മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല നെഞ്ചോടുചേര്‍ത്തു പിടിച്ച ഒരു സ്ലേറ്റില്‍ നിന്ന് തുടങ്ങുന്നു.
എല്ലാ അറിവുകളും അതില്‍ ആരംഭിച്ചു.തടി കൊണ്ടുള്ള ചതുരക്കുപ്പായമിട്ട കറുമ്പന്‍ കൂട്ടുകാരനായിരുന്നു സ്ലേറ്റ്.'ഇവിടെ എഴുതിവളരൂ'എന്നു പറഞ്ഞ് ചങ്കുകാട്ടിത്തന്ന ചങ്ങാതി.അവനായിരുന്നു ആദ്യ സഹപാഠിയും.സ്ലേറ്റിന്റെ ചട്ടയില്‍ ചെറിയ തകരക്കഷ്ണങ്ങള്‍ മുള്ളാണികള്‍ കൊണ്ട് ബട്ടണുകള്‍ പോലെ തുന്നിവച്ചിട്ടുണ്ടാകും.അതുപയോഗിച്ച് ഇടയ്ക്കിടെ സ്ലേറ്റ് കളിയായി നുള്ളിനോവിക്കുകയും ചെയ്തു.
സ്ലേറ്റില്‍ ആദ്യം തെളിഞ്ഞ അക്ഷരം 'അ' ആയിരുന്നു.'അ' ആനയെപ്പോലെ തോന്നിച്ചിരുന്നു അന്ന്.അതുകൊണ്ടുതന്നെ 'അ' എഴുതുകയായിരുന്നില്ല.പകരം വരച്ചു.വിരലിന് വഴികാട്ടാന്‍ ആരെങ്കിലും ചാരെ കാണും.കല്ലുപെന്‍സില്‍ കൊണ്ട് ആദ്യമായി സ്ലേറ്റിലെഴുതുമ്പോള്‍ ഒരു കൈപ്പടത്തിന്റെ കരുതല്‍ വിരലുകളെ പൊതിഞ്ഞുനിന്നു.ഒടുവില്‍ തനിയെ സ്ലേറ്റില്‍ പിച്ചവച്ചുകഴിയുമ്പോള്‍ അരികെ അമ്മയെങ്കില്‍ ഒരുമ്മ.അച്ഛന്‍ തരുന്നത് തോളിലൊരു തലോടല്‍.അപ്പൂപ്പന്റെ സമ്മാനം വലിയൊരു ചിരിയായിരുന്നു.സ്ലേറ്റിന്റെ കവിളിലപ്പോള്‍ മുറുക്കാന്‍ തരികള്‍ പൊട്ടിടും.
'അ' കഴിഞ്ഞാല്‍ 'മ്മ'.അതെഴുതുമ്പോള്‍ വലിയൊരു മല കയറിയിറങ്ങുന്നതുപോലെ തോന്നും.മടിയുടെ കിതപ്പ്.'വലിയ ആളാകണ്ടേ' എന്ന വാക്കില്‍ ചിണുങ്ങല്‍ മതിയാക്കി വീണ്ടും മലകയറ്റം.അങ്ങനെ ആദ്യമായി എഴുതിയ വാക്ക് 'അമ്മ' എന്നായി. അതുകാണ്‍കെ എല്ലാ ക്ഷീണവും പറന്നുപോയി.വാത്സല്യം ചുരത്തിനിന്ന രണ്ടക്ഷരങ്ങള്‍.
വാലുള്ള 'അ' ആയിരുന്നു 'ആ'.അങ്ങനെ പറഞ്ഞുതന്നതും അക്ഷരം പഠിപ്പിച്ചവര്‍ തന്നെ.പക്ഷേ എഴുതുമ്പോള്‍ വാലിനേക്കാള്‍ ഒരു തുമ്പിക്കൈ നീണ്ടുവരുന്ന തോന്നലായിരുന്നു.സ്ലേറ്റിലെ ആദ്യത്തെ വാക്കിന് അമ്മിഞ്ഞമധുരമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകം നെറ്റിപ്പട്ടം കെട്ടിനിന്നു.'ആന' എന്ന വാക്ക് പൂര്‍ത്തിയാകുമ്പോള്‍ വല്ലാത്തൊരു തലയെടുപ്പായിരുന്നു ആ അക്ഷരങ്ങള്‍ക്കും കുഞ്ഞുമനസ്സിനും.
സ്ലേറ്റിലെ ആദ്യാക്ഷരങ്ങളില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിതുടങ്ങുന്നു.വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയുമുള്ള നാട്ടുപാതകള്‍.അതു ജീവിതയാത്രയുടെ ആരംഭം കൂടിയായിരുന്നു.ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്.ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.
കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.അത്ഭുതങ്ങള്‍ ഒളിച്ചിരുന്ന ഒറ്റയടിപ്പാതകള്‍.അതിന്റെ അരികുകളിലെ വേലിപ്പത്തലുകളില്‍ കട്ടുപറിക്കാന്‍ മാത്രമായി കണ്ണാന്തളികള്‍ വിടര്‍ന്നുനിന്നു.കൈ നീട്ടുമ്പോള്‍ ഇടയ്ക്ക് ഓന്തുകള്‍ നാവുനീട്ടി പേടിപ്പിച്ചു.പൊന്തകള്‍ക്കിടയില്‍ നിന്ന് 'ശൂ..ശൂ..'എന്ന ശബ്ദം വരുമ്പോള്‍ പേടിക്കണമെന്നാണ് നിര്‍ദ്ദേശം.പാമ്പിന്റെ വിളിയാണ്.അപ്പോള്‍ നടത്തം നെഞ്ചിടിപ്പോടെയാകും .
ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക;അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്.അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക.ഒപ്പം ഒരുപാടുപേരുണ്ടായിരുന്നെങ്കിലും കൂടുതലിഷ്ടം ഒരാളോടാകും.യാത്രയില്‍ എന്തിന്റെയും പാതിയവകാശി.വഴിയരികില്‍ മൂര്‍ച്ചയേറിയ നാവുള്ള ചില പുല്ലുകളുണ്ട്.കളിച്ചും ചിരിച്ചും കണ്ണുപൊത്തിയും നീങ്ങുമ്പോള്‍ അവ കുശുമ്പോടെ കാലില്‍ ഉരസും.നീറ്റലോടെ നിലവിളിക്കവെ തുപ്പലുപുരട്ടി തന്നിരുന്നതും ഏറ്റവും അരികെയുണ്ടായിരുന്നയാള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയിലെ പൂവുകളും പൂമ്പാറ്റകളും പിന്നെ നിധിപോലെ സൂക്ഷിച്ചുവച്ച കല്ലുപെന്‍സിലുകളും ആ സ്‌നേഹത്തിനുള്ളതായിരുന്നു.പകര്‍ന്നു കൊടുത്തിരുന്നത് കിനാവുകള്‍ കൂടിയായിരുന്നു.
മാമ്പഴക്കാലത്താണ് വഴിക്ക് ഏറ്റവും മധുരം.കണ്ണിമാങ്ങാചുന പുരണ്ട കാറ്റില്‍ മാവുകളിലേക്ക് കല്ലുകള്‍ മത്സരിച്ച് പറന്നു.കുപ്പായത്തില്‍ കറകള്‍ ഭൂപടങ്ങള്‍ വരച്ചു.
സ്ലേറ്റപ്പോള്‍ പുസ്തകസഞ്ചിയിലായിരിക്കും.സഞ്ചിയില്ലാത്തവര്‍ പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത റബ്ബര്‍ കൊണ്ട് സ്ലേറ്റിന് അരഞ്ഞാണമിട്ടു.സ്‌കൂള്‍കാലത്തിന്റെ ഏറ്റവും ഇലാസ്തികതയേറിയ ഓര്‍മ്മകളിലൊന്ന് ഈ റബ്ബര്‍ ആണ്.ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെപ്രാവുകള്‍ക്കുനേരെ തൊടുത്ത തെറ്റാലിയുടെ ഞാണ്‍ .കയ്യിലും കഴുത്തിലുമണിഞ്ഞ കളിയാഭരണം.
മഴക്കാലത്ത് ചേമ്പിലകള്‍ക്കൊപ്പം സ്ലേറ്റൊരു കുടയാകും.ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ'യും 'പന'യും വഴിലെവിടെയോ ഒലിച്ചുപോകും.
സ്ലേറ്റിന്റെ കവിളുകള്‍ എപ്പോഴും കൊതിച്ചത് മഷിപ്പച്ചയുടെ മുത്തമാണ്.മഷിപ്പച്ച തൊടുമ്പോള്‍ സ്ലേറ്റില്‍ നിന്ന് എന്തും മാഞ്ഞുപോകുമായിരുന്നു.നാലുമണിക്ക് ശേഷം മഷിപ്പച്ചകള്‍ ഉറക്കം നടിച്ച്കിടക്കും.സ്‌കൂള്‍വിട്ടുവരുന്നവര്‍ തൊടിയിലേക്കിറങ്ങുന്നത് അപ്പോഴാണ്.നുള്ളിയെടുക്കുമ്പോഴത്തെ വേദന മറന്നുപോകാനായിരിക്കണം മഷിപ്പച്ചകളെ കഴുകിയെടുത്തിരുന്നത്.ആഫ്രിക്കന്‍പായലുകള്‍ക്കടിയില്‍ വാലുപോലെ വെള്ളത്തിലൊളിച്ചുകിടന്ന നീളന്‍തണ്ടുകളായിരുന്നു മറ്റൊന്ന്.കുളത്തില്‍ ഏറ്റവും വലിയ തണ്ടിനുവേണ്ടിയാകും അന്വേഷണം.അവ നാളേക്കായി സ്ലേറ്റിനൊപ്പം സൂക്ഷിച്ചുവയ്ക്കുന്ന വമ്പിന്റെ അടയാളം കൂടിയായിരുന്നു. സ്ലേറ്റ്തുടയ്ക്കാന്‍ ഓരോ നാടിനുമുണ്ടായിരുന്നു ഇങ്ങനെ പലതരം ചെപ്പടിവിദ്യകള്‍. ഏതു തെറ്റും എളുപ്പത്തില്‍ മായ്ച്ചു കളയാമെന്ന കള്ളം ആദ്യമായി പഠിപ്പിച്ചു തന്നവ.
വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.മനസ്സപ്പോള്‍ ചോദിക്കും..ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ..
No comments:
Post a Comment