പേര്‍ഷ്യയുടെ സ്ഥാനത്ത് ദുബായ് എന്ന വാക്കുണ്ടായ സമയം. ചരമക്കോളത്തില്‍ മക്കളുടെയും മരുമക്കളുടെയും ബ്രാക്കറ്റില്‍ ഗള്‍ഫ് എന്ന പ്രത്യക്ഷപ്പെട്ട തുടങ്ങിയതും ഗള്‍ഫുകാരന്റെ കമ്പോളനിലവാരം കുത്തനെ ഉയര്‍ന്നതും അന്നായിരുന്നു.
അന്നത്തെ കാമുകിമാരെല്ലാം ശാന്തികൃഷ്ണയും ജലജയുമായിരുന്നു. ചെറിയ പൂക്കളുള്ള പോളിയസ്റ്റര്‍ സാരി ചുറ്റിയ മെലിഞ്ഞ പെണ്‍കുട്ടികള്‍. മിക്കവാറും കാതിലൊരു വളയമുണ്ടാകും. പതിയെ നടന്നുപോകുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു പിടിക്കും പുസ്തകങ്ങളെ. പാട്ടിനോട് കമ്പം. കണ്ണിലുറങ്ങുന്ന വിഷാദം.ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ടുകളായിരുന്നു അനുരാഗ പരിസരങ്ങള്‍. ടപ്ടപ്... ടപ്ടപ്... ശബ്ദത്തില്‍ പ്രേമം ഇവിടെ ഹൃദയമിടിപ്പുപോലെ തുടിച്ചുനിന്നു. 'എ എസ്് ഡി എഫ്....' ലേക്ക് വിരലുകള്‍ മാറിമാറി വീഴുന്നതിനിടെ ചെരിഞ്ഞുനോക്കി പരസ്പരമൊരു കടക്കണ്ണേറ്. വരയായ്, കുറിയായ് ഉള്ളിലെഴുതിയ ഇഷ്ടത്തിന്റെ ഷോര്‍ട്ട് ഹാന്‍ഡ്.
എണ്‍പതുകളില്‍ ചെറുപ്പം സഞ്ചരിച്ചത് യെസ്ഡിയിലായിരുന്നു. അല്ലെങ്കില്‍ രാജ്ദൂത്. പുഞ്ചപ്പാടം വറ്റിക്കാനുപയോഗിക്കുന്ന മോട്ടോറിന്റെ ശബ്ദമായിരുന്നു അവയ്ക്ക്. വലിയ പെട്രോള്‍ ടാങ്കിന്റെ പിന്നില്‍ ഞെളിഞ്ഞിരുന്നു പോകുന്നവര്‍ക്കിരുവശവും ബെല്‍ബോട്ടം ചിറകുപോലെ വിടരും. മുഖം പൊത്തിച്ചിരിച്ചു നീങ്ങുന്ന പെണ്‍കൂട്ടത്തിനു മുമ്പില്‍ പുകപറക്കും.
ഈ മൂകാനുരാഗമായിരുന്നു എണ്‍പതിന്റെ സിനിമയുടെ പ്രതീകം. ശങ്കറും മേനകയുടെ മറുകും പ്രശസ്തമായതും റഹ്മാനെന്ന റൊമാന്റിക് ഹീറോയുണ്ടായതും മോഹന്‍ലാല്‍ നക്ഷത്രമായുദിച്ചതുമൊക്കെ ഇക്കാലത്തായിരുന്നെങ്കിലും ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക വേണു നാഗവള്ളിയും ശാന്തികൃഷ്ണയും തന്നെ. സ്‌ക്രീനിലൂടെ ഒന്നും മിണ്ടാതെ അവര്‍ നടന്നുപോയിരുന്നു. ഇടയ്ക്ക് വേണു നാഗവള്ളിയൊന്ന് വിളറിച്ചിരിക്കുമ്പോള്‍ ശാന്തികൃഷ്ണ ചിരിയേറ്റുവാങ്ങി തലകുനിക്കും. പശ്ചാത്തലത്തില്‍ ഇലപൊഴിഞ്ഞ മരങ്ങള്‍. അവര്‍ പാടിയ പാട്ടുകള്‍ക്കും ഈ സൗമ്യതയുണ്ടായിരുന്നു. ഒരുവട്ടം കൂടിയാ പഴയ പലതിലേക്കും തിരികെയെത്താന്‍ മോഹിപ്പിക്കുന്ന ഈണങ്ങള്‍. കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആരെയും അനുരാഗിയാക്കുന്ന ഗൃഹാതുരതയുടെ ഹൃദയരാഗങ്ങള്‍.
ഈ ഫ്രെയിമിലുമുണ്ട് ബെല്‍ബോട്ടത്തിന്റെ സാന്നിധ്യം. ആദ്യമായി ഗള്‍ഫിലേക്കുപോയപ്പോള്‍ ഇട്ടത് ഇതായിരുന്നുവെന്നു പറഞ്ഞ് സുഹൃത്തിന്റെ അച്ഛന്‍ ഒരിക്കലൊരു പെട്ടി തുറന്നു കാണിച്ചു. അതു മടക്കുകളില്‍ മഞ്ഞനിറം പുരണ്ട വെള്ള ബെല്‍ബോട്ടം പാന്റായിരുന്നു. വീട്ടുകാര്‍ക്ക് കാണാനായി അയച്ചുകൊടുക്കുന്ന ചിത്രത്തില്‍ എണ്ണപ്പനകള്‍ക്കു കീഴെ നില്‍ക്കുന്ന ഗള്‍ഫുകാരെല്ലാം അന്ന് വേണുനാഗവള്ളിയെപ്പോലെയായിരുന്നു.
No comments:
Post a Comment