Love you Pictures, Images and Photos

Thursday, December 9, 2010

ആബിദിന്റെ കഥ


ഇത് ആബിദ് ,

ഉപ്പ ചെറുപ്പത്തിലെ നഷ്ട്ടപ്പെട്ടു.ഉമ്മയുടെ സഹോദരങ്ങളുടെ തണലില്‍ വളര്‍ന്നു.വല്ലതെയൊന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല.ഉപ്പ ഇല്ലാത്ത കുഞ്ഞെന്ന് കരുതി നല്ല പരിഗണന നല്‍കി കാണും.എന്തായാലും,നാട്ടിലെ തെണ്ടി പിള്ളേരൊപ്പം കളിച്ചു വളര്‍ന്നവനാണ്. അല്ലറ ചില്ലറ കച്ചറ പരിപാടികളൊക്കെ യുണ്ടായിരുന്നു.പൊതുവേ അല്ലലില്ലാത്ത ജീവിതം എന്ന് വേണമെങ്കില്‍ പറയാം.ഉമ്മാക്ക് വലിയ പ്രതീക്ഷയായിരുന്നു,നാട്ടില്‍ വളവും പൂരവും നടക്കുമ്പോള്‍ നാട്ടുകാരെ പിരിവു കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാന്‍ ഇദ്ദേഹം മുമ്പില്‍ ഉണ്ടാകുമെന്ന് പറയാറുണ്ട്.പണിയൊന്നും കാര്യമായി ഇല്ലാത്തതിനാല്‍ ജോലി ഇതൊക്കെ തന്നെ എന്ന് വേണം പറയാന്‍.

സ്കൂള്‍ പഠിത്തമൊക്കെ കഴിഞ്ഞും പുള്ളി കുറെയൊക്കെ വെറുതെ നടന്നു കാണും.പിന്നെ പിന്നെ ചെറിയ പണികള്‍ക്ക് പോകാന്‍ തുടങ്ങി.പണിക്ക് പോയാലും ക്യാഷ് സ്വരൂപിക്കണം എന്നൊന്നും ഇല്ല.അടിച്ചു പൊളി തന്നെ!

അബ്ദുറഹ്മാന്‍ ഹാജിയെ എല്ലാവരും അറിയും.ടിയാന്‍ നാട്ടിലെ കാര്യപ്പെട്ട ഒരാളാണ്.യു ,എ യില്‍ ഹോട്ടല്‍ നടത്തി നല്ല ലാഭം കൊയ്തു കൊണ്ടിരിക്കുന്ന ബിസിനെസ്സുകാരനാണ് ,പൈസ ഉണ്ടായതില്‍ പിന്നെ നാട്ടിലെ കാര്യസ്ഥനും ആകുമല്ലോ?

പിന്നെ സ്വന്തമായി കാര്‍,വലിയ വീട്,കുരുത്തെക്കേട്‌ കളിച്ചു നടക്കുന്ന മക്കള്‍ .....പിന്നെ നടക്കുന്ന സ്ഥലത്തൊക്കെ അത്തറിന്റെ മണം ,ഇതില്‍ പിന്നെ എന്ത് വേണം കുറെ ....

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആബിദിന് ഒരു അബ്ദു റഹ്മാന്‍ ഹജിയാവണം? പല ഗള്‍ഫു കാരെയും സമീപിച്ചു,ഒരു വിസക്ക് വേണ്ടി.പലരും അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളി,ഏതോ ഒരു "നല്ല" മനുഷ്യന്‍ അവസാനം ഒരു കടലാസ് ശരിയാക്കി കൊടുത്തു.അങ്ങനെ ദുബായിലെത്തി.ജോലി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍..പൊരിഞ്ഞ വെയിലത്ത് നിന്ന് എരി പൊരി കൊളളുന്ന ഒരു സീസണിലാണ് ആബിദ് വന്നത് ,അങ്ങനെ ദുബായുടെ സുഖം അവന്‍ നന്നായി അനുഭവിച്ചു. ശമ്പളം പറഞ്ഞില്ലല്ലോ-600 ദിര്‍ഹംസ്.ഇതില്‍ നിന്ന് ഫോണ്‍ വിളി പോകണം ,മറ്റു പേര്‍സണല്‍ ചിലവുകളും പോകണം..ഭാഗ്യത്തിന് കമ്പനി കിടക്കാന്‍ ഒരിടവും പിന്നെ വിശപ്പടക്കാന്‍ ഭക്ഷണവും തന്നിരുന്നു.

രണ്ടു മൂന്നു മാസം കൊണ്ട് കടലിനിക്കരെ നടക്കുന്നത് എന്തെന്ന് ആബിദിന് ശരിക്കും ബോധ്യപ്പെട്ടു.നാട്ടുകാരും കൂട്ടുകാരും വിളിച്ചു വിവരം അന്വേഷിക്കുമ്പോള്‍ ‘ അഭിമാനിയായ " ആബിദ് എല്ലാവരും സാധാരണ പറയും പോലെ ‘ ഓ നല്ല സുഖമാണ് ‘ എന്ന് പറഞ്ഞു സ്വയം സമാധാനിച്ചു.

നാല് മാസം പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ വീണ്ടും വഷളായി.ആഗോള സാമ്പത്തിക പ്രതിസന്ധി ദുബായിയും ശരിക്ക് ബാധിച്ചു,കമ്പനിക്ക് പണികള്‍ ഇല്ലാതെ ആയി,മാത്രവുമല്ല തൊഴിലാളികള്‍ ഒരു ബാധ്യത ആയപ്പോള്‍ ആളുകളെ ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു, നമ്മുടെ ആബിദ് ആകെ പേടിച്ചു,കാരണം വിസക്ക് കൊടുത്തത് ഒരു ലക്ഷം രൂപയാണ്,അതിന്റെ കടം തന്നെ ബാക്കിയാണ്.....അവന്‍ കമ്പനി എച് ആര്‍ മനജെരോട് കെഞ്ചി കാര്യം പറഞ്ഞു.

സൌജന്യമായി നല്‍കിയിരുന്ന ഭക്ഷണം നിറുത്താന്‍ കമ്പനി തീരുമാനിച്ചു.തൊഴിലില്ലാത്ത പാവം തൊഴിലാളികള്‍ ,അതും ഒന്നും രണ്ടും ലക്ഷം കൊടുത്ത് വിസ എടുത്തവര്‍.. ആരോട് പറയും കഷ്ടതകള്‍..

ആബിദിന്റെ ഒരു ബന്ധുവിനോപ്പമാണ് ഞാന്‍ അവനെ കാണാന്‍ പോയത്, ഭക്ഷണ ചിലവിനായി വല്ലതും കൊടുക്കാനാണ് ബന്ധു അവിടെ പോയത്,

വീട്ടിലേക്ക് വിളിച്ചിരുന്നില്ലേ,എന്തൊക്കെയ വിശേഷം?.

വിളിച്ചിരുന്നു;

നാട്ടില്‍ അയല്‍വാസിയുടെ പറമ്പ് വില്‍ക്കാനുണ്ട്,അമ്പത് സെന്റു കാണും .ഒരു സെന്റിന് നാല്‍പ്പത്തി അയ്യായിരം വരും പകുതി പൈസയെങ്കിലും ഇപ്പൊ കൊടുത്ത് ബാക്കി രണ്ടു മാസത്തെ ഇട പറഞ്ഞു പറമ്പ് എടുക്കാന്‍ ഉമ്മ പറയുന്നു,


നല്ല വിശേഷം......

ഇതാണ് ഒന്നാമത്തെ പ്രവാസി

(സുഹൃത്തിന്റെ കഷ്ട്ടതകള്‍ പടച്ചവന്‍ തീര്‍ത്തു കൊടുക്കട്ടെ)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...


click here 4 more new year scraps

Thanks

| Thank You |