയ്ക്ക് 4 എണ്ണം കേസ്...ചുവന്ന ജട്ടി..അതിനെന്തിനാണാവോ ഇത്ര ടെന്‍ഷന്‍.അത് ഉപയോഗിക്കുന്നവനല്ലേ ടെന്‍ഷന്‍ വേണ്ടത്.മഴ നനഞ്ഞാല്‍ കളറിളകൂല്ലീ? ഓ,ചന്തയിലെ കോംപറ്റീറ്റേര്‍സ് ആയിരിക്കും..
"തുണികച്ചവടമാ ല്യോ?"
ചോദ്യം പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല.എന്നാലെങ്കിലും 'മിണ്ടൂല്ല ഞാന്‍ ചണ്ടയാ'എന്നും പറഞ്ഞ് ഒന്ന് ഇരുന്നിരുന്നെങ്കില്‍. ഹോസ്റ്റലില്‍ ഓണമായിട്ട് 'ഫുള്‍' പരിപാടി ആയിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് ദിവസം തീരെ ഉറങ്ങിയിട്ടില്ല.ഭയങ്കര ക്ഷീണം.മര്യാദയ്ക്കൊന്ന് ഉറങ്ങാന്‍ വേണ്ടിയാ ഡീലക്സ് ക്ണാപ് ബുക്ക് ചെയ്തത് തന്നെ.അപ്പൊ ഇതുപോലെ ഓരോ കുരിശ് വന്ന് കയറിക്കോളും.പോരാത്തതിന് പൂരഫിറ്റും.
"എനിക്ക് കോട്ടയത്ത് ഒരു ഷോപ് ഉണ്ട്"
ഷോപ് ഉള്ളവനോട് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല.ഷാപ്പായിരുന്നേല്‍ ഒരുമ്മ തന്ന് ഞാന്‍ സംസാരിച്ചേനെ....
"കച്ചോടം ഒക്കെ ഉണ്ടല്ലൊ ല്ലേ?"...
"ഓ ,കുറവാ.."..
ഓ.കുറവനോ?കോട്ടയത്തൊക്കെ കുറവന്‍മാര്‍ക്ക് ഇനിഷ്യലും ഉണ്ടോ!.അപ്പൊ നായര്‍ക്കോ?.അപ്പോഴേയ്ക്കും ബസ് മജെസ്റ്റിക് സ്റ്റാണ്ടില്‍ നിന്നും നീങ്ങി തുടങ്ങിയിരുന്നു.ഇനിയെങ്കിലും സ്വസ്ത്ഥമായിട്ട് ഉറങ്ങണം.നാളെ തിരുവോണമായിട്ട് ഫ്രെഷ് ആയി വീട്ടിലെത്തണം എന്ന് കരുതി കണ്ണടച്ചപ്പോഴേയ്ക്കും ജട്ടിബിസിനസ്സ്‌കാരന്റെ അടുത്ത ചോദ്യം വന്ന്.
"ഇവിടെ നല്ല സുന്ദരി പെണ്ണുങ്ങളുണ്ടല്ലേ..ഹിഹി"?
ങാഹാ,റൂട്ട് ആ വഴിയ്ക്കായോ?ഞാനെന്ത്രാ മാമയാ!?..കണ്ടാല്‍ പത്ത് നാല്‍പ്പത്തഞ്ച് വയസുണ്ട്.മകന്റെ പ്രായമുള്ളവനോട് ചോദിക്കാന്‍ കൊള്ളാവുന്ന ചോദ്യമാന്നോടേ ഇത്..ഹല്ലേ..
"അല്ല,ഓണമായിട്ട് അച്ചായന്‍ തുണി ചരക്കെടുക്കാന്‍ വന്നതാണോ അതോ തുണി അഴിക്കുന്ന ചരക്കിനെ എടുക്കാന്‍ വന്നതാണോ"?
"നോ നോ..ഞാന്‍ ജസ്റ്റ് ചോദിച്ചെന്നേയുള്ളൂ.ഐ ആം മാരീഡ് യൂ നോ.പിന്നെ ഇതൊക്കെ ഒരു രസമല്യോ.ഹിഹി"..
അപ്പ,അതാണ്...വീട്ടിലെ ചായക്ക് ഇപ്പൊ പഴയപോലെ കടുപ്പം പോരാ...മനസിലായി..ഗൊച്ചുഗള്ളന്‍..
"സുന്ദരി പെണ്ണുങ്ങളൊക്കെയുണ്ട്.പക്ഷേ അവളുമാരുടെ ചെരുപ്പിന്റെ ഹീല്‍സില്‍ ഒരു കണ്ണു വേണം.അല്ലെങ്കില്‍ ചിലപ്പൊ കവിളില്‍ ഓട്ട വീഴും."
"ബാംഗ്ലൂര്,നല്ല ട്രാഫിക്കാ ല്ലേ"?
ട്രാഫിക്ക മാത്രമല്ല മൊയ്ദുക്ക,നാസര്‍ക്ക,വാഴയ്ക്ക ഒക്കെയുണ്ട് .ക്ഷീണം കാരണം ഒന്നുറങ്ങി വരുമ്പോഴേയ്ക്കും ഇയാള് ഒരുമാതിരി ഊ..ഊഞ്ഞാലാടണം വീട്ടില്‍ ചെന്നിട്ട്..
"ഉം..."
"ഒരുപാട് വാഹനങ്ങള്‍ ഉള്ളതുകൊണ്ടാവും?"..
അല്ലാ ഒരുപാട് ചക്ക ഉള്ളതുകൊണ്ടാ..ഇങ്ങേര്‍ക്കിതെന്തിന്റെ കേടാണോ....
"ശ്ശ്..നമ്മുടെ മുന്നിലെ സീറ്റില്‍ ഇരിക്കുന്നതേ എമണ്ടന്‍ രണ്ട് പീസുകളാ..ശ്രദ്ധിച്ചാരുന്നോ..ഹിഹി"?
ദൈവമേ,ഓള്‍ഡ് മാന്‍ വിത് എ യങ് ഹാര്‍ട്ട്! ഇയാള്‍ ശരിയാവൂല്ല.!.എമണ്ടന്‍ പീസുപോലും.പത്ത് മുപ്പത്തെട്ട് വയസുള്ള ആന്റിമാര്,അവരെ കണ്ണടച്ച്‌പിടിച്ച് നോക്കിയാല്‍ പോലും പീസായിട്ട് തോന്നൂല്ല.അപ്പഴാ...ക്ണാപന്‍.
"ചേട്ടാ,ചേട്ടന്റെ പ്രായത്തിന് അവര്,പീസായിരിക്കും.എന്നെ വിട്ടേക്ക്."
"അനിയന് ലേഡീസ്പീസുകളോട് ഇന്‍ട്രസ്റ്റ് ഇല്ലേ?".
ഇല്ല.എനിക്ക് ചിക്കന്‍ പീസുകളോടാണ് കൂടുതല്‍ ഇന്‍ട്രസ്റ്റ്.അതും ആസ് ടച്ചിങ്ങ്‌സ് ഒള്ളി.
"ബസ്സിലിരിക്കുന്ന പീസുകളോട് വല്ലാത്ത ഇന്‍ട്രസ്റ്റ് കാണിച്ചാല്‍ ചിലപ്പൊ റെസ്റ്റ് ഇന്‍ പീസ് ആവും ചേട്ടാ.അതെനിക്ക് ഇപ്പൊ വയ്യ.അതോണ്ടാ".
"വാട്ട് മാന്‍?ഈ ഏജിലല്ലേ ഇതൊക്കെ വേണ്ടെ..ങേ"?
ഇങ്ങേരിത് ഒരു നടയ്ക്ക് പോവില്ല.ഷുവര്‍...
"ഈ ഏജില്‍ 'ഇതൊക്കെ'കാണിച്ചാലേ ചിലപ്പൊ ചേട്ടന്റെ ഏജ് ആകുമ്പൊഴേയ്ക്കും എന്റെ ഇരുപത്തന്ചാമത്തെ ഡെത് ആനിവേഴ്സറി വിപുലമായ പരിപാടികളോടെ ഞാന്‍ തന്നെ ആഘോഷിക്കേണ്ടി വരും.അത് ഭയങ്കര ചിലവാ"
"എനിക്ക് ഇതൊക്കെ വല്യ താല്‍പര്യമാ..ഹിഹി"
ആണല്ലേ?#$%^മോന്‍,എന്തുപറഞ്ഞാലും അയാടെ ഒരു കികി..ഡേഷ്.പിടിച്ച് മുരിക്കേല്‍ കയറ്റണം.
"എനിക്കും താല്‍പര്യമൊക്കെയാ..പക്ഷേ ഇവര്,ഏജ് ഓവറാ അണ്ണാ.അതാ"
"ഞാനൊന്ന് മുട്ടട്ടെ"?..
മുട്ടട്ടയോ..അതേത് അട്ട? തള്ളേ! മുട്ടാനോ..മിക്കവാറും ഇയാളെ കൊണ്ട് ആ പെണ്ണുങ്ങള് മുട്ടയിടീക്കും.നല്ല തട്ടും വാങ്ങും,എന്നോടെന്തിനാണോ ഇങ്ങേര്, ഇതൊക്കെ ചോദിക്കുന്നേ?.ഇതിപ്പൊ ഞാനും പെടുമല്ലോ കൃഷ്ണാ.
"വേണ്ട ചേട്ടായി,നിങ്ങള്‍ ഫിറ്റാ.അവര്,പ്രശ്നമുണ്ടാക്കും"
"ഹലോ സിസ്റ്റര്‍,നാട്ടിലെവിടെയാ..യേ"?
കര്‍ത്താവേ,ദേ,മുട്ടി!
ഇങ്ങേര്,ഇത്ര പെട്ടന്ന്.! പറഞ്ഞ് തീരുന്നേന് മുന്‍പ് മുട്ടാന്‍ താനാരാ മുട്ടത്ത് വര്‍ക്കിയോ?
"അറിഞ്ഞിട്ടിപ്പെന്തിനാ?സ്റ്റുപ്പിഡ്സ്"
സ്റ്റുപ്പിഡ്സ്!.സിങ്കുലറല്ല..പ്ലൂറലാ..അപ്പൊ എന്നേയും ഇങ്ങേര്ടെ കൂട്ടത്തില്‍ കൂട്ടി..പണി ആയി..
"ഹൊ,അവള്ടെ ഒരു ജാഡ,ചൂടായി.ഹിഹി"
ഈശോ,ചീത്ത വിളിക്കുമ്പോഴും കികിയോ!..
"ശ്ശ് നിന്റെ മുന്നിലിരിക്കുന്ന ആ ബ്ലൂ സാരി പാവമാണെന്നാ തോന്നുന്നേ.നീ അവളോട് പേരെന്നാന്ന് ചോദിക്ക്"
ചേട്ടന്‍ കംപ്ലീറ്റ്ലി ബ്ലൂവാ ല്ലേ?ഇങ്ങേരിതെന്നേം കൊണ്ടേ പോകൂ.
"ചേട്ടാ ഒന്ന് ചുമ്മാരി പ്ലീസ്.വെറുതേ പ്രശ്നങ്ങളൊണ്ടാക്കല്ല്.എനിക്ക് വയ്യ..ബസിലിരിക്കുന്ന എല്ലാരും കൂടെ കയറി മേയും."
"എന്നാ പിന്നെ ഞാന്‍ ചോദിക്കാം ല്ലേ,ഹിഹി?"
'ദേ,എനിക്കെന്റെ കൊണം വരുന്നുണ്ട്.പ്രായം ഒന്നും ഞാന്‍ നോക്കൂല്ല.അടിച്ച് നിന്റെ പേത്ത ഞാന്‍ തിരിക്കും കേട്രാ,കഴുവേര്‍ടെ മോനേ'എന്ന് പറഞ്ഞാലോ എന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്കും പുള്ളീടെ അടുത്ത ആക്രമണവും കഴിഞ്ഞിരുന്നു..സോ ഫാസ്റ്റ്..
"ഹലോ സിസ്റ്റര്‍.കോട്ടയത്തേക്കാണോ?"
പൊന്ന് ദൈവമേ എന്റെ ലിപ്പറത്തെ സീറ്റില്‍ തന്നെ എന്തിന് നീ ഈ കുരിശിനെ കൊണ്ടിരുത്തി?പെങ്ങളേന്ന് വിളിച്ച് പോക്രിത്തരം കാണിക്കുന്നോരാളെ ഞാന്‍ ആദ്യം കാണുവാ..ലവള് തിരിഞ്ഞ് എന്നെ ഒരു നോട്ടം! ഞാനോ?യ്യൂ! അമ്മച്ചിയാണ ചേച്ചീ ഞാനല്ല.ദേ ഈ ഇരിക്കുന്ന പോത്താ അത് ചോയിച്ചെ...
"ആ കുട്ടി വിചാരിച്ച് നീയാ ചോദിച്ചേന്ന്,ഹിഹി"
ടാ പന്നേ...ഇയള്!അയ്യപ്പാ,ഓണത്തല്ല് കര്‍ണാടക സ്റ്റേറ്റ് വിടുന്നതിന് മുന്‍പ് നടക്കുവോ?.മരിച്ചതിനു ശേഷം ഓണം ഉണ്ണാന്‍ ഒരു ടേസ്റ്റും കാണില്ല.ഏത് സമയത്താണോ എനിക്ക് നാട്ടില്‍ പോവാന്‍ തോന്നിയേ...
"ചേട്ടാ,കാല് ഞാന്‍ പിടിക്കാം അലമ്പുണ്ടാക്കരുത്..നിങ്ങടെ പ്രായം വച്ച് അവര്, ചിലപ്പോ തെറ്റിദ്ധരിക്കില്ല.പക്ഷേ എന്റെ ജന്മനായുള്ള സമയധോഷം വച്ച് നിങ്ങള്‍ ഇവിടിരുന്ന് എന്ത് പോക്രിത്തരം കാണിച്ചാലും അടി ഞാന്‍ വാങ്ങിച്ച് കെട്ടും.പ്ലീസ്."
"ഡോണ്‍ഡ് വറി മാന്‍.എന്നാത്തിനാ ഇത്ര പേടി?.ഇവളുമാരുടെ കുടുംബം വാങ്ങാനെനിക്ക് പറ്റും.അറിയാവോ"?
ഈ പോക്കാണേല്‍ താന്‍ തന്റെ കുടുംബം ഇനി കാണൂല്ല..ഷുവര്‍.
"അന്നാ നിക്കോള്‍ സ്മിതിനെ അറിയാമോ"?
ആരാണാവോ ഇനി ഈ മൂന്ന് പേര്,?
"ഞങ്ങള്ടെ അടുത്തുള്ള പള്ളിയിലെ നിക്കോളാസ് അച്ചന്റെ പെങ്ങള്‍ അന്നാമ്മ ചേട്ടത്തിയെ എനിക്കറിയാം.അവരത്രക്ക് സ്മൂത്തല്ല"..
"സ്മൂത് അല്ലനിയാ.സ്മിത്.അന്നാ നികോള്‍ സ്മിത്.ഒരു സ്വയമ്പന്‍ മൊതലാരുന്നു.മദാമ്മയാ..അവരുടെ ഫിഗറുപോലാ നിന്റെ മുന്നിലിരിക്കുന്നാ ആ നീല സാരി"
ഇങ്ങേരെകൊണ്ട് ഞാന്‍ തോറ്റ്!.അവരുടെ ഫിഗര്‍ ഇങ്ങനെ എത്തി വലിഞ്ഞ് നോക്കി വെള്ളമിറക്കിയിരുന്ന് ഇങ്ങേര്,വല്ല ഉടായിപ്പും കാണിച്ചാല്‍ മാറുന്നത് എന്റെ ഫിഗറും കൂടെ ആയിരിക്കും.താങ്ങൂല്ല..ഇയാള് ഓവറായി വരുവാ.ചായക്ക് ബസ് നിര്‍ത്തുമ്പോള്‍ കണ്ടക്ടറോട് പറയണം.സീറ്റെങ്കിലും മാറി ഇരിക്കാന്‍ കഴിഞ്ഞാലോ.ബസ് ഹോസൂര്‍ കഴിഞ്ഞപ്പോള്‍ എവിടെയോ നിര്‍ത്തി.ഞാന്‍ കണ്ടക്ടറുടെ അടുത്തേയ്ക്ക് നടന്നു...
"ഗുരോ,നമസ്കാര"(കന്നഡക്കാര്‍ പരസ്പരം 'അളിയാ ടേയ്'എന്ന് വിളിക്കുന്നതിന് പകരം ഗുരോന്നാ വിളിക്കുന്നേ.അപ്പൊ മ്മളും മോശമാവാന്‍ പാടില്ലല്ലോ..യേത്!)
"ഏന്‍ സാര്‍,ഏന്‍ ബേക്കു"?
അതെ,അതന്നെയാണ് പ്രശ്നം.ഒരു കഴുവേറി കാരണം 2 സ്ത്രീകള്‍ മിക്കവാറും എന്നെ ബേക് ചെയ്യും.
"ഏനില്ല.അല്ലി...ഇല്ലി"...പുല്ല് കന്നട പറയാന്‍ എനിക്ക് പറ്റുന്നില്ലല്ല്.അറിയാത്തത്കൊണ്ടായിരിക്കും(?!)...
"ആപ് കൊ ഹിന്ദി മാലും?"
"ഗൊത്തില്ല,യാകെ?ഏനായിത്തപ്പാ?"..
ഏത്തയ്ക്കാപ്പോ!നോ.താങ്ക്സ്.അല്ല അങ്ങനൊന്നും ഇല്ല..മറ്റേ..അത് പിന്നെ..ശ്ശൊ.വേണ്ടാരുന്നു.ഇവന്‍ തനി കന്നടയാ.പറഞ്ഞു മനസിലാക്കികൊടുക്കാന്‍ പറ്റില്ല.ഈ കന്നഡകാര്‍ക്ക് മലയാളം സംസാരിച്ചൂടെ.കണ്‍ട്രീസ്..അപ്പോഴേയ്ക്കും ചാക്കോ വര്‍ഗീസ് കോട്ടയം വന്ന് എന്റെ തോളില്‍ കൈ ഇട്ടു..
"ഹലോ,ഇവടെ എന്നാ ചെയ്യുവാ..മൂത്രം ഒഴിച്ചോ?"
ഇല്ലെങ്കില്‍ ഇയാള് ഒഴിപ്പിക്കുവോ?വൃത്തികെട്ടവന്‍.ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തുമ്പോ ചായ കുടിച്ചോന്നല്ലേടോ ആദ്യം ചോദിക്കണ്ടെ?.അല്ലാതെ പെടുക്കുന്ന കാര്യമാണോ!..കോട്ടയത്ത്‌കാരുടെ മാനം കളയാനായിട്ട്..
"അതേ,ശ്ശ്,ഞാന്‍ പോയി ഒരു പെഗ് വിട്ട് വരാമേ,നീ അടിക്കുന്നോ"?
ആദ്യം എനിക്ക് അടികിട്ടാതിരിക്കാനുള്ള വഴി നോക്കട്ടെ..
"ഇല്ല,ചേട്ടന്‍ പോയി വാ.പെട്ടന്ന് വരണേ.ബസ് മിസാവും"
ദൈവമേ ഇങ്ങെര്‍ക്ക് ബസ് മിസ് ആയാല്‍ ഞാന്‍ നാളീകേരം കൊണ്ട് നിര്‍മിച്ച ഒരു തേങ്ങ ഉടച്ചേക്കാമേ..എല്ലാവരും തിരിച്ച് ബസില്‍ കയറി.ചാക്കോ ചേട്ടനെ മാത്രം കാണുന്നില്ല.ബസ് മിസായത് തന്നെ.അങ്ങേര്‍ക്ക് ബസ് മിസ് ആയാല്‍ മുന്‍പിലിരിക്കുന്ന മിസിസ്സുമാര്‍ രക്ഷപെട്ടു..വണ്ടിയിലെ ആള്‍കാരെ എണ്ണി കണ്ടക്ടര്‍ തിരിച്ചു വന്നപ്പോഴേക്കും ദോ വന്ന് കയറി ആ റെയര്‍ സാധനം..ദൈവത്തിന് ഇപ്പൊ എന്നെ തീരെ വിശ്വാസമില്ലാതായിരിക്കുന്നു.തേങ്ങയുടെ പേര്,പറഞ്ഞ് ദൈവത്തിനെ പോലും പറ്റിക്കാന്‍ കഴിയാത്ത കാലം.കലികാലം തന്നെ.. ഞാന്‍ പുള്ളി വരുന്നത് കണ്ട് കണ്ണടച്ചിരുന്നു.ഉറങ്ങീന്ന് വിചാരിച്ചോട്ടെ.പിന്നെ ശല്യം ചെയ്യൂല്ലല്ലോ..യേത്?
"അനിയാ,ഉറങ്ങുവാന്നോ,ഇന്നാ കപ്പലണ്ടി മുട്ടായി.ഹിഹി"..
ഇല്ലാ,രക്ഷയില്ല.ഇയാള് എന്റെ കാലനായിട്ട് വന്നിരിക്കുവാ.വണ്ടിയില്‍ കയറീട്ട് മണികൂര്‍ 2 കഴിഞ്ഞു.ടെന്‍ഷനടിച്ച് എന്റെ മൂന്ന് കിലോ കുറഞ്ഞു കാണും.ഓണം ആയിട്ട്...
"സിസ്റ്ററേ കപ്പലണ്ടി മിട്ടായി വേണോ..യേ"?
തള്ളേ!ഇങ്ങേരിത്..എങ്ങനെയുണ്ടാക്കി എടുത്തോ ഈ മൊതലിനെ!.ആ നീല സാരിക്കാരിയോട് ഏന്തി വലിഞ്ഞ് നിന്ന് ചോദിച്ച്,മുട്ടായി വേണോന്ന്?!.
"കൊണ്ട് പോയി നിന്റെ തള്ളയ്ക്ക് കൊട്.തന്നെ പോലെ ഉള്ള ചീപ് ആള്‍ക്കാരെ ഞാന്‍ കുറേ കണ്ടതാ.വന്ന് കയറിയപ്പൊ തൊട്ട് തുടങ്ങീതാ രണ്ടും കൂടെ.കൂടുതല് ഷൈന്‍ ചെയ്താ നീ വിവരം അറിയും.കേട്ടല്ലോ..തെണ്ടി.."
രണ്ടും കൂടെയോ?യൂ മീന്‍ മീ റ്റൂ..നോ..ചേച്ചി എന്നെ തെറ്റിദ്ധരിച്ചു.ഞാന്‍ ആ റ്റയ്പ് അല്ല.ഞാന്‍ ഇയാള്ടെ സെറ്റ് അല്ല.ശ്ശോ..എന്തു കഷ്ടം.
"ഹ,ചൂടാവാതെ സിസ്റ്റ്റേ,കപ്പലണ്ടി എന്നല്ലേ പറഞ്ഞേ അല്ലതെ അ..."
"ചേട്ടാ പ്ലീസ്..വിട്.."
വണ്ടി പൊയ്ക്കൊണ്ടേയിരുന്നു.ബസില്‍ എല്ലാവരും സ്വപ്നം കണ്ടുറങ്ങുമ്പോള്‍ എനിക്ക് ഉറക്കം ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു..വിധി..
"അനിയാ എന്താ മിണ്ടാത്തെ.പിണക്കമാണോ"?
ഞാനാരാടോ കോപ്പേ തന്റെ ഭാര്യയോ,പിണങ്ങി ഇരിക്കാന്‍..
"അവള്‍ എന്നെ ഇന്സള്‍ട്ട് ചെയ്തു,വിടില്ല ഞാന്‍."
ദേ,വീണ്ടും!
"അനിയന്‍ ഉറങ്ങിക്കോ.ശ്ശ് പണികൊടുക്കാന്‍ സമയത്ത് ഞാന്‍ പറയാവേ"
എന്തിനാണോ എന്നോട് പറയുന്നത്?!.ഒരു സഹയാത്രികനോട് എന്തിനീ ക്രൂരത..പന്ന കൂതറ..
"ചേട്ടാ.എനിക്കൊന്നും ചെയ്യണ്ട.ഒന്നുറങ്ങിയാ മതി."
ഞാന്‍ ഉറങ്ങി.മനസമാധാനമായിട്ട് ഉറങ്ങി എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ ചുമ്മാതാ!എങ്ങനെ ഉറങ്ങുമെന്നാ?..ഈ തൊലിയാര്‍മണിയന്‍ എന്തു പണിയാ കൊടുക്കാന്‍ പോണത്?,അതിന്റെ ഭവിഷ്യത്ത് എന്താകും?,എന്നെ അത് എങ്ങനെ ബാധിക്കും?,ബസിലിരിക്കുന്നവരെല്ലാം കൂടെ തല്ലിയാല്‍ എന്റെ ശരീരം അതു താങ്ങുമോ?,വഴിയിലിറക്കി വിട്ടാല്‍ ഈ ഇരുട്ടത്ത് അറിയാത്ത സ്ത്ഥലത്ത് ഞാന്‍ എന്തു ചെയ്യും?പോലീസില്‍ പിടിച്ചു കൊടുത്താല്‍ തമിഴന്‍ പോലീസിന്റെ ഇടി തമിഴ് സിനിമയിലെ പോലെ തന്നെയാകുമോ?,എന്നെ അവര്‍ കൊന്നു കളഞ്ഞാല്‍ എന്റെ ബോഡി ആര്,നാട്ടിലെത്തിക്കും മുതലായ കടന്ന ചിന്തകളിലൂടെ മനസ് സന്ചരിക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ പറ്റും..നിങ്ങള് പറ.ഹ,പറേന്ന്..
"ചേട്ടാ,നിങ്ങള്‍ എന്തു പണിയാ കൊടുക്കാന്‍ പോണെ"?
"അതിപ്പൊ പറയാന്‍ പറ്റില്ല,അനിയന്‍ ഉറങ്ങിക്കോ.ഹിഹി"
ഈ ഹിഹിയില്‍ നിനക്കാരേലും കൈ വിഷം തന്നിട്ടുണ്ടോടാ #$%^&*മോനെ..അവന്റെ ഒരു ഹിഹി.. ഞാനൊന്ന് മയങ്ങി കാണും.പെട്ടന്നൊരു പാമ്പിന്റെ ചീറ്റല്‍ കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു.സ്വപ്നമായിരുന്നോ?അല്ല,എന്റെ ചെവിയില്‍ വന്ന് എന്റെ ലിപ്പറത്തിരിക്കുന്ന പാമ്പ് ശ്ശ്,ശ്ശ് എന്ന് വിളിച്ചതാ.. .
"എന്താ?"
"അനിയാ ഞാന്‍ പണി കൊടുക്കാന്‍ പോവാ.."
ഈശോ!....
"എങ്ങനെ"?
"തോണ്ടട്ടെ...?"
"എന്ത്?!!!"
"ഞാനേ...അവളെ തോണ്ടട്ടെ"?
എന്റെ വേളാങ്കണ്ണി മുരുകാ!പഴനി മാതാവേ!..തോണ്ടാനോ?!!
"ചേട്ടാ പ്ലീസ്..ഇതാണോ പണി?..ശ്ശ് അവര്,ബഹളമുണ്ടാക്കിയാല്‍ പണി കിട്ടുന്നത് നിങ്ങള്‍ക്കായിരിക്കും.ചുമ്മാതിരി"
"ഞാന്‍ തോണ്ടും..."
"തോണ്ടരുത്...പ്ലീസ്"
"എനിക്ക് തോണ്ടണം"
"പതുക്കെ പറ ചേട്ടാ.വേണ്ടാ,ഇടി വാങ്ങിച്ച് കെട്ടേണ്ടി വരും"
"ഇല്ല.ഒരു വെട്ടമേ തോണ്ടൂ"
"പറ്റൂല്ല.എന്റെ കൂടെ ഇരുന്ന് ഈ പോക്രിത്തരം കാണിക്കാന്‍ ഞാന്‍ സമ്മയ്ക്കൂല്ല"
"ഒരു തോണ്ടെങ്കിലും കൊടുത്തില്ലേല്‍ അവള് പഠിക്കില്ല,ഞാന്‍ തോണ്ടും".
"തോണ്ടിയാല്‍ ഇടി കൊണ്ട് നിങ്ങള് പലതും പഠിക്കും..തോണ്ടരുത്..കാല് ഞാന്‍ പിടിക്കാം.".
പിന്നെ അവിടെ നടന്നത് അതിശക്തമായ ഡിബേറ്റ് മത്സരമായിരുന്നു.തോണ്ടും തോണ്ടരുതും തമ്മില്‍!.അവസാനം എന്നോട് കളിച്ചാല്‍ കരഞ്ഞു കളയുമെന്ന എന്റെ ഭീഷണി ഭലിച്ചു.ഹല്ല പിന്നെ..വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പൊ..അങ്ങനെ ഡിബേറ്റില്‍ തോണ്ടിനെ തോല്‍പ്പിച്ച് തോണ്ടരുത് വിജയിച്ചു..
"ശ്ശെ,എന്നെ നീ മൂഡ് ഓഫ് ആക്കി,നിനക്ക് ഒരു സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലല്ലോടോ"
"ഈ കാര്യത്തിന് സ്പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് കാണിച്ചാലേ, സ്പോര്‍ട്ട്‌മാനെ പോലെ സ്പിരിറ്റ് കത്തുന്ന സ്പീഡില്‍ ബസീന്നിറങ്ങി ഞാന്‍ ഓടേണ്ടി വരും..തോണ്ടരുത്..പ്ലീസ്"
"ശരി വിട്ടേക്ക്.ഞാന്‍ തോണ്ടില്ല.നീ ഒരു ബോറനാ.എന്നതാടാ ഇത്.കൂടെ നിക്കണ്ടെ?"
ഞാന്‍ ബോറനാ പോലും.ഞാന്‍ ബോറനാണേല്‍ താന്‍ ബോറന്റെ ഒരക്ഷരം മാറ്റിയാല്‍ അതാ!
"ചേട്ടാ,ഇതിനൊക്കെ കൂടെ നിന്നാലേ ഞാന്‍ കൂടയ്ക്കകത്താകും..തോണടല്ലേ ട്ടാ".
"ഇല്ല.താന്‍ ഉറങ്ങിക്കോ"
ഉവാ,ഇനി ഞാനുറങ്ങി.എനിക്ക് ഇന്നെന്തായാലും ശിവരാത്രിയാ.ആത്മഹത്യ പ്രവണതയുള്ളവനേയും,പെണ്ണുങ്ങളെ കൈ വയ്ക്കാന്‍ പ്രവണതയുള്ളവനേയും എപ്പോഴും നിരീക്ഷിക്കണം..എപ്പഴാന്ന് പറയാന്‍ പറ്റൂല്ല... എങ്ങനെയൊക്കെയോ ആ രാത്രി ഞാന്‍ തള്ളി നീക്കി. ബസ് കോട്ടയം സ്റ്റാണ്ടിലെത്തി.
"ഹളൊ അനിയാ,അപ്പൊ ഇനി എന്നാ കാണുന്നേ?എന്നതായാലും നല്ല ജോളി ട്രിപ് ആരുന്നല്ലേ,ഹിഹി?"
എന്തോ?..ജോളി ട്രിപ്! ഇത്...വേണ്ടാ...
"പിന്നേ, ഭയങ്കരം..ഇതുപോലൊരവസ്ത്ഥയില്‍ ഇനി നമ്മള്‍ കാണാത്തതാ പൊന്നച്ചായാ നല്ലത്..".. .
"അനിയാ,താനുറങ്ങിയപ്പൊ ഞാന്‍ മറ്റേത് കൊടുത്തു,അവള്‍ക്കേ...ഹിഹി."
"ഏത്?!"
"ലാ ല ലാ..മറ്റേത്,തോണ്ടല്‍.."
നോ!!ഞാന്‍ വിശ്വസിക്കില്ല!!എപ്പ???
"എന്നിട്ട്?"
"ലാ ല ലാ...ദാ അവള്ടെ ഫോണ്‍ നമ്പര്‍ തന്നു.വിളിക്കാന്‍ പറഞ്ഞു ബ്ലൂ സാരി..പാവമാ..ലാ ല ലാ"
വാട്ട്?!!...
അപ്പൊ ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ ഉറക്കമുളച്ചത്..
ടെന്‍ഷനടിച്ചത്..കാല് പിടിച്ചത്.. ദൈവങ്ങളെ വിളിച്ചത്...
എല്ലാം...വേസ്റ്റ്... യെടി അന്നമ്മാ നികോളാസേ നീ ആള് സ്മൂതാരുന്നല്ലേ..!.
"ചേട്ടാ ഇതൊക്കെ എപ്പൊ"?
"ഹിഹിഹീഹ്ഹിഹിഹിഹി..ഐ ആം ചാക്കോ.ചാക്കോ വര്‍ഗീസ്, കോട്ടയം..അപ്പൊ ..കാണാം.,ഹിഹി....."
No comments:
Post a Comment